ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമും ഒന്നാം നമ്പര്‍ ഏകദിന ടീമുമാണ് ഇന്ത്യ. പക്ഷേ ഈ പറഞ്ഞ തലക്കനവുമായി ന്യൂസീലന്‍ഡ് മണ്ണിലെത്തിയ ടീമിനെ കാത്തിരുന്നത് അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല. 

ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരി റെക്കോഡിട്ട ഇന്ത്യയെ ഏകദിന പരമ്പരയിലും ഇപ്പോള്‍ ടെസ്റ്റ് പരമ്പരയിലും കിവീസ് 'ക്ഷ' വരപ്പിക്കുകയാണ്.

ഏകദിന പരമ്പര 3-0ന് അടിയറവെച്ചപ്പോള്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 10 വിക്കറ്റിന് തോറ്റു. ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ ഏഴ് തുടര്‍ജയങ്ങള്‍ക്കാണ് വെല്ലിങ്ടണില്‍ കിവീസ് ചുവപ്പുകൊടി കാട്ടിയത്. 

സമീപകാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ടീമിന് പെട്ടെന്ന് ഇത് എന്ത് സംഭവിച്ചു? കാരണം അന്വേഷിച്ച് അധികദൂരമൊന്നും പോകേണ്ട. ഉത്തരം ടീമിന്റെ ഒന്നാം നമ്പര്‍ താരം തന്നെ, ക്യാപ്റ്റന്‍ വിരാട് കോലി. ടീമിലെ പ്രധാന താരം റണ്‍സ് കണ്ടെത്താനാകാതെ വലഞ്ഞപ്പോള്‍ അത് ടീമിനെ നേരിട്ട് തന്നെ ബാധിച്ചു.

How Kohli's poor performances affected team India

കോലി ഇന്ത്യയ്ക്കായി കളിച്ച 248 ഏകദിനങ്ങളില്‍ 150 ഉം ഇന്ത്യ ജയിച്ച മത്സരങ്ങളാണ്. തോറ്റ മത്സരങ്ങള്‍ 85 ഉം. ജയിച്ച 150 മത്സരങ്ങളില്‍ നിന്നായി 8489 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 35 സെഞ്ചുറികളും ഇത്രയും മത്സരങ്ങളില്‍ നിന്നാണ്. 77.37 ആണ് വിജയിച്ച മത്സരങ്ങളില്‍ കോലിയുടെ ബാറ്റിങ് ശരാശരി. ഇനി ഇന്ത്യ തോറ്റ മത്സരങ്ങളുടെ കണക്കിതാ. ഇന്ത്യ പരാജയമറിഞ്ഞ 85 മത്സരങ്ങളില്‍ നിന്ന് കോലി നേടിയത് 2986 റണ്‍സ്. ഏകദിനത്തില്‍ കോലിയുടെ ആകെയുള്ള 43 സെഞ്ചുറികളില്‍ ഏഴ് എണ്ണം മാത്രമാണ് തോറ്റ മത്സരങ്ങളില്‍ നിന്നുള്ളത്. ശരാശരി വെറും 35.54.

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഇന്ത്യയുടെ ഏകദിന വിജയങ്ങളില്‍ കോലിയുടെ പങ്ക് ഈ കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഇന്ത്യ 3-0ന് പരാജയപ്പെട്ട കിവീസിനെതിരായ ഏകദിന പരമ്പരയില്‍ കോലിക്ക് നേടാനായത് വെറും 75 റണ്‍സാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. 

ഇനി ടെസ്റ്റ് മത്സരങ്ങളിലേക്ക് വരികയാണെങ്കില്‍, കോലി ആകെ കളിച്ച 85 ടെസ്റ്റുകളില്‍ 44-ലും ഇന്ത്യ ജയിച്ചു. തോറ്റത് 23 എണ്ണത്തില്‍ മാത്രം. ജയിച്ച 44 ടെസ്റ്റുകളില്‍ നിന്ന് കോലി നേടിയത് 3872 റണ്‍സ്. ശരാശരി 60.50. സെഞ്ചുറികള്‍ 13. തോറ്റ 23 ടെസ്റ്റുകളില്‍ നിന്ന് കോലിക്ക് നേടാനായത് 37.39 ശരാശരിയില്‍ 1720 റണ്‍സ് മാത്രവും. കോലിയുടെ 27 ടെസ്റ്റ് സെഞ്ചുറികളില്‍ ഏഴ് എണ്ണം പിറന്നത് ഇന്ത്യ തോറ്റ മത്സരങ്ങളിലാണ്.

കിവീസിനെതിരായ ആദ്യ ടെസ്റ്റില്‍ 2, 19 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. ഇന്ത്യ മത്സരം 10 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

How Kohli's poor performances affected team India

മൂന്നു ഫോര്‍മാറ്റിലുമായി കിവീസ് മണ്ണില്‍ കളിച്ച ഒമ്പത് ഇന്നിങ്സുകളില്‍ നിന്ന് കോലിയുടെ പേരിലുള്ളത് ഒരു അര്‍ധ സെഞ്ചുറി മാത്രമാണ്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ 136 റണ്‍സെടുത്ത ശേഷം തുടര്‍ന്ന് ഇതുവരെയുള്ള 20 രാജ്യാന്തര ഇന്നിങ്സുകളില്‍ കോലിക്ക് മൂന്നക്കം കാണാന്‍ സാധിച്ചിട്ടില്ല.

കോലി എന്ന താരത്തെ ഇന്ത്യ അമിതമായി ആശ്രയിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ മുന്‍പ് പലതവണ കേട്ടിട്ടുള്ളതാണ്. ഏകദിനത്തില്‍ രോഹിത്തും ശിഖര്‍ ധവാനും ഒരു പരിധിവരെ കോലിക്ക് പകരക്കാരാകാറുണ്ടെങ്കില്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ആ സ്ഥാനത്ത്. ഇവരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാതിരുന്നതോടെ ടീം ശരിക്കും വിയര്‍ക്കുകയാണ്.

Content Highlights: How Kohli's poor performances affected team India