യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം അവസാനിച്ചു കഴിഞ്ഞു. കോവിഡും കളിക്കാരുടെ പരിക്കുമെല്ലാം ടീമുകളെ കുറച്ചൊന്നുമല്ല വലച്ചത്. കരുത്തരായ പല ടീമുകളും ലീഗ് കിരീടപ്പോരാട്ടത്തില്‍ പിന്നിലായിപ്പോയത് ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ. പക്ഷേ അതിനിടയിലും ലഭ്യമായ വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചവരുണ്ട്. അക്കൂട്ടത്തില്‍ പ്രധാനികളാണ് ഇന്ന് ഫുട്‌ബോള്‍ ലോകത്തിന്റെ സ്‌നേഹം മുഴുവന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ഫ്രഞ്ച് ലീഗ് വണ്‍ വിജയികളായ ലില്‍ എന്ന ലില്‍ ഒളിമ്പിക് സ്‌പോര്‍ട്ടിങ് ക്ലബ്ബ്. 

ഫ്രഞ്ച് ലീഗിന്റെ ചരിത്രത്തില്‍ വെറും നാലു തവണ (1946, 1954, 2011, 2021) മാത്രമേ ലില്ലിന് കിരീടം തങ്ങളുടെ സ്വന്തം മൈതാനമായ സ്‌റ്റേഡ് പിയറെ മൗറോയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. 

കഴിഞ്ഞ എട്ടു സീസണുകളില്‍ ഏഴിലും കിരീടം നേടിയ പി.എസ്.ജിയുടെ വമ്പൊടിക്കാന്‍ സാധിച്ചു എന്നതാണ് ആരാധകര്‍ക്ക് ഇത്തവണത്തെ ലില്ലിന്റെ കിരീട നേട്ടം ഇത്രയ്ക്ക് പ്രിയങ്കരമായിത്തീരാന്‍ കാരണം. പി.എസ്.ജിയുടെ എണ്ണപ്പണക്കൊഴുപ്പിനെ ഫുട്‌ബോള്‍ എന്ന ഒത്തൊരുമനിറഞ്ഞ വിപ്ലവത്തിലൂടെ അവര്‍ മറികടക്കുകയായിരുന്നു. 10 വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി അവര്‍ ലീഗ് കിരീടം സ്‌റ്റേഡ് പിയറെ മൗറോയില്‍ എത്തിച്ചു. 

How Lille defied the odds to win the Ligue 1 title

2017-18 സീസണില്‍ വെറും ഒരു പോയന്റിന്റ ആനുകൂല്യത്തില്‍ തരംതാഴ്ത്തലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ടീമാണ് ഇന്ന് അതേ ഒരു പോയന്റിന്റെ ആനുകൂല്യത്തില്‍ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് അദ്ഭുതകരമായ കാര്യം. 2017-18 സീസണില്‍ തരംതാഴ്ത്തലിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ട അവര്‍ തൊട്ടടുത്ത സീസണില്‍ രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്.

ഈ സ്വപ്‌നക്കുതിപ്പിന് ലില്‍ നന്ദിപറയേണ്ടത് രണ്ടുപേരോടാണ്. ഒന്ന് കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയറും, രണ്ട് ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായിരുന്ന ലൂയിസ് കാംപോസും. 

കഴിഞ്ഞ ഡിസംബറില്‍ ടീം വിട്ടെങ്കിലും സ്‌പോര്‍ട്ടിങ് ഡയറക്ടറായിരുന്ന ലൂയിസ് കാംപോസ് ലില്‍ എന്ന കൊച്ചു ടീമിന് നല്‍കിയ സംഭാവനകള്‍ ചില്ലറയൊന്നുമല്ല. 2017-ല്‍ ലില്ലിലെത്തിയ കാംപോസ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ സ്‌പോര്‍ട്ടിങ് ഡയറക്ടറര്‍മാരില്‍ ഒരാളാണ്. 2018-ല്‍ പുതിയ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ ലോകമെമ്പാടും 2,40000 മൈലാണ് ഈ പോര്‍ച്ചുഗീസുകാരന്‍ സഞ്ചരിച്ചത്. ലില്ലെയെ ചാമ്പ്യന്‍സ് ലീഗിലെ സ്ഥിരം സാന്നിധ്യമാക്കുക എന്നത്  ലക്ഷ്യമിട്ടായിരുന്നു ഈ കറക്കം. തൊട്ടടുത്ത സീസണില്‍ തന്നെ അതിന് ഫലം ലഭിക്കുകയും ചെയ്തു. ഏഴു വര്‍ഷത്തിനിടെ ആദ്യമായി 2019 സീസണില്‍ ലില്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചു. ഇന്ന് ലില്ലിന്റെ കുതിപ്പിനു പിന്നിലെ ശക്തിയായ പല താരങ്ങളെയും ടീമിലെത്തിച്ചത് കാംപോസായിരുന്നു.

How Lille defied the odds to win the Ligue 1 title
ലില്‍ പരിശീലകന്‍ ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍

'ഗാള്‍ട്ടിയര്‍ ദ മാസ്റ്റര്‍ മൈന്‍ഡ്'

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ലില്ലിനായി ഒന്നിച്ച് കളിക്കുന്നത്. വിവിധ ദേശങ്ങള്‍, വിവിധ സംസ്‌കാരങ്ങള്‍, ഇവയെല്ലാം ഒത്തുചേര്‍ന്ന ടീമിനെ ഒത്തിണക്കമുള്ള മികച്ച സംഘമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ക്രെഡിറ്റ് കോച്ച്  ക്രിസ്റ്റഫെ ഗാള്‍ട്ടിയറിനാണ്.

ഉടമയും ചെയര്‍മാനും മാറിയതും സ്പോര്‍ട്ടിങ് ഡയറക്ടര്‍ കാംപോസ് സ്ഥാനമൊഴിഞ്ഞതുമൊന്നും ലില്ലിനെ ബാധിക്കാതെ കാത്തത് ഗാള്‍ട്ടിയറാണെന്നു തന്നെ പറയാം. ലില്ലെയെ 120-ലേറെ ലീഗ് മത്സരങ്ങള്‍ക്കിറക്കി കഴിഞ്ഞു ഗാള്‍ട്ടിയര്‍. അതില്‍ തന്നെ പകുതിയിലേറെ വിജയങ്ങളാണ്. 

ഓരോ മത്സരങ്ങളിലും അവസാന 10 മിനിറ്റ് ലില്ലിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ലേറ്റ് ഗോളുകളിലൂടെ ഇത്തവണ ലില്‍ നേടിയ പോയന്റുകള്‍ക്കടുത്തെത്താന്‍ മാറ്റൊരു ടീം ഇല്ല. 12 പോയന്റുകളാണ് ഇത്തരത്തില്‍ അവസാന 10 മിനിറ്റിലെ മാജിക്കിലൂടെ അവര്‍ സ്വന്തമാക്കിയത്. കൃത്യസമയത്തുള്ള ഗാള്‍ട്ടിയറിന്റെ ഗെയിംപ്ലാനാണത്. ഒടുവില്‍ ലില്ലിന്റെ മത്സരങ്ങളിലെ ഈ അവസാന 10 മിനിറ്റിന് 'ഗാള്‍ട്ടിയര്‍ ടൈം' എന്നുവരെ പേരുവീണു. മാത്രമല്ല ഈ സീസണില്‍  മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ലില്‍ ആകെ വഴങ്ങിയത് വെറും ഏഴു ഗോളുകള്‍ മാത്രമാണ്. ഗാള്‍ട്ടിയറിന്റെ ഗെയിംപ്ലാനിന്റെ മറ്റൊരു ഉദാഹരണം.

37-കാരനായ സെന്റര്‍ ബാക്ക് ജോസ് ഫോണ്ടെയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന് ഒത്ത കൂട്ടാളിയായി നിന്നത് 21-കാരനായ സെവ്ന്‍ ബോട്ട്മാനായിരുന്നു. റെയ്‌നില്‍ഡോ മണ്‍ഡാവയും തിയാഗോ ഡാലോയുമൊല്ലാം ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. 

മിഡ്ഫീല്‍ഡില്‍ എടുത്തുപറയേണ്ടത് ബെഞ്ചമിന്‍ ആന്‍ഡ്രെയുടെ പ്രകടനമാണ്. റെനറ്റോ സാഞ്ചെസ്, ബോബക്കാരി സൊമാരെ, ജൊനാതന്‍ ബാംബ എന്നിവരെ ഒത്തിണക്കത്തോടെ മിഡ്ഫീല്‍ഡില്‍ അണിനിരത്താന്‍ ലില്ലിന് സാധിച്ചത് ബെഞ്ചമിന്‍ ആന്‍ഡ്രെയിലൂടെയാണ്.

ടീമിനായി 23 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ നേടിയ ബുറാക് യില്‍മാസാണ് ലില്ലിന്റെ ഈ സീസണിലെ താരം. അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ നേടിയ യില്‍മാസിന്റെ പ്രകടനമാണ് ലില്ലിന്റെ കുതിപ്പില്‍ നിര്‍ണായകമായത്.

Content Highlights: How Lille defied the odds to win the Ligue 1 title