സൂപ്പര്‍താരങ്ങളായ മെസ്സിയും റൊണാള്‍ഡോയും ഒരേ ക്ലബ്ബിനായി കളിക്കുക, മികച്ച പ്രകടനം നടത്തുക. ഫുട്ബോള്‍ ആരാധകരുടെ വലിയ സ്വപ്നങ്ങളിലൊന്നാണത്. അങ്ങനെ സംഭവിച്ചു, ലോക ഫുട്‌ബോളിലല്ല, ഇവിടെ കേരള ബ്ലാസ്റ്റേഴ്‌സില്‍.

മെസ്സിയെന്ന് വിളിപ്പേരുള്ള കാമറൂണ്‍കാരന്‍ റാഫേല്‍ മെസ്സി ബൗളി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും റൊണാള്‍ഡോയെന്നറിയപ്പെടുന്ന ഗോവക്കാരന്‍ റൊണാള്‍ഡോ അഗസ്റ്റോ ഒലിവേര ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിലും തകര്‍ത്തുകളിക്കുന്നു. 

കേരള പ്രീമിയര്‍ ലീഗില്‍ റിസര്‍വ് ടീം ചാമ്പ്യന്മാരാകുമ്പോള്‍ ഇരട്ട ഗോളുമായി റൊണാള്‍ഡോ തിളങ്ങുന്നു.. മെസ്സി സീസണില്‍ എട്ട് ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ ആറ് ഗോള്‍ നേടിക്കഴിഞ്ഞു. 

186 സെന്റിമീറ്റര്‍ ഉയരമുള്ള ഇടങ്കാലന്‍ സ്ട്രൈക്കറായ മെസ്സി ബൗളിയെ ഇറാനിയന്‍ ക്ലബ്ബായ ഫൂലാദില്‍നിന്ന് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത് വെറുതെയായില്ല. ലീഗില്‍ ബ്ലാസ്റ്റേഴ്സിന് ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഒഗ്ബെച്ചയോടൊപ്പം മുന്നേറ്റനിരയില്‍ മെസ്സി പുറത്തെടുത്ത പ്രകടനത്തിന് കൈയടിക്കണം. 

17 മത്സരങ്ങളില്‍ എട്ടു ഗോളുമായി സീസണില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ രണ്ടാം താരമായി. 25 ടാക്കിളുകളും 20 ക്ലിയറന്‍സും ഒരു അസിസ്റ്റും അക്കൗണ്ടിലുള്ള ഇരുപത്തിയേഴുകാരനായ മെസ്സിയുടെ പാസ്സിങ് കൃത്യത 48.85% ആണ്. 

എന്നാല്‍ മെസ്സിക്ക് നേടാനാകാത്ത കിരീടം റൊണാള്‍ഡോയ്ക്ക് കിട്ടി. ഈസ്റ്റ് ബംഗാളില്‍നിന്ന് വായ്പയടിസ്ഥാനത്തില്‍ കേരളത്തിലെത്തിയ 22-കാരന്‍ ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ ഭാഗ്യതാരമായി. ഗോകുലത്തെ ഫൈനലില്‍ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം കിരീടം ചൂടിയപ്പോള്‍ രണ്ടു ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. പരിശീലകന്‍ എല്‍കോ ഷട്ടോറി തീരുമാനിച്ചാല്‍ അടുത്ത സീസണില്‍ സൂപ്പര്‍ ലീഗില്‍ തന്നെ മെസ്സിയും ക്രിസ്റ്റ്യാനോയും ഒരുമിച്ചുകളിക്കാനും സാധ്യതയുണ്ട്.

Content Highlights: Here in Kerala Messi and Ronaldo playing for the same team