ഗോവ: രണ്ട് മികച്ച വിദേശ സ്‌ട്രൈക്കര്‍മാര്‍ ടീമിലെത്തിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പത്താം നമ്പര്‍ ജേഴ്‌സി നല്‍കിയത് ഫക്കുണ്ടോ പെരെയ്‌ര എന്ന അര്‍ജന്റീനയന്‍ മധ്യനിരക്കാരനായിരുന്നു. ആരാണീ പെരെയ്‌ര എന്ന് നെറ്റിചുളിച്ചവര്‍ ഇപ്പോള്‍ പറയുന്ന ഒരുകാര്യമുണ്ട്, അടുത്ത സീസണിലും ടീമില്‍ താരത്തെ നിലനിര്‍ത്തണമെന്ന്.

ജംഷേദ്പുര്‍ എഫ്.സി.ക്കെതിരായ കളിയിലെ വിജയം ബ്ലാസ്റ്റേഴ്‌സ് ഏറെ ആഗ്രഹിച്ചതായിരുന്നു. വിജയംവന്ന വഴിയും ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീമില്‍നിന്നുണ്ടായത്. അതിന് ചുക്കാന്‍പിടിച്ചവരിലെ പ്രധാനിയാണ് ഫക്കുണ്ടോ. ടീം നേടിയ മൂന്നു ഗോളുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് താരത്തിന്റെ കളിമികവും ബുദ്ധിയുമായിരുന്നു. അക്ഷരാര്‍ഥത്തില്‍ കളം നിറഞ്ഞ പ്രകടനം.

സീസണില്‍ ഏറ്റവും കൂടുതല്‍ അവസരം സൃഷ്ടിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് ഫക്കുണ്ടോ. 28 അവസരങ്ങളാണ് സൃഷ്ടിച്ചത്. കീ പാസുകളുടെ ശരാശരിയിലും മുന്നില്‍. 2.9 ആണ് ശരാശരി. ഇതുവരെ 732 മിനിറ്റ് കളത്തില്‍ ചെലവിട്ട താരം 377 പാസുകള്‍ നല്‍കി. 438 ടച്ചുകളുമുണ്ട്.

പത്തു കളികളില്‍ നാല് പൊസിഷനുകളില്‍ പരിശീലകന്‍ ഇതുവരെ പരീക്ഷിച്ചുകഴിഞ്ഞു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും റൈറ്റ്‌ലെഫ്റ്റ് മിഡ്ഫീല്‍ഡറായും താരം കളിച്ചു. രണ്ട് അസിസ്റ്റുകളും വന്നു. ആദ്യകളിയില്‍ നാലു മിനിറ്റാണ് കളിച്ചതെങ്കില്‍ അവസാനത്തെ അഞ്ചു കളികളിലും 90 മിനിറ്റ് കളത്തിലുണ്ടായിരുന്നു.

ഫക്കുണ്ടോയുടെ എല്ലാ മുന്നേറ്റങ്ങളിലും ഗോളിലേക്ക് പോകുന്ന വഴികളുണ്ട്. ജംഷേദ്പുരിനെതിരേ പ്രതിരോധം നിസ്സാരമായി പിളര്‍ക്കുന്ന കാഴ്ച പലവട്ടം കണ്ടു. ജോര്‍ഡാന്‍ മറെയുടെ തൊട്ടുതാഴെ ഗാരി ഹൂപ്പറിനെ കളിപ്പിച്ച് ഫക്കുണ്ടോയെയും സഹലിനെയും മധ്യനിരയുടെ ഇടവും വലവും കളിപ്പിച്ചത് ആക്രമണത്തില്‍ നാല്‍വര്‍സംഘത്തെ സൃഷ്ടിക്കാനായിരുന്നു.

കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി. വിജയകരമായി നടപ്പാക്കിയ തന്ത്രം. അത് വിജയിച്ചത് പന്തുമായി അകത്തേക്ക് കയറി ഫൈനല്‍ തേര്‍ഡിലേക്ക് നിരന്തരം പന്തെത്തിച്ച് ഫക്കുണ്ടോ സൃഷ്ടിച്ച സമ്മര്‍ദമായിരുന്നു. ടീമിലെ സെറ്റ് പീസ് വിദഗ്ധന്‍കൂടിയാണ്. കോസ്റ്റയുടെ ഗോള്‍ അളന്നുമുറിച്ച ഫ്രീകിക്കില്‍നിന്നായിരുന്നു. താരത്തിന്റെ കോര്‍ണര്‍ കിക്കുകളും അപകടംനിറഞ്ഞതാണ്.

പത്ത് ക്ലബ്ബുകളില്‍ മുമ്പ് കളിച്ച പരിചയസമ്പത്തുണ്ട്. 234 കളികളും 58 ഗോളും അക്കൗണ്ടിലുണ്ട്.

Content Highlights: great performance by kerala blasters midfielder Facundo pereira in ISL