സാവി മാജിക്, ഒമ്പതില്‍ നിന്ന് കിരീടത്തിലേക്ക് ബാഴ്‌സയുടെ തിരിച്ചുവരവ്; മെസ്സി കൂടി എത്തുമോ?


By അഭിനാഥ് തിരുവലത്ത്‌

9 min read
Read later
Print
Share

ബാഴ്‌സലോണ ടീം കിരീട നേട്ടത്തിനു ശേഷം | Photo: twitter.com/FCBarcelona

ടിക്കി ടാക്കയെന്ന മൈതാന മാന്ത്രികതയിലൂടെ ലോക ഫുട്‌ബോളിലെ പേരുകേട്ട ആക്രമണ നിരകളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തിയിരുന്നവരായിരുന്നു ഒരുകാലത്ത് ബാഴ്‌സലോണ എന്ന സ്പാനിഷ് ക്ലബ്ബ്. പെപ് ഗ്വാര്‍ഡിയോളയെന്ന സാത്വികനു കീഴില്‍ മെസ്സിയും സാവിയും ഇനിയെസ്റ്റയും ബുസ്‌ക്വെറ്റ്‌സുമെല്ലാം ചേര്‍ന്ന് രചിക്കുന്ന കവിതയായിരുന്നു അക്കാലത്തെ ബാഴ്‌സയുടെ ഓരോ കളികളും.

ഗ്വാര്‍ഡിയോളയും വൈകാതെ സാവിയും ഇനിയെസ്റ്റയുമടക്കം ഓരോരുത്തരായി കളമൊഴിഞ്ഞതോടെ ബാഴ്‌സ രചിക്കുന്ന കവിതകളില്‍ അക്ഷരപ്പിശകുകള്‍ കടന്നുവരാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക കെടുകാര്യസ്ഥതകളും മറനീക്കി പുറത്തുവന്നതോടെ ലാ ലിഗ, ക്ലബ്ബിനുമേല്‍ കടുത്ത സാമ്പത്തിക നിയന്ത്രങ്ങളും ഏര്‍പ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ടീമിന് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായുള്ള കരാര്‍ പുതുക്കാനും സാധിച്ചില്ല. അതോടെ ബാഴ്‌സയുമായുണ്ടായിരുന്ന പൊക്കിള്‍ക്കൊടി ബന്ധം അറുത്ത് മാറ്റി മെസ്സിക്ക് ക്ലബ്ബ് വിടേണ്ടിവന്നു. പ്രതിസന്ധി മറികടക്കാന്‍ പല പ്രധാന താരങ്ങളെയും ഒഴിവാക്കാനും ക്ലബ്ബ് നിര്‍ബന്ധിതരായി. ഇതിനിടയിലെപ്പോഴോ ആ പഴയ 'ബാഴ്‌സ ഡിഎന്‍എ' ക്ലബ്ബിന് കൈമോശം വന്നുപോയിരുന്നു. ഇതോടെ 2019-ന് ശേഷം കിരീട നേട്ടമില്ലാതെ മൂന്ന് സീസണുകള്‍ കടന്നുപോയി.

ഓര്‍മിക്കാന്‍തക്ക വിജയങ്ങളോ നേട്ടങ്ങളോ ഒന്നും തന്നെ നല്‍കാതിരുന്ന കഴിഞ്ഞ സീസണ് ശേഷം ഇത്തവണത്തെ സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് തന്റെ കളിക്കാരെ വിളിച്ചിരുത്തി സംസാരിച്ചു, ''ഈ സ്‌ക്വാഡ് വെച്ച് ഇത്തവണത്തെ ലീഗ് നമുക്ക് നഷ്ടപ്പെടുത്താനാകില്ല. ഇത്തവണ ഓരോ കളിയും നമുക്ക് ഓരോ യുദ്ധമാണ്. ഓരോ കളിയിലും നിങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക. കളിക്കളത്തില്‍ മരിച്ച് കളിക്കുക. ഈ സ്‌ക്വാഡിനൊപ്പം നമുക്ക് ട്രോഫികള്‍ നേടണം, എല്ലാറ്റിനുമുപരിയായി ലീഗും. ഒന്നിച്ചിറങ്ങാന്‍ നിങ്ങള്‍ തയ്യാറാണോ?''

ബാഴ്‌സലോണയുടെ വിക്ടറി പരേഡില്‍ നിന്ന്

സാവിയുടെ വാക്കുകള്‍ കളിക്കാര്‍ അക്ഷരാര്‍ഥത്തില്‍ കളിക്കളത്തില്‍ നടപ്പാക്കിയപ്പോള്‍ 2019-ന് ശേഷം സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടം ക്യാമ്പ് നൗവിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ക്ലബ്ബ് അതിന്റെ ചരിത്രത്തില്‍ തന്നെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ നിറഞ്ഞ ദുരിത കാലം പിന്നിട്ടാണ് ഈ കിരീടനേട്ടമെന്നത് സാവി ഹെര്‍ണാണ്ടസിന്റെയും സംഘത്തിന്റെയും ആഹ്ലാദം ഇരട്ടിയാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ഇപ്പോഴും ക്യാമ്പ് നൗവിന് പുറത്ത് ആരാധകര്‍.

മേയ് 15-ാം തീയതി എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്‌സ ലാ ലിഗ കിരീടം സ്വന്തമാക്കിയതോടെ ആരാധകര്‍ ഇളകിമറിഞ്ഞു. ഒരു കോപ്പ ഡെല്‍ റേ കിരീടം മാത്രമുണ്ടായിരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൈവന്ന കിരീട നേട്ടം അക്ഷരാര്‍ഥത്തില്‍ അവര്‍ ആഘോഷമാക്കുകയായിരുന്നു. എസ്പാന്യോളിന്റെ മൈതാനത്ത് കിരീട നേട്ടം ആഘോഷിക്കാനിറങ്ങിയ ബാഴ്‌സ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരേ എസ്പാന്യോളിന്റെ ആരാധകര്‍ അക്രമം അഴിച്ചുവിട്ടത് ആ കിരീട നേട്ടത്തിന്റെ ശോഭ തെല്ല് കെടുത്തി. എങ്കിലും സ്‌റ്റേഡിയത്തിന് പുറത്തും അങ്ങ് ബാഴ്‌സയുടെ സ്വന്തം ക്യാമ്പ് നൗ പരിസരത്തും ബാഴ്‌സ ആരാധകര്‍ കിരീട നേട്ടം ആവോളം ആഘോഷിച്ചാണ് മടങ്ങിയത്.

ഇതോടെ ജോസഫ് സമിറ്റിയര്‍, യൊഹാന്‍ ക്രൈഫ്, പെപ് ഗ്വാര്‍ഡിയോള, ലൂയിസ് എന്റിക്വെ എന്നിവര്‍ക്ക് ശേഷം ബാഴ്‌സയ്‌ക്കൊപ്പം കളിക്കാരനായും പരിശീലകനായും ലീഗ് കിരീടം സ്വന്തമാക്കുന്ന അഞ്ചാമത്തെയാളെന്ന നേട്ടവും സാവിക്ക് സ്വന്തം.

സാവി ഹെര്‍ണാണ്ടസ് | Photo: Getty Images

സാവി മാജിക്

2020 ഓഗസ്റ്റില്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരേ തകര്‍ന്നടിഞ്ഞ ബാഴ്‌സയല്ല ഇന്ന്. ഈ തോല്‍വിക്ക് പിന്നാലെ ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടിവന്നതും. പിന്നാലെ ലാ ലിഗയിലെയും ചാമ്പ്യന്‍സ് ലീഗിലെയും മോശം പ്രകടനം കാരണം പരിശീലകന്‍ റൊണാള്‍ഡ് കോമാനെ പുറത്താക്കേണ്ടിവന്നതുമെല്ലാം ബാഴ്‌സ അക്കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളായിരുന്നു. പിന്നാലെ ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ സാവി ഹെര്‍ണാണ്ടസ് പരിശീലകനായി എത്തിയെങ്കിലും പ്രതിസന്ധികള്‍ തന്നെയായിരുന്നു അദ്ദേഹത്തിന് മുന്നിലും ഉണ്ടായിരുന്നത്.

ബാഴ്‌സ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് സാവി ഹെര്‍ണാണ്ടസിന്റേത്. 1998 മുതല്‍ നീണ്ട 17 വര്‍ഷക്കാലം ബാഴ്സ ജേഴ്സിയില്‍ കളിച്ച താരം. ഒന്നരപ്പതിറ്റാണ്ടിലേറെ കാലം കളിക്കാരനായി ഒപ്പം ചേര്‍ത്ത ക്ലബ്ബിന്റെ പരിശീലകനായുള്ള സാവിയുടെ തിരിച്ചുവരവ് ബാഴ്സ ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനു ശേഷം തന്റെ പ്രിയപ്പെട്ട ക്ലബ്ബിലേക്ക് സാവി തിരികെയെത്തിയപ്പോള്‍ അവിടെ അത്ര നല്ല സാഹചര്യമായിരുന്നില്ല.

2008 മുതല്‍ 2012 വരെ ബാഴ്സലോണ എന്ന ക്ലബ്ബ് ലോകത്തെിലെ തന്നെ വമ്പന്‍ ശക്തിയായി വളര്‍ന്ന കാലത്ത് ക്ലബ്ബിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരമാണ് സാവി. അദ്ദേഹത്തിനൊപ്പം ആന്ദ്രേസ് ഇനിയെസ്റ്റയും സെര്‍ജിയോ ബുസ്‌ക്വെറ്റ്സും അടങ്ങിയ മധ്യനിരയായിരുന്നു ഒരുകാലത്ത് ബാഴ്സയുടെ ഏറ്റവും വലിയ കരുത്ത്. എന്നാല്‍ പ്രതാപ കാലമെല്ലാം പിന്നിട്ട്, സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ക്ലബ്ബ് വിട്ട് ബാഴ്സ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തില്‍ കൂടി കടന്നുപോകുന്നതിനിടെയാണ് സാവിയെ ബാഴ്സ മാനേജ്മെന്റ് രക്ഷകനായി കൊണ്ടുവരുന്നത്.

അക്കാലത്ത് ക്ലബ്ബ് നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ടീമിന്റെ തന്നെ എല്ലാ മേഖലകളെയും ബാധിച്ചിരുന്നു. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന റൊണാള്‍ഡ് കോമാന്‍ എന്ന പരിശീലകനു കീഴിലും ടീം ക്ലച്ച് പിടിച്ചില്ല. തുടര്‍ തോല്‍വികള്‍ക്കിടയിലും സാമ്പത്തിക പരാധീനതകള്‍ കാരണം മറ്റ് വഴികളില്ലാതെയാണ് ക്ലബ്ബ് കോമാനെ പറഞ്ഞുവിടുന്നത് വൈകിച്ചത്. ഒടുവില്‍ യാതൊരു നിവൃത്തിയുമില്ലാതായ ഘട്ടത്തിലാണ് കോമാന് പുറത്തേക്കുള്ള വഴി കാണിച്ചതും.

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക്കിനോടും ബെന്‍ഫിക്കയോടും തോറ്റ് മാനസികമായി തന്നെ തകര്‍ന്നു നില്‍ക്കുന്ന ഒരു ടീമിനെ വിജയവഴിയിലേക്ക് തിരികെ എത്തിക്കുക എന്നതായിരുന്നു സാവി നേരിട്ട പ്രധാന വെല്ലുവിളി. സാവി ചുമതലയേല്‍ക്കുമ്പോള്‍ ലീഗില്‍ ബാഴ്‌സ ഒമ്പതാം സ്ഥാനത്തായിരുന്നു. ടീമിലെത്തിച്ച താരങ്ങള്‍ പലരും ഒത്തിണക്കത്തോടെ കളിക്കാത്ത അവസ്ഥയും. എന്നാല്‍ സാവി മാജിക് ബാഴ്‌സയുടെ ജാതകം തിരുത്തിയെഴുതി.

2021-22 സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ, സിറ്റിയില്‍ നിന്നുതന്നെ എറിക് ഗാര്‍സ്യ, ഫെറാന്‍ ടോറസ്, ലിയോണില്‍ നിന്ന് മെംഫിസ് ഡീപേ, ഡാനി ആല്‍വസ്, ആഴ്‌സണലില്‍ നിന്ന് പിയറെ എമെറിക് ഒബമെയാങ് എന്നിവരെ ടീമിലെത്തിച്ചെങ്കിലും അഗ്യൂറോ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം വിരമിച്ചതും ഡിപേയും ഒബമെയാങ്ങും ടീമുമായി ഇണങ്ങാത്തതും സാവിക്ക് തിരിച്ചടിയായി. വൈകാതെ ഇവരില്‍ പലരും ടീം വിട്ടു. ഒടുവില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച് സാവി ആ സീസണ്‍ അവസാനിപ്പിച്ചു.

സാവിയുടെ ബാഴ്‌സ

എന്നാല്‍ കൃത്യമായ പദ്ധതികളുമായാണ് 2022-23 സീസണില്‍ സാവി ടീമിനെ ഇറക്കിയത്. മെസ്സി ടീം വിട്ടപ്പോള്‍ പ്രതിഫല ഇനത്തില്‍ അധികം വന്ന തുകയും അടുത്ത 25 വര്‍ഷത്തേക്കുള്ള പ്രക്ഷേപണ കരാര്‍ 667 ദശലക്ഷം യൂറോയ്ക്ക് വിറ്റപ്പോള്‍ ലഭിച്ച തുകയുമെല്ലാം ചേര്‍ത്ത് ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്‌സയ്ക്കായി. ഫ്രാങ്ക് കെസ്സി, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റാഫിഞ്ഞ്യ, യൂള്‍സ് കുണ്‍ഡെ, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ കൊണ്ടുവന്ന സാവി ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തു.

ലെവന്‍ഡോവ്‌സ്‌കി | Photo: Getty Images

ലെവന്‍ഡോവ്‌സ്‌കി, റാഫിഞ്ഞ്യ, ഉസ്മാന്‍ ഡെംബലെ എന്നിവരെ അണിനിരത്തി മികച്ച മുന്നേറ്റനിര തന്നെ സൃഷ്ടിച്ചു സാവി. പകരക്കാരായി ഇറങ്ങുന്ന അന്‍സു ഫാത്തി, ഫെറാന്‍ ടോറസ് എന്നിവരും തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം കൈവന്നു. ബാഴ്‌സയുടെയും സ്പാനിഷ്‌ ദേശീയ ടീമിന്റെയും ഭാവി താരങ്ങളെന്ന എന്ന് ഇതിനോടകം തന്നെ പേരെടുത്ത പ്രെഡ്രിക്കും ഗാവിക്കുമൊപ്പം ഫ്രാങ്കി ഡിയോങ്ങും ഫ്രാങ്ക് കെസ്സിയും ചേര്‍ന്ന ബാഴ്‌സയുടെ മധ്യനിര എണ്ണയിട്ട യന്ത്രം കണക്കെ മൈതാനത്ത് പ്രവര്‍ത്തിച്ചു. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സെന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ പരിചയസമ്പത്ത് ടീമിന് നല്‍കിയ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. ഒരു കാലത്ത് ബാഴ്‌സലോണ എന്ന ക്ലബ്ബിന്റെ എഞ്ചിനായിരുന്നു സാവി - ഇനിയെസ്റ്റ - ബുസ്‌ക്വെറ്റ്‌സ് ത്രയം. അക്കാലത്ത് ബാഴ്‌സയുടെ ഓരോ മുന്നേറ്റത്തിലും ഈ ലോകോത്തര മധ്യനിര വഹിച്ച പങ്ക് ചെറുതൊന്നുമല്ല. അക്കൂട്ടത്തിലെ പ്രധാനി തന്നെ പരിശീലകനായി എത്തിയതിന്റെ ഗുണമാണ് മൈതാനത്ത് മനോഹരമായ കളി കാഴ്ചവെയ്ക്കുന്ന ഇന്നത്തെ ബാഴ്‌സ സംഘം.

കൈയടി നേടിയ പ്രതിരോധം

എന്നാല്‍ ബാഴ്‌സയുടെ കിരീട വിജയത്തില്‍ ഏറ്റവുമധികം കൈയടി നേടുന്നത് ബാഴ്‌സയുടെ പ്രതിരോധമാണ്. ലീഗില്‍ ഇത്തവണ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് ബാഴ്‌സ. ലീഗില്‍ 34 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 64 ഗോളടിച്ച ബാഴ്‌സ കിരീടം നേടിയിരിക്കുകയാണ്. ഗോള്‍ അടിക്കുന്നതിലല്ല, അടിപ്പിക്കാതിരിക്കുന്നതിലാണ് ബാഴ്‌സ കൂടുതല്‍ വിജയിച്ചത്. ലീഗില്‍ ഇതുവരെ വെറും 13 ഗോളുകള്‍ മാത്രമാണ് ടീം വഴങ്ങിയിട്ടുള്ളത്. ഇതില്‍ ഹോം ഗ്രൗണ്ടില്‍ വഴങ്ങിയത് വെറും രണ്ടേ രണ്ട് ഗോളുകള്‍ മാത്രം. തോറ്റത് മൂന്ന് മത്സരങ്ങള്‍ മാത്രം. ഇത്തവണ ലാ ലിഗയില്‍ 20-ല്‍ താഴെ ഗോളുകള്‍ വഴങ്ങിയ ഒരു ടീം മാത്രമേയുള്ളൂ, അത് ബാഴ്‌സയാണ്. ഇതോടെ 38 മത്സരങ്ങളടങ്ങിയ ഒരു ലാ ലിഗ സീസണില്‍ ഏറ്റവും കുറച്ച് ഗോളുകള്‍ വഴങ്ങിയ ടീമെന്ന റെക്കോഡും സ്വന്തമാക്കാനൊരുങ്ങുകയാണ് ബാഴ്‌സ. 1993-94 സീസണില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണയും 2015-16 സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡും 18 ഗോളുകള്‍ മാത്രം വഴങ്ങി കൈയില്‍ വെച്ചിരിക്കുന്ന റെക്കോഡ് ഇത്തവണ ലീഗില്‍ നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കേ ബാഴ്‌സയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും. റൊണാള്‍ഡ് അരോഹോ, ആന്ദ്രേസ് ക്രിസ്റ്റിയന്‍സണ്‍, യൂള്‍സ് കുണ്‍ഡെ, അലെഹാന്‍ഡ്രോ ബാല്‍ഡെ എന്നിവരടങ്ങിയ പ്രതിരോധനിരയാണ് ബാഴ്‌സയുടെ കരുത്ത്. ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്റെ പക്കല്‍ ഇത്തവണ 25 ക്ലീന്‍ ഷീറ്റുകളാണുള്ളത്. അതില്‍ നിന്നു തന്നെ ബാഴ്‌സയുടെ പ്രതിരോധത്തിന്റെ മികവ് പ്രകടം. 1993-94 സീസണില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണയുടെ ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ്‌കോ ലിയാനോയുടെ പേരിലുള്ള 26 ക്ലീന്‍ ഷീറ്റുകളാണ് ലാ ലിഗയിലെ റെക്കോഡ്. ഇത്തവണ ലീഗില്‍ നാല് മത്സരങ്ങള്‍ ശേഷിക്കേ ടെര്‍‌സ്റ്റേഗന്‍ ആ റെക്കോഡ് സ്വന്തമാക്കുമെന്നുറപ്പാണ്.

മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്‍ | Photo: Getty Images

എന്നാല്‍ കഴിഞ്ഞ സീസണില്‍ ഇതായിരുന്നില്ല സ്ഥിതി. കഴിഞ്ഞ തവണ 38 ലീഗ് മത്സരങ്ങളില്‍ നിന്ന് 38 ഗോളുകളാണ് ടീം വഴങ്ങിയിരുന്നത്. ഇതോടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ടെര്‍‌സ്റ്റേഗന്‍. എന്നാല്‍ അയാളുടെ കഴിവില്‍ സാവിക്ക് സംശയമേതും ഉണ്ടായിരുന്നില്ല. ബാഴ്‌സലോണയുടെ കളിശൈലിക്ക് യോജിച്ച ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്നാണ് സാവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പിടിച്ചെടുക്കുന്ന പന്ത് അതിവേഗം ഒരു കൗണ്ടര്‍ അറ്റാക്കിന് വഴിയൊരുക്കുന്ന തരത്തില്‍ പാസുകള്‍ വിതരണം ചെയ്യാനുള്ള നൈസര്‍ഗികമായ കഴിവാണ് ടെര്‍‌സ്റ്റേഗനെ ബാഴ്‌സയ്ക്ക് പ്രിയപ്പെട്ടവനാക്കുന്നത്. ഈ സീസണില്‍ 1,138 പാസുകളാണ് അദ്ദേഹം ഇത്തരത്തില്‍ നല്‍കിയിട്ടുള്ളത്. ലാ ലിഗയില്‍ ഒരു ഗോള്‍കീപ്പറുടെ ഏറ്റവും ഉയര്‍ന്ന പാസിങ് ശരാശരിയും ടെര്‍‌സ്റ്റേഗന്റെ പേരില്‍ തന്നെ.

ടെര്‍‌സ്റ്റേഗനു മുന്നില്‍ അണിനിരക്കുന്ന ബാഴ്‌സയുടെ ബാക്ക് ലൈന്‍ ഏറെ ശ്രദ്ധേയമാണ്. ചെല്‍സിയില്‍ നിന്ന് ഇത്തവണ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ആന്ദ്രേസ് ക്രിസ്റ്റിയന്‍സണ്‍, റൊണാള്‍ഡ് അരോഹോയുമൊത്ത് മികച്ച ധാരണയിലാണ് കളിക്കുന്നത്. അവര്‍ക്കൊപ്പം ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബയ്ക്ക് പകരമെത്തിയ 19-കാരന്‍ അലെഹാന്‍ഡ്രോ ബാല്‍ഡെയും. സെവിയ്യയില്‍ നിന്ന് 55 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിച്ച റൈറ്റ് ബാക്ക് യൂള്‍സ് കുണ്‍ഡെയും ചേരുന്നതോടെ പ്രതിരോധത്തില്‍ ബാഴ്‌സ കാര്‍ലോസ് പുയോള്‍, ഡാനി ആല്‍വസ്, ജെറാര്‍ഡ് പിക്വെ, ജാവിയര്‍ മഷെറാനോ എന്നിവരണിനിരന്നിരുന്ന സുവര്‍ണ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് സ്വപ്‌നം കാണുന്നു. പ്രതിരോധത്തില്‍ ഏറ്റവും പ്രായം കൂടിയ താരമായ ക്രിസ്റ്റിയന്‍സണ് 27 വയസ് മാത്രമേയുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. തീര്‍ത്തും യുവത്വമാര്‍ന്ന നിരയാണ് ബാഴ്‌സയുടെ പ്രതിരോധത്തില്‍ പണിയെടുക്കുന്നതെന്ന് സാരം.

താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പരിശീലകന്‍

''സാവിയെ പരിശീലകനായി നിയമിച്ചതാണ് ബാഴ്സയുടെ പ്രസിഡന്റായതിനു ശേഷം ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം. ഇത്തവണ ബാഴ്സലോണ ലാ ലിഗ കിരീടം നേടും.'' എന്ന ബാഴ്സ പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ടയുടെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു സാവിയില്‍ ബാഴ്‌സലോണ എന്ന ക്ലബ്ബ് എത്രമാത്രം വിശ്വാസം അര്‍പ്പിച്ചിരുന്നു എന്ന്. കളിച്ചിരുന്ന കാലത്ത് പന്ത് കാലില്‍ കുരുക്കി ക്രൈഫ് ടേണ്‍ പോലെ സ്വതസിദ്ധമായ ഒരു സാവി ടേണ്‍ കൈയിലുണ്ടായിരുന്ന താരമായിരുന്നു അദ്ദേഹം. പന്തിനെ കാലില്‍ കൊരുക്കി മുന്നോട്ട് നീങ്ങുന്നതുപോലെ തന്നെ ഇത്തവണ ബാഴ്‌സലോണ സ്‌ക്വാഡിനെ കൃത്യമായി നിയന്ത്രിച്ച് കൊണ്ടുപോകാന്‍ സാധിച്ചുഎന്നത് തന്നെയാണ് സാവിയുടെയും അദ്ദേഹത്തെ ആ ചുമതല ഏല്‍പ്പിച്ചവരുടെയും വിജയം. മൈതാനത്തെ വെള്ളവരയ്ക്കകത്തും ആ വരയ്ക്ക് പുറത്തും സാവി ടീമിനെ കൈകാര്യം ചെയ്ത രീതി അഭിനന്ദനാര്‍ഹം തന്നെയാണ്.

2021-ല്‍ സാവിയെ ബാഴ്‌സയിലേക്ക് ക്ഷണിക്കാന്‍ ഖത്തറിലേക്ക് പോയത് ബാഴ്‌സയുടെ ഡയറക്ടറായ മത്തേയു അലെമാനി നേരിട്ടാണ്. അവിടെ അല്‍ സാദ് ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്ന സാവിയോട് അദ്ദേഹം പറഞ്ഞത്, നിങ്ങളുടെ നിയമനം ഏകകണ്ഠമായ തീരുമാനമാണെന്നായിരുന്നു. മാധ്യമങ്ങള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും ക്ലബ്ബുമായി മുന്‍ പരിശീലകനായിരുന്ന കോമാന്‍ സൃഷ്ടിച്ച വിടവ് നികത്താന്‍ ബാഴ്‌സ പോലൊരു ക്ലബ്ബിന് സാവിയുടെ സാന്നിധ്യം ആവശ്യമായിരുന്നു. ക്ലബ്ബിന്റെ അവസ്ഥ മെച്ചപ്പെടുത്തല്‍ മാത്രമായിരുന്നില്ല അപ്പോള്‍ ബാഴ്‌സയ്ക്ക് വേണ്ടിയിരുന്നത്, ക്ലബ്ബിനെ വിട്ടകന്ന ആരാധകരെ തിരികെ കൊണ്ടുവരാനും അവരെ ക്ഷമയോടെ ക്ലബ്ബിനൊപ്പം കൊണ്ടുപോകാനും വേണ്ടി ഒരു ബാഴ്‌സ ഡിഎന്‍എ തന്നെ വേണ്ടിയിരുന്നു. അതിന് സാവിയേക്കാള്‍ മികച്ചൊരു തിരഞ്ഞെടുപ്പ് അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല.

Photo: Getty Images

വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക കെടുകാര്യസ്ഥതയില്‍ നിന്ന് ക്ലബ്ബ് പതിയെ പുനര്‍ജനിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. 2021 മാര്‍ച്ചില്‍ താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ക്ലബ്ബ് ഐസിയുവിലാണെന്നായിരുന്നു പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ടയുടെ പ്രതികരണം. പരിശീലകനായെത്തിയപ്പോള്‍ തുടക്കത്തില്‍ ബാഴ്‌സയുടെ കളി തീര്‍ത്തും വിരസമാണെന്ന് പറഞ്ഞ് സാവിക്കെതിരേയും വിമര്‍ശനങ്ങളുണ്ടായിരുന്നു. ക്ലബ്ബിന്റെ തനത് ചടുലമായ പാസിങ് ഗെയിമും അറ്റാക്കിങ് ഫുട്‌ബോളും ബാഴ്‌ലയെ വിട്ടകന്നു എന്ന് ആരാധകര്‍ വിലപിച്ചു.

സാവി പരിശീലകനായി എത്തുന്ന സമയത്ത് മുമ്പ് അദ്ദേഹത്തോടൊപ്പം കളിച്ച താരങ്ങളും ടീമിലുണ്ടായിരുന്നു. മുന്‍ താരങ്ങളോടുള്ള ഈ സൗഹൃദം സാവിക്ക് തന്റെ ജോലിയില്‍ പ്രശ്‌നമാകുമോ എന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായിരുന്നില്ല. 36-കാരനായ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെയോട് അദ്ദേഹത്തിന് കൂടുതല്‍ മിനിറ്റ് കളിക്കാന്‍ ലഭിക്കില്ലെന്ന് സാവി ആദ്യമേ പറഞ്ഞു. എന്നാല്‍ ആ തീരുമാനം തെറ്റാണെന്ന് തെളിയിക്കുമെന്ന് പിക്വെ വെല്ലുവിളിച്ചെങ്കിലും നവംബറില്‍ പിക്വെ വിരമിച്ചു. 34-കാരനായ ജോര്‍ഡി ആല്‍ബയെ പകരക്കാരുടെ നിരയിലേക്ക് മാറ്റി പകരം യുവതാരം ബാല്‍ഡെയ്ക്ക് അവസരമൊരുക്കി. സാവിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും പരിശീലകനാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കിയതെങ്കില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമായിരുന്നു. കാരണം പിക്വെയും ആല്‍ബയും ക്ലബ്ബിന്റെ പ്രധാന താരങ്ങളായിരുന്നു. സൂക്ഷ്മമായ തലമുറമാറ്റം ഇങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിച്ചു എന്നത് സാവിയുടെ മികവാണ്.

മുന്‍ വര്‍ഷങ്ങളിലെ താരങ്ങളുടെ പരിക്കുകള്‍ മുന്‍നിര്‍ത്തി ഡോ. റിക്കാര്‍ഡ് പ്രുണയെ ക്ലബ്ബിന്റെ മെഡിക്കല്‍ ടീമിന്റെ തലപ്പത്ത് തിരികെയെത്തിച്ചു. പരിശീലനത്തിനും മറ്റും കൃത്യസമയം പാലിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ശിക്ഷ പുനരാരംഭിച്ചു.

ഫ്രാങ്കി ഡിയോങ്ങിന്റെയും ഉസ്മാന്‍ ഡെംബലെയുടെയും ക്ലബ്ബിലെ ഭാവിയുടെ കാര്യത്തിലും സാവിയുടെ തീരുമാനം നിര്‍ണായകമായിരുന്നു. ഏജന്റും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ഡെംബലെയോട് കഴിഞ്ഞ ജനുവരിയില്‍ പുതിയ ക്ലബ്ബ് നോക്കിക്കൊള്ളാന്‍ ബാഴ്‌സയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മത്തേയു അലെമാനി പറഞ്ഞതായിരുന്നു. ഇതോടെ ആരാധകരും ഫ്രഞ്ച് താരത്തിനെതിരേ തിരിഞ്ഞു. എന്നാല്‍ സാവി ഉറപ്പിച്ചു പറഞ്ഞു, ഡെംബലെ ക്ലബ്ബില്‍ വേണം. ഡെംബലെയുടെ സ്ഥാനത്ത് ലോകത്തിലെ മികച്ച താരം ഡെംബലെ തന്നെയാണ്. അദ്ദേഹം ഇപ്പോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനും ബാഴ്‌സ നിരയിലെ പ്രധാനിയുമാണ്.

അതുപോലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരമെന്ന നിലയില്‍ ഡിയോങ്ങിനെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വായ്പാടിസ്ഥാനത്തില്‍ നല്‍കാന്‍ ബാഴ്‌സയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ക്ലബ്ബ് ഇക്കാര്യം താരത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബാഴ്‌സയില്‍ തന്നെ തുടരാനായിരുന്നു ഡിയോങ്ങിന് താത്പര്യം. ബോര്‍ഡിന്റെ പെരുമാറ്റം തന്നെ അസ്വസ്ഥനാക്കിയെന്ന് പിന്നീട് ഡിയോങ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇവിടെയും രക്ഷയ്‌ക്കെത്തിയ സാവി 2019-ല്‍ അയാക്‌സില്‍ നിന്നെത്തിയ ശേഷം ബാഴ്‌സയിലെ ഏറ്റവും മികച്ച സീസണ്‍ തന്നെ ഡിയോങ്ങിന് സമ്മാനിച്ചു.

മാത്രമല്ല ഈ സീസണില്‍ നടന്ന അഞ്ച് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ മൂന്നിലും കരുത്തരായ റയലിനെതിരേ വിജയം നേടാനായി എന്നത് ബാഴ്‌സയുടെ ആത്മവിശ്വാസമുയര്‍ത്തുന്ന കാര്യമാണ്. സൂപ്പര്‍ കോപ്പ ഫൈനലില്‍ റയലിനെ 3-1ന് തകര്‍ത്തുവിട്ട ബാഴ്‌സയ്ക്ക് നിരാശ സമ്മാനിച്ചത് ഏപ്രില്‍ ആറിലെ കോപ്പ ഡെല്‍ റേ സെമിഫൈനല്‍ രണ്ടാം പാദത്തില്‍ റയലിനെതിരേ നേരിട്ട 4-0ന്റെ തോല്‍വി മാത്രമായിരുന്നു. യൂറോപ്പ ലീഗ് പ്ലേ ഓഫില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ ആദ്യ പാദം സമനിലയില്‍ പിരിഞ്ഞ ശേഷം രണ്ടാം പാദത്തില്‍ നേരിട്ട തോല്‍വിയും യൂറോപ്യന്‍ പോരാട്ടങ്ങളില്‍ ക്ലബ്ബിന്റെ യുവനിരയുടെ പരിചയക്കുറവ് വെളിപ്പെടുത്തുന്നതായി.

ഭാവി പരിപാടികള്‍

ലാ ലിഗ സീസണ്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതോടെ അടുത്ത സീസണിന്റെ ആസൂത്രണത്തിലേക്ക് തിരിയാന്‍ ബാഴ്‌സയ്ക്ക് സമയം കിട്ടിയിരിക്കുകയാണ്. അടുത്ത സീസണില്‍ കിരീടങ്ങള്‍ തന്നെയാണ് ലക്ഷ്യമെന്ന് സാവി ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മെസ്സിയെ തിരികെ ടീമിലെത്തിക്കാന്‍ ബാഴ്‌സ ഇതിനോടകം തന്നെ ശ്രമം തുടങ്ങിക്കഴിഞ്ഞു. സിറ്റിയുടെ ഇല്‍കായ് ഗുണ്ടോഗനും ബാഴ്‌സയുടെ ലിസ്റ്റിലുണ്ട്. ഫെബ്രുവരിയില്‍ പരിക്ക് കാരണം പെഡ്രിയുടെ സേവനം നഷ്ടമായത് ബാഴ്‌സയെ ഉലച്ചിരുന്നു. മാത്രമല്ല ഡെംബലെയ്ക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന പരിക്കും ടീമിന് തലവേദനയാണ്. ഇതിനെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് ഗുണ്ടോഗനില്‍ സാവി കണ്ണുവെച്ചിരിക്കുന്നത്.

അടുത്ത സീസണില്‍ ബാഴ്‌സയുടെ മധ്യനിരയില്‍ കാര്യമായ മാറ്റമുണ്ടാകും. 18 വര്‍ഷം ക്ലബ്ബുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച് ഈ സീസണോടെ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സ വിടുകയാണ്. അതിനാല്‍ ഇപ്പോള്‍ തന്നെ റയല്‍ സോസിഡാഡിന്റെ മാര്‍ട്ടിന്‍ സുബിമെന്‍ഡിക്കായി സാവി ശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ 60 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് ഇതിന് ബാഴ്‌സയ്ക്ക് ഒരു തടസമാണ്. അതിനാല്‍ വോള്‍വ്‌സിന്റെ റൂബന്‍ നെവെസും ഫിയോറന്റിനയുടെ സോഫിയാന്‍ അംരബാത്തും ക്ലബ്ബിന്റെ റഡാറിലുണ്ട്.

ഒരു ലെഫ്റ്റ് വിങ്ങറെയും ഒരു ബാക്കപ്പ് സ്‌ട്രൈക്കറെയും ഒരു റൈറ്റ് ബാക്കിനെയും ടീമിലെത്തിക്കാന്‍ സാവിക്ക് പദ്ധതിയുണ്ട്. എങ്കിലും പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ അത്‌ലറ്റിക് ക്ലബ്ബിന്റെ സെന്റര്‍ ബാക്ക് ഇനിഗോ മാര്‍ട്ടിനെസ് ഇത്തവണ ബാഴസയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാ ലിഗയ്ക്ക് പുറമെ ചാമ്പ്യന്‍സ് ലീഗിലും ഒരു തിരിച്ചുവരവ് ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. എങ്കിലും പുതിയ സൈനിങ്ങുകള്‍ നടത്തുന്നതിനായി ബാഴ്സലോണ ഏകദേശം 200 ദശലക്ഷം യൂറോ ലാഭിക്കണം. തിരിച്ചടികളുടെ മോശം കാലത്തുനിന്ന് കാറ്റലന്‍ ക്ലബ്ബ് പുതിയ ആകാശങ്ങള്‍ തേടിയുള്ള യാത്രയിലാണ്.


കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

Content Highlights: How fc Barcelona won La Liga back with xavi revolution

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wrestlers protest

4 min

'ആര്‍ക്കു വേണ്ടിയാണ് ഈ മൗനം?  ആരെ പേടിച്ചിട്ടാണ് നിങ്ങള്‍ മാളത്തില്‍ ഒളിക്കുന്നത്?'

May 31, 2023


wrestlers

2 min

കൂട്ടരേ, ഇത് നാണക്കേടാണ് !

May 31, 2023


muhammad ali

2 min

അലി അന്ന് മെഡല്‍ നദിയിലെറിഞ്ഞു; ഇന്ന് ഗുസ്തി താരങ്ങള്‍ ശ്രമിച്ചത് മെഡല്‍ ഗംഗയ്ക്ക് സമര്‍പ്പിക്കാന്‍

May 31, 2023

Most Commented