യേണ്‍ മ്യൂണിക്കിന്റെ സ്മരണികകളില്‍ ഒരൊറ്റ പുറമ്മക്കാരനേയുള്ളൂ. ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലം ബാഴ്‌സലോണയുടെ മാത്രം കുപ്പായമണിഞ്ഞ ലയണല്‍ മെസ്സി. മെസ്സിയുടെ പത്താം നമ്പര്‍ ബാഴ്‌സാ ജെഴ്‌സിയും ബൂട്ടും ഒരു സ്വര്‍ണപ്പന്തും പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട് ബയേണിന്റെ അലമാരയില്‍. ബയേണുമായി പുലബന്ധമില്ലാത്ത ഒരൊറ്റ താരത്തിനെ ഈയൊരു ആദരവ് നല്‍കിയിട്ടുള്ളൂ ബുണ്ടസ്‌ലീഗയിലെ വമ്പന്മാര്‍. ബയേണിനല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബയേണിന്റെ ഓള്‍ടൈം ലെജന്‍ഡ് ഗെർഡ് മുള്ളര്‍ക്ക് ലിയോ ഒപ്പിട്ടുനല്‍കിയതാണ് ബാഴ്‌സയുടെ വരയന്‍ കുപ്പായം. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന മുള്ളറുടെ നാലു പതിറ്റാണ്ടുകാലം ജീവിച്ച റെക്കോഡ് തിരുത്തിയതിനുള്ള ആദരം. 'മുള്ളര്‍ക്ക് എന്റെ ആദരം, ആശ്ലേഷം' എന്നെഴുതിയ ബാഴ്‌സയുടെ പത്താം നമ്പര്‍ കുപ്പായം  നിറഞ്ഞ ഹൃദയത്തോടെയാണ് മുള്ളര്‍ ഏറ്റുവാങ്ങിയത്. സന്തോഷത്തോടുകൂടി തന്നെ ഈ സ്‌നേഹസമ്മാനം തന്റെ പ്രാണനെ പ്രതിഷ്ഠിച്ച ബയേണിന് കൈമാറുകയും ചെയ്തു.

എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം മുള്ളറുടെ മറ്റൊരു റെക്കോഡ് കൂടി പഴങ്കഥയായി. ഒരൊറ്റ സീസണില്‍ നാല്‍പ് ഗോളെന്ന ഏതാണ്ട് അരനൂറ്റാണ്ടുകാലത്തെ ആയുസ്സുണ്ടായിരുന്ന റെക്കോഡ് തകര്‍ത്ത റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും മെസ്സിയെപ്പോലെ മുളളറെ ആദരിക്കാന്‍ മറന്നില്ല. ഫ്രെയ്ബര്‍ഗില്‍ വല കുലുക്കി ചരിത്രം തിരുത്തി ബയേണിന്റെ കുപ്പായം പൊക്കി അകത്തെ ബനിയനില്‍ ഫോര്‍ എവര്‍ ജെറഡ് എന്ന അടിക്കുറിപ്പോടെ ആലേഖനം ചെയ്ത മുള്ളറുടെ ചിത്രം ലോകത്തിന് മുന്നില്‍ അഭിമാനപുരസരം പ്രദര്‍ശിപ്പിക്കുകയായിരുന്നു ലെവന്‍ഡോവ്‌സ്‌കി. എന്നാല്‍, ബയേണ്‍ ടീം ഒന്നിച്ച് ആഘോഷിച്ച ഈ ആദരവ് മുള്ളര്‍ മാത്രം അറിഞ്ഞില്ല. തന്റെ എഴുപതുകളിലെ ചിത്രം നെഞ്ചില്‍ പതിച്ച് ലെവന്‍ഡോവ്‌സ്‌കി നെഞ്ചുവിരിച്ചുനില്‍ക്കുമ്പോഴേയ്ക്കും മറവിയുടെ മാറാലയ്ക്കുള്ളിലേയ്ക്ക് ഉള്‍വലിഞ്ഞുകഴിഞ്ഞിരുന്നു ജര്‍മന്‍ ഇതിഹാസം. ഓര്‍മയുടെ ഇതളുകളോരോന്നം ഊര്‍ന്നുവീണുകൊണ്ടിരിക്കുകയാണെന്ന സങ്കടവാര്‍ത്ത ഭാര്യ ഉഷി തന്നെയാണ് ലോകത്തെ അറിയിച്ചത്. ഭക്ഷണമൊന്നും കഴിക്കാതെ സദാ കിടക്കയില്‍ തന്നെയായിരുന്നു മുള്ളര്‍. എപ്പോഴെങ്കിലും ഒന്ന് എഴുന്നേറ്റാലായി. നാലടി നടന്നാലായി. ആശയവിനിമയം വല്ലപ്പോഴുമുള്ള തളര്‍ന്ന കണ്ണിന്റെ ഇമവെട്ടല്‍ മാത്രമായി.

Gerd Müller

പെനാല്‍റ്റി ബോക്‌സിലെ മുഹമ്മദലി എന്നൊരു വിളിപ്പേരുണ്ടായിരുന്നു മുള്ളര്‍ക്ക്. അലിക്ക് ഇടിക്കൂട് എങ്ങിനെയോ അതിലും മാരകമായിരുന്നു പെനാല്‍റ്റി ബോക്‌സ് ബോംബര്‍ എന്ന അപരനാമം പേറുന്ന മുള്ളര്‍ക്ക്. പശ്ചിമ ജര്‍മനിക്കുവേണ്ടി നേടിയ അറുപത്തിരണ്ടും ബയേണിനുവേണ്ടി നേടിയ 453 ഉം ഗോളുകളും മാത്രം മതി ഇതിന് സാക്ഷ്യം. എണ്ണിയാല്‍ തീരാത്ത ഇതിഹാസങ്ങള്‍ വന്നുപോയിട്ടും 1970നുശേഷം മറ്റൊരാള്‍ക്കും ഒരു ലോകകപ്പില്‍ പത്ത് ഗോള്‍ നേടാനായില്ല എന്നതും ഇതിന് കട്ടിമഷിയില്‍ തന്നെ അടിവരയിടുന്നു. അറംപറ്റിയതുപോലെയായി. അലിയെ അവസാനകാലത്ത് പാര്‍ക്കിന്‍സനാണ് തളര്‍ത്തിയതെങ്കില്‍ മുള്ളറെ വീഴ്ത്തിയത് മേധാക്ഷയത്തിന്റെ കണ്ണില്‍ചോരയില്ലാത്ത ടാക്ലിങ്ങായിരുന്നുവെന്നു മാത്രം.

മേധാക്ഷയത്തിലേയ്ക്ക് വഴുതിവീഴുംമുന്‍പ് മറ്റൊരു ഇരുണ്ടകാലം കൂടിയുണ്ടായിരുന്നു ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാള്‍ക്ക്. പതിനാല് ലോകകപ്പ് ഗോളുകള്‍ എന്ന റെക്കോഡിട്ട് എണ്‍പത്തിരണ്ടോടെയാണ് മുള്ളര്‍ ബൂട്ടഴിക്കുന്നത്. ഉയരക്കുറവ് കാരണം ഇന്‍ഷ്വറന്‍സ് ഏജന്റാവാന്‍ കൊള്ളാമെന്ന പരിഹാസം കേട്ട ചരിത്രമുണ്ട് മുള്ളര്‍ക്ക്. കുള്ളനെന്ന് ആദ്യം പരിഹസിച്ചത് ബയേണിലെ ആദ്യ പരിശീലകന്‍ സ്ലാറ്റ്‌കോ കയ്‌കോവ്‌സ്‌കിയാണ്. ഈ ഭാരോദ്വാഹകനെക്കൊണ്ട് ഞാനെന്തു ചെയ്യാന്‍ എന്നാണ് അന്ന് രണ്ടാം ഡിവിഷനുവേണ്ടി ബയേണിനെ പരിശീലിപ്പിച്ചുകൊണ്ടിരുന്ന കയ്‌കോവ്‌സ്‌കി പരിഹാസശരം എയ്തത്. എല്ലാറ്റിനും എണ്ണം പറഞ്ഞ ഗോളുകള്‍ കൊണ്ട് മാത്രമാണ് മുള്ളര്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നത്. കുള്ളനെന്നു വിളിച്ചവര്‍ തന്നെ ബോംബറെന്നും വിളിച്ചു. എതിര്‍പോസ്റ്റില്‍ അയാള്‍ വിതയ്ക്കുന്ന വിനാശത്തില്‍ ആഹ്ലാദിച്ചു. എന്നാല്‍, പന്തിനോട് വിടപറഞ്ഞശേഷം ഗോളടിയിലെ കൃത്യതയും നിഷ്ഠയും തുടരാന്‍ മുള്ളര്‍ക്കായില്ല. മദ്യമായിരുന്നു അഭയം. അതായിരുന്നു ആദ്യ സെല്‍ഫ് ഗോള്‍. കളി മറന്ന് മദ്യത്തില്‍ മുങ്ങിക്കുളിച്ചു. ജീവിതം മെല്ലെ ഇരുട്ടിലേയ്ക്ക് നീങ്ങി. മെല്ലെ വിഷാദക്കയത്തിലേയ്ക്ക് വഴുതിവീണു. കളിയിലെ സമ്മര്‍ദമാണ് മുള്ളറെ വഴിതെറ്റിച്ചതെന്ന് പറഞ്ഞിരുന്നു ഭാര്യ ഉഷി. സഹകളിക്കാരായിരുന്നു അക്കാലത്ത് തുണ. അവരുടെ നിര്‍ദേശപ്രകാരമാണ് പുനരധിവാസകേന്ദ്രത്തില്‍ ചികിത്സ തേടിയത്. 

Gerd Müller

മുള്ളര്‍ തോറ്റുകൊടുത്തില്ല. മദ്യത്തിന്റെ കടമ്പ കടന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. മുള്ളറില്ലെങ്കില്‍ ബയേണില്ല എന്നു പറഞ്ഞത് മറ്റൊരു ഇതിഹാസം ബെക്കന്‍ബോവറാണ്. ഒടുവില്‍ ജീവിതത്തില്‍ കാലിടറിയപ്പോള്‍ മുള്ളര്‍ക്ക് തുണയായത് ബയേണ്‍ തന്നെ. അവര്‍ രണ്ടാം ഡിവിഷന്‍ ടീമിന്റെ പരിശീലകനാക്കി. അത് മുള്ളര്‍ക്കൊരു രണ്ടാം ജന്മമായി. ജീവിതത്തിലേയ്ക്ക് മെല്ലെ പിച്ചവെച്ച് തിരിച്ചുനടക്കുന്ന ഇക്കാലത്താണ് മേധാക്ഷയം പിടികൂടിയത്. ഇതില്‍ നിന്നു പക്ഷേ, തിരിച്ചുവരാന്‍ ബോംബര്‍ക്കായില്ല.

Gerd Müller

ഫുട്‌ബോളില്‍ വിധിയുടെ വിചിത്രമായ ചില വിളയാട്ടങ്ങളുണ്ട്. ചില നിര്‍ദയഫൗള്‍പ്ലേകള്‍. സമ്പന്നമായ ഓര്‍മകള്‍ മുള്ളറെ വിട്ടുപിരിഞ്ഞുവെന്ന ഞെട്ടുന്ന വിവരം ഭാര്യ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ കാലത്ത് തന്നെയാണ് ഇംഗ്ലീഷ് ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണും മേധാക്ഷയത്തിലേയ്ക്ക് കാല്‍വഴുതിവീണ വിവരം ലോകമറിഞ്ഞത്. മുള്ളറും ചാള്‍ട്ടണും മാത്രമല്ല, അല്‍ഷിമേഴ്‌സിന്റെ ടാക്ലിങ്ങില്‍ വീണവര്‍ വേറെയുണ്ടായിരുന്നു ഫുട്‌ബോളില്‍. ഹംഗേറിയൻ ഇതിഹാസം ഫ്രാങ്ക് പുഷ്‌കാസ്, മുള്ളര്‍ക്കൊപ്പം  ജര്‍മനിക്ക് എഴുപത്തിനാലിലെ ലോകകപ്പ് നേടിക്കൊടുത്ത ഹോട്ട്ജസ്, ഹെല്‍മട്ട് ഹോളര്‍, ഇംഗ്ലീഷ് താരങ്ങളായ റേ വില്‍സണ്‍, മാര്‍ട്ടിന്‍ പീറ്റേഴ്‌സ്, ബോബി ചാള്‍ട്ടന്റെ സഹോദരന്‍ ജാക് ചാള്‍ട്ടണ്‍. മറ്റുള്ളവരേക്കാള്‍ മേധാക്ഷയം ബാധിക്കാനുള്ള സാധ്യത ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മൂന്നര ഇരട്ടി കൂടുതലാണെന്നാണ് അക്കാലത്ത് ഗ്ലാസ്‌കോ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞത്. ഒരു ബോക്‌സറുടെ തല പോലെയാണ് ഒരു ഫുട്‌ബോള്‍ താരത്തിന്റെ തലയെന്ന് മറ്റൊരു പഠനം കണ്ടെത്തി. മുന്‍ ഇംഗ്ലീഷ് സെന്റര്‍ ഫോര്‍വേഡ് ജെഫ് ആസ്ലെയുടെ അകാലമരണമാണ് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ കൊല്ലമാണ് പതിനൊന്ന് വയസിന് താഴേ പ്രായമുള്ള കുട്ടികളെ ഹെഡ് ചെയ്യാന്‍ പഠിപ്പിക്കരുതെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തിട്ടൂമിറക്കിയത്. ജര്‍മനിയിലുമുണ്ട് പതിമൂന്ന് വയസിന് താഴേയുള്ളവര്‍ക്ക് ഹെഡ്ഡറുകള്‍ക്ക് നിയന്ത്രണം. വെറും 1.76 മീറ്റര്‍ ഉയരവും കൊണ്ട് ചാടി ഹെഡ് ചെയ്തു വലകുലുക്കുന്ന മുള്ളറെ അവര്‍ പഠനവിഷയമാക്കിയതായി അറിവില്ല. മേധാക്ഷയത്തിന് മാത്രമല്ല, പലതിനും പഠനവിഷയമാകേണ്ടിയിരുന്നയാളായിരുന്നു മുള്ളര്‍. ഒരു പണത്തൂക്കത്തിന് പോലും പെലെയ്ക്കും മാറഡോണയ്ക്കും മെസ്സിക്കും പിറകില്‍ പോകാന്‍ പാടില്ലാത്തയാള്‍. മുള്ളറെ കവർന്നപോലെ നമ്മളെ ഒരിക്കലും മറവി അപഹരിക്കരുത്. അതാവും കാലത്തിന്റെ ഏറ്റവും വലിയ പിഴ. അത്തരമൊരു ഫൗൾ കൂടി മുള്ളർ അർഹിക്കുന്നില്ല.

Content Highlights: German Football Legend Gerd Muller Goal Scorer, Fifa World Cup Bayern Munich, Messi