അപ്പോള്‍ നാല്‍പത്തിയൊന്ന് കൊല്ലക്കാലം ഇന്ത്യന്‍ ഹോക്കിയെ കൊന്നതാരാണ്?


By ബി.കെ.രാജേഷ്

8 min read
Read later
Print
Share

ടോക്യോയില്‍ നിന്ന് മുന്നോട്ടുപോവണമെങ്കില്‍ ഈ നാല്‍പത്തിയൊന്ന് വര്‍ഷത്തെ വീഴ്ചയുടെ കഥ കൂടി നമ്മള്‍ ഓര്‍ത്തുകൊണ്ടിരിക്കണം.

Photo Courtesy: twitter

ഹോക്കിതാരങ്ങളെ ആദ്യമായി നെഞ്ചില്‍ കൈവച്ച് നമിച്ചുപോയത് ടോക്യോയില്‍ ശ്രീജേഷിന്റെ ത്രസിപ്പിക്കുന്ന സേവുകള്‍ കണ്ടല്ല. ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക് വെങ്കലമണിഞ്ഞ് നിരയായി നില്‍ക്കുന്ന, ഈ ജന്മം കാണാനാവുമെന്ന് കരുതാത്ത കാഴ്ച കണ്‍കുളിര്‍ക്കെ കണ്ടുമല്ല. ഇത്തിരി അതിശയോക്തി കലര്‍ത്തിപ്പറഞ്ഞാല്‍ അത് പണ്ടൊരു പ്രീഡിഗ്രിക്കാലത്താണ്. ദേവഗിരി കോളേജിലെ ചരലുനിറഞ്ഞ മൈതാനത്ത് ആദ്യമായി ഹോക്കി സ്റ്റിക്കില്‍ അരക്കൈ നോക്കാനിറങ്ങുമ്പോള്‍ മനസില്‍ പുലര്‍ച്ചെ സൈക്കിള്‍ചവിട്ടിപ്പോയി ടിവിയില്‍ കണ്ട സോള്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പോരാട്ടങ്ങളായിരുന്നു. പാകിസ്താനോട് തോല്‍ക്കുന്നതും അര്‍ജന്റീനയെ തോല്‍പിക്കുന്നതുമൊക്കെ കണ്ട ആവേശമായിരുന്നു. കഷ്ടിച്ചൊരു അഞ്ചു മിനിറ്റ് സ്റ്റിക്ക് പിടിച്ചതേ ഓര്‍മയുള്ളൂ കന്നിക്കളിയില്‍. കാലിലും കൈയിലുമൊക്കെ പന്ത് വന്നിടിച്ച് പ്രാണവേദനയോടെ സുല്ലിട്ട് മടങ്ങുമ്പോള്‍ അറിയാതെ നമിച്ചുപോയി പന്തുമായി പറക്കുന്ന പര്‍ഗത് സിങ്ങിനെയും അശോക് കുമാറിനെയും ജൂഡ് ഫെലിക്‌സിനെയും മുഹമ്മദ് ഷഹീദിനെയുമെല്ലാം. പിന്നെ ആ വഴിക്ക് പോയതേയില്ല.
കോളേജില്‍ പിന്നെ ഏറെക്കാലം ആരും ഹോക്കി കളിക്കുന്നത് കണ്ടില്ല. സോള്‍ കഴിഞ്ഞ് ബാഴ്‌സലോണയും അറ്റ്‌ലാന്റയുമൊക്കെയെത്തിയപ്പോഴേയ്ക്കും ഇന്ത്യന്‍ ഹോക്കിയുടെയും ഗ്രാഫ് താണുതാണു മണ്ണുതൊട്ടുകഴിഞ്ഞിരുന്നു. ഒളിമ്പിക്‌സിലും ലോകകപ്പിലും എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ക്കുവേണ്ടി മത്സരിക്കുന്നവരെ സകലരും എഴുതിത്തള്ളിയ കാലം. അങ്ങനെയൊരു നരച്ചകാലത്താണ് വര്‍ഷങ്ങള്‍ക്കുശേഷം പഞ്ചാബിലെ ജലന്ധറിനടുത്തെ ഇന്ത്യയുടെ ഹോക്കി നഴ്‌സറികളായ മിത്താപുരിലേയ്ക്കും സന്‍സാര്‍പുരിലേയ്ക്കുമൊക്കെ യാത്രയായത്. പര്‍ഗത് സിങ് മുതല്‍ ടോക്യോയിലെ വെങ്കല നായകന്‍ മന്‍പ്രീത് വരെയുള്ള വലിയൊരു ഇതിഹാസശൃംഖലയ്ക്ക് ജന്മം നല്‍കിയ പഞ്ചാബി ഗ്രാമങ്ങള്‍. ഡിസംബര്‍മഞ്ഞിന്റെ പാളിനീക്കി വെയിലുദിക്കും മുന്‍പേ സജീവമാണ് ചെറുതും വലുതുമായ കളിക്കളങ്ങളത്രയും. കുത്തുന്ന തണുപ്പ് വകവയ്ക്കാതെ ചെമ്മണ്ണിലും ചരലിലും വാശിയേറിയ കളി. ചെറിയ ഉരുളുന്‍ കല്ലുകളെപോലും കാര്യമാക്കാതെ പൊടിപറത്തുന്ന ഡ്രിബിളിങ്. ഏത് ആംഗിളില്‍ നിന്നും കൃത്യതയാര്‍ന്ന ഷോട്ടുകള്‍. അന്നുമിന്നും കണ്ടത്ഭുതപ്പെട്ടു നമിച്ചുപോയ പര്‍ഗത്ത് സിങ്ങിന്റെയും സര്‍ദാര്‍സിങ്ങിന്റെയും മന്‍പ്രീതിന്റെയുമെല്ലാം അപാരമായ സ്റ്റിക്ക്‌വര്‍ക്കിന്റെ ഗുട്ടന്‍സ് മാത്രമല്ല, മറ്റൊരു വലിയ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് അന്നാ കളിക്കാര്‍ മനസിലേയ്ക്ക് അടിച്ചുകയറ്റിയത്.
dhyan chand

ടോക്യോയിലെ ഇന്ത്യന്‍ ഹോക്കിയുടെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ ആഘോഷത്തില്‍ മതിമറക്കുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വം മറന്നുപോയ ഒരു കാര്യമുണ്ട്. മറന്നുപോകാന്‍ പാടില്ലാത്ത ഒന്ന്. നാല്‍പത്തിയൊന്ന് കൊല്ലത്തിനുശേഷമാണ് ടോക്യോയില്‍ ഇന്ത്യ ഒരു ഒളിമ്പിക് ഹോക്കി മെഡല്‍ നേടുന്നത്. കൊണ്ടാടേണ്ട ചരിത്രനേട്ടം തന്നെ. സന്തോഷത്തിനൊപ്പം അതുയര്‍ത്തുന്ന കാതലായൊരു ചോദ്യംകൂടിയുണ്ട്. 1928 മുതല്‍ 56 വരെതുടര്‍ച്ചയായി ആറു സ്വര്‍ണം നേടിയവര്‍ക്ക് ആറു രാജ്യങ്ങള്‍ മാത്രം മാറ്റുരച്ച 80നുശേഷം പിന്നെയൊരു മെഡലിനുവേണ്ടി നാല്‍പത്തിയൊന്ന് കൊല്ലം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ട്. നൂലുകെട്ടിന് ചാവടിയന്തിരം ചര്‍ച്ച ചെയ്യുന്നതിലും വലിയ അനൗചിത്യമാവാം ഇത്. പക്ഷേ, ടോക്യോയുടെ ആഘോഷം അല്‍പായുസ്സാവാതിരിക്കണമെങ്കില്‍, ഇന്ത്യന്‍ ഹോക്കി ടോക്യോയക്ക് മുന്നത്തെ മൃതകാലത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി തിരിച്ചുപോകാതിരിക്കണമെങ്കില്‍ നമ്മള്‍ ഓര്‍ത്തെടുത്തേതീരു, ഈ നാല്‍പത്തിയൊന്ന് കൊല്ലം ഇന്ത്യന്‍ ഹോക്കി ചത്തതിനൊക്കുമേ ജീവിച്ച കഥ.
ഇന്ത്യന്‍ ഹോക്കിയുടെ ദുരന്തകഥയില്‍ പ്രധാനമായും രണ്ട് കല്‍പിത വില്ലന്മാരാണുള്ളത്. ഒന്ന് മോണ്‍ട്രിയല്‍, മറ്റൊന്ന് ലോര്‍ഡ്‌സ്. മോസ്‌ക്കോയില്‍ ഇന്ത്യ അവസാനമായി ഒളിമ്പിക് സ്വര്‍ണം നേടി മൂന്ന് വര്‍ഷം കഴിഞ്ഞാണ് ലോര്‍ഡ്‌സില്‍ ആ അത്ഭുതം സംഭവിക്കുന്നത്. കപിലിന്റെ 'അണ്ടര്‍ ഡോഗ്‌ ചെകുത്താന്മാർ' ക്ലൈവ് ലോയ്ഡിന്റെയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും വിന്‍ഡീസിനെ തകര്‍ത്ത് നേടിയ ക്രിക്കറ്റ് ലോകകപ്പ് ഒരു തീപ്പൊരിയായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് അതൊരു കാട്ടുതീയായി. ഇന്ത്യയില്‍ തളര്‍ന്നുതുടങ്ങിയ ഫുട്‌ബോളും ഹോക്കിയും ഒഴിച്ചിട്ട ഇടങ്ങളിലേയ്ക്ക് ക്രിക്കറ്റ് പല രൂപത്തില്‍ ഇരമ്പിയെത്തി. എണ്‍പതുകളില്‍ നഗരങ്ങളായിരുന്നെങ്കില്‍ തൊണ്ണൂറുകളില്‍ ഗ്രാമങ്ങളെയും ക്രിക്കറ്റ് വിഴുങ്ങി. ഹോക്കിയായിരുന്നു ആദ്യ ഇര. പഴയ കളിത്തൊട്ടിലുകളായ കര്‍ണാടകവും മഹാരാഷ്ട്രയും ഗോവയും ബംഗാളുമൊക്കെ ക്ഷണത്തില്‍ ക്രിക്കറ്റ് പവര്‍ഹൗസുകളായി. ശേഷിക്കുന്നവര്‍ കച്ചവടവും കൃഷിയും പോലെ വയറ്റുപ്പിഴപ്പിന് മറ്റ് നിത്യവൃത്തി തേടിപ്പോയി. ദേശീയ കായികവിനോദം ഏതാണ്ട് പഞ്ചാബില്‍ മാത്രമായി ഒതുങ്ങി. ധ്യാന്‍ചന്ദിനും അശോക്കുമാറിനുമൊക്കെ പകരം കപിലും ഗവാസ്‌ക്കറും യുവഹൃദയങ്ങളില്‍ ഇടംപിടിച്ചു. ധന്‍രാജ് പിള്ളയും പര്‍ഗത് സിങ്ങുമൊക്കെ സച്ചിന്റെയും ഗാംഗുലിയുടെയുമെല്ലാം പ്രഭാവത്തില്‍ മുങ്ങിപ്പോയി. മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടുകയും ഹെല്‍സിങ്കിയിലെ ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി റെക്കോഡിടുകയും ചെയ്ത ബല്‍ബീര്‍ സിങ് എന്നൊരു ഇതിഹാസം ഈയടുത്ത കാലംവരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നു പോലും പലരും അറിഞ്ഞതേയില്ല. കാശില്ലാതെ രോഗംവന്ന് നരകിച്ചുമരിച്ച ശങ്കര്‍ ലക്ഷ്മണിന്റെ കഥ പൊടിതട്ടിയെടുക്കാന്‍ പിആര്‍. ശ്രീജേഷിന്റെ വെങ്കലനേട്ടം വേണ്ടിവന്നു.
ഇതൊരു വാദം മാത്രമാണ്. ഹോക്കിയെ മാത്രമല്ല, ഫുട്‌ബോള്‍ മുതല്‍ തലപ്പന്തുകളിവരെയുള്ളവരുടെ കണ്ണിലെ കരടാണ് ക്യാഷ് റിച്ച് ക്രിക്കറ്റ്. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും ധൂര്‍ത്തിന്റെയും വിഷം കലര്‍ത്തി തടിച്ചുകൊഴുത്തവരും ക്രിക്കറ്റിനെ പഴിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഹോക്കിയുടെ യഥാര്‍ഥ വില്ലന്‍ തല പൊക്കിയത് മോണ്‍ട്രിയലിലാണ്. നാദിയ കോമനേച്ചിയെന്ന അത്ഭുതം പിറന്ന ഈ ഒളിമ്പിക്‌സിലാണ് ആദ്യമായി ഹോക്കിക്ക് ആസ്‌ട്രോടര്‍ഫ് എന്ന കൃത്രിമ സിന്തറ്റിക് പ്രതലം ഉപയോഗിച്ചുതുടങ്ങിയത്. ഇതിന്റെ ഏറ്റവും വലിയ ബലിയാടായത് പുല്ലിലും മണ്ണിലും കളിച്ചുശീലിച്ച, സ്റ്റിക്ക്‌വര്‍ക്കിനെ ആശ്രയിച്ചു കളിച്ചുപോരുന്ന ഇന്ത്യയെ തന്നെ. 1975ല്‍ ഇന്ത്യ കിരീടം ചൂടിയ മലേഷ്യ ലോകകപ്പ് കഴിഞ്ഞ ഉടനെയാണ് ലോക ഹോക്കി ഫെഡറേഷന്‍ ആസ്‌ട്രോടര്‍ഫിലേയ്ക്ക് മാറുന്നത്. മലേഷ്യയ്ക്കുശേഷം ഇന്ത്യ ലോകകപ്പ് നേടിയതേയില്ല. എണ്‍പതിലെ മോസ്‌ക്കോ ഒഴിച്ചുനിര്‍ത്തിയാല്‍ ഒളിമ്പിക്‌സിലും പിന്നോട്ടടിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ ഗൂഢാലോചനയെന്ന് പരക്കേ ആക്ഷേപിക്കപ്പെട്ട ഈ പരിഷ്‌കാരത്തല്‍ ഇന്ത്യയ്ക്കു മാത്രമല്ല, പാകിസ്താനും കാലിടറി. രണ്ട് ഹോക്കി സൂപ്പര്‍ പവറുകളായിട്ടും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ തീരുമാനത്തെ ചോദ്യംചെയ്യാനോ മാറ്റിക്കാനോ ഇരുവര്‍ക്കും കഴിഞ്ഞില്ല. സ്വന്തം കരുത്തിനാണ് കത്തിവെച്ചതെന്ന് അറിഞ്ഞിട്ടും ഈ തീരുമാനത്തിനെതിരേ ചെറുവിരലനക്കിയില്ല പില്‍ക്കാലത്ത് ഹോക്കി ഇന്ത്യയായി തല്ലിപ്പിരിഞ്ഞ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍. പുല്ലിലും കളിമണ്ണിലും ഹാര്‍ഡ്‌കോര്‍ട്ടിലുമായി ഗ്രാഡ്സ്ലാം മാറിമാറി കളിക്കുന്ന ടെന്നിസിന്റെ പാത പിന്തുടര്‍ന്ന് ഒരു പരീക്ഷണം നടത്താനുള്ള നിര്‍ദേശംവയ്ക്കാന്‍ പോലും അന്നവര്‍ക്ക് കഴിഞ്ഞില്ല.
അന്താരാഷ്ട്ര ഫെഡറേഷനില്‍ സ്വാധീനം ചെലുത്തുന്നത്‌പോവട്ടെ, ഈ തീരുമാനത്തിനൊത്ത് സ്വയം മാറാനും ഇന്ത്യ തയ്യാറായില്ല. ക്രിക്കറ്റിനെ ഹോക്കിയുടെ അന്തകനായി പ്രതിഷ്ഠിക്കുന്നവര്‍ ജന്റില്‍മാന്‍ ഗെയിമിന്റെ തൂവെള്ളക്കുപ്പായത്തില്‍ നിന്ന് ക്രിക്കറ്റ് കെറി പാര്‍ക്കറുടെ വര്‍ണക്കുപ്പായത്തിലേയ്ക്കും പണക്കൊഴുപ്പിലേയ്ക്കും കൂടുമാറിയത് കണ്ടഭാവം നടിച്ചില്ല. കളിച്ചുതുടങ്ങി നൂറ്റാണ്ട് പിന്നിടേണ്ടിവന്നു ഇവര്‍ക്ക് ഒരു പ്രൊഫഷണല്‍ ലീഗിന് അരസമ്മതം മൂളാന്‍ തന്നെ. എഴുപതുകളിലെ ടര്‍ഫ്, നിയമപരിഷ്‌കാരങ്ങളുടെ കഥയ്ക്ക് തൊങ്ങലു ചാര്‍ത്തുന്നതില്‍ എന്തര്‍ഥം. അര്‍ജന്റീനയും ഹോളണ്ടും ഓസ്‌ട്രേലിയയുമെല്ലാം ആസ്‌ട്രോ ടര്‍ഫില്‍ കളിച്ചുവളര്‍ന്ന് പുത്തന്‍ശക്തികളായപ്പോള്‍ ഇന്ത്യ അപ്പോഴും ചേറിലും പുല്ലിലും തന്നെ കളിച്ചുകൊണ്ടിരുന്നു. പഴയ സ്റ്റിക്ക് തന്നെ ഉപയോഗിച്ചുകൊണ്ടിരുന്നു. ഏതാണ്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് 1980ലാണ് ഇന്ത്യയില്‍ ആദ്യമായി ആസ്‌ട്രോ ടര്‍ഫ് വരുന്നത്. അപ്പൊഴേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ കാതങ്ങള്‍ മുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു. നൂറ് മീറ്റര്‍ ഓട്ടത്തില്‍ പത്ത് മീറ്റര്‍ പിറകില്‍ നിന്ന് ഓടിത്തുടങ്ങുന്നതായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും അവസ്ഥയെന്ന് പണ്ടൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു ഒളിമ്പ്യന്‍ ബല്‍ബീര്‍ സിങ്. പുത്തന്‍കൂറ്റുകാര്‍ വേഗവും ഫിറ്റ്‌നസും ചേര്‍ന്ന പുതിയ ശൈലി അവലംബിച്ചപ്പോള്‍ മികച്ച സ്റ്റിക്ക്‌വര്‍ക്കുണ്ടായിട്ടും നിസ്സഹായരായി ഇന്ത്യക്കാര്‍ ടര്‍ഫില്‍ വിയര്‍ത്തുതളര്‍ന്നു. പര്‍ഗത് സിങ്ങിനെയും സഫര്‍ ഇഖ്ബാലിനെയും മുഹമ്മദ് ഷഹീദിനെയും പോലെ വേള്‍ഡ് ക്ലാസ് താരങ്ങള്‍ പോലും പന്ത് വരുതിയില്‍ നിര്‍ത്താന്‍ പാടുപെട്ടു. നിലവിലുള്ള താരങ്ങളുടെ കാര്യം വിടാം. വളര്‍ന്നുവരുന്ന താരങ്ങളെയും നമ്മള്‍ ടര്‍ഫിനുവേണ്ടി സജ്ജരാക്കിയില്ല. പരിശീലനമുറകളും മാറിയില്ല. വേഗതയാര്‍ന്ന പാസുകള്‍ക്ക് പകരം കൂടുതല്‍ സ്റ്റാമിന ആവശ്യമായ ഡ്രിബിളിങ് തന്നെ നമ്മള്‍ വളര്‍ന്നുവരുന്നവരെയും പഠിപ്പിച്ചുകൊണ്ടിരുന്നു. ധന്‍രാജ് പിള്ളയെപ്പോലൊരു ഐക്കോണിക്ക് താരമുണ്ടായിട്ടും ടീം തുടര്‍ച്ചയായി പിന്നോട്ടടിച്ചു.
സത്യത്തില്‍ ഇന്ത്യന്‍ ശൈലിക്ക് ഏറ്റവും അനുയോജ്യമായത് ആസ്‌ട്രോ ടര്‍ഫാണെന്ന് പണ്ട് പറഞ്ഞിരുന്നു ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ബല്‍ബീര്‍ സിങ്. 'ഡ്രിബിളര്‍മാര്‍ക്ക് ഏറ്റക്കുറച്ചിലുള്ള പുല്‍മൈതാനത്തേക്കാള്‍ നന്നായി പന്ത് നിയന്ത്രിച്ച് മുന്നേറാനാവുക ഇത്തരം ടര്‍ഫുകളിലാണ്. ആസ്‌ട്രോ ടര്‍ഫാണ് ഇന്ത്യന്‍ ഹോക്കിയുടെ അന്തകനായത് എന്നതൊക്കെ വെറും ഒഴികിഴിവാണ്. അതില്‍ കാര്യമില്ല.' പക്ഷേ, ഇതിഹാസമായ ബല്‍ബീറിന്റെ വാക്കുകള്‍ക്ക് പോലും വളരെ വൈകിയാണ് നമ്മള്‍ ചെവികൊടുത്തത്. അപ്പൊഴേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യത്തെ ടര്‍ഫ് വിരിക്കുമ്പോഴേയ്ക്കും ഓസ്‌ട്രേലിയയിലും ഹോളണ്ടിലും ജര്‍മനിയിലുമെല്ലാം നൂറുകണക്കിന് ടര്‍ഫുകള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞിരുന്നു.
പ്രാദേശിക, ദേശീയ ടൂര്‍ണമെന്റുകള്‍ പുല്ലില്‍ കളിച്ച വിദേശ ടൂര്‍ണമെന്റുകള്‍ ആസ്‌ട്രോ ടര്‍ഫില്‍ കളിക്കേണ്ടിവരുന്ന വിചിത്രമായ അവസ്ഥയായിരുന്നു ഇന്ത്യന്‍ കളിക്കാര്‍ക്ക്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കാര്യമായി ഒന്നുംതന്നെ ചെയ്തില്ല ഹോക്കി ഫേഡറേഷന്‍. ഒളിമ്പികസിലും ലോകകപ്പിലുമെല്ലാം ഇന്ത്യയുടെ ദയനീയ പ്രകടനം തുടര്‍ക്കഥയാകുമ്പോഴും മെല്ലപ്പോക്കിലായിരുന്നു ഫെഡറേഷന്‍. അതിന്റെ ഫലമായി ഒരു ഇരുപത് വയസ് കഴിഞ്ഞ് മാത്രമാണ് ഇന്ത്യയില്‍ ഒരു ശരാശരി കളിക്കാരന് ടര്‍ഫില്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നത്. അപ്പൊഴേയ്ക്കും അവനിലെ ടെക്‌നിക്ക് ഏതാണ്ട് ഉറച്ചുകഴിഞ്ഞിരിക്കും. പെട്ടന്നുള്ള പ്രതലത്തിലെ മാറ്റത്തിനനുസരിച്ച് കളി മാറ്റാന്‍ അവര്‍ പാടുപെട്ടു. പാസിങ്ങിന്റെയും പൊസിഷനിങ്ങിന്റെയും പുത്തന്‍തന്ത്രം അവര്‍ക്കാരും പഠിപ്പിച്ചുകൊടുത്തതുമില്ല. പുതിയ ടര്‍ഫില്‍ പഴയ തന്ത്രവുമായി അവര്‍ തപ്പിത്തടഞ്ഞു. തോല്‍വികള്‍ തുടര്‍ക്കഥയായി.
hockey

സ്പാനിഷുകാരന്‍ ഹൊസെ ബ്രാസ, ഓസ്‌ട്രേലിയക്കാരായ മൈക്കല്‍ നോബ്‌സും ടെറി വാള്‍ഷും. ഡച്ചുകാരയ പോള്‍ വാന്‍ ആസും റോളന്റ് ഓള്‍ട്ട്മാന്‍സും. ഒടുവില്‍ സോര്‍ദ് മാരിനെയും ഓസ്‌ട്രേലിയക്കാരന്‍ ഗ്രഹാം റീഡും. ഒരു പതിറ്റാണ്ടുകാലം അര ഡസനിലേറെ വിദേശ പരിശീലകരുടെ രാകിമിനുക്കല്‍ വേണ്ടിവന്നു ഹോക്കി ദേശീയവിനോദമാണെന്നു വീമ്പുപറയുന്ന രാജ്യത്തിന്. ഇതില്‍ തന്നെ പലരും ഹോക്കി ഇന്ത്യയുടെ ആഭ്യന്തരകലഹത്തില്‍പ്പെട്ട് കൈ പൊള്ളി രായ്ക്കുരാമാനം പുറത്താക്കപ്പെടുകയും പെട്ടിയെടുത്ത് നാടുവിടുകയോ ചെയ്തുവെന്നത് വേറെ കാര്യം. ജോലി ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമെന്ന് പ്രാകിയാണ് ഇന്ത്യയെയും പാകിസ്താനെയും ഒരുപോലെ പരിശീലിപ്പിച്ച ഓള്‍ട്ട്മാന്‍സ് നാടുവിട്ടത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിയും നേടിക്കൊടുത്ത ടെറി വാള്‍ഷിനും പറയാനുണ്ടായിരുന്നത് വ്യത്യസ്തമായൊരു അനുഭവമായിരുന്നില്ല. ഗ്രൗണ്ടിലിറങ്ങിയ കളിക്കാരെ ശകാരിച്ച ഹോക്കി ഇന്ത്യ മേധാവി നരീന്ദര്‍ ബാത്രയെ ചോദ്യംചെയ്തതിനാണ് ഓള്‍ട്ട്മാന്‍സിന്റെ മുന്‍ഗാമി വാന്‍ ആസിനെ രായ്ക്കുരാമാനം നാടുകടത്തിയത്. കരാര്‍ കാലാവധിക്ക് മുന്‍പ് തന്നെ മടക്കടിക്കറ്റ് കൈയില്‍ കിട്ടിയവരാണ് മൈക്കല്‍ നോബ്‌സും. എന്തുതന്നെയായാലും പുരുഷന്മാര്‍ക്ക് നാല്‍പത്തിയൊന്ന് കൊല്ലത്തിനുശേഷം ഒളിമ്പിക് വെങ്കലം കിട്ടാനും പെണ്ണുങ്ങള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ആദ്യ നാലിലെത്താനും വിദേശികള്‍ തന്നെ വേണ്ടിവന്നു എന്നത് യാഥാര്‍ഥ്യമാണ്. റീഡിനെയും മാരിനെയെയും ഇനി ഹോക്കി ഇന്ത്യ എത്രകാലം വച്ചുവാഴിക്കുമെന്നതിന് യാതൊരു നിശ്ചയവുമില്ല. ഇതാണ് കാലങ്ങളായുള്ള ഇന്ത്യയുടെ വഴക്കം. ആസ്‌ട്രോ ടര്‍ഫിനെയും ക്രിക്കറ്റിനെയുമെല്ലാം പഴിക്കുന്നവര്‍ മനപ്പൂര്‍വം മൂടിവയ്ക്കുന്ന വസ്തുത.
1968ല്‍ മെക്‌സിക്കോ മുതലാണ് ഇന്ത്യന്‍ ഹോക്കിക്ക് ഒളിമ്പിക്‌സിലെ സ്വര്‍ണസ്പര്‍ശം നഷ്ടമായിത്തുടങ്ങിയത്. സത്യത്തില്‍ അന്ന് തുടങ്ങി ഹോക്കി ഫെഡറേഷന്റെ കളികളും. മെക്‌സിക്കോ ഗെയിംസിന് തൊട്ടുമുന്‍പാണ് ഫെഡറേഷന്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്നത്. പരിചയസമ്പന്നനായ നായകന്‍ ഗുര്‍ബക്‌സ് സിങ്ങിനെ മാറ്റി പ്രീത്പാല്‍ സിങ്ങിനെ ക്യാപ്റ്റനായി. സിങ് നീരസം മറച്ചുവച്ചില്ല. ടീം രണ്ടുതട്ടിലായി. ഒത്തൊരുമ നഷ്ടമായി. ഒടുവില്‍ രണ്ട് ക്യപ്റ്റന്മാര്‍ എന്ന വിചിത്രമായ പരീക്ഷണവും കൊണ്ടാണ് ഇന്ത്യ മെക്‌സിക്കോയിലേയ്ക്ക് യാത്രയായത്. ടീമിന് ആദ്യമായി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് അന്നാണ്.
മറ്റൊരു ഉപകഥ കൂടിയുണ്ട് ഇതിന്. ക്യാപ്റ്റനെ ഒറ്റരാത്രി കൊണ്ട് മാറ്റുക, രണ്ട് ക്യാപ്റ്റന്മാരെന്ന പരീക്ഷണം നടത്തുക തുടങ്ങിയ പരീക്ഷണവിനോദങ്ങള്‍ നടത്തുന്ന ഇക്കാലത്താണ് ഹോക്കി ശരിക്കും ഒരു അന്താരാഷ്ട്ര ഗെയിമായി മാറിത്തുടങ്ങിയത്. ഇക്കാലത്തു തന്നെയാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ കളി പുല്ലില്‍ നിന്ന് കത്രിമ ടര്‍ഫിലേയ്ക്ക് പറിച്ചുനടുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചതും. ഈ 'നിസാര കാര്യത്തിന്' തല പുകയ്ക്കാന്‍ ഇന്ത്യന്‍ ഹോക്കി മേധാവികള്‍ക്ക് എവിടെ സമയം. ആസ്‌ട്രോ ടര്‍ഫ് ആദ്യമായി ഉപയോഗിച്ച മോണ്‍ട്രിയല്‍ ഗെയിംസിന് ഒരു കൊല്ലം മുന്‍പാണ് അന്നത്തെ ഹോക്കി ഫെഡറേഷന്‍ അധ്യക്ഷന്‍ അശ്വനികുമാറിനെ ഗ്രൂപ്പ്‌വഴക്കിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നത്. കളി നടത്തിപ്പിന് ചുമതലപ്പെട്ടവര്‍ പ്രേംനാഥ് സാഹ്‌നിയുടെയും കോടീശ്വരന്‍ രാമസ്വാമിയുടെയും ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ തെക്കും വടക്കുമായി അണിനിരന്ന് പരസ്പരം പോരടിച്ചുകൊണ്ടിരുന്നു.
രണ്ടായിരത്തിന്റെ അവസാനകാലത്താണ് ഖാലിസ്താന്‍ തീവ്രവാദികളെ മെരുക്കിയ പാരമ്പര്യവുമായി കന്‍വര്‍ പാല്‍ സിങ് ഗില്‍ എന്ന സൂപ്പര്‍കോപ് വരുന്നത്. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിലും വലിയ ഉരുക്കുമുഷ്ടിയാണ് കെ.പി.എസ് ഗില്‍ ഹോക്കി നടത്തിപ്പില്‍ പ്രയോഗിച്ചത്. മുപ്പത്തിനാല് കൊല്ലത്തിനുശേഷം ബാങ്കോക്കില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിലെ ആറു പേരെ ഒറ്റയടിക്ക് വെട്ടിനിരത്തുകയായിരുന്നു ഗില്‍. പുറത്താക്കപ്പെട്ടവരില്‍ ക്യാപ്റ്റന്‍ ധന്‍രാജ് പിള്ളയും ഫൈനലിലെ ഹീറോ ആശിഷ് ബല്ലാളും ഉള്‍പ്പെടും. ഗില്ലിനെ ചോദ്യംചെയ്യാന്‍ പോലുമുണ്ടായില്ല അന്നാരും. പിന്നീട് ഗില്ലിനെതിരായ ആഭ്യന്തരകലഹമായി. പിന്നീട് അധ്യക്ഷനായ നരീന്ദര്‍ ബാത്രയായിരുന്നു എതിര്‍ചേരിയുടെ അമരത്ത്. ഇക്കാലത്താണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടാതെ പോയി ബെയ്ജിങ്ങില്‍ നാണക്കേടിന്റെ പുതിയ ചരിത്രമെഴുയിയത്. ഇക്കാലത്തു തന്നെയാണ് ഒരു കളിക്കാരനില്‍ നിന്ന് സെക്രട്ടറി ജനറല്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഒടുവില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ സസ്‌പെന്‍ഷനിലും ഹോക്കി ഇന്ത്യയുടെ പിറവിയും വരെയെത്തി കാര്യങ്ങള്‍.
ഇന്ത്യന്‍ ഹോക്കിയിലെ ഇപ്പോഴത്തെ മാറ്റങ്ങള്‍ തുടങ്ങുന്നത് സത്യത്തില്‍ ഗ്രൗണ്ടിലല്ല. ഇന്ത്യ ഹോക്കി വന്‍ശക്തിയല്ലാതായിട്ട് ദശാബ്ദങ്ങളായി. ഇന്ത്യയില്‍ ഹോക്കി വളര്‍ത്താന്‍ അന്താരാഷ്ട്ര ഫെഡറേഷന്‍ സംഭവാന നല്‍കുകയും ഉപദേശകരായി വിദേശികള്‍ വരുന്നതുവരെയെത്തി കാര്യങ്ങള്‍. വന്‍ശക്തികള്‍ അവരുടെ ഇച്ഛയ്‌ക്കൊത്ത് നിയമങ്ങള്‍ മാറ്റിമറിച്ചുകൊണ്ടിരുന്ന ഇക്കാലത്താണ് നരീന്ദര്‍ ബാത്ര അന്താരാഷ്ട്ര ഫെഡറേഷന്റെ അധ്യക്ഷനാവുന്നത്. അതൊരു വലിയ മാറ്റമായിരുന്നു. ഇംഗ്ലീഷുകാരില്‍ നിന്ന് ജഗ്‌മോഹന്‍ ഡാല്‍മിയയും ശരത് പവാറുമെല്ലാം ഐ.സി.സിയുടെ തലപ്പത്തെത്തിയതുപോലുള്ളൊരു വലിയൊരു വിപ്ലവം. ഇനി ഓസ്‌ട്രേലിയക്കും നെതര്‍ലന്‍ഡ്‌സിനും ജര്‍മനിക്കും തോന്നുംപടി നിയമം മാറ്റിമറിക്കുക എളുപ്പമല്ല.
മാറ്റങ്ങള്‍ പിന്നെയുമുണ്ടായി പലതും. ഓസ്‌ട്രോടര്‍ഫിന് പഞ്ഞമില്ലാതായി. ഒളിമ്പ്യന്മാരുടെ ഈറ്റില്ലമായ ജലന്ധറില്‍ മാത്രമുണ്ട് എട്ട് ആസ്‌ട്രോ ടര്‍ഫ് ഗ്രൗണ്ടുകള്‍. മുന്‍ നായകന്‍ പര്‍ഗത് സിങ്ങായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. മറ്റൊരു മാറ്റത്തിന് സാക്ഷ്യംവഹിച്ചത് ഒഡിഷയിലാണ്. രാഷ്ട്രീയവേഷമണിഞ്ഞ് രാജ്യസഭാംഗമായ ദിലീപ് ടിര്‍ക്കി എന്ന പഴയ നായകന്റേതായിരുന്നു ഇടപെടല്‍. ഹോക്കി ഒഡിഷയുടെ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനായ ടിര്‍ക്കിയുടെ ശുപാര്‍ശപ്രകാരമാണ് കുത്തക കമ്പനികള്‍ കൈയൊഴിഞ്ഞ ഇന്ത്യന്‍ ടീമിനെ ഒഡിഷ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായത്. ലോക ഹോക്കി ലീഗിന് ഭുവനേശ്വര്‍ വേദിയായതിന്റെ ചാലകശക്തിയും പഴയ പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധനായ ഫുള്‍ബാക്ക് ടിര്‍ക്കി തന്നെ. ടിര്‍ക്കിയല്ല, ഇന്ത്യന്‍ ഹോക്കിയുടെ ഉയര്‍ത്തെഴുന്നേല്‍പിന് നാന്ദിയായത്. എന്നാല്‍, കഴിഞ്ഞ അഞ്ചാറ് കൊല്ലത്തിനിടയ്ക്ക് നടന്ന ഇത്തരം ചെറുതും വലുതുമായ ഒരുപാട് നാഴികക്കല്ലുകളാണ് ടോക്യോയിലെ വെങ്കലത്തിലേയ്ക്കുളള പാലം പണിഞ്ഞത്. ഒറ്റ രാത്രി കൊണ്ട് നേടിയതല്ല ഈ വെങ്കലമെന്ന് സാരം. മെഡല്‍നേടിയ ടോക്യോ പോലെ തന്നെ പ്രധാനമാണ് മെഡലില്ലാതെപോയ നാല്‍പത്തിയൊന്ന് വര്‍ഷവും. അതുകൊണ്ട് തന്നെ ടോക്യോയില്‍ നിന്ന് മുന്നോട്ടുപോവണമെങ്കില്‍ ഈ നാല്‍പത്തിയൊന്ന് വര്‍ഷത്തെ വീഴ്ചയുടെ കഥ കൂടി നമ്മള്‍ ഓര്‍ത്തുകൊണ്ടിരിക്കണം. ജയിച്ചവരുടെ വീരചരിതത്തേക്കാള്‍ ചിലപ്പോഴെങ്കിലും തിരിച്ചുവരവുകള്‍ക്ക് ഊര്‍ജം പകരുക പരാജിതരുടെ തോറ്റുപോയ കാലമാവും.
Content Highlights: History Of Indian Hockey Team Tokyo Olympics Bronze Medal Dhyan Chand PRSreejesh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sakshi malik

2 min

'ചെങ്കോലുകള്‍ കൊണ്ട് അളക്കാനാവില്ല സര്‍ ഈ പെണ്‍കുട്ടികളുടെ മഹത്വം'

May 29, 2023


Lionel Messi Photo: Twitter, Getty Images
Premium

5 min

നിഘണ്ടുവും തൃശ്ശൂര്‍പൂരവും എവറസ്റ്റും കടന്ന് അയാള്‍ എട്ടാമത്തെ 'അത്ഭുതമാകുന്നു'

May 9, 2023


kohli
In Depth

10 min

ക്രിക്കറ്റ് കൊണ്ട് കൊല്ലേണ്ടതെങ്ങനെ? കോലിയിൽ മുങ്ങിപ്പോവുന്ന ഈ പാവങ്ങളുടെ ജീവിതം ആരോർക്കാൻ?

Nov 3, 2022

Most Commented