റെഗ്ഗി പ്രിഡ്‌മോര്‍ ഇന്ത്യ കണ്ടിട്ടില്ല. പഴയ കോളനിയായ ഇന്ത്യയുമായി പുലബന്ധംപോലുമില്ല, ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍വെടിഞ്ഞ ഈ ബ്രിട്ടീഷുകാരന്. മുപ്പത്തിയൊന്നാം വയസ്സില്‍ വെനീസിനടുത്ത് പിയാവേ നദിക്കരയില്‍ വെടിയേറ്റ് മരിച്ച ബ്രിട്ടീഷ് റോയല്‍ ഫീല്‍ഡ് ആര്‍ട്ടില്ലെറിയിലെ ഈ സൈനികനെ പക്ഷേ, ഇന്ത്യക്കാര്‍ ഓര്‍ക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്.
ഇടയ്ക്ക് കൗണ്ടിയില്‍ വാര്‍വിക്‌ഷെയറിനുവേണ്ടി ക്രിക്കറ്റും അതിനുമുന്‍പ് ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനുവേണ്ടി ഹോക്കിയും കളിച്ച പ്രിഡ്‌മോറിന്റെ പേരില്‍ നാല്‍പത്തിനാല് വര്‍ഷം അഭേദ്യമായി നിലനിന്നൊരു റെക്കോഡുണ്ടായിരുന്നു ഒളിമ്പിക്‌സില്‍. ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന, ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പ് പിറന്ന ആ റെക്കോഡ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പുകയടങ്ങിയശേഷം തിരുത്തിയെഴുതിയതൊരു ഇന്ത്യക്കാരനാണ്. ബ്രിട്ടന്റെ പാദസേവകനാവാന്‍ കൂട്ടാക്കാതെ ഓടിരക്ഷപ്പെട്ടതിന് പിടിച്ച് കൈയാമം വച്ച് പഞ്ചാബ് പോലീസില്‍ ചേര്‍ക്കപ്പെട്ട ഇരുപത്തിയൊന്‍പതുകാരനായൊരു കോണ്‍സ്റ്റബിള്‍. പേര് ബല്‍ബീര്‍ സിങ് ദോസാഞ്ച്. ഗോളുകൊണ്ടൊരു റെക്കോഡ് മാത്രമല്ല, അതിനൊപ്പം കളിച്ചും കളിപ്പിച്ചും മൂന്ന് ഒളിമ്പിക് സ്വർണവും ഒരു ലോകകപ്പും ഇന്ത്യയ്ക്കു സമ്മാനിച്ച ഇതിഹാസം. ഇന്ത്യ ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ ഹോക്കി പ്രതിഭ ആരെന്ന ചോദ്യത്തിന് ധ്യാന്‍ചന്ദിന്റെ തലപ്പൊക്കത്തിനൊപ്പം തന്നെ പൊന്നില്‍ കൊത്തിവെക്കേണ്ടിയിരുന്ന പേര്. കഴിഞ്ഞ ദിവസം മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രയിലെ വെന്റിലേറ്ററിന്റെ ഉളളുതുളയ്ക്കുന്ന തണുപ്പില്‍ രണ്ട് ഹൃദയാഘാതങ്ങളോടും തലച്ചോറിലെ രക്തസ്രാവത്തോടും മല്ലിട്ട് ഒടുവിൽ തോറ്റ് മടങ്ങിയ അതേ ബല്‍ബീര്‍ സിങ് സീനിയര്‍.
റഷ്യയും ചൈനയുമെല്ലാം അരങ്ങേറ്റം കുറിച്ച 1952ലെ ഹെല്‍സിങ്കി ഗെയിംസിലായിരുന്നു ഇറ്റലിയിലെ ജിയാവെര ബ്രിട്ടീഷ് സെമിത്തേരിയില്‍ മറ്റ് നാന്നൂറ്റി പതിനഞ്ച് ബ്രിട്ടീഷ് സൈനികര്‍ക്കൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന പ്രിഡ്‌മോറിന്റെ നാലുഗോളെന്ന റെക്കോഡ് ബല്‍ബീര്‍ സിങ് എന്നെന്നേയ്ക്കുമായി മായ്ച്ചുകളഞ്ഞത്. ജൂലായ് ഇരുപത്തിനാലിന് ഹെല്‍സിങ്കി വെലോഡ്രോമില്‍ നടന്ന ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍പോസ്റ്റില്‍ പതിച്ച ആറു ഗോളില്‍ അഞ്ചും പിറന്നത് ടീമിന്റെ ഉപനായകനായ ബല്‍ബീറിന്റെ മാജിക്കല്‍ സ്റ്റിക്കില്‍ നിന്ന്. ബല്‍ബീര്‍ ഒന്നിനുപിറകെ ഒന്നായി തീവര്‍ഷിക്കുമ്പോള്‍ ഇടത്തുനിന്നോ വലത്തുനിന്നോ ഷോട്ട് പിറക്കുന്നതെന്നറിയാതെ ആ ഡ്രിബിളിങ് വിസ്മയമാസ്വദിച്ച് മിഴിച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ ഡച്ച് ഗോളി ലൗ മള്‍ഡര്‍ക്ക്. ഒരേയൊരു ഗോള്‍ മാത്രം തിരിച്ചുവാങ്ങി ആധികാരികമായി ജയിച്ച് ഇന്ത്യ സ്വര്‍ണമണിഞ്ഞ ആ ഫൈനലിന് ഇന്നും ബല്‍ബീറിന്റെ ഈ മാസ്മരിക പ്രകടനത്തിന്റെ പേരിലാണ് ഖ്യാതി. ഹെല്‍സിങ്കിയില്‍ അന്ന് ഇന്ത്യ വലയിലാക്കിയ പതിമൂന്ന് ഗോളുകളില്‍ ഒന്‍പതിന്റെയും ഉടമയായ ബല്‍ബീറിന്റെ പ്രകടനത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല തന്നെ ഇന്ത്യന്‍ ഹോക്കിയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍.
ഹോക്കി അരങ്ങേറ്റം കുറിച്ച 1908 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗോള്‍വര്‍ഷം കൊണ്ട് റെക്കോഡിട്ട പ്രിഡ്‌മോറിനോട് കണ്ണില്‍ചോരയില്ലാത്ത നീതികേടാണ് കാലം കാട്ടിയത്. പിന്നീട് ഒരു ഒളിമ്പിക്‌സ് തികച്ച് കാണാനുള്ള യോഗം ബാക്കിവച്ചില്ലത്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ വെടിയേറ്റു ചിതറിപ്പോയ പഴയ ഒളിമ്പ്യന്റെ ജഡം ജന്മനാട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുപോകാന്‍ പോലും കഴിഞ്ഞിരുന്നില്ല. വെനീസിന് വടക്കുപടിഞ്ഞാറ് ജിയാവേരയിലെ ബ്രിട്ടീഷ് സെമിത്തേരിയിലെ നാലാമത്തെ വരിയിലെ അഞ്ചാംനമ്പര്‍ ശവക്കല്ലറയില്‍ കോറിയിട്ട, രണ്ടേരണ്ടുവരിയില്‍ ഒതുങ്ങിപ്പോയി, പില്‍ക്കാലത്ത് തുടര്‍ച്ചയായി ആറ് സ്വര്‍ണം നേടിയ ഇന്ത്യ ഒളിമ്പിക്‌സ് കളിച്ചുതുടങ്ങുംമുന്‍പ്, സ്വന്തം രാജ്യത്തിനൊരു ഹോക്കി സ്വര്‍ണം സമ്മാനിച്ച ഒളിമ്പിക് ഹീറോയുടെ ശേഷിപ്പ്.

പ്രിഡ്‌മോര്‍ മരിച്ച് ആറു വര്‍ഷത്തിനുശേഷം ജനിച്ച ബല്‍ബീറിനോട് നീതികേട് കാട്ടിയത് ആയുസ്സും പ്രതിഭയും വാരിക്കോരിക്കൊടുത്ത കാലമല്ല, കളിച്ചും കളിപ്പിച്ചും നാല് ഒളിമ്പിക് സ്വര്‍ണവും ഒരു ലോകകപ്പും നേടിക്കൊടുത്ത ജന്മനാടു തന്നെ. ഹോക്കിയാണിവിടെ ദേശീയ വിനോദം. പക്ഷേ, ധോനിയുടെയും റെയ്‌നയുടെ മക്കളുടെ വിക്രിയകള്‍ക്കുവരെ ആരാധകരുള്ള നാട്ടില്‍ ഒളിമ്പിക്‌സില്‍ വെറും എട്ട് കളികളില്‍ നിന്ന് ഇരുപത് ഗോള്‍ നേടിയ, പാട്രിയറ്റ് പത്രം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കായികതാരമായി തിരഞ്ഞെടുത്ത ബല്‍ബീര്‍ ആരെന്നറിയാന്‍ ഇന്ന് ഗൂഗിള്‍ തന്നെ ബഹുഭൂരിപക്ഷത്തിനും ശരണം. ധ്യാന്‍ചന്ദിന്റെ പേരില്‍ പുരസ്‌കാരം സമ്മാനിക്കുന്ന രാജ്യത്ത് ഹോക്കി മാന്ത്രികന് പിന്നില്‍ രണ്ടാമനായിപ്പോലും ബല്‍ബീറിന്റെ പേര് കുറിക്കാന്‍ ഒരു നൂറുവട്ടമെങ്കിലും ചിന്തിക്കണം പുതിയ കാലത്തെ കളിയാരാധകര്‍ക്ക്. മെൽബൺ കഴിഞ്ഞ് ബൽബീർ സ്റ്റിക്ക് താഴെവച്ചശേഷം രണ്ടുതവണ മാത്രമേ ഇന്ത്യ ഒളിമ്പിക്സിൽ സ്വർണമണിഞ്ഞിട്ടുള്ളൂവെന്നത് ഒരു വലിയ സൂചനയാണ്. തൊട്ടടുത്ത തവണ റോമിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു തുടർച്ചയായി ആറു സ്വർണം നേടിയ ലോകജേതാക്കൾക്ക്. നമ്മൾ എങ്ങനെ ജയിക്കും? ജയിപ്പിക്കേണ്ട ആൾ ഇവിടെ എന്നെ കാക്കുകയല്ലെ എന്നായിരുന്നു തന്റെ അംഗരക്ഷകനായി നിലയുറപ്പിച്ച എ.എസ്.പി. ബൽബീർസിങ്ങിനെ ചൂണ്ടിക്കാട്ടി അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ഖൈറോൺ പറഞ്ഞത്. അടുത്ത തവണ ടോക്യോയിൽ ബൽബീർ പരിശീലകനായി ടീമിൽ തിരിച്ചെത്തി. ഇന്ത്യ വീണ്ടും സ്വർണവഴിയിൽ തിരിച്ചെത്തുകയും ചെയ്തു.
നായകന്റെയും ഉപനായകന്റെയും ടോപ് സ്‌കോററുടെയുമെല്ലാം പരിശീലകന്റെയുമെല്ലാം വേഷപ്പകര്‍ച്ചയില്‍ വിയര്‍ത്തുനേടിയ നാല് ഒളിമ്പിക് സ്വര്‍ണത്തിന്റെയും ഒരു ലോകകപ്പിന്റെയും സമ്പന്നമായ കണക്കുപുസ്തകമുണ്ടായിട്ടും, ഒളിമ്പിക്‌സിന്റെ നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിലെ ഏറ്റവും മികച്ച പതിനാറ് പ്രതിഭകളില്‍ ഒരാളായി ജെസ്സി ഓവന്‍സിനും കാത്തി ഫ്രീമാനുമെല്ലമൊപ്പം തിരഞ്ഞെടുക്കപ്പെട്ടിട്ടും ജന്മനാട്ടിലെ പരമോന്നത സിവിലിയന്‍ ബഹുമതിക്കായി അപേക്ഷയുമായി മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങേണ്ട ഗതികേട് അനുഭവിച്ച ചരിത്രമുണ്ട് ബല്‍ബീറിന്. ഒടുവില്‍ തന്നെ മറികടന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഭാരതരത്‌ന സ്വന്തമാക്കുന്നത് നീരസം തെല്ലും പ്രകടിപ്പിക്കാതെ തന്നെ കണ്ടുകൈയടിക്കുകയും ചെയ്തു തൊണ്ണൂറാം വയസ്സില്‍ ആ പഴയ ഒളിമ്പ്യന്‍. പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് ബല്‍ബീറിനെ തേടി ധ്യാന്‍ചന്ദ് പുരസ്‌കാരമെത്തുന്നത്. ഇന്ത്യയ്ക്കു മാത്രം സാധിക്കുന്ന ക്രൂരമായ ചില തമാശകള്‍.
ഇത്തരം തിരസ്‌കാരങ്ങളും അവഗണനയുമൊക്കെ കണ്ടും കേട്ടും തഴക്കമായിക്കഴിഞ്ഞതാണ് പണ്ടേ ഈ തൊണ്ണൂറ്റിയാറുകാരന്. ഇതിലും വലിയ വേദനകള്‍ നിര്‍ദയം വേറെയും സമ്മാനിച്ചിട്ടുണ്ട് ധ്യാന്‍ചന്ദിന്റെയും ലെസ്‌ലി ക്ലോഡിയസിന്റെയും സഫര്‍ ഇഖ്ബാലിന്റെയും മുഹമ്മദ് ഷഹീദിന്റെയും പര്‍ഗത് സിങ്ങിന്റെയുമെല്ലാം പഴമ്പുരാണം പറഞ്ഞ് ചാരിതാര്‍ഥ്യമടയുന്ന ജന്മനാട്. 2012ല്‍ ലണ്ടന്‍ മൂന്നാംവട്ടം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുമ്പോള്‍ വാന്‍കൂവറില്‍ മകള്‍ക്കൊപ്പമായിരുന്നു ബല്‍ബീര്‍. ഒരു ദിവസം ലണ്ടനില്‍ നിന്ന് ഒളിമ്പിക് സംഘാടകസമിതിയുടെ ഫോണ്‍. മെല്‍ബണ്‍ ഗെയിംസില്‍ ബല്‍ബീര്‍ അണിഞ്ഞ ഇന്ത്യയുടെ നീല ബ്ലേസര്‍ വേണം. ഓപ്പറ ഹൗസിലെ ഒളിമ്പിക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഉദ്ദേശം. മെല്‍ബണിലാണ് താന്‍ നായകനായി ഇന്ത്യ ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടിയതെങ്കിലും ലണ്ടന് ബല്‍ബീറിന്റെ ഹൃദയത്തിലുണ്ടൊരു സവിശേഷസ്ഥാനം. അറുപത്തിനാല് വര്‍ഷം മുന്‍പ് ഇവിടെയായിരുന്നു ഒളിമ്പിക്‌സിലെ അരങ്ങേറ്റം. ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരേ. ഒരു വലിയ യുഗമാണ് അന്ന് തിരശ്ശീല നീക്കി വെംബ്ലി സ്‌റ്റേഡിയത്തില്‍ അവതരിച്ചതെന്നറിയാന്‍ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. എണ്ണംപറഞ്ഞൊരു ഹാട്രിക്കോടെ അരങ്ങേറിയ ബല്‍ബീര്‍ അന്നു തന്നെ ഇടംപിടിച്ചു ഹോക്കി ആരാധകരുടെ ഹൃദയത്തില്‍. മിഡ്ഫീല്‍ഡില്‍ അസാമാന്യ വേഗവും തന്ത്രവും കൊണ്ട് ബല്‍ബീര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
എന്നാല്‍, ഐതിഹാസികമായ ഈ അരങ്ങേറ്റത്തിന് പിന്നില്‍ ഒരു അറിയാക്കഥയുണ്ട്. അപാരമായ ഫോമില്‍ കളിച്ചുവന്നിട്ടും ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ 39 അംഗ സാധ്യതാ ടീമില്‍ ഇടംപിടിക്കാന്‍ ബല്‍ബീറിനായിരുന്നില്ല. ഒടുവില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു വി.കെ.കൃഷ്ണമേനോനെ ചെന്നുകണ്ടു. മേനോന്റെ ഇടപെടലാണ് ബല്‍ബീറിന് ടീമിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തത്. പില്‍ക്കാലത്ത് ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിമാറിയ മേനോന്റെ നയതന്ത്രമുണ്ടായിട്ടും രണ്ടാമത്തെ മത്സരംവരെ കാക്കേണ്ടിവന്നു ബല്‍ബീറിന് അവസാന ഇലവനില്‍ ഇടംപിടിക്കാന്‍.

എന്നാല്‍, ബല്‍ബീര്‍ പിന്നീട് പലവുരു അഭിമാനത്തോടെയും തെല്ലൊരാവേശത്തോടെയും ആവര്‍ത്തിച്ചുപറഞ്ഞുകേട്ടിട്ടുള്ളത് ഈ അരങ്ങേറ്റത്തെക്കുറിച്ചല്ല. വെംബ്ലിയിലെ ഫൈനലായിരുന്നു ബല്‍ബീറിന്റെ മാസ്റ്റര്‍പീസ്. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരു വയസ്സു തികയാന്‍ മൂന്ന് ദിവസം മാത്രം ബാക്കി. എതിരാളി പഴയ യജമാനന്‍ ബ്രിട്ടന്‍. പഴയ അടിമയും ഉടമയും ചരിത്രത്തില്‍ ആദ്യമായി നേര്‍ക്കുനേര്‍. അതും 1908ല്‍ പ്രിഡ്‌മോര്‍ അയര്‍ലന്‍ഡിനെതിരേ ഹാട്രിക്ക് കൊണ്ട് ചരിത്രം കുറിച്ച അതേ ലണ്ടനില്‍. വൈറ്റ് സിറ്റി സ്‌റ്റേഡിയത്തിന് പകരം അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള വെംബ്ലി സ്‌റ്റേഡിയമായി വേദിയെന്നു മാത്രം.
കോളനിവാഴ്ച കഴിഞ്ഞ് ബ്രിട്ടന്‍ ആദ്യമായി ഇന്ത്യയെ നേരിടുകയാണ്. പകവീട്ടാന്‍, ജന്മനാടിന് ആദ്യ പിറന്നാള്‍ മധുരം സമ്മാനിക്കാന്‍ ഇതിലും നല്ലൊരു അവസരമില്ല. ഓഗസ്റ്റ് പന്ത്രണ്ടിന് ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീം പഴയ വെംബ്ലിയുടെ ആര്‍ഭാടത്തിലേയ്ക്ക് വരുമ്പോള്‍ ഇരുപത്തിയയ്യായിരത്തിലേറെ വരുന്ന കാണികളുണ്ട് ചരിത്രപോരാട്ടത്തിന് സാക്ഷ്യംവഹിക്കാന്‍. ആള്‍ക്കൂട്ടത്തില്‍ നിന്നു മാറി വി.ഐ.പി എന്‍ക്ലോഷറില്‍ സകലതിനും സാക്ഷിയായി തലയെടുപ്പോടെ എലിസബത്ത് രാജ്ഞിയും. ഒരു വര്‍ഷം മുന്‍പൊരു അര്‍ധരാത്രി ഇന്ത്യയ്ക്ക് അധികാരം കൈമാറിയ അതേ രാജ്ഞി.

കിഷന്‍ലാലാണ് ക്യാപ്റ്റന്‍. ലെസ്‌ലി ക്ലോഡിയസും കേശവ് ദത്തും ബല്‍ബീറും അടങ്ങുന്ന മധ്യനിരയാണ് ഇന്ത്യയുടെ എഞ്ചിന്‍ റൂം. പോരാത്തതിന് വാള്‍ട്ടര്‍ ഡിസൂസയും ലിയോ പിന്റോയും അക്തര്‍ ഹുസൈനും ത്രിലോചന്‍ സിങ്ങും നാലു കൊല്ലത്തിനുശേഷം ഹെല്‍സിങ്കിയില്‍ ഇന്ത്യയെ നയിച്ച കെ.ഡി.സിങ്ങും. എല്ലാവരുടെയും മനസ്സില്‍ കോച്ച് ഓതിക്കൊടുത്ത ഒരൊറ്റ മന്ത്രം മാത്രം. ഗ്രൗണ്ടിന് വേഗത കുറവായിരിക്കും. കാത്തിരിക്കരുത്, പന്തിനെ പിന്തുടര്‍ന്ന് പിടിക്കുക. പിന്നീടുള്ള എഴുപത് മിനിറ്റ്, ഫുട്‌ബോളിന്റെ കത്തീഡ്രലെന്ന് പില്‍ക്കാലത്ത് പെലെ വിശേഷിപ്പിച്ച, ബോബി മൂറിന്റെ ഇംഗ്ലണ്ട് ഒരിക്കല്‍ മാത്രം ലോകകപ്പ് ഫുട്‌ബോളില്‍ മുത്തമിട്ട, വെംബ്ലി സാക്ഷ്യംവഹിച്ചത് വാക്കിലൊതുങ്ങാത്ത വിസ്മയചരിത്രത്തിന്. കൊടുങ്കാറ്റായി, മിന്നല്‍പ്പിണരായി മധ്യനിര അടക്കിവാണ ഇന്ത്യ മൂന്നാം മിനിറ്റില്‍ തന്നെ മുന്നില്‍. അഞ്ചു വാര അകലെ നിന്ന് ബല്‍ബീര്‍ തൊടുത്തൊരു ഷോട്ട് അക്ഷരാര്‍ഥത്തില്‍ ആതിഥേയരുടെ ഇടനെഞ്ച് തകര്‍ത്തു. രസംകൊല്ലിയായി ഇടയ്ക്കുവന്ന ചാറ്റല്‍മഴ വരാനിരിക്കുന്ന ഗോള്‍ പെരുമഴയുടെ നാന്ദി മാത്രമായി. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ബാക്കി രണ്ടെണ്ണം കൂടി. അതിലുമൊരെണ്ണം ബല്‍ബീറിന്റെ സ്റ്റിക്കില്‍ നിന്ന്. ഇടയ്ക്ക് പെയ്ത മഴയൊന്നും ഇന്ത്യയുടെ തീ കെടുത്തിയില്ല. തെന്നുന്ന ഗ്രൗണ്ടില്‍ ഷൂസ് അഴിച്ചുവച്ചുപോലും അവര്‍ കളി തുടര്‍ന്നു. കാണികള്‍ അത് കണ്ട് അന്തംവിട്ടു. വിരുന്നാസ്വദിച്ച് ലുബ്ധില്ലാതെ കൈയടിച്ചുപോയി, മനസ്സില്ലാമനസ്സോടെയെങ്കിലും പഴയ അംഗരാജ്യം വിട്ടുകൊടുക്കേണ്ടിവന്ന ബ്രിട്ടീഷുകാര്‍ പോലും. ചരിത്രത്തില്‍ അന്നാദ്യമായൊരു ഒളിമ്പിക് വേദിയില്‍ ജനഗണമന അലയടിച്ചു. എഴ് പതിറ്റാണ്ടിനുശേഷം ഈ കഥ പുതിയ തലമുറ കണ്ടു, ചായമടിച്ചുമിനുക്കിയ പുതിയ രൂപത്തില്‍. അക്ഷയ് കുമാറിന്റെ ഗോള്‍ എന്ന ചിത്രത്തില്‍. അത്രയും ആശ്വാസം.
ബ്രിട്ടന്‍ അന്നേവരെ സാക്ഷ്യം വഹിക്കാത്ത ഉജ്വലമായ ഹോക്കിയാണ് ഇന്ത്യ വെംബ്ലിയില്‍ പുറത്തെടുത്തതെന്നാണ് റോയിട്ടേഴ്‌സ് ലേഖകന്‍ അലക്‌സ് വാലന്റൈന്‍ പിറ്റേദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഡേവിഡ് ബ്രോഡിക്ക് പകരം മറ്റാരെങ്കിലുമായിരുന്നു ഗോളിയെങ്കില്‍ ഇന്ത്യ ഇരട്ടി ഗോളിന് ജയിക്കുമായിരുന്നുവെന്നും ബല്‍ബീറിന്റെ സ്‌കില്ലിനെ വാനോളം പുകഴ്ത്തിയ വാലന്റൈന്‍ അന്ന് കുറിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിന് വിയര്‍പ്പിന്റെ വില മാത്രമല്ല, കണ്ണീരിന്റെയും ചോരയുടെയും നനവുകൂടിയുണ്ടായിരുന്നു. വിഭജനം വഴിമരുന്നിട്ട ലഹളയുടെ തീയാളുമ്പോള്‍ ലാഹോര്‍ സ്‌റ്റേഷനില്‍ ചങ്കുപറിക്കുന്ന വേദനയോടെ പരസ്പരം രണ്ടുവഴിക്കു പിരിഞ്ഞതിന്റെ അനുഭവം ഗദ്ഗദത്തോടെ പലവുരു പറഞ്ഞിട്ടുണ്ട് ബല്‍ബീര്‍ തന്നെ. ഇന്ത്യയുടെ തിളങ്ങുന്ന താരങ്ങളായിരുന്ന മുഹമ്മദ് അസമിനെയും ഫീര്‍ മഖ്ബൂലിനെയും മെഹ്മൂദിനെയും അലി ഇഖ്തിദാറിനെയുമെല്ലാം വിഭജനം വേദനയോടെ പകുത്തെടുത്ത് പാകിസ്താനികളാക്കി മാറ്റിക്കഴിഞ്ഞിരുന്നു അന്ന്. ഐ.എന്‍.എ. ഭടനായതിന്റെ പേരില്‍ വിചാരണ നേരിട്ട അലി ഇഖ്ദാര്‍ നയിച്ച, ഒരു വയസ്സു തികയാത്ത പാകിസ്താനെ മറികടന്നാണ് ബ്രിട്ടന്‍ കലാശപ്പോരിന് ഇന്ത്യയ്ക്ക് മുന്നിലെത്തിയത്. അന്ന് സെമിയില്‍ പാകിസ്താന്‍ രണ്ട് ഗോളിന് അടിവറവുപറഞ്ഞിരുന്നില്ലെങ്കില്‍ കായികലോകം ഇന്നുവരെ കാണാത്തൊരു വൈകാരിക നിമിഷത്തിനും വെംബ്ലി അരങ്ങാവുമായിരുന്നു.

അതുകൊണ്ട് തന്നെ അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു ബല്‍ബീറിന് ലണ്ടനില്‍ നിന്നുള്ള ക്ഷണം. എന്നും ധ്യാന്‍ചന്ദ് എന്ന ഇതിഹാസത്തിന് ഒരു പടിതാഴെ മാത്രം നിര്‍ത്തിയ കാലത്തിന്റെ അപൂര്‍വമായൊരു ദയാവായ്പ്. ബ്ലേസര്‍ വിട്ടുകൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പക്ഷേ, അന്നാ ബ്ലേസറുകള്‍ ബല്‍ബീറിന്റെ കൈവശം ഉണ്ടായിരുന്നില്ല. മൂന്ന് ഒളിമ്പിക് മെഡലുകള്‍ ഒഴികേ മറ്റെല്ലാം ബല്‍ബീര്‍ 1985ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിക്കഴിഞ്ഞിരുന്നു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒളിമ്പിക് മ്യൂസിയമുണ്ടാക്കണമെന്ന ആവശ്യത്തിന് വഴങ്ങി നിറഞ്ഞ മനസ്സോടെ കൈയയച്ച് ദാനം ചെയ്യുകയായിരുന്നു ബല്‍ബീര്‍. പുതിയ തലമുറ ഇതൊക്കെ കണ്ടുവളരട്ടെ എന്ന് മനസ്സില്‍ തൊട്ടാശംസിക്കുകയും ചെയ്തു ബ്ലേസറിനു പുറമെ 34 മെഡലുകളും നൂറിലേറെ അപൂര്‍വ ഫോട്ടോകളുംകൂടി നല്‍കുമ്പോള്‍.
അങ്ങനെ രണ്ട് ഒളിമ്പിക് മെഡലുകളുടെ സ്വര്‍ണസ്പര്‍ശമേറ്റ ആ നീല കോട്ടെങ്കിലും കുറച്ചുദിവസത്തേയ്ക്കു തിരിച്ചുകിട്ടാനായി എണ്‍പത്തിയെട്ടാം വയസ്സില്‍ സായിയെ സമീപിച്ചു. പക്ഷേ, മുഖത്തടിച്ചപോലെയായിരുന്നു ഡെല്‍ഹിയില്‍ നിന്നുള്ള മറുപടി. തിരിച്ചുതരാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഒന്നും തന്നില്ലല്ലോ എന്ന ധിക്കാരം കേട്ട് ഞെട്ടിത്തരിച്ചിരുന്നുപോയി അതേ കോട്ടിട്ട് ഒരു ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിക്കുകയും മറ്റൊന്നില്‍ ഇന്ത്യയ്ക്കുവേണ്ടി പതാകയേന്തുകയും ചെയ്ത ബല്‍ബീര്‍. എന്റെ ഒരു ഭാഗം മരിച്ചുപോയതുപോലെ തോന്നി അന്നത് കേട്ടപ്പോള്‍-പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ ബല്‍ബീര്‍ സിങ് പറഞ്ഞു. അപ്പോള്‍ ചങ്കില്‍ നിന്നു പറിച്ചെടുത്ത് നല്‍കി ആ കോട്ടിനും മെഡലുകള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം എന്തു സംഭവിച്ചു. അതൊന്നും സായിയില്‍ നിന്ന് എന്നോ ഒരു പാഴ്‌വസ്തുപോലെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. അതൊക്കെ ആരെങ്കിലും ദാനം ചെയ്തതിന്റെ രേഖയില്ലെന്ന് പറയാനും തെല്ലുമുണ്ടായില്ല മനസ്താപം സായിയിലെ ശമ്പളക്കാര്‍ക്ക്. മറ്റ് പതിനഞ്ച് ഒളിമ്പ്യന്മാരും ലോകത്തിന് മുന്നില്‍ ആദരിക്കപ്പെടുമ്പോള്‍ സായിയുടെ ഉദ്യോഗസ്ഥ ഹൃദയശൂന്യതയ്ക്ക് മുന്നില്‍ അപേക്ഷാകടലാസും കക്ഷത്തുവച്ച് പഞ്ചപുച്ചമടക്കിയിരിക്കാനായിപ്പോയി അതിലൊരാളായ ബല്‍ബീറിന്റെ വിധി. അങ്ങനെ ഒളിമ്പിക് അസോസിയേഷന്റെ പട്ടികയിലെ ഒരേയൊരു ഇന്ത്യക്കാരയായിരുന്ന ബല്‍ബീറിന്റെ മാത്രം സ്മരണികകള്‍ ഒന്നും തന്നെ പ്രദര്‍ശിപ്പിക്കാതെ ലണ്ടന്‍ ഒളിമ്പിക്‌സ് ആഘോഷിച്ച് അരങ്ങൊഴിഞ്ഞു. അക്ഷന്തവ്യമായ അപരാധം കാട്ടിയിട്ടും സായിയിലെ ഉദ്യോഗസ്ഥര്‍ പിന്നെയും കോട്ടമൊന്നും തട്ടാതെ ഇന്ത്യയിലെ സ്‌പോര്‍ട്‌സിനെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബല്‍ബീറിന്റെ നെഞ്ചുനീറിയതിനാലാവണം കളിച്ച അഞ്ചു കളികളില്‍ അഞ്ചും തോറ്റ് ഏറ്റവും അവസാനക്കാരായാണ് ഇന്ത്യ അന്ന് ലണ്ടനില്‍ നിന്ന് തിരിച്ചുപറന്നത്. പന്ത്രണ്ട് ടീമുകളില്‍ പന്ത്രണ്ടാമത്. ഒളിമ്പിക് ഫൈനല്‍ റൗണ്ടിലെ നാളിതുവരെയുള്ള ഏറ്റവും ദയനീയമായ പ്രകടനം. അങ്ങനെയുമുണ്ട് കാലത്തിന്റെ ചില കണക്കുതീര്‍ക്കലുകള്‍.
പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞ് ബല്‍ബീറിന്റെ ബന്ധുക്കള്‍ വീണ്ടും സായിയെ സമീപിച്ചു. ഇക്കുറി ഹോക്കി ഇന്ത്യയായിരുന്നു കോട്ടിനും മെഡലിനും ആവശ്യക്കാര്‍. അത് മറ്റൊരു കാഴ്ചബംഗ്ലാവിന്. അന്നും, തിരഞ്ഞുകൊണ്ടിരിക്കുന്നുവെന്ന ഹൃദയശൂന്യമായ ബ്യൂറോക്രാറ്റിക് മറുപടി മാത്രമായിരുന്നു സായിക്കുണ്ടായിരുന്നത്. ഈ ക്രൂരതയ്ക്കുനേരെ പക്ഷേ, ഒരിക്കല്‍ക്കൂടി കണ്ണടയ്ക്കാന്‍ ഒരുക്കമായിരുന്നില്ല ബല്‍ബീറിന്റെ കുടുംബം. അവര്‍ ഔദ്യോഗികമായി തന്നെ വിവരം തേടി. അങ്ങനെ വസ്തുക്കള്‍ കൈപ്പറ്റിയിരുന്നുവെന്ന് രേഖാമൂലം സമ്മതിക്കാതെ തരമില്ലെന്നായി സായിക്ക്. പക്ഷേ, ആരു വാങ്ങിയെന്നോ എവിടെ സൂക്ഷിച്ചുവെന്നോ എങ്ങനെ കൈമോശം വന്നുവെന്നോ മാത്രം പറയാനായില്ല. പതിവുപോലെ പഴി മാറിമാറി ചാരി കാലം കഴിച്ചു. ഡെല്‍ഹിക്കും പട്യാലയ്ക്കും ഇടയില്‍ നടന്നു മടുത്ത ബല്‍ബീറും കുടുംബവും കാനഡയിലേയ്ക്ക് തന്നെ മടങ്ങി. നോട്ടപ്പിശക് കൊണ്ട് കൈമോശം വന്നത് ഇന്ത്യന്‍ കായികരംഗത്തിന്റെ ഏറ്റവും വിലപ്പെട്ട ഏടുകളില്‍ ഒന്നാണെന്നോ, ഫുട്‌ബോളില്‍ പെലെയ്ക്കും അത്‌ലറ്റിക്‌സില്‍ ജെസ്സി ഓവന്‍സിനുമെല്ലാമൊപ്പം നിര്‍ത്തേണ്ട ഒരു ഇതിഹാസത്തിന്റെ വിയര്‍പ്പിന്റെ വിലയാണെന്നോ ഉളളള തിരിച്ചറിവോ കുറ്റബോധമോ തെല്ലുമുണ്ടായതുമില്ല ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ നടത്തിപ്പുകാര്‍ക്ക്. 'ഭാഗ്യം... എന്റെ ഒളിമ്പിക് മെഡലുകള്‍ ഞാന്‍ കൈമാറാതിരുന്നത്' എന്നു മാത്രമായിരുന്നു വേദനയോടെയുള്ള ബല്‍ബീറിന്റെ പ്രതികരണം.
പഴിയും പരിഭവവും പറഞ്ഞുശീലമില്ലെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ധ്യാന്‍ചന്ദ് പുരസ്‌കാരവും മുപ്പതു ലക്ഷത്തിന്റെ ചെക്കുമായി വീട്ടില്‍ വന്ന അന്നത്തെ കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോവാളിന് മുന്നില്‍ ഈ ആവലാതികളെല്ലാം നിരത്തിയിരുന്നു ബല്‍ബീറും കുടുംബവും. കേട്ടറിവില്ലാത്ത കാര്യം അന്വേഷിക്കാമെന്ന് വാക്ക് കൊടുത്ത് മടങ്ങുമ്പോള്‍ ബല്‍ബീറിന്റെ കാല്‍തൊട്ട് വന്ദിച്ച് ക്ഷമചോദിക്കാനെങ്കിലും മറന്നില്ല മന്ത്രി. ബല്‍ബീറിന്റെ കണ്‍മുന്നിലൂടെ കാലം പിന്നെയും മുന്നോട്ടുപോയി. ലണ്ടനുശേഷം റിയോഡി ജനീറോയിലും ഒളിമ്പിക്‌സ് വന്നുപോയി. ഇന്ത്യ പതിവുപോലെ അക്കുറിയും തോറ്റുമടങ്ങി. സോണോവാള്‍ കേന്ദ്രമന്ത്രിപദമൊഴിഞ്ഞ് അസം മുഖ്യമന്ത്രിയായി. ബല്‍ബീറിന്റെ ആവലാതികള്‍ക്ക് മാത്രം പരിഹാരമൊന്നുമായില്ല. ആരും അതൊന്നും പിന്നെ അന്വേഷിച്ചുചെന്നുമില്ല. എത്ര വലിയ ഒളിമ്പ്യനായാലും അത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടൂ ഒരു ഹോക്കി താരം എന്ന് പറയാതെ പറഞ്ഞു ബല്‍ബീറിനോട് കാലം. സച്ചിനോ ധോനിക്കോ ആയിരുന്നു ഈ ഗതിയെങ്കിലെന്ന ചോദ്യം പോലും കാലഹരണപ്പെട്ടു കഴിഞ്ഞുവെന്ന് പണ്ടേ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട് ഈ ഒളിമ്പ്യന്‍. അതുകൊണ്ടാവണമല്ലോ നാല് ലോകകിരീടങ്ങള്‍ സ്വന്തമാക്കിയതിന്റെ മേനിയൊന്നും പറയാതെ ബല്‍ബീര്‍ ട്വി20 ഫൈനലിന് ഒരുങ്ങുന്ന മഹേന്ദ്ര സിങ് ധോനിയെയും ടീമിനെും കാണാന്‍ വടിയും കുത്തി പണ്ട് പോയത്. സെലിബ്രിറ്റിതാരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷേ, മുന്നില്‍ നില്‍ക്കുന്ന വയോധികനെ ഊരും പേരും പറഞ്ഞ് പരിചയപ്പെടുത്തേണ്ടിവന്നിട്ടുണ്ടാകാമെന്ന് പറയാതെ തന്നെ വ്യക്തം.
കാനഡയിലെ ബേണബിയിലെപ്പോലെ തന്നെ ജന്മനാടായ ചണ്ഡീഗഢിലും തീര്‍ത്തും അപരിചിതനെപ്പോലെയായിരുന്നു ബല്‍ബീറെന്ന് കുറിച്ചിട്ടുണ്ട് എ ഫൊര്‍ഗോട്ടന്‍ ലെജന്‍ഡ് എന്ന ജീവചരിത്രത്തിന്റെ രചയിതാവ് കനാഡക്കാരന്‍ പാട്രിക് ബ്ലെന്നര്‍ഹസ്സെറ്റ്. കാനഡയില്‍ നിന്ന് ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ നരച്ച താടിയും ചുവന്ന ടര്‍ബനുമായി മുടങ്ങാതെ സായാഹ്ന, പ്രഭാതസവാരി നടത്തുന്ന ബല്‍ബീറിനെ ഒരാള്‍ പോലും തിരിച്ചറിയുകയോ ഒരു ഓട്ടോഗ്രാഫിനോ ഫോട്ടോയ്‌ക്കോ വേണ്ടി പിടിച്ചുനിര്‍ത്തുകയോ ചെയ്യാത്തത് അവിശ്വസനീയമാണെന്നാണ് കാനഡയിലും ഇന്ത്യയിലുമായി വര്‍ഷങ്ങളോളം ബല്‍ബീറിനെ പിന്തുടര്‍ന്ന ബ്ലെന്നര്‍ഹാസ്സെറ്റ് എഴുതിയത്. ലോകത്ത് മറ്റൊരു കായിക ഇതിഹാസത്തിനും ഈയൊരു ഗതിയുണ്ടായിക്കാണില്ല. ജന്മനാട്ടിലെത്തുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയെയും ഐസ്‌ഹോക്കി ഐക്കണ്‍ വെയ്ന്‍ ഗ്രെസറ്റ്‌സ്‌കിയെയുമൊക്കെ ജനകൂട്ടം വന്നു പൊതിയുമ്പോള്‍ എന്തേ ബല്‍ബീറിനെ ഒരാള്‍ പോലും തിരിച്ചറിയാതെ പോകുന്നുവെന്ന ബ്ലെന്നര്‍ഹസ്സെറ്റിന്റെ ചോദ്യത്തിന് ആയിരം കാതം മുഴക്കമുണ്ട്. ഒരു ബല്‍ബീറിലൊതുങ്ങാത്ത നമ്മുടെ നിന്ദയുടെ ആഴമറിയണമെങ്കില്‍ സാവോപോളോയിലോ കാനഡയിലെ ബ്രാന്റ്‌ഫോര്‍ഡിലോ ഒക്കെ ചെന്ന് അതിന് കാതോര്‍ക്കണം.

ഒന്നുമില്ലെങ്കില്‍ മൊഹാലി ഫോര്‍ട്ടിസ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ രണ്ടുതവണ മരണം വന്നു മല്ലിട്ട് തോറ്റുമടങ്ങിയ ആ ഹൃദയത്തിലൊന്ന് ചെവിചേര്‍ക്കുകയെങ്കിലും ചെയ്താൽ മതിയായിരുന്നു. താളംതെറ്റി ഇടറിവന്നിരുന്ന ആ നിശ്വാസങ്ങള്‍ ചിലപ്പോള്‍ അന്ന് ചോദിക്കുമായിരുന്നിരിക്കണം... ബ്രസീല്‍ പെലെയോട് ചെയ്യാത്തത്, അമേരിക്ക ജെസ്സി ഓവന്‍സിനോട് ചെയ്യാത്തത്, ഇന്ത്യ സച്ചിന്‍ തെണ്ടുല്‍ക്കറോട് ചെയ്യാത്തത്... എന്തു കൊണ്ട് എന്നോട് മാത്രം. ചുനി ഗോസ്വാമിയും മേവാലാലും ലെസ്‌ലി ക്ലോഡിയസും കെ.ഡി.ജാദവുമെല്ലാം അവസാനകാലങ്ങളില്‍ ചോദിച്ചിരിക്കാവുന്ന ഈ ചോദ്യത്തില്‍ നമുക്ക് വായിച്ചെടുക്കാന്‍ ഒരുപാടുണ്ടായിരുന്നു. തിരുത്താനും. തിരുത്തുകൾക്കൊന്നും ഇനിയും കാത്തിരിക്കാൻ ബൽബീറിന് കഴിയുമായിരുന്നില്ല. അവസാന വിസിലിന് മുൻപ് അത്രയേറെ എക്സ്ട്രാ ടൈം കാലം നമുക്ക് തന്നു. നമ്മൾ ഒന്നും തിരുത്തിയില്ല. നഷ്ടപ്പെടുത്തിയ മെഡലുകളോ ആ നീല ഒളിമ്പക് കോട്ടോ ഒന്നും നമ്മൾ തിരിച്ചുകൊടുത്തില്ല. ഒരു ക്ഷമാപണം പോലും നടത്തിയില്ല. വിധി അവസാന വിസിലൂതുമ്പോൾ സായിയുടെ ഏതോ മാറാലമൂടിയ മൂലയിൽ പൊടിപിടിച്ചു കിടപ്പാവും രണ്ട ഒളിമ്പിക്സിൽ സിങ് അഭിമാനപൂർവം അണിഞ്ഞ, രണ്ട് ഒളിമ്പിക് സ്വർണം അലങ്കാരം ചാർത്തിയ ആ നീല കോട്ട്. ഇനി മരണാനന്തരം നമുക്ക് ഒരുപക്ഷേ, വെളിപാടുകളുണ്ടായേക്കാം. എന്നാൽ, ഒന്നറിയുക, അവസാന വിസിലിനുശേഷം നേടുന്ന ഗോള്‍ പോലെ നിഷ്ഫലമാണത്, പലപ്പോഴും പരിഹാസ്യവും. അതെങ്കിലും ചെയ്യാതിരിക്കാം നമുക്ക്.
Content Highlights: Hockey Player Balbir Singh Snr Former Olympian London Olympics SAI