.jpg?$p=1990e2a&f=16x10&w=856&q=0.8)
ഗുണ്ടപ്പ വിശ്വനാഥ് | Photo: Getty Images
സമാനതകളില്ലാത്ത ക്രിക്കറ്റ് താരമാണ് ഗുണ്ടപ്പ വിശ്വനാഥ്. കാലമേറെക്കഴിഞ്ഞിട്ടും കളിയേറെ മാറിയിട്ടും വിശ്വനാഥിന്റെ ബാറ്റിങ്ങും കവിതപോലെ മനോഹരമായ സ്ക്വയര്‍കട്ടും ഓര്‍ക്കുന്ന എത്രയോ പേരുണ്ട്. ക്രിക്കറ്റ് എന്ന കളിയോടുള്ള ആത്മാര്‍ഥതയും ഒപ്പം കളിക്കുന്നവരെപ്പോലും ആദരിക്കാനും അവരില്‍നിന്ന് പഠിക്കാനുമുള്ള മനസ്സും വിശ്വനാഥിനെ വ്യത്യസ്തനാക്കുന്നു. സ്പോര്‍ട്സ് പത്രപ്രവര്ത്തകന് ആര്. കൗഷിക്കുമായിച്ചേര്ന്ന് എഴുതിയ WRIST ASSURED എന്ന ആത്മകഥ വിശ്വനാഥിന്റെ കളിയുടെയും ജീവിതത്തിന്റെയും മാത്രമല്ല, ക്രിക്കറ്റിന്റെ ഒരു നല്ലകാലത്തിന്റെകൂടി ചരിത്രമാണ്. ആത്മകഥയില്‍നിന്ന് എഡിറ്റ് ചെയ്ത ഒരു ഭാഗമാണിത്...
ക്രിക്കറ്റില്‍ സ്കോറിങ്ങിന് പല ഷോട്ടുകളുണ്ട്. ഞാന്‍ എന്നും മുന്‍ഗണന നല്‍കിയിരുന്നത് സ്ക്വയര്‍ കട്ടുകള്ക്കായിരുന്നു. ഗുണ്ടപ്പ വിശ്വനാഥിന്റെ സ്ക്വയര്കട്ടിനെപ്പറ്റി ആളുകള്‍ ആവേശംകൊള്ളുന്നതിനെപ്പറ്റി ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്റെ സ്ക്വയര്കട്ടുകള് ആ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് രൂപംകൊണ്ടതാണെന്നേ ഇപ്പോള്‍ പറയാനാകൂ. സ്ക്വയര്‍ കട്ടുമായുള്ള എന്റെ നിയോഗം തുടങ്ങുന്നത് ടെന്നീസ് ബോളില്‍നിന്നാണ്. നിങ്ങളുടെ കാര്യത്തിലും വലിയ മാറ്റമുണ്ടാകാനിടയില്ല. കുട്ടിക്കാലത്ത് ഞാന്‍ വളരെ നേര്‍ത്തുമെലിഞ്ഞ ആളായിരുന്നു. പലപ്പോഴും സംസാരിക്കാന്‍തന്നെ ശക്തിയില്ലാത്ത കുട്ടി. ഡ്രൈവുകള്‍ക്കും ഫ്ളിക്കുകള്ക്കും ശ്രമിച്ചാല്‍ അപൂര്‍വമായേ പന്ത് ബൗണ്ടറി കടന്നിരുന്നുള്ളൂ. അതേസമയം, 'കട്ട്' ഷോട്ട് കളിക്കുമ്പോള്‍ എനിക്ക് വലിയ കരുത്തില്ലെങ്കിലും കുഴപ്പമില്ല. പന്തിന്റെ പേസിനെ ഞാന്‍ അനുകൂലമായി ഉപയോഗിച്ചു. അങ്ങനെ കളിച്ച ഓരോ ഷോട്ടുകളും ബൗണ്ടറികളായി മാറി എന്നല്ല പറയുന്നത്, കട്ടുകള്‍ ബൗണ്ടറി കടക്കാന്‍ മറ്റേതൊരു ഷോട്ടിനെക്കാളും സാധ്യതയുണ്ടായിരുന്നു എന്നുമാത്രം. നിരന്തരം കളിച്ചുതുടങ്ങിയതോടെ ആ ഷോട്ട് എന്റെ വരുതിയിലായി. ചിലപ്പോഴൊക്കെ അത് ഔട്ടാകാന്‍ കാരണമാകുകയും ചെയ്തു. നമ്മളെടുക്കുന്ന റിസ്കും അതിന് കിട്ടുന്ന പ്രതിഫലവും എന്ന മാനദണ്ഡംെവച്ചു നോക്കിയാല്‍ കട്ടുകള്‍ എനിക്കൊരിക്കലും നഷ്ടക്കച്ചവടമായിരുന്നില്ല. ഒരു കണക്കെടുത്താല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ നേടിയ 6080 റണ്‍സില്‍ 4000-ത്തിലേറെ ഈ ഷോട്ടില്നിന്നായിരിക്കും.
ടെന്നീസ് ബോളില്‍നിന്ന് യഥാര്‍ഥ ക്രിക്കറ്റ് ബോളിലേക്കുള്ള വളര്‍ച്ചയുടെ കാലത്താണ് എനിക്ക് സ്ക്വര്കട്ടും ലേറ്റ് കട്ടും ബൗണ്ടറി നേടാനുള്ള ഏറ്റവും പ്രിയപ്പെട്ട ഷോട്ടായി മാറിയത്. മൈസുരുവില്‍നിന്ന് തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് വരെയുള്ള എന്റെ കരിയറില്‍ സ്ക്വയര്‍കട്ടും ലേറ്റ്കട്ടും മുന്നിട്ടുനില്ക്കാത്ത ഇന്നിങ്സുകള്‍ കുറവായിരുന്നു. എനിക്കെന്റെ ഫോറുകളുടെയും സിക്സുകളുടെയും എണ്ണം കൂട്ടേണ്ടതുണ്ടായിരുന്നു. ക്രിക്കറ്റില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പിടിച്ചുകയറുമ്പോള്‍, ഒരു പ്രത്യേക ഷോട്ടിലോ പ്രത്യേകരീതിയിലോ മാത്രം കളിക്കുകയെന്നത് ഒട്ടും അനുകരണീയ മാതൃകയല്ല. അക്കാലത്ത് ശാരീരികമായി ഞാന്‍ കുറച്ചുകൂടി കരുത്തനായി, കുറച്ചു തടിച്ചു. അതോടെ ഫോറുകള്‍ നേടാന്‍ മറ്റു ഷോട്ടുകള്‍കൂടി പരീക്ഷിച്ചുതുടങ്ങി. പക്ഷേ, ആളുകള്‍ എന്നെ എപ്പോഴും സ്ക്വയര്കട്ടുകളുമായാണ് കൂട്ടിവായിച്ചത്. സ്ക്വയര്കട്ടുകള് വാഴ്ത്തപ്പെട്ടു, അതെന്നെ വിനയാന്വിതനാക്കി. ആ മേല്‍വിലാസം കരിയറിലുടനീളം എന്നെ പിന്തുടര്ന്നു, ഇന്നും തുടരുന്നു. എനിക്കതില്‍ പരാതിയില്ല.

അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ ടീമുകള്‍ ആ സ്ട്രോക്ക് കളിക്കാന്‍ പ്രേരിപ്പിച്ച് എന്നെ കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ ഏറ്റവും വലിയ കരുത്തിനെ ബലഹീനതയാക്കി മാറ്റാനുള്ള തന്ത്രം. ഞാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. അതെന്റെ അഹങ്കാരമായിരുന്നില്ല, ആ ഷോട്ട് നന്നായി കളിക്കാനാകുമെന്ന ആത്മവിശ്വാസംമാത്രം. എതിരാളികളുടെ പദ്ധതികള്‍ എന്താണെന്നത് എന്നെ ബാധിച്ചില്ല. എന്റെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കാനായാല്‍ അനായാസം റണ്‍ നേടാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. തുടര്‍ച്ചയായി സ്ക്വയര്കട്ടുകള് കളിക്കുന്നത് നിര്‍ത്തണമെന്ന് കര്‍ണാടക ടീമിലെയും ദേശീയ ടീമിലെയും ചിലര്‍ ഉപദേശിച്ചു. ആ ഷോട്ട് എന്റെ പതനത്തിനു കാരണമാകുമെന്നാണ് അവര്‍ സൂചിപ്പിച്ചത്. അവരെ ഞാന്‍ എതിര്‍ത്തില്ല, പക്ഷേ, എനിക്ക് ധാരാളം റണ്‍ നേടിത്തരുന്ന ഷോട്ടാണതെന്ന് സൂചിപ്പിക്കുക മാത്രം ചെയ്തു. കട്ട്ഷോട്ടിലൂടെ എന്നെ കുടുക്കാന്‍ എതിരാളികള്‍ കൊണ്ടുവരുന്ന തന്ത്രങ്ങളെ ഞാന്‍ സ്വാഗതംചെയ്തു. പന്തുകളെ അതിന്റെ ഗുണംമാത്രം പരിഗണിച്ച് കളിച്ച കാലമത്രയും ധാരാളമായി റണ്‍സ് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞു.
അന്ധമായ ആവേശത്തോടെ കട്ടുകള്‍ കളിക്കുന്ന ആളായിരുന്നില്ല ഞാന്‍. വിജയിക്കാന്‍ ആഗ്രഹിച്ചില്ലെങ്കില്‍ നമ്മള് ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്നു പറയാറില്ലേ. എന്റെ ശരീരത്തില്‍നിന്ന് അകന്നുപോകുന്ന ഷോര്ട്ട്പിച്ച്ഡ് പന്തുകള്‍ എത്തിപ്പിടിച്ച് കളിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. ഡീപ് പോയന്റിലോ ഡീപ് തേഡ്മാനിലോ ഫീല്‍ഡര്‍മാര്‍ ഇല്ലെങ്കില്‍പ്പോലും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അത് 'നിയന്ത്രണ'ത്തിന്റെ കലയായിരുന്നു. എന്നിലും ഷോട്ടിലുമുള്ള നിയന്ത്രണം. നിരന്തരമായ പ്രയത്നത്തിലൂടെ മനസ്സിന്റെ നിയന്ത്രണം വര്‍ധിപ്പിക്കാനാകും. എന്നാല്‍, ക്രിക്കറ്റ് കളിയില്‍ കട്ട് ഷോട്ട് കളിക്കാനുള്ള ഏക മാര്‍ഗം പന്തിനുമേല്‍ ആധിപത്യം നേടുക എന്നതു മാത്രമാണ്. അതിലടങ്ങിയിരിക്കുന്ന അപകടം പരിഗണിക്കുമ്പോള്‍ എളുപ്പം കളിക്കാവുന്ന ഒന്നല്ല അത്. പന്ത് ബൗണ്‍സ് ചെയ്ത് ഏറ്റവും ഉയരത്തിലെത്തുന്ന സമയത്ത് അതിനെ പ്രഹരിക്കണമെങ്കില്‍ നന്നായി പരിശീലിക്കണം. ഇതിലൂടെ വേണ്ടത്ര റണ്‍സ് നേടാനാകും എന്ന തിരിച്ചറിവുമാത്രമാണ് എന്നെ ആ പരിശീലനത്തിന് പ്രേരിപ്പിച്ചത്.
.jpg?$p=a80322e&w=610&q=0.8)
നമ്മുടെ വിധി നിശ്ചയിക്കുന്നത് നാം തന്നെ
ക്രിക്കറ്റില്‍ ഓരോ നിമിഷവും നിങ്ങള്‍ പുതുതായി എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കണം. നിങ്ങള്‍ക്കൊപ്പം കളിക്കുന്നവരില്നിന്നും എതിരാളികളില്‍നിന്നും പഠിക്കണം. പക്ഷേ, പ്രാഥമികമായി പഠിക്കേണ്ടത് അവരവരുടെ തെറ്റില്നിന്നുതന്നെയാണ്. 20-30 ടെസ്റ്റുകള്‍ കളിച്ചിട്ടും പുതുതായി ഒന്നും പഠിച്ചില്ലെങ്കില്‍ അത്രയും സമയം പാഴായി എന്നാണര്‍ഥം. ഓരോ മത്സരത്തില്‍നിന്നും ഗുണകരമായ ഒരു കാര്യമെങ്കിലും പഠിക്കണമെന്നാണ് എന്റെ തത്ത്വം. അതിനുള്ള ഏറ്റവും നല്ല വഴി സ്വന്തം കളി സ്വയം വിലയിരുത്തുക എന്നതുതന്നെ. ആത്യന്തികമായി നമ്മള് തന്നെയാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്.
ഞങ്ങള്‍ക്കന്ന് പരിശീലകരോ സപ്പോര്‍ട്ട് സ്റ്റാഫോ ഉണ്ടായിരുന്നില്ല. - ഇനി ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാല്‍ ടീമിലെ ഓരോ കളിക്കാരനും പ്രത്യേകം കോച്ച് ഉണ്ടാകുമോ? -ആകെയുണ്ടായിരുന്നത് ഒരു ടീം മാനേജരാണ്. പോളി കാക (ഉമ്രിഗര്‍), കേണല്‍ അധികാരി തുടങ്ങി സ്വദേശത്തും വിദേശത്തും ടെസ്റ്റ് കളിച്ച പരിചയസമ്പന്നര്‍ മാനേജരായിരിക്കുമ്പോള്‍ അതൊരു ഊര്‍ജമായിരുന്നു. കേള്‍ക്കാനും ശ്രദ്ധിക്കാനും തയ്യാറാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അവര്‍ ഒരുക്കമായിരുന്നു. ടെസ്റ്റിലെ ഒരു ദിവസമോ ഒരു മത്സരമോ കഴിയുമ്പോള്‍ ടീം അംഗങ്ങള്‍ ഓരോ ഡ്രിങ്കുമായി ഇരുന്ന് സൗഹൃദം പങ്കിടുമായിരുന്നു. എതിര് ടീമിലെ മുതിര്‍ന്ന അംഗങ്ങളും ആ കൂട്ടത്തിലുണ്ടാകും. അവരെല്ലാം കളിയെക്കുറിച്ചുള്ള ചില ടിപ്പുകള്‍ നല്‍കും. ചെറുപ്പക്കാര്‍ എന്ന നിലയില്‍ സുനിലിനും (ഗാവസ്കര്‍) എക്കിക്കുമെല്ലാം (ഏകനാഥ് സോള്‍ക്കര്‍) അത് ധാരാളമായിരുന്നു. ദിവസവും 24 മണിക്കൂര്‍വെച്ച് 365 ദിവസവും ഒരു കോച്ചിനെ ഞാന്‍ ആഗ്രഹിച്ചില്ല. എനിക്ക് അതിന്റെ ആവശ്യവുമില്ലായിരുന്നു. കാരണം, ഇന്നത്തെപ്പോലെ അന്ന് മറ്റാരും നമുക്കുവേണ്ടി ബാറ്റുചെയ്യാന്‍ വരുമായിരുന്നില്ല.

സോബേഴ്സ്, ഗാവസ്കര്‍, റിച്ചാര്‍ഡ്സ്, കന്‍ഹായ്...
വെസ്റ്റിന്‍ഡീസിലേക്കുള്ള എന്റെ ആദ്യ പര്യടനത്തില്‍ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ ഫീല്ഡുചെയ്യുമ്പോള് ഞാന്‍ സര് ഗാരി സോബേഴ്സിന്റെ പ്രകടനത്തെ സൂക്ഷ്മമായി വീക്ഷിച്ചു. ആ ഗ്രൗണ്ടില്‍ സ്ക്വയര്‍ ബൗണ്ടറിയിലേക്ക് ഏറെ ദൂരമില്ലായിരുന്നു. കെന്‍സിങ്ടണ്‍ ഓവലില്‍ മഹാനായ ആ ബാറ്റ്സ്മാനെതിരേ പ്രസന്ന ബൗള്‍ ചെയ്യുമ്പോള്‍ ഒരു സ്വീപ്പ് കാത്ത് ഞാന്‍ ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്ഡുചെയ്യുകയായിരുന്നു. ആബിദ് അലി ഡീപ് മിഡ് വിക്കറ്റില്‍ ഫീല്ഡറായുണ്ട്. ഞങ്ങള്‍ക്കിടയില്‍ 30 വാര അകലമുണ്ട്. ഫീല്‍ഡറായി ഔട്ട്ഫീല്‍ഡില്‍ നില്ക്കുമ്പോള് ബാറ്റിനെക്കാളേറെ, ബൗളറുടെ റണ്‍അപ്പില്‍ തുടങ്ങി പന്ത് ബാറ്റില്‍ ഉരസുന്നതുവരെ പന്തിന്റെ സഞ്ചാരമാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത്. ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്ഡുചെയ്യുമ്പോള് സര് ഗാരി സോബേഴ്സിന്റെ ബാറ്റിങ്ങിലേക്ക് തടസ്സമേതുമില്ലാതെ വ്യക്തമായ കാഴ്ച കിട്ടുമായിരുന്നു. സോബേഴ്സിന്റെ ഒരു ഷോട്ട് ഇന്നും ഓര്‍ക്കുന്നു. ഒന്നു മുന്നോട്ടാഞ്ഞ് കളിക്കാന്‍ ശ്രമിച്ചു, പന്ത് ഷോര്‍ട്ട് ആണെന്നുകണ്ട് പെട്ടെന്ന് ബാക്ക്ഫൂട്ടിലേക്ക് തിരിഞ്ഞു, അദ്ദേഹം പുള്‍ഷോട്ട് കളിച്ചില്ല. ബാറ്റിന്റെ അറ്റത്തെ ബ്ലേഡുകൊണ്ട് ലംബമായി പ്രഹരിച്ചു. ഹൊ, കഠിനം! ഫീല്‍ഡില്‍ അത്ര വേഗത്തില്‍ ഓടുന്നയാളായിരുന്നില്ല ഞാന്‍. വലത്തേക്ക് മൂന്നോ നാലോ വാര ഓടി. കാറ്റിനെപ്പോലെ കുതിക്കുന്ന ആബിദ്, എട്ടൊന്‍പത് ചുവട് ഇടത്തേക്ക് കുതിച്ചു. രണ്ടുപേര്‍ക്കും തൊടാന്‍പോലും പറ്റാതെ പന്ത് അതിര്‍ത്തിയിലെ ഭിത്തിയില്‍ത്തട്ടി തിരിച്ച് അതിനെക്കാള്‍ വേഗത്തില്‍ ഗ്രൗണ്ടിലേക്ക് വീഴുമ്പോള്‍ ഞങ്ങള്‍ രണ്ടാളും അതിനടുത്തെങ്ങുമുണ്ടായിരുന്നില്ല. തിരിച്ചുവന്ന പന്ത് കൈയിലെടുത്ത് ബൗളറായ പ്രസന്നയ്ക്ക് കൊടുത്തതും സോബേഴ്സ് തന്നെ. കാരണം, ഷോട്ടിന്റെ ശക്തിയില്‍ അത് ഭിത്തിയില്‍ത്തട്ടി തിരിച്ച് ക്രീസിനടുത്തേക്കുതന്നെ എത്തിയിരുന്നു. അന്ന് ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും ഉഗ്രമായ സ്ട്രോക്കുകള്‍ പാഞ്ഞു, അതില്‍ അദ്ദേഹത്തിന്റെ നിയന്ത്രണം കുറ്റമറ്റതായിരുന്നു. ഞാന്‍ എന്റേതായ കണക്കുകൂട്ടല്‍ നടത്തി. സോബേഴ്സിന് 34 വയസ്സുണ്ട്. 16 വര്‍ഷമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു. കരിയറിന്റെ സുവര്‍ണകാലത്ത് അദ്ദേഹത്തിന്റെ ബാറ്റിങ് എത്ര ഗംഭീരമായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍പോലും എനിക്ക് കഴിയുമായിരുന്നില്ല
സോബേഴ്സ് കഴിഞ്ഞാല്‍ എന്റെ മറ്റ് 'അധ്യാപകര്‍' രോഹന് കന്‍ഹായി, സുനില്‍ ഗാവസ്കര്‍, വിവ് റിച്ചാര്‍ഡ്സ് എന്നിവരാണ്. കന്‍ഹായി സ്പിന്‍ കളിക്കുന്നത് അടുത്തുനിന്ന് കണ്ടതിനെപ്പറ്റി ഞാന്‍ നേരത്തേ എഴുതിയിട്ടുണ്ട്. സുനിലിന്റെ മാസ്റ്റര്‍പീസ് പ്രകടനങ്ങള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍നിന്ന് കണ്ടു പഠിച്ചതിനെക്കുറിച്ചും. വിവ് റിച്ചാര്‍ഡ്സ് സ്വയം ഒരു മാസ്റ്റര്‍പീസ് ആയിരുന്നു; തന്റെ സാന്നിധ്യംകൊണ്ടുതന്നെ ബൗളര്‍മാരെ ഭയപ്പെടുത്തുന്ന, ബാറ്റെടുത്താല്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്ത ആക്രമണകാരി. അദ്ദേഹത്തിന്റെ സ്ട്രോക് പ്ലേകള്‍ ഞാന്‍ ആസ്വദിച്ചപ്പോള്‍ ആക്രമണ ഷോട്ടുകളെ ശ്രദ്ധയോടെ നിരീക്ഷിച്ചു. എപ്പോഴൊക്കെയാണ് ആക്രമിക്കുന്നതെന്നും അധികം സ്ട്രോക്കുകള്‍ കളിക്കാതെത്തന്നെ എങ്ങനെ ക്രീസില്‍ വിജയകരമായി തുടരുന്നുവെന്നും ശ്രദ്ധിച്ചു. സ്റ്റംപില്‍ നിന്ന് അകന്നുപോകുന്ന പന്ത് നിസ്സംഗമായി സ്വീകരിച്ച് അദ്ദേഹം മിഡ് വിക്കറ്റിനു മുകളിലൂടെ പറത്തും. എങ്ങനെ? അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള ശരീരചലനങ്ങളാണ് അതിന് കാരണം. ഷോട്ടിനിടെ, ഇടംകാല് പന്തിന് വളരെ അടുത്തേക്ക് കൊണ്ടുവന്ന് ശരീരം മുഴുവന്‍ പന്തിന് മുകളിലാകും. അതുകൊണ്ടുതന്നെ പന്ത് പൂര്‍ണമായും നിയന്ത്രണവിധേയമാകുന്നു. വിവ് റിച്ചാര്‍ഡ്സിന്റെ പെട്ടെന്നുള്ള ചില ആക്രമണങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലെ വിജയരഹസ്യം എന്താണെന്നാലോചിച്ചപ്പോഴൊക്കെ ഉത്തരം വ്യക്തമായിരുന്നു: അദ്ദേഹം എപ്പോഴും പന്തിനെക്കാള്‍ ഉയരത്തിലായിരുന്നു, പന്ത് അദ്ദേഹത്തിന്റെ പൂര്‍ണനിയന്ത്രണത്തിലും.
തലയെ ഭരിക്കാന്‍ ഹൃദയത്തെ അനുവദിക്കരുത്
മുപ്പതുവര്‍ഷംമുമ്പ് വിരമിച്ചപ്പോള്‍ എന്റെ കളിദിനങ്ങളെക്കുറിച്ചോര്ക്കാന് എനിക്ക് ധാരാളം സമയം കിട്ടിയിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഇരുപത് സീസണുകള്‍ കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇതില്‍ പതിമ്മൂന്ന് വര്‍ഷത്തിലധികം രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞു. എനിക്കെന്തെങ്കിലും സങ്കടപ്പെടാനുണ്ടോ? അവസരം കിട്ടിയിരുന്നെങ്കില്‍ എനിക്കെന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമായിരുന്നോ? ഇല്ല, ഒരിക്കലുമില്ല. എനിക്കാസ്വദിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചത്. ആഗ്രഹങ്ങളെ പിന്തുടരുകയെന്നത് എന്റെ വിനോദമായിരുന്നു. എനിക്ക് താത്പര്യമുള്ള കാര്യംതന്നെ തൊഴിലായി വന്നുവെന്നത് എന്റെ ഭാഗ്യം. കളിക്കളത്തിലെ ആദ്യദിനംമുതല്‍ അവസാനദിനംവരെ എന്റേതായ രീതിയിലാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചത്. എന്റെ സമീപനം ഒരിഞ്ചുപോലും മാറിയില്ല. എന്റെ ബാറ്റിങ്ങിന് കാര്യമായ മാറ്റമൊന്നും ഞാന്‍ വരുത്തിയില്ല. ക്രിക്കറ്റ് എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് എനിക്കു ചില ധാരണകളുണ്ടായിരുന്നു. എന്റെ ധാരണകളിലും വിശ്വാസങ്ങളിലും ഞാന്‍ അസാമാന്യമായ സംതൃപ്തി കണ്ടെത്തിയിരുന്നു. ഉയര്‍ന്നനിലയില്‍ വിജയിക്കണമെങ്കില്‍ നിങ്ങളും അതുപോലെയായിരിക്കണം.
എവിടെയൊക്കെ, ഏതൊക്കെ അവസ്ഥയില്‍, ഏതൊക്കെ ബൗളര്‍മാര്‍ക്കെതിരേ കളിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഞാന്‍ സ്വയം ചില മാറ്റങ്ങളൊക്കെ വരുത്തി. അത് അനിവാര്യമായിരുന്നു. അത് അനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതായിരുന്നു. ഒരേ നില നിങ്ങള്‍ക്ക് എല്ലായിടത്തും പിന്തുടരാനാവില്ല. അല്ലെങ്കില്‍ നിങ്ങള്‍ പിന്നിലാകും. തികഞ്ഞ സാങ്കേതികതയുടെ പിന്‍ബലം എനിക്കൊരിക്കലും ആവശ്യമായിത്തോന്നിയിട്ടില്ല. എന്റെ കളിയെക്കുറിച്ച് എനിക്കറിയാമായിരുന്നു. എന്തെല്ലാം പ്രാവര്‍ത്തികമായി, ഇല്ല എന്നതിനെക്കുറിച്ചും അറിയാമായിരുന്നു. ഒരു ക്രിക്കറ്റര്‍, ബാറ്റ്സ്മാന് എന്നീ നിലകളില്‍ എന്റെ കളിയെ വിലയിരുത്താവുന്ന മികച്ച വിധികര്‍ത്താവ് ഞാന്‍ തന്നെയായിരുന്നു. ഒഴികഴിവുകളില്‍ മറഞ്ഞിരിക്കാതെ എനിക്ക് എന്നോടുതന്നെ ക്രൂരമായി ആത്മാര്‍ഥത പുലര്‍ത്തണമായിരുന്നു.
എന്റെ തോന്നലുകളാണ് എന്നെ നയിച്ചത്. ജീവിതയാത്രയില്‍ അതെന്റെ സന്തത സഹചാരിയായിരുന്നു. അടിക്കേണ്ട പന്താണെന്ന് എനിക്കു തോന്നിയാല്‍ ഞാനടിക്കുമായിരുന്നു. കടന്നു ചിന്തിക്കാതിരിക്കുക, വരുംവരായ്കകളെക്കുറിച്ച് ആലോചിച്ച് മനക്ലേശത്തിലാകാതിരിക്കുക, പക്ഷാഘാതം ഉണ്ടാക്കാതിരിക്കുക, ഇല്ലാത്ത സ്ഥലത്ത് പന്തിനുവേണ്ടി തിരയാതിരിക്കുക. ഒരു പുതിയ സ്ട്രോക്ക് നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നെറ്റ്സില്‍ അത് അത്രയും നന്നായി പരിശീലിച്ചിട്ടില്ലെങ്കില്‍ ഒരു മത്സരത്തിനിടെ അത് പരീക്ഷിക്കാതിരിക്കുക. തലയെ ഭരിക്കാന്‍ നിങ്ങളുടെ ഹൃദയത്തെ അനുവദിക്കാതിരിക്കുക. സന്ദര്‍ഭവും സാഹചര്യവും ഓര്‍ക്കണമെന്ന് എനിക്കെപ്പോഴും ബോധ്യമുണ്ടായിരുന്നു. ഇപ്പോള്‍ത്തന്നെ വിശാലമായ ഷോട്ടുകള്‍ കളിച്ചുതുടങ്ങണോ അതോ നമ്മുടെ അവസരത്തിനായി കാത്തുനില്ക്കണോ അതോ അഞ്ച് ഓവറോ അരമണിക്കൂറോ തള്ളിനീക്കി പിന്നീട് കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കണോ? അതെന്റെ കളിയെയും അവസ്ഥയെയും വിശകലനംചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. അതുമാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ അനുഭവങ്ങളില്‍നിന്ന് ചെയ്യാനുള്ളൂ.
.jpg?$p=8a7b7b1&w=610&q=0.8)
വഞ്ചകാ എന്ന വിളിയും വിശുദ്ധപദവിയും
Walking അഥവാ നടത്തം (ഔട്ടാണോ അല്ലയോ എന്ന അമ്പയറുടെ തീരുമാനത്തിനു കാക്കാതെ കളംവിടല്) എന്നത് ഒരു ബാറ്റ്സ്മാന്റെ വ്യക്തിഗത തിരഞ്ഞെടുപ്പാണ്, വിശേഷാധികാരമാണ് എന്ന കാര്യം ഞാന്‍ വ്യക്തമാക്കട്ടെ. നടക്കുന്നയാള് വിശുദ്ധനല്ല. അമ്പയറുടെ തീരുമാനത്തിനുവേണ്ടി കാത്തുനില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ അയാള്‍ അപരാധിയുമല്ല. എന്നാണ് ഞാന്‍ ക്രിക്കറ്റ് മൈതാനത്തുനിന്ന് ആദ്യമായി ഇത്തരത്തില്‍ നടന്നതെന്ന് എനിക്കോര്‍മയില്ല. ഞാനതേക്കുറിച്ച് ആലോചിച്ചിട്ടേയില്ല. അതെങ്ങനെയോ സംഭവിച്ചതാണ്. പന്ത് ബാറ്റില്‍ കൊണ്ടതായി എനിക്കറിയാം. ഔട്ടായതായി എനിക്കറിയാം. അതുകൊണ്ട് ഞാന്‍ പവിലിയനിലേക്കു മടങ്ങി. അത് ബോധപൂര്‍വമായി എടുത്തൊരു തീരുമാനമല്ല. അതാണ് യഥാര്‍ഥ രീതിയെന്നോ ധാര്‍മികതയെന്നോ ഞാനെന്നോടുതന്നെ പറഞ്ഞിരുന്നില്ല. ചുമ്മാ ഞാനതു ചെയ്തു. അതെല്ലാം മാറിമറിഞ്ഞത് ഫിറോസ് ഷാ കോട്ലയിലെ ഓസ്ട്രേലിയക്കെതിരായ എന്റെ രണ്ടാം ടെസ്റ്റിലാണ്. ആഷ്ലി മില്ലറ്റ് എന്ന ഉയരക്കാരനായ സ്പിന്നര്‍ കാന്‍പുരില്‍ എന്നെ വിഷമിപ്പിച്ചിരുന്നു. അദ്ദേഹമാണ് രണ്ടാം ഇന്നിങ്സില്‍ എന്നെ പുറത്താക്കിയത്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. പക്ഷേ, രണ്ടാം ദിനം ചായയോടടുക്കുമ്പോള് അദ്ദേഹമെനിക്ക് പ്രശ്നങ്ങളുണ്ടാക്കിത്തുടങ്ങി. 296 റണ്‍സാണ് ഓസീസ് ആദ്യ ഇന്നിങ്സില്‍ നേടിയത്. ഇടവേളയ്ക്കു തൊട്ടുമുന്‍പുള്ള അവസാനപന്തില്‍ ബാറ്റ്-പാഡ് ക്യാച്ചിന് ശക്തമായ അപ്പീലുണ്ടായി. പന്ത് ബാറ്റില്‍ തൊട്ടതായി കരുതാത്തതിനാല്‍ ഞാന്‍ അവിടെത്തന്നെ നിന്നു. ഉടന്‍ അമ്പയര്‍ ബെയില്സ് ഒഴിവാക്കി ചായയ്ക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. ഞാന്‍ അശോക് മങ്കാദിനടുത്തേക്കു നടന്നു. ഞങ്ങളൊരുമിച്ച്, വസ്ത്രങ്ങള്‍ മാറുന്ന മുറിയിലേക്കു നടന്നു. അതിനിടെ ആരോ എന്റെ ബാറ്റില്‍ പിന്നില്‍നിന്ന് ചവിട്ടിയതായി എനിക്കുതോന്നി. ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും പിന്നില്‍ നടന്നുവരുകയായിരുന്ന അഞ്ച്-ആറ് ഫീല്‍ഡര്‍മാരില്‍ ആരാണതു ചെയ്തതെന്നു മനസ്സിലാക്കാന്‍ എനിക്കായില്ല. എനിക്കാകെ വെറുപ്പുതോന്നി. എന്നെ സംബന്ധിച്ച്, ഏതൊരു ബാറ്റ്സ്മാനെയും സംബന്ധിച്ച് ബാറ്റ് എന്നു പറയുന്നത് ഏറ്റവും വിശേഷപ്പെട്ട വസ്തുവാണ്. അത് ഞങ്ങളുടെ തൊഴിലിലെ ഏറ്റവും പ്രാധാന്യമുള്ള ഉപകരണമാണ്. സ്നേഹത്തോടെയും ശ്രദ്ധയോടെയും ബഹുമാനത്തോടെയും കൈകാര്യംചെയ്യേണ്ട ഒരു ആത്മീയസുഹൃത്താണ്. ഔട്ടായശേഷം ബാറ്റ്സ്മാന്മാര് അവരുടെ ബാറ്റ് ചുഴറ്റിയെറിയുന്നതു കാണുമ്പോള്‍ എനിക്ക് ദേഷ്യംവരും. അതില്‍ ബാറ്റിന്റെ കുറ്റമെന്താണ്? എന്തായാലും എന്റെ ബാറ്റില്‍ ചവിട്ടിയതിനു പിന്നാലെ ''എടാ, വഞ്ചകാ...'' എന്ന വിളികൂടി കേട്ടപ്പോള്‍ ഞാന്‍ കുപിതനും മുറിവേറ്റവനുമായി. ഞാന്‍ പ്രതികരിച്ചില്ല. പക്ഷേ, എനിക്കങ്ങനെ തോന്നി. ഞാനൊരു വഞ്ചകനല്ല, വഞ്ചിക്കാന്‍ എനിക്ക് ഉദ്ദേശ്യവുമില്ല. പക്ഷേ, വസ്ത്രം മാറുന്ന മുറിയില്‍ച്ചെന്ന് അവിടെ കസേരയില്‍ വീണപ്പോള്‍ ആ രണ്ടു വാക്കുകളെന്റെ ചെവിയില്‍ മുഴങ്ങി. ടൈഗര്‍ പട്ടൗഡി മുറിക്കകത്തേക്കു വന്ന് എന്റെ അരികിലിരുന്നു. ''വിഷ്, ആ പന്ത് താങ്കളുടെ ബാറ്റില്‍ ഉരസിയിരുന്നോ?'' - ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍ 'കളം വിടുന്ന'തിനെക്കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞിരുന്നില്ലെന്ന് എനിക്കു തീര്‍ച്ചയാണ്. എന്നാലും പന്ത് ബാറ്റില്‍ ഉരസിയിരുന്നു എന്നകാര്യം ഞാനറിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തോടു പറയണമായിരുന്നോ?
ഞാന്‍ പറഞ്ഞു: ''എനിക്കങ്ങനെ തോന്നുന്നില്ല, പക്ഷേ എനിക്കുറപ്പില്ല.''
അദ്ദേഹം പറഞ്ഞു: ''ശരി, അതേക്കുറിച്ചു വിഷമിക്കേണ്ട, മുന്നോട്ടുപോവുക.''
പക്ഷേ, ഞാനതേക്കുറിച്ച് ആകുലനായിരുന്നു. ആ ദിവസം മുഴുവന്‍ ആ കുറച്ചു നിമിഷങ്ങളെക്കുറിച്ച് എന്റെ മനസ്സില്‍ ആവര്‍ത്തിച്ചു വന്നുകൊണ്ടിരുന്നു. ആരുടെയോ ചവിട്ടേറ്റ് ബാറ്റ് അനങ്ങുന്നതായി എനിക്കു തോന്നുന്നുണ്ടായിരുന്നു. ''എടാ, വഞ്ചകാ...'' എന്ന് എന്റെ കാതില്‍ ഉറക്കെ ആരോ അലറുന്നതായും എനിക്കു തോന്നിത്തുടങ്ങിയിരുന്നു. അന്നാദ്യമായി എന്നെത്തന്നെ എനിക്കു സംശയം തോന്നി. ഞാനൊരു വഞ്ചകനല്ലെന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, അപ്പോഴെനിക്ക് പന്ത് ബാറ്റില്‍ കൊണ്ടിരുന്നില്ലെന്ന് എനിക്കുറപ്പില്ലായിരുന്നു. മറ്റെല്ലാവരെയുംപോലെ, വഞ്ചകന് എന്ന് ആരെങ്കിലും എന്നെ വിളിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ആ രാത്രി ഞാന്‍ സ്വയം ഒരു പ്രതിജ്ഞയെടുത്തു. ഇനിയൊരിക്കലും ആര്‍ക്കും എന്നെ വഞ്ചകനെന്നു വിളിക്കാന്‍ ഞാനവസരം ഉണ്ടാക്കിക്കൊടുക്കില്ലെന്നായിരുന്നു അത്. പന്ത് എന്റെ ബാറ്റില്‍ ഉരസിയെന്നും ആ ക്യാച്ച് കൃത്യമായി എടുത്തിരുന്നെന്നും എനിക്കു ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അമ്പയറെ നോക്കുകപോലും ഇല്ലായിരുന്നു. ക്രീസ് വിടാന്‍ തീരുമാനിക്കുന്നതിലൂടെ ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്യുന്നതായി എനിക്കു തോന്നിയിട്ടില്ല. അതെന്റെ തീരുമാനമാണ്. കളിയുടെ ഗതി എന്തുതന്നെയായാലും ഞാന്‍ ക്രീസ് വിടാന്‍ ബാധ്യസ്ഥനാണ്. എന്റെ സ്കോര്‍ എത്രയായിരുന്നാലും. പിന്നീടുള്ള എന്റെ റെക്കോഡ് ഏറക്കുറെ കളങ്കമില്ലാത്തതായിരുന്നു.
വിവര്‍ത്തനം: സന്തോഷ് വാസുദേവ്, കെ. സുരേഷ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..