യിരത്തിലേറെ ഗോളുകളടിച്ച മഹാമാന്ത്രികനായ പെലെയെക്കുറിച്ച് ചെറിയ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നു. പക്ഷേ അദ്ദേഹം എത്ര ഗോളടിച്ചു എന്നത് എക്കാലവും തര്‍ക്കവിഷയമാണ്. ഇപ്പോള്‍ ആ ചോദ്യത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്. കാരണം, ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പല നാഴികക്കല്ലുകളും പിന്നിട്ട് കുതിക്കുകയാണ്. പെലെയുടെ ഗോളുകളുടെ എണ്ണമറിഞ്ഞാലേ അവര്‍ക്ക് അതെല്ലാം എത്തിപ്പിടിക്കാനാവൂ. 

1363 കളികളില്‍ 1283 ഗോള്‍ എന്ന, അപ്രാപ്യമെന്ന് പറയാവുന്ന റെക്കോഡാണ് പെലെ കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍, അതില്‍ 526 ഗോളുകള്‍ അനൗദ്യോഗിക സൗഹൃദമത്സരങ്ങളിലോ ടൂര്‍ മത്സരങ്ങളിലോ അടിച്ചതാണെന്ന് കരുതുന്നു. ഇത് പൊതുവേ കളിക്കാരുടെ പേരില്‍ ഔദ്യോഗികമായി രേഖപ്പെടുത്താറില്ല. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി പെലെ നേടിയത് 812 മത്സരങ്ങളില്‍ 757 ഗോളാണ്. പത്തു ഗോള്‍കൂടി ചിലര്‍ നല്‍കുന്നുണ്ട്. 757 എന്ന കണക്കനുസരിച്ചാണെങ്കില്‍ അതിനൊപ്പമെത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇനി ഒരു ഗോള്‍കൂടി മതി. പക്ഷേ, എങ്ങനെ ഉറപ്പിക്കും?

ഒറ്റ ക്ലബ്ബിനുവേണ്ടി കൂടുതല്‍ ഗോള്‍ എന്ന പെലെയുടെ റെക്കോഡ് കഴിഞ്ഞദിവസം ലയണല്‍ മെസ്സി മറികടന്നു. പക്ഷേ, പെലെയുടെ ഈ കണക്കും യഥാര്‍ഥമെന്നതിന് തെളിവില്ല. എത്ര മത്സരങ്ങളില്‍നിന്നാണ് പെലെ 643 ഗോള്‍ നേടിയതെന്നതിന് കൃത്യമായ രേഖയില്ല. 19 സീസണുകളില്‍ എന്ന കണക്കുണ്ട്.

പെലെ കളിച്ചതിലേറെയും ബ്രസീലിലെ സാന്റോസ് ക്ലബ്ബിനുവേണ്ടിയാണ്. അല്പകാലം ന്യൂയോര്‍ക്ക് കോസ്മോസിനുവേണ്ടിയും. ലാറ്റിനമേരിക്കന്‍ ലീഗുകളുമായി താരതമ്യമില്ലാത്തവിധം ശക്തമാണ് യൂറോപ്യന്‍ ലീഗുകള്‍. കഠിനമായ പോരാട്ടങ്ങളെ അതിജീവിച്ചാണ് മെസ്സിയും ക്രിസ്റ്റ്യാനോയുമെല്ലാം യൂറോപ്പില്‍ ഗോളടിച്ചുകൂട്ടുന്നത്. അതുകൊണ്ടുതന്നെ പെലെയുടെ കണക്കില്ലായ്മ അവരെ ബുദ്ധിമുട്ടിക്കുന്നു. സാന്റോസിനും കോസ്മോസിനുംവേണ്ടി പെലെ കളിച്ച മത്സരങ്ങളും അടിച്ച ഗോളുകളുമെല്ലാം തര്‍ക്കവിഷയങ്ങളാണ്.

പെലെ എന്ന മഹാപ്രതിഭയുടെ മഹത്വത്തെ ചോദ്യംചെയ്യാന്‍ ലോകത്താരും ധൈര്യപ്പെടില്ല. ബ്രസീലിനായി 92 കളികളില്‍ നേടിയ 77 ഗോളുകളും മൂന്ന് ലോകകപ്പ് വിജയങ്ങളും പെലെയെ വാനിലൊരൊറ്റനക്ഷത്രമാക്കുന്നു.

Content Highlights: How many goals did Pele actually scores