വിജയം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കഠിനപ്രയത്‌നത്തിന്റെയും അർപ്പണബോധത്തിന്റെയും അറിവിന്റെയും ത്യാഗത്തിന്റെയും അനന്തരഫലം കൂടിയാണ്. ഭാഗ്യംകൊണ്ട് മാത്രം ലഭിക്കുന്ന നേട്ടങ്ങളെ വിജയം എന്ന് വിളിക്കാനുമാവില്ല. ജയം നേടാൻ ചെയ്യുന്ന കാര്യങ്ങളോട് ഒരിഷ്ടംകൂടി വേണം. ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ സെൻസേഷൻ ഹാർദിക് പാണ്ഡ്യയുടെ നേട്ടങ്ങൾ ഇവയെല്ലാം കൂടിച്ചേരുന്നതുകൊണ്ടാണ്. കിട്ടിയ അവസരങ്ങളിലെല്ലാം മിന്നിത്തിളങ്ങിയ ഹാർദിക്കിന്റെ ജീവിതകഥ അറിയുമ്പോഴാണ് ക്രിക്കറ്റ് എന്ന പാഷനെ എത്രത്തോളം ഈ യുവതാരം ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാകുക. 

മാഗിയെ പ്രണയിച്ച നാളുകൾ...

Sports Masika
സ്പോർട്സ് മാസിക വാങ്ങാം

സൂറത്തിൽ ചെറിയൊരു ബിസിനസ് നടത്തിയിരുന്ന ഹിമാൻഷുവിന്റെ മക്കളായിരുന്നു ഹാർദികും ക്രുണാൽ പാണ്ഡ്യയും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബം. ഒരുനേരത്തെ ഭക്ഷണംപോലും കഴിക്കാനില്ലാതിരുന്ന ബാല്യകാലം. പഠിത്തത്തിൽ വലിയ മിടുക്കരൊന്നും ആയിരുന്നില്ല സഹോദരന്മാർ. ദാരിദ്ര്യം മറക്കാൻ സ്റ്റിച്ച് ബോളിനെയും എം.ആർ.എഫ്. ബാറ്റിനെയും കൂടെക്കൂട്ടിയ രണ്ട് ബിഗ് ഫൈറ്റർമാർ. ക്രിക്കറ്റ് മാത്രമായിരുന്നു ആഹ്ലാദം. അതിൽ ശ്രദ്ധിക്കാൻവേണ്ടി മാത്രം ഒൻപതാം ക്ലാസിൽ പഠനം നിർത്തി. മക്കളുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശം കണ്ട പിതാവ് താമസിയാതെ വഡോദരയിലെ വാടകവീട്ടിലേക്ക് താമസം മാറ്റി, കിരൺ മോറെ അക്കാദമിയിൽ പരിശീലനം നൽകാൻ. രാവിലെ വീട്ടിൽനിന്ന് ചേട്ടനും അനിയനും കൂടി ഇറങ്ങും. എവിടെനിന്നെങ്കിലും കടം വാങ്ങിയ പത്ത് രൂപയും ആയിട്ടാണ് ഗ്രൗണ്ടിലേക്ക് പോകുക. യാത്രയ്ക്കിടെ പെട്ടിക്കടയിൽനിന്ന് അഞ്ചുരൂപയുടെ രണ്ട് പാക്കറ്റ് മാഗിയും വാങ്ങി ബാഗിൽ വെക്കും. വളരെ പഴഞ്ചനൊരു കാറിലാണ് യാത്ര. ആദ്യം ഗ്രൗണ്ടിൽ എത്തുന്നതും അവസാനം അവിടെനിന്ന് മടങ്ങുന്നവരും ഹാർദികും ക്രുണാലുമായിരുന്നു എന്നും. അത്യാവശ്യം നല്ല ചുറ്റുപാടുള്ളവർ എനർജി ഡ്രിങ്കും നല്ല ഭക്ഷണവും കഴിക്കുമ്പോൾ ഹാർദികും ജ്യേഷ്ഠനും ഗ്രൗണ്ടിന്റെ ഒഴിഞ്ഞ കോണിലേക്ക് മാറിയിരിക്കും. ഗ്രൗണ്ട് നനയ്ക്കുന്ന ആളോട് പറഞ്ഞുറപ്പിച്ചുവെച്ച ചൂടുവെള്ളവും വാങ്ങി മാഗി തയ്യാറാക്കും. ഉച്ചയ്ക്കും വൈകുന്നേരവുമായി ഓരോ മാഗി പായ്ക്കറ്റുകൾ പപ്പാതിവെച്ച് അവർ തയ്യാറാക്കി കഴിക്കും. അന്നൊക്കെ 365 ദിവസവും മാഗിയായിരുന്നു ഭക്ഷണമെന്ന് ഹാർദിക് തന്റെ ജീവിതം പറയുന്നതിനിടെയിൽ പലപ്പോഴായി ഓർമിച്ചെടുത്തിട്ടുണ്ട്. വിശപ്പുകൊണ്ട് തളർന്ന് വീഴാൻ തുടങ്ങിയ നാളുകളുണ്ടായിരുന്നു. നമുക്ക് നല്ലൊരു ദിവസം വരുമെന്ന് പറഞ്ഞ് ജ്യേഷ്ഠൻ ക്രുണാൽ എപ്പോഴും ആത്മവിശ്വാസം പകർന്നുനൽകും. പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ടായിരിക്കും ഞങ്ങൾ കളിക്കുക. അതുകൊണ്ടുതന്നെ ഞങ്ങളെ എല്ലാവർക്കും ഭയവുമായിരുന്നു. എത്രയോ കളികൾ ഞങ്ങൾ ജയിപ്പിച്ചെടുത്തിരിക്കുന്നു. അന്നൊക്കെ സ്വന്തമെന്ന് പറയാൻ ആകെയുണ്ടായിരുന്നത് നന്നായി കളിക്കും എന്ന ആത്മവിശ്വാസം മാത്രമായിരുന്നു.

(ലേഖനത്തിന്റെ പൂർണരൂപം പുതിയ ലക്കം സ്പോർട്സ് മാസികയിൽ വായിക്കാം)

Hardik Pandya Krunal Pandya Indian Cricket Team IPL