'എന്നിലൂടെ ജന്മഗ്രാമത്തിലേക്ക് വൈദ്യുതിയും നല്ല റോഡുകളും വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം...'' അന്താരാഷ്ട്ര മീറ്റുകളില്‍ മെഡലുകള്‍ നേടിയ സന്തോഷത്തെപ്പറ്റി ചോദിക്കുമ്പോള്‍ ഹിമാ ദാസ് എന്ന പെണ്‍കുട്ടി എന്നും എപ്പോഴും പറഞ്ഞിരുന്ന വാക്കുകള്‍. 

ട്രാക്കിലെ വിസ്മയക്കുതിപ്പിലൂടെ ഇന്ത്യയ്ക്കുവേണ്ടി ഓരോ മെഡല്‍ നേടുമ്പോഴും തന്റെ ഗ്രാമത്തിന് കൈവരുന്ന വികസനത്തില്‍ എല്ലാംമറന്ന് സന്തോഷിക്കുന്ന ഹിമ ഇപ്പോള്‍ മറ്റൊരു സ്വപ്നത്തിലാണ്. ഈ വര്‍ഷം ദോഹയില്‍ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പിക്കുക, പിന്നാലെ മെഡല്‍ നേട്ടവും. യോഗ്യതനേടാനുള്ള അവസരം ജൂലായ് മാസത്തിലെ മീറ്റുകളില്‍ നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. ഇനി ഓഗസ്റ്റില്‍ നടക്കുന്ന മീറ്റുകളിലൂടെ കടമ്പകടക്കാനുള്ള തീവ്രശ്രമത്തിലാണ്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ വിവിധ യൂറോപ്യന്‍ മീറ്റുകളിലായി അഞ്ചു സ്വര്‍ണമാണ് ഹിമാ ദാസ് ഓടിപ്പിടിച്ചത്. ചെക്ക് റിപ്പബ്ലിക്കിലെ നോവെ മെസ്റ്റോ മീറ്റില്‍ 400 മീറ്ററില്‍ 52.09 സെക്കന്‍ഡില്‍ ഓടിയെത്തി സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണം നേടിയതാണ് ഒടുവിലത്തെ നേട്ടം.

ഈ മാസമാദ്യം പോളണ്ടിലെ പോസ്നാന്‍ അത്ലറ്റിക് ഗ്രാന്റ് പ്രീ മീറ്റിലെ 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമണിഞ്ഞാണ് വിജയപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നീട് കുട്നോ അത്ലറ്റിക് മീറ്റിലും (23.97), ക്ലാഡ്നോ മീറ്റിലും (23.43) ടാബോര്‍ മീറ്റിലും (23.25) 200 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ ഹിമ 15 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് നാലു സ്വര്‍ണമാണ്.

200 മീറ്ററിലും 400 മീറ്ററിലും മത്സരിക്കുന്ന ഹിമയുടെ അവസാന മീറ്ററുകളിലെ അപാരമായ സ്പ്രിന്റ് മികവാണ് ഇന്ത്യയുടെ ലോകചാമ്പ്യന്‍ഷിപ്പ് സ്വപ്നങ്ങള്‍ക്ക് നിറമേറ്റുന്നത്. നോവെ മെസ്റ്റോ മീറ്റില്‍ 400 മീറ്ററിന്റെ ഫൈനലില്‍ നാലാം ട്രാക്കിലാണ് ഹിമ ഓടിയത്.

300 മീറ്റര്‍ പിന്നിടുമ്പോള്‍ നാലാം സ്ഥാനത്തായിരുന്ന ഹിമ അവസാന അമ്പതുമീറ്ററില്‍ നടത്തിയ കുതിപ്പ് അവിശ്വസനീയമായിരുന്നു. അതുവരെ മുന്നിലോടിയിരുന്ന ആറാം ട്രാക്കിലെ അമേരിക്കയുടെ ടെയ്ലര്‍ മാന്‍സണും മൂന്നാം ട്രാക്കിലെ റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസയും അഞ്ചാം ട്രാക്കിലെ ഓസ്ട്രേലിയയുടെ എല്ല കോണോളിയും നിഷ്പ്രഭമായിപ്പോയ നിമിഷങ്ങളായിരുന്നു അത്.

ഒടുവില്‍ അഞ്ചുമീറ്ററിലേറെ വ്യത്യാസത്തില്‍ ഹിമ ഒന്നാമതായി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു. കഴിഞ്ഞവര്‍ഷം ഫിന്‍ലന്‍ഡില്‍നടന്ന ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റിലും ഇതേ എതിരാളികളെ പിന്തള്ളിയായിരുന്നു ഹിമയുടെ സ്വര്‍ണനേട്ടം.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ഹിമ സ്വന്തമാക്കിയത് ആ മീറ്റിലായിരുന്നു.

Content Highlights: Hima Das is an inspiration for budding athletes across the nation