ബ്രസീലിനായിരുന്നു ആ നേരം കളിയിൽ മേല്‍ക്കൈ. മധ്യഭാഗത്ത് നിന്ന് കാര്‍ലോസ് ആല്‍ബര്‍ട്ടോ തുടക്കമിട്ട നീക്കം. ആൽബർട്ടോയിൽ നിന്ന് വലതുപാര്‍ശ്വത്തില്‍ കിട്ടിയ പന്ത് ജഴ്സീഞ്ഞോ ലെഫ്റ്റ് ബാക്ക് ടെറി കൂപ്പറെ ഡ്രിബിള്‍ ചെയ്ത് നേരെ ബോക്സിലേയ്ക്ക് തിരിച്ച് കോരിയിട്ടുകൊടുക്കുമ്പോൾ തലവയ്ക്കാൻ പാകത്തിൽ നിൽപുണ്ടായിരുന്നു ബോക്സിൽ സാക്ഷാൽ പെലെ. പതിവുപോലെ ഉയര്‍ന്നു ചാടി കണിശതയോടെ പന്ത് വലയിലേയ്ക്ക് ക്ലിനിക്കൽ ഫിനിഷായി കുത്തിയിടുമ്പോള്‍ ഗോള്‍... എന്ന് ബ്രസീലിയന്‍ പോര്‍ച്ചുഗീസില്‍ അറിയാതെ ആര്ത്തുവിളിച്ചുപോയി ഫുട്ബോള്‍ ഇതിഹാസം. പക്ഷേ, കഥ അവിടെ തീർന്നില്ല. വലത്തോട്ട് ചാടി ഇംഗ്ലീഷ് ഗോളി ഗോര്‍ഡണ്‍ ബാങ്ക്സ് ആ ഹെഡ്ഡര്‍ കുത്തിയകറ്റുന്നത് പെലെ മാത്രമല്ല, അവിശ്വസനീയതയോടെയാണ് ഗ്വാഡലാഹാരെയിലെ കൊടുംചൂടില്‍ ഉരുകുകയായിരുന്ന അമ്പതിനായിരത്തോളം വരുന്ന ആരാധകരും കണ്ടുനിന്നത്.
അമാനുഷിക സേവിനുശേഷം ഒന്നും സംഭവിക്കാത്ത പോലെ നടന്നുനീങ്ങിയ ബാങ്ക്സ്നോട് പെലെ പറഞ്ഞു: അത് ഗോളായിരുന്നുവെന്നാണ് ഞാന്‍ കരുതിയത്. ഞാനും അതേ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ബാങ്ക്സിന്റെ മറുപടി. തുടർന്ന് ബ്രസീലിന് കിട്ടിയ കോർണറും ഇതേ അനായാസതയോടെ രക്ഷപ്പെടുത്തിയ ബാങ്ക്സിനെ പുറത്തു തട്ടി അഭിനന്ദിക്കാൻ പിശുക്ക് കാട്ടിയില്ല പെലെ.
ഗോളിയുടെ തൊട്ടുമുന്നില്‍ കുത്തി വലയിലേയ്ക്ക് വെടിയുണ്ട പോലെ പായുന്ന ഹെഡ്ഡര്‍ വലയില്‍ കയറാതിരിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നില്ല. പക്ഷേ, മെക്സിക്കോയിലെ എസ്റ്റാഡിയോ ജലിസ്ക്കോയിലെ അന്നേരം പിറന്നത് പെലെയുടെ ഒരു ഗോളല്ല. മറ്റൊരു ലോകമഹാത്ഭുതമായിരുന്നു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സേവ് എന്ന് അന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തത് മറ്റാരുമല്ല, സാക്ഷാല്‍ പെലെ തന്നെ. പിന്നീട് 2008ല്‍ ബ്രിട്ടാനിയ സ്റ്റേഡിയത്തിന് പുറത്ത് ഈ സേവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതും പെലെ തന്നെ.
ഇന്നും ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഫുട്ബോള്‍ നിമിഷങ്ങള്‍ എണ്ണിയെടുത്താല്‍ 1986ലെ മാറഡോണയുടെ ഗോള്‍ പോലെ 1970 മെക്സിക്കോ ലോകകപ്പിലെ ഈ സേവുമുണ്ട്. കായികരംഗത്തെ നൂറ് അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നായി ഈ സേവിനെ ബ്രിട്ടീഷ് ജനത വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ചരിത്രം. വോട്ടെടുപ്പില്‍ നാല്പത്തിയൊന്നാം സ്ഥാനമായിരുന്നു ഈ സേവിന്. പ്യൂമയുടെ പഴയൊരു പരസ്യവാചകം തന്നെ മൂന്ന് ഇതിഹാസങ്ങള്‍... ബാങ്ക്സ്, പെലെ, പ്യൂമ എന്നായിരുന്നു.
1966ല്‍ ലോകകപ്പ് നേടിയതിന്റെ പേരിലാവില്ല. നാലു വര്‍ഷത്തിനുശേഷമുള്ള ഈ സേവിന്റെ പേരിലാവും ഞാന്‍ അറിയപ്പെടുക എന്ന് അക്കാലത്ത് ഒരു അഭിമുഖത്തില്‍ ബാങ്ക്സ് പറഞ്ഞത് അച്ചട്ടായി. ഇന്നും ഗോര്‍ഡന്‍ ബാങ്ക്സ് എന്ന ഗോളിയെ ലോകം ഓര്‍ക്കുന്നത് ഈയൊരൊറ്റ സേവിന്റെ പേരിലാണ്. ലെവ് യാഷിനും ദിനോ സോഫും പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കുന്നതും ഇതിന്റെ പേരില്‍ തന്നെ.
അന്ന് പെലെയുടെ വഴി അത്ഭുതകരമായി തടഞ്ഞ ബാങ്ക്സിന് പക്ഷേ രണ്ടാം പകുതിയില്‍ ജഴ്സീഞ്ഞോയെ തടയാനായില്ല. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അന്നത്തെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് തോറ്റു.
തോറ്റെങ്കിലും ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലണ്ടിന് എതിരാളിയായി കിട്ടിയത് നാലു വര്‍ഷം മുന്‍പ് ഫൈനലില്‍ തോറ്റ പശ്ചിമ ജര്‍മനിയെയായിരുന്നു. 1966ലെ ഫൈനലിന്റെ ആവര്‍ത്തനം. പക്ഷേ, ബാങ്ക്സിന് അതൊരു ആന്റി ക്ലൈമാക്സായിരുന്നു. കടുത്ത വയറുവേദനയും ഛര്‍ദിയും കാരണം ബാങ്ക്സിന് അന്ന് കളിക്കാനായില്ല. ലിയോണില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനി ഇംഗ്ലണ്ടിനോട് നാലു വര്‍ഷം മുന്‍പത്തെ കണക്കുതീര്‍ക്കുമ്പോള്‍ ക്ഷീണിച്ച് അവശനായി ഹോട്ടല്‍ മുറിയിലെ ടിവി സെറ്റിന മുന്നില്‍ കുത്തിയിരിപ്പായിരുന്നു ബാങ്ക്സ്. ഇംഗ്ലണ്ട് 2-0 എന്ന സ്കോറില്‍ ലീഡ് ചെയ്തപ്പോള്‍ ആശ്വാസത്തോടെ ടിവി സെറ്റ് ഓഫാക്കിയിരുന്നു ബാങ്ക്സ് പിന്നീട് എക്സ്ട്രാ ടൈമില്‍ മുള്ളര്‍ നേടിയ ഗോളിന് ടീം തോറ്റ വിവരം ബാങ്ക്സ് അറിയുന്നത് ബോബി മൂര്‍ വന്നു പറയുമ്പോഴാണ്.
മത്സരം അട്ടിമറിക്കാന്‍ ബാങ്ക്സിന് വിഷം കൊടുത്തതാണെന്നു വരെ അന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് മറ്റൊരു ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തരം കഥകള്‍ക്കൊന്നും ബാങ്ക്സ് ഒരിക്കലും ചെവി കൊടുത്തില്ല. വര്‍ഷങ്ങള്‍ക്കുശേഷം 1966ലെ ലോകകപ്പ് മെഡല്‍ 124,750 പൗണ്ടിന് ലേലം ചെയ്യുകയായിരുന്നു ബാങ്ക്സ്.
Content Highlights: Gordon Banks Pele 1970 Save 1966 World Cup Football England Team