-
ജെസ്സി ഓവന്‍സിന്റെ ട്രാക്കിലെ മിന്നല്‍പ്പിണരിനേക്കാള്‍ ഒരുപക്ഷേ, ചരിത്രം ബെര്‍ലിന്‍ ഒളിമ്പിക്സിനെ അടയാളപ്പെടുത്തിയിരിക്കുക ഓവന്സിനോടുള്ള അഡോള്‍ഫ് ഹിറ്റ്ലറുടെ നിന്ദ്യമായ നെറികേടിന്റെ പേരിലായിരിക്കണം. ലോംഗ്ജമ്പിലെ തന്റെ അഞ്ചാമത്തെ ശ്രമത്തില്‍ ഓവന്‍സ് 7.94 മീറ്റര്‍ താണ്ടിയ അടുത്തക്ഷണം ഹിറ്റ്ലര്‍ ഒളിപ്യാസ്റ്റേഡിയനിന്റെ ആര്ഭാടത്തില് നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയതായാണ് ചരിത്രം. ഓവന്‍സ് പിന്നെ ഒരു പന്ത്രണ്ട് സെന്റീമീറ്റര്‍ കൂടി ചാടി ചരിത്രം രചിക്കുന്നത് കാണാന്‍ നിന്നില്ലെന്നു മാത്രമല്ല, ഓവന്‍സിന് മെഡല്‍ സമ്മാനിക്കാനോ കൈകൊടുത്ത് അഭിനന്ദിക്കാനോ കൂട്ടാക്കുകയും ചെയ്തില്ല ഒളിമ്പിക്സ് കൊണ്ട് ലോകത്തിന് മുന്നില്‍ നാസി ജര്‍മനിയുടെ പൊങ്ങച്ചം കെട്ടിവയ്ക്കാനൊരുങ്ങിയ ചാന്സ്ലര്. നാസി വര്‍ണവെറിയുടെ ഏറ്റവും ഹീനമായ ദൃഷ്ടാന്തമെന്ന് ചരിത്രം നിസ്സംശയമെഴുതി ഈ ദിനത്തെ.
എന്നാല്‍, നാസി ഹിറ്റ്ലറല്ല, സ്വന്തം ഡെമോക്രാറ്റ് പ്രസിഡന്റ് ഫ്രാങ്ക്ളിന് റൂസ്വേള്ട്ടാണ് തന്നെ അക്ഷരാര്‍ഥത്തില്‍ അപമാനിച്ചതെന്നാണ് ഓവന്‍സ് തുറന്നുപറഞ്ഞത്. ഹിറ്റ്ലറുടെ മൂക്കിന്തുമ്പില് ചരിത്രനേട്ടം ഉണ്ടാക്കിയിട്ടും പ്രസിഡന്റ് തന്നെ അഭിനന്ദിച്ച് ഒരു ടെലിഗ്രാം പോലുമയച്ചില്ലെന്ന് ഒളിമ്പിക്സ് കഴിഞ്ഞ ഒരു മാസത്തിനുശേഷം കാന്‍സാസ് സിറ്റിയില്‍ തടിച്ചുകൂടിയ ആയിരത്തോളം വരുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ അഭിസംബോധന ചെയ്തുകൊണ്ട് ഓവന്‍സ് സങ്കടത്തോടെ പറഞ്ഞു. തൊണ്ണൂറുകളില്‍ കാള്‍ ലൂയിസിന്റെ ഉദയം വരെ അമേരിക്കന്‍ കായികരംഗം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനമായിട്ടും ഓവന്‍സിനെ വൈറ്റ്ഹൗസിന്റെ പടികയറ്റാന്‍ പോലും തയ്യാറായിരുന്നില്ല റൂസ്വേള്ട്ട്. ബര്‍ലിനിലെ വിജയമാഘോഷിക്കാന്‍ വൈറ്റ്ഹൗസില്‍ ഒരുക്കിയ വിരുന്നില്‍ വെളുത്തവര്‍ഗക്കാര്‍ക്ക് മാത്രമായിരുന്നു ക്ഷണം. നാലു പതിറ്റാണ്ട് കഴിഞ്ഞ്, അന്നത്തെ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് വൈറ്റ്ഹൗസില്‍ വിളിച്ചുവരുത്തി പ്രസിഡന്‍ഷ്യല്‍ മെഡല്‍ സമ്മാനിച്ച് പിഴതീര്ക്കുമ്പോഴേയ്ക്കും അറുപത്തിരണ്ട് വയസ്സായിക്കഴിഞ്ഞിരുന്നു ഓവന്‍സിന്. നാലു വര്‍ഷത്തിനുശേഷം അറുപത്തിയാറാം വയസ്സില്‍ ജീവിതത്തിന്റെ ട്രാക്കിനോട് വിടപറയുകയും ചെയ്തു. ബെര്‍ലിനിലെ പ്രകടനത്തെ ആദരിക്കാന്‍ പിന്നെയും നാലു പതിറ്റാണ്ട് വേണ്ടിവന്നു വൈറ്റ്ഹൗസിന്. അന്നത്തെ മെഡല്‍ ജേതാക്കളായ പതിനെട്ട് ബ്ലാക്ക് ഹീറോസിനുവേണ്ടി പ്രസിഡന്റ് ബാരക് ഒബാമ ഒരുക്കിയ പ്രായശ്ചിത്ത വിരുന്നില്‍ ഓവന്‍സിന്റെ മകള്‍ മര്ലിന് ഓവെന്‍സ് റാന്‍കിനാണ് പങ്കെടുത്തത്.

സർവശക്തനായ പോട്ടുസ് വിരുന്ന് നല്കി പാപം കഴുകി കൈകുടഞ്ഞിട്ട് കൊല്ലം നാലായി. പക്ഷേ, വൈറ്റ്ഹൗസിന് ചുറ്റും ഇന്നും വര്‍ണവെറി കൊളുത്തിയ തീയാളുകയാണ്. പ്ലക്കാര്‍ഡേന്തിയ പ്രതിഷേധക്കാര്‍ക്കെതിരേ തോക്കേന്തിയ സൈനികരെ വിന്യസിക്കുകയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ചെയ്തത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മറ്റൊരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതിലിലെത്തി, അബ്രഹാം ലിങ്കന്റെയും മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെയും അമേരിക്കന്‍ ഐക്യനാട്. ഓവന്‍സില്‍ നിന്ന് മുന്നോട്ടല്ല, നൂറു കാതം പിറകോട്ടാണ് അമേരിക്കയുടെ സഞ്ചാരമെന്ന് ഡെരക് ഷൗവിന്റെ മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ജോര്‍ജ് ഫ്ളോയിഡിന്റെ നിലവിളി ദൈന്യസ്വരത്തില് വിളിച്ചുപറയുന്നു.
ഹിറ്റ്ലര്‍ വര്‍ണവെറിയില്‍ നീറ്റിയെടുത്ത തന്റെ നാസി അധിനിവേശസംഹിതയുടെ രാജസൂയത്തിന് ഒളിമ്പിക്്സ് തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല. ഒളിമ്പിക്സ് മുതല്‍ ലാലീഗ വരെയുള്ള മഹാമാമാങ്കങ്ങളുടെ കെട്ടഴിച്ചാല്, കളിക്കളങ്ങളോളം ഈ വിഷവിത്ത് വീണുവിളയുന്ന മറ്റൊരിടമില്ലതന്നെ. ഹിറ്റ്ലര്‍ കെട്ടിപ്പൊക്കിയ അഹന്തയുടെ ആ സ്തംഭം ഒളിംപ്യാസ്റ്റേഡിയനില്‍ ഒറ്റവെട്ടിന് ജെസ്സി ഓവന്‍സ് അറുത്തിട്ടെങ്കിലും ആ വിദ്വേഷത്തിന്റെ വേരറ്റില്ല. അത് ബെര്‍ലിനെയും അതിജീവിച്ച് അനുസ്യൂതം തുടര്‍ന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്തിലമര്‍ന്ന ഡെരെക് ഷൗവിന്റെ കാല്‍മുട്ട് അതിലൊരു കണ്ണീരുപുരണ്ട കണ്ണി മാത്രം. ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ മ്യൂണിക്കിലെയും ബാഴ്സലോണയിലെയും ലണ്ടനിലെയുമെല്ലാം തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങളില്‍, പുല്‍മൈതാനങ്ങളില്‍, പിച്ചില്‍, ട്രാക്കില്‍ ആയിരക്കണക്കിന് ഫ്ളോയിഡുമാരെ ക്രൂരമായ അധിക്ഷേപങ്ങള്‍ കൊണ്ട് കൊല്ലാക്കൊല നടത്തിക്കൊണ്ടേയിരുന്നു.
കായികരംഗം വര്‍ണവിവേചനത്തിന്റെ നെറികേടിന് ആദ്യമായി കുടപിടിക്കുന്നത് ബെര്‍ലിന്‍ ഒളിമ്പികസിലല്ല. 1932ലെ ഒളിമ്പിക്സിന് ലോസ് ആഞ്ജലിസ് കച്ചകെട്ടിയൊരുങ്ങുമ്പോള് രണ്ടുപേര്‍ ചരിത്രം കുറിക്കുന്നുണ്ടായിരുന്നു. ടിഡി പിക്കറ്റും ലൂയിസ് സ്റ്റോക്സും. ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുന്ന ആദ്യത്തെ അമേരിക്കന്‍ കറുത്തവര്ഗക്കാരികള്. എന്നാല്‍, സ്വന്തം നാട്ടില്‍ ഒളിമ്പിക്സിന് തിരിതെളിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു മറിമായം സംഭവിച്ചു. പിക്കറ്റും സ്റ്റോക്സും പുറത്ത്. പകരം രണ്ട് വെള്ളക്കാരികള് ടീമില്‍. ഇരുവരും പിന്നെയും നാലു വര്‍ഷം തപസിരുന്നു. ബെര്‍ലിന്‍ വരെ. സ്റ്റോക്ക്സിനെ ഇക്കുറിയും കാത്തിരുന്നത് പഴയ നാടകം തന്നെ. മികച്ച പ്രകടനം പുറത്തെടുത്തിട്ടും മറ്റൊരു വെള്ളക്കാരി ജെസ്സി ഓവന്‍സിനും മറ്റുമൊപ്പം ബെര്‍ലിനിലേയ്ക്ക് പറന്നു. പിക്കറ്റിന് ടിക്കറ്റ് കിട്ടി. സെമിയില്‍ മാറ്റുരയ്ക്കുകയും ചെയ്തു. ഇക്കുറി ക്രൂരത വിധിയുടേതായിരുന്നു. ഓട്ടത്തിനിടെ വീണ് കാലൊടിഞ്ഞ് പിന്മാറേണ്ടിവന്നു ഷുവര്‍ ബെറ്റായ പിക്കറ്റിന്. വിധി വൈതരണി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കയ്ക്ക് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുക്കുന്ന ആദ്യ കറുത്ത വര്ഗക്കാരിയാകുമായിരുന്നു പിക്കെറ്റെന്നാണ് ഇവരെ കുറിച്ച് ഡോക്യുമെന്ററിയൊരുക്കിയ ഡെബോറ റിലെ ഡ്രാപ്പര്‍ പില്ക്കാലത്ത് പറഞ്ഞത്.

ജെസ്സി ഓവന്‍സിന്റെ അമാനുഷിക പ്രകടനത്തില്‍ മുങ്ങിപ്പോയ ബെര്‍ലിന്‍ ഒളിമ്പിക്സിന് ഇങ്ങനെയുമുണ്ട് കുറേ നിറംകെട്ട അറിയാക്കഥകള്‍. ഹിറ്റ്ലര്‍ കൈകൊടുക്കാത്തതിന് ജെസ്സി ഓവന്‍സ് അനുഭവിച്ചതിലും വലിയ വേദന കറുത്തവനായതുകൊണ്ട് മാത്രം അനുഭവിച്ച മറ്റ് രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു അന്നത്തെ അമേരിക്കന്‍ ടീമില്‍. ബോക്സര്‍മാരായ ഹൊവെല്‍ കിങ്ങും ജോ ചര്‍ച്ചും. പത്ത് ദിവസം ബോട്ടില്‍ യാത്ര ചെയ്താണ് കിങ്ങും ചര്‍ച്ചും ബെര്‍ലിനിലെത്തിയത്. അവിടെ അവരെ വരവേറ്റതാവട്ടെ ടീമില്‍ സ്ഥാനമില്ലെന്ന ഞെട്ടുന്ന വാര്‍ത്തയും. ടീം മാനേജര്‍ കണ്ണില്‍ ചോരയില്ലാതെ തന്നെ ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി. കിങ്ങിന് വീട് വിട്ടുനില്‍ക്കാന്‍ മടിയായിരുന്നുവെന്നാണ് മാനേജര്‍ അന്ന് കൊടുത്ത വിശദീകരണം. എന്നാല്‍, തന്നെ ഒഴിവാക്കി ഒരു വെള്ളക്കാരനായ ബോക്സര്‍ക്ക് മത്സരിക്കാന്‍ അവസരം കൊടുക്കുകയായിരുന്നു മാനേജരെന്ന് കിങ് തന്നെ പിന്നീട് തുറന്നുപറഞ്ഞു.
ബെര്‍ലിനില്‍ തുടരാന്‍ ഭാഗ്യം കിട്ടിയ കറുത്ത വര്ഗക്കാരെയാവട്ടെ ദയനീയമായ അവസ്ഥയാണ് വരവേറ്റത്. ഗെയിംസ് വില്ലേജില്‍ വെള്ളക്കാരായ സഹതാരങ്ങള്‍ക്കൊപ്പം താമസിക്കാനുള്ള അവസരം പോലുമുണ്ടായിരുന്നില്ല ഇവര്‍ക്ക്. ദുരിതമത്രയും സഹിച്ച് മെഡല്‍ നേടി നാട്ടിലെത്തിയപ്പോള്‍ കാത്തിരുന്നതോ അതിലും വലിയ അപമാനവും. ഓവന്‍സിന് പിറകില്‍ ഒളിമ്പിക് റെക്കോഡ് തകര്‍ത്ത് വെള്ളി മെഡല്‍ നേടിയ മാക്ക് റോബിന്‍സണ്‍ പില്ക്കാലത്ത് തന്റെ ഒളിമ്പിക് കോട്ട് ഉപയോഗിച്ചത് തെരുവ് തൂത്തുവാരുമ്പോള്‍ തണുപ്പടിക്കാതിരിക്കാനായിരുന്നുവെന്നൊരു കഥകൂടിയുണ്ട്.
ജെസ്സി ഓവന്‍സില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യ അമേരിക്കന്‍ കറുത്തവര്‍ഗക്കാരിയായ ആലിസ് കോച്ച്മാന് ഡേവിസിന്റെ കഥ. രണ്ടാം ലോകമഹായുദ്ധം കാരണം ഒരു ഒളിമ്പിക്സ് നഷ്ടമായ കോച്ച്മാന് ലണ്ടനിലാണ് ഹൈജമ്പ് സ്വര്‍ണം നേടി ചരിത്രം കുറിക്കുന്നത്. ഞാനന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ പിന്നീടാരും എന്റെ പാത പിന്തുടരുമായിരുന്നില്ലെന്നാണ് പില്ക്കാലത്ത് വില്‍മ റുഡോള്‍ഫിനും ഫ്ളോറന്‍സ് ഗ്രിഫത്ത് ജോയ്നര്ക്കും സിമോണ്‍ ബൈല്‍സിനും വില്ല്യംസ് സഹോദരിമാര്‍ക്കും നവോമി ഒസാക്കയ്ക്കുമെല്ലാം വഴികാട്ടിയ കോച്ച്മാന് പറഞ്ഞത്. എന്നാല്‍, ഓവന്‍സിന്റെ ഗതി തന്നെയായിരുന്നു കോച്ച്മാനും. ഒളിമ്പിക് സ്വര്‍ണവുമായി ലണ്ടനില്‍ നിന്ന് ജന്മനാടായ ആല്‍ബനിയിലെത്തിയ കോച്ച്മാന് കൈകൊടുക്കാന്‍ അന്നത്തെ മേയര്‍ തയ്യാറായില്ല. ലോകമഹായുദ്ധം കാരണം 1940ലെ ഒളിമ്പിക് ഉപേക്ഷിക്കപ്പെട്ടില്ലായിരുന്നെങ്കില് ലോകത്തിലെ ഏറ്റവും മികച്ച വനിതാ അത്ലറ്റാകുമായിരുന്ന കോച്ച്മാന്റെ ഒരു ചിത്രം അന്ന് ഒന്നാം പേജില്‍ അച്ചടിക്കാന്‍ കൂട്ടാക്കിയിരുന്നില്ല ആല്‍ബനി ഹെറാള്‍ഡ് എന്ന അന്നത്തെ മുന്‍നിര പത്രം.

ജന്മനാട്ടില് ആദരിക്കപ്പെട്ടില്ലെങ്കിലും ലോക കായികചരിത്രത്തില്‍ കോച്ച്മാന് കൊളുത്തിയത് പുതിയൊരു നാളമായിരുന്നു. അതേറ്റുപിടിച്ചാണ് ഒരു പതിറ്റാണ്ടിനുശേഷം റോമില്‍ വില്‍മ റുഡോള്‍ഡ് ട്രിപ്പിള്‍ സ്വര്‍ണം നേടി ലോകത്തെ ഞെട്ടിക്കുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വര്‍ണവെറിയുടെ ദുഷിച്ച ലോകഗതി തെല്ലുംമാറിയില്ല. 1968ല്‍ റോമില്‍ യു.എസ്. സ്പ്രിന്റര്‍മാരായ ടോമ്മി സ്മിത്തിനും ജോണ്‍ കാര്‍ലോസിനും മെഡല്പീഠത്തില് വിഖ്യാതമായ ബ്ലാക്ക് പവര്‍ സെല്യൂട്ട് കൊടുത്ത് ലോകത്തെ ഞെട്ടിക്കേണ്ടിവന്നതിന്റെ കാരണം മറ്റൊന്നല്ല. ലോക റെക്കോഡ് തകര്‍ത്ത് സ്വര്‍ണം നേടിയ സ്മിത്തും വെങ്കലം നേടിയ കാര്‍ലോസും ഷൂസ് ഉപേക്ഷിച്ച് കറുത്ത സോക്സും കറുത്ത കൈയുറയും ധരിച്ചാണ് ഡേവിഡ് സെസിലില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങിയത്. വെള്ളി നേടിയ ഓസ്ട്രേലിയക്കാരന് പീറ്റര്‍ നോര്‍മാനും പ്രതിഷേധത്തില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ പ്രതിഷേധം. ജോണ്‍ ഡോമിന്സ് പകര്‍ത്തിയ ആ ചിത്രം ജെസ്സി ഓവന്‍സിന്റെ ബെര്‍ലിന്‍ പ്രകടനം പോലെ തന്നെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണിന്ന്.
എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഈ പ്രതിഷേധം അത്ര പിടിച്ചില്ല. ഇരുവരെയും ടീമില്‍ നിന്ന് പുറത്താക്കാന്‍ അവര്‍ യു.എസ്. ഒളിമ്പിക് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ആദ്യം വഴങ്ങാതിരുന്ന കമ്മിറ്റി സമ്മര്‍ദം കടുത്തതോടെ തലകുമ്പിട്ടു. സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ ടീമില്‍ നിന്ന് പുറത്ത്. നാട്ടില്‍ ഇവരെ കാത്തിരുന്നത് ഹൃദ്യമായ സ്വീകരണമായിരുന്നില്ല. കടുത്ത പ്രതിഷേധത്തിലേയ്ക്കാണ് ഇരുവരും വിമാനമിറങ്ങിയത്. ടൈം മാസിക രൂക്ഷമായ ഭാഷയിലാണ് മെക്സിക്കോ സിറ്റി സംഭവത്തെ വിശേഷിപ്പിച്ചത്. അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയായി. വധഭീഷണികളും മുറയ്ക്കു വന്നു. ഓസ്ട്രേലിയയില്‍ നോര്മാനുമുണ്ടായില്ല എതിര്‍പ്പിന് പഞ്ഞം. പ്രതികാരമായി അവര്‍ 1972 ഒളിമ്പിക്സിനുള്ള ഓസീസ് ടീമില്‍ നിന്ന് നോര്‍മാനെ തഴയുക പോലും ചെയ്തു. പിന്നീട് നോര്മാന് മരിച്ച് ആറു വര്‍ഷത്തിനുശേഷമാണ് ഓസ്ട്രേലിയ ഇതിനെല്ലാം ഔദ്യോഗികമായി ക്ഷമാപണം നടത്തുന്നത്. സ്മിത്തിനോടും കാര്‍ലോസിനോടും അമേരിക്ക അതും ചെയ്തില്ല.

ജൂതരുടെ രക്തം വീണ് പങ്കിലമായ 1972 മ്യൂണിക്ക് ഗെയിംസും സാക്ഷ്യംവഹിച്ചു സമാനമായൊരു പ്രതിഷേധത്തിന്. അമേരിക്കന്‍ സ്പ്രിന്റര്‍മാരായ വിന്‍സെന്റ് മാത്യൂസും വെയ്ന്‍ കളക്റ്റും മെഡല്‍ വാങ്ങുമ്പോള്‍ അമേരിക്കന്‍ ദേശീയഗാനത്തിന് എഴുന്നേല്ക്കാന് കൂട്ടാക്കിയില്ല. താടി ചൊറിഞ്ഞ് മെഡല്‍ വട്ടംകറക്കി സ്റ്റേഡിയം വിട്ട ഇരുവരെയും കാണികള്‍ നിര്‍ത്താതെ കൂവുകയായിരുന്നു. ഇരുവരെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആജീവനാന്തവിലക്ക് സമ്മാനിച്ചു. ഇതോടെ മെഡല്‍ ഉറപ്പായിരുന്ന 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിന്ന് അമേരിക്കയ്ക്ക് പിന്‍വാങ്ങാതെ തരമില്ലെന്നായി. ഈ പ്രതിഷേധം മ്യൂണിക്ക് കൂട്ടക്കൊലയുടെ ചോരപ്പുഴയില്‍ മുങ്ങിപ്പോവുകയാണുണ്ടായത്.
പ്രതിഷേധങ്ങള്‍ക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ലെങ്കിലും വര്‍ണവിവേചനം അനുസ്യൂതം തുടര്‍ന്നു. കോച്ച്മാന് ലണ്ടനില്‍ ഒളിമ്പിക് സ്വര്‍ണം നേടുന്ന കാലത്ത് തന്നെയാണ് അമേരിക്കന്‍ ബേസ്ബോള്‍ താരം ജാക്കി റോബിന്‍സണ്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ അങ്ങേയറ്റം നിന്ദിക്കപ്പെട്ടുകൊണ്ടിരുന്നത്. ബേസ്ബോളിലെ വര്‍ണവിവേചനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചിട്ടും റോബിന്‍സനൊപ്പം കളിക്കാന്‍ ഡോഡ്ജര്‍ ക്ലബ് ഹൗസിലെ താരങ്ങള്‍ കൂട്ടാക്കിയിരുന്നില്ല. നാഷണല്‍ ലീഗില്‍ റോബിന്‍സണ്‍ എതിരേ കളിക്കുകയാണെങ്കില്‍ തങ്ങള്‍ സമരം ചെയ്യുമെന്നുവരെ ഭീഷണി മുഴക്കിയിരുന്നു സെന്റ് ലൂയിസ് കാര്‍ഡിനല്‍സ്. കളിക്കളത്തില്‍ റോബിന്‍സനെ ശാരീരികമായി നേരിടാനും മറന്നില്ല വെള്ളക്കാരായ എതിര് ടീമംഗങ്ങള്‍.
ജെസ്സി ഓവന്‍സ് മുതല്‍ ഉസൈന്‍ ബോള്‍ട്ട് വരെയുള്ള കറുത്തവര്‍ അരങ്ങുവാഴുന്ന അത്ലറ്റിക്സല്ല, പെലെയും യൂസേബിയോയും ജോര്‍ജ് വിയയുമെല്ലാം കിരീടംവച്ചുവാണ ഫുട്ബോളാണ് വൃത്തികെട്ട വര്‍ണവിവേചനത്തിന്റെ ശരിയായ ചതുപ്പുനിലം. ഫ്ളോറിഡ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ 2019ല്‍ വര്‍ണവെറിയുമായി ബന്ധപ്പെട്ടുണ്ടായ കേസുകളില്‍ അറുപത്തിരണ്ട് ശതമാനവും ഫുട്ബോളില്‍ നിന്നായിരുന്നു.
പതിറ്റാണ്ടുകളായി ബ്രസ്സല്‍സിലും സെഗ്രബിലും ലിസ്ബണിലും ഡോര്‍ട്ട്മുണ്ടിലും മിലാനിലും ആംസ്റ്റര്‍ഡാമിലും ലണ്ടനിലും മോസ്ക്കോയിലുമെല്ലാം വര്ണവെറിയന്മാര് നിര്‍ബാധം അഴിഞ്ഞാടുകയായിരുന്നു. ഈ വര്‍ണവെറിക്ക് വിധേയരാവാത്ത തൊലി കറുത്ത ഒരൊറ്റ താരം പോലുമുണ്ടാവില്ല ലോകത്ത്. സൂപ്പര്താരപദവിയോ കളിക്കളത്തിലെ മികവോ ലക്ഷക്കണക്കിന് വരുന്ന ഫാന്‍സിന്റെ പിന്തുണയോ ഒന്നും തന്നെ നെയ്മര്‍ക്കും ഡാനി ആല്വെസിനും റൊണാള്ഡിന്യോയ്ക്കും തിയറി ഓൻറിക്കും റൊമേലു ലുക്കാക്കുവിനും പോള്‍ പോഗ്ബയ്ക്കും റഹീം സ്റ്റര്‍ലിങ്ങിനും ദിദിയര്‍ ദ്രോഗ്ബയ്ക്കുമൊന്നും രക്ഷയായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും യുവന്റസിനും റയല്‍ മാഡ്രിഡിനുമൊന്നും പിഴയൊടുക്കി മടുത്തിട്ടും ആരാധകരുടെ വെറിക്ക് വിലങ്ങിടാനായില്ല.

കോവിഡ് ലോക്ഡൗണ്‍ ലോകത്തെ മുഴുവന്‍ അടച്ചിടുന്നതിന് തൊട്ടുമുന്‍പ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ടോട്ടനമും ഏറ്റുമുട്ടുകയാണ്. അറുപത്തിമൂന്നാം മിനിറ്റായപ്പോള്‍ ചെല്‍സി ഡിഫന്‍ഡര്‍ അന്റോണിയോ റുഡിഗര്‍ റഫറി അന്തോണി ടെയ്ലറെ സമീപിച്ചു. കാണാതെ പോയൊരു ഫൗളായിരുന്നില്ല കാരണം. റുഡിഗറുടെ പരാതി ഗ്യാലറിയിലെ ടോട്ടനം ആരാധകരുടെ അധിക്ഷേപത്തിനെതിരേയായിരുന്നു. യുവേഫയുടെ പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച് റഫറി ടെയ്ലര് മത്സരം നിര്‍ത്തിവച്ചു. സ്റ്റേഡിയം അനൗണ്സര് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കാണികള്‍ വഴങ്ങാതായതോടെയാണ് റഫറിക്ക് മത്സരത്തിനുതന്നെ ചുവപ്പുകാര്‍ഡ് കാണിക്കേണ്ടിവന്നത്.
എന്നാല്‍, റുഡിഗറുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ് ടോട്ടനമും പോലീസും കേസ് തള്ളുന്നതാണ് പിന്നീട് കണ്ടത്. പകരം ടോട്ടനം താരം സന് ഹ്യുങ് മിന്നിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് ഒരു ചെല്‍സി ആരാധകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, റുഡിഗര്‍ പ്രശ്നം സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു. പ്രതികരിച്ചില്ലെങ്കില്‍ മുന്‍പെന്നത്തേയും പോലെ ഇതും മറന്നുപോകും എന്നാണ് ഇതിന് ട്വിറ്ററില്‍ റുഡിഗര്‍ പറഞ്ഞ ന്യായം.
ഏറെ കഴിഞ്ഞില്ല, പോര്‍ച്ചുഗലില്‍ എഫ്.സി. പോര്‍ട്ടോയുടെ മലിക്കാരന് സ്ട്രൈക്കര്‍ മൗസ മരേഗ മത്സരമധ്യേ ഇറങ്ങിപ്പോവാന്‍ തുനിഞ്ഞത് വര്‍ണവിദ്വേഷവും അധിക്ഷേപം സഹിക്കവയ്യാതെയാണ്. ഗോളടിച്ചശേഷം തന്റെ തൊലിയുടെ നിറം പ്രദര്‍ശിപ്പിച്ച മരേഗയ്ക്ക് ഒരു മഞ്ഞക്കാര്‍ഡ് സമ്മാനിക്കുകയാണ് റഫറി ചെയ്തത്.
കായികരംഗത്ത് വര്‍ണവെറി താരതമ്യേന കുറഞ്ഞുവരുന്നതായി യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു കണക്കെടുപ്പിന്റെ വിവരം പുറത്തുവന്ന് ഏറെക്കഴിയും മുന്‍പാണ് റുഡിഗര്ക്കും മരേഗയ്ക്കും വംശീയാധിക്ഷേപത്തിന്റെ കയ്പുനീരു കുടിക്കേണ്ടിവന്നത് എന്നതാണ് രസകരം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എ.സി.മിലാനും എ.എസ്. റോമയും തമ്മിലുള്ള സീരി എ മത്സരത്തിന് ഇറ്റാലിയന്‍ സ്പോര്‍ട്സ് പത്രമായ കൊരിയേരെ ഡെല്ലോ സ്പോര്‍ട്സ് നിരത്തിയ തലക്കെട്ട് ബ്ലാക്ക് ഫ്രൈഡെ എന്നായിരുന്നു. വര്‍ണവെറിയുടെ വിളനിലമായ ഇറ്റാലിയന്‍ ഫുട്ബോളിന് ഇതിലും യോജിച്ചൊരു തലക്കെട്ട് ഇനി വേറെ ഉണ്ടാവാനില്ല. പക്ഷേ, ഫലമൊന്നുമുണ്ടായില്ല രണ്ട് മാസത്തിനുശേഷം മരിയോ ബലൊടെല്ലി വെറോണയില്‍ വച്ച് വീണ്ടും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ടു. പന്ത് ഗ്യാലറിയിലേയ്ക്ക് അടിച്ചുപറത്തി മത്സരം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി, പത്ത് വര്‍ഷം മുന്‍പ് യുവന്റസ് ആരാധകരും സ്പാനിഷ് ആരാധകരും ഒരുപോലെ നിറംപറഞ്ഞ് അഹേളിച്ച ബലോടെല്ലി.

ഈ പത്തു വര്‍ഷത്തിനിടെ വര്ണവെറിയന്മാരായ ആരാധകര്‍ക്ക് കടിഞ്ഞാണിടാന്‍ ഫിഫയും യുവേഫയുമെല്ലാം കൊണ്ടുവന്ന നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കൈയും കണക്കുമില്ല. പക്ഷേ, വിദ്വേഷപ്രകടനങ്ങളും അധിക്ഷേപങ്ങളും മുറയ്ക്ക് തുടര്‍ന്നു. ഈ അധിക്ഷേപങ്ങള്‍ കാരണം തന്റെ മക്കളെ ഫുട്ബോളിലേയ്ക്ക് കൊണ്ടുവരുന്ന പ്രശ്നമേയില്ലെന്നാണ് കാമറൂണിയന്‍ സ്ട്രൈക്കര്‍ സാമ്വല്‍ എറ്റു ആണയിട്ടു. വര്‍ണവെറി മടുത്താണ് ടോട്ടനം ഡിഫന്‍ഡര്‍ ഡാന്നി റോസ് കളംവിടുകയാണെന്ന് നെഞ്ചുപൊട്ടി പറഞ്ഞത്. കളിക്കാര്‍ വര്‍ണവെറിയുടെ പേരില്‍ അധിക്ഷേപിക്കപ്പെട്ടാല് ടീമിനെ പിന്‍വലിക്കാന്‍ മടിക്കില്ലെന്ന് ഒറ്റസ്വരത്തിലാണ് മൗറിഷ്യോ പൊച്ചെറ്റിനോയും പെപ് ഗ്വാര്‍ഡിയോളയും യോഗന്‍ ക്ലോപ്പുമെല്ലാം പ്രഖ്യാപിച്ചത്.
പലപ്പോഴും ഭ്രാന്തു പിടിച്ച ആരാധകര്‍ മാത്രമായിരുന്നില്ല കുറ്റക്കാര്‍. 2004ല്‍ ആഴ്സണലിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ തയറി ഓന്റിയെ അധിക്ഷേപിച്ചത് അന്നത്തെ സ്പാനിഷ് പരിശീലകന് ലൂയിസ് അരഗോണ്സായിരുന്നു. ഇതിന്റെ പേരില്‍ സ്പാനിഷ്-ബ്രിട്ടീഷ് ആരാധകര്‍ തമ്മിലുള്ള പോര് ഈ അധിക്ഷേപത്തേക്കാള്‍ വഷളായിരുന്നു. കോംഗോതാരം സോല മട്ടുമോനയെ വംശീയമായി അധിക്ഷേപിച്ചത് എഫ്.സി.ബ്രസ്സല്‍സിന്റെ ചെയര്മാന് യൊഹാന്‍ വെര്മീഷാണ്. ഐവറി കോസ്റ്റുകാരന് ഫെലിക്സ് ജാ എറ്റിയനോട് സ്പാനിഷ് അറിയില്ലെന്ന പേരില്‍ മിണ്ടാന്‍ പോലും കൂട്ടാക്കിയിരുന്നില്ല ലെവന്റെ കോച്ച്. വയ്യെന്ന് പറയുമ്പോള്‍ എയ്ഡ്സാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാനും മടിച്ചില്ല.
ഫുട്ബോളിലെ വിവേചനം ഒഴിവാക്കാനായി രൂപവത്കരിച്ച കിക്ക് ഇറ്റ് ഔട്ട് എന്ന സംഘടന നടത്തിയ പഠനത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം വംശീയവിധ്വേഷവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഇരുപത്തിരണ്ട് ശതമാനത്തിന്റെ ഞെട്ടുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്. കളിക്കാര്‍ക്ക് കായികസംഘടനകളില്‍ നിന്ന് വേണ്ട സഹായവും പിന്തുണയും ലഭിക്കുന്നില്ലെന്നും പറഞ്ഞുവയ്ക്കാന്‍ മടിച്ചില്ല കിക്ക് ഇറ്റ് ഔട്ട്. ഫുട്ബോള്‍ അസോസിയേഷനും പ്രീമിയര്‍ലീഗും ഇ.എഫ്.എല്ലും പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷനും ചേര്‍ന്ന് തീറ്റിപ്പോറ്റിയിരുന്ന ഈ സംഘടനയുടെ തന്നെ നിലനില്പ് തന്നെ ഇപ്പോള്‍ ആശങ്കയിലായതില് അത്ഭുതമില്ല.
ജോര്‍ജ് ഫ്ളോയിഡിനുവേണ്ടി പ്രതിഷേധിച്ച് രംഗത്തിറങ്ങിയപ്പോള്‍ ക്രിസ് ഗെയ്ല് തുറന്നു പറഞ്ഞൊരു കാര്യമുണ്ട്. 'വര്‍ണവെറി ഫുട്ബോളില്‍ മാത്രമാണുളളതെന്ന് നിങ്ങള്‍ കരുതരുത്. ക്രിക്കറ്റും അപവാദമല്ല. മാന്യന്മാരുടെ കളിയില്‍ വര്ണവിവേചനമോ എന്ന ചോദ്യത്തിന് പ്രസക്തി ഒട്ടുമില്ലെന്ന് തെളിയിക്കും വിന്‍ഡീസ് ക്രിക്കറ്റിന്റെ കനല്‍വഴികളുടെ കഥ പറഞ്ഞ സ്റ്റിവന് റിലിയുടെ ഡോക്യുമെന്ററി ചിത്രം ഫയര്‍ ഇന്‍ ബാബിലോണ്‍. അന്നത്തെ കരീബിയന്‍ ടീം അനുഭവിച്ച വര്‍ണവിവേചനത്തിന്റെ ക്രൂരമായ കഥ ഇതില്‍ അക്കമിട്ട് വിവരിക്കുന്നുണ്ട് വിവ് റിച്ചാര്‍ഡ്സ്. തന്നെ ആരെങ്കിലും കറുത്തവനെന്ന് വിളിച്ചാല്‍ നിയന്ത്രണംവിട്ടുപോകുമായിരുന്നുവെന്നും റിച്ചാര്‍ഡ്സ് പൊടിപ്പും തൊങ്ങലുമേതുമില്ലാതെ ഇതില്‍ തുറന്നു സമ്മതിക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ഭാഗധേയം മാറ്റിമറിച്ച കെറി പാര്‍ക്കര്‍ പരമ്പരയുടെ കാലത്ത് ഓസ്ട്രേലിയന്‍ ടീമില്‍ നിന്നുണ്ടായ നിന്ദ്യമായ അനുഭവം ഹിറ്റിങ് എക്രോസ് ദി ലൈന്‍ എന്ന പുസ്തകത്തില്‍ റിച്ചാര്‍ഡ്സ് വിവരിക്കുമ്പോള്‍ മാന്യന്മാരുടെ കളിയുടെ മുഖംമൂടി നിര്‍ലജ്ജം അഴിഞ്ഞുവീഴുകയാണ്.

സ്കൂള്‍കാലത്തും പിന്നീട് ക്ലൈവ് ലോയ്ഡിന് കീഴിലുള്ള ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം ഉണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പഴയകാല ഓപ്പണര്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജും സങ്കടത്തോടെ വിവരിച്ചിട്ടുണ്ട്. 1975-76 കാലത്തെ ഇംഗ്ലണ്ട് പര്യടനകാലത്ത് കാണികളുടെ പെരുമാറ്റം ഒട്ടും സ്വീകാരമല്ലെന്ന് തുറന്നു പറഞ്ഞയാളാണ് മൈക്കല്‍ ഹോള്‍ഡിങ്. അന്നത്തെ വിന്‍ഡീസ് ടീമിനെ ഇഴയുന്നവരെന്ന് വിശേഷിപ്പിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ടോണി ഗ്രെയ്ഗ് കൊളുത്തിയ വിവാദത്തിന്റെ തീ കെടാന്‍ ഏറെക്കാലമെടുത്തു. 1983-84 കാലത്ത് കിങ്സ്റ്റണില്‍ ഒരു ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ജോയല്‍ ഗാര്‍ണറെ അധിക്ഷേപിച്ച കാര്യം മാല്‍ക്കം മാര്‍ഷല്‍ വിവരിക്കുന്നുണ്ട് മാര്‍ഷല്‍ ആര്‍ട്സ് എന്ന പുസ്തകത്തില്‍. അന്ന് താന്‍ ഗാര്‍ണറെ സമാധാനിപ്പിച്ചിരുന്നില്ലെങ്കില് അടുത്ത പന്തില്‍ ആ ബാറ്റ്സ്മാന് എന്ത് സംഭവിക്കുമായിരുന്നുവെന്ന് പറയാനാവില്ലെന്നും പുസ്തകത്തില്‍ മാര്‍ഷല്‍ കുറിച്ചു.
മാര്‍ഷലിന്റെയും റിച്ചാര്ഡ്സിന്റെയുമെല്ലാം കാലത്ത് നിന്ന് ക്രിക്കറ്റ് ഏറെ വളര്‍ന്നെങ്കിലും വര്‍ണവെറി ദുഷിപ്പിച്ച അതിന്റെ രക്തം ഒട്ടും ശുദ്ധീകരിക്കപ്പെട്ടില്ല. ന്യൂസീലന്‍ഡ് പര്യടനത്തിനിടെ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അധിക്ഷേപങ്ങള്‍ അസഹ്യമായിരുന്നുവെന്ന് ബാര്‍ബഡോസ് വംശജനായ ഇംഗ്ലീഷ് ബൗളര്‍ ജൊഫ്ര ആര്‍ച്ചര്‍ പറഞ്ഞത് ഇയ്യിടെയാണ്.
കറുത്ത വര്‍ഗക്കാരനായതുകൊണ്ടാണ് 2015ലെ ലോകകപ്പില്‍ അലെയ്സ്റ്റര്‍ കാമ്പെല്‍ തനിക്ക് അവസരം നല്‍കാതിരുന്നതെന്ന് മുന്‍ നായകന് പ്രോസ്പര്‍ ഉത്സേയയുടെ ആരോപണം ചില്ലറ പുകിലല്ല സിംബാബ്വെ ക്രിക്കറ്റിലുണ്ടാക്കിയത്. ഉത്സേയയുടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് ഇന്നും ഉറപ്പില്ല. എന്നാല്‍ ഈ ആരോപണത്തിന്റെ ചുവടുപിടിച്ച് മാര്‍ക്ക് വെര്മ്യൂലന് നടത്തിയ അഭിപ്രായപ്രകടനമാണ് ശരിക്കും ഭൂതത്തെ കുടത്തിന്റെ പുറത്തുചാടിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ കറുത്തവര്‍ഗക്കാരെ കുരങ്ങന്മാരെന്ന് നാണമില്ലാതെ വിശേഷിപ്പിച്ച വെര്മ്യൂലന് കാട്ടില്‍ വിട്ടിരുന്നെങ്കില്‍ അവര്‍ക്ക് ഒരു പ്രശ്നവുമുണ്ടാകുമായിരുന്നില്ലെന്നും ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിയുന്നതില്‍ ഉത്സേയ സന്തോഷിക്കുകയാണ് വേണ്ടതെന്നും എഴുതിവിട്ടു. ഇതിനെ തുടര്‍ന്ന് വെര്മ്യൂലനെ എല്ലാ കളികളില്‍ നിന്ന് വിലക്കുകയാണുണ്ടായത് സിംബാബ്വെ ക്രിക്കറ്റ് അസോസിയേഷന്.
തന്റെ ആദ്യത്തെ മാസ്റ്റേഴ്സ് വിജയത്തിന്റെ കഥ വിവരിച്ച് ടൈഗര്‍ വുഡ്സ് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ദി 1997 മാസ്റ്റേഴ്സ്: മൈ സ്റ്റോറി. ഈ പുസ്തകത്തിന് പക്ഷേ, പ്രശസ്തി വുഡ്സിന്റെ സ്വപ്നതുല്ല്യമായ വിജയങ്ങളുടെ പേരില്‍ മാത്രമല്ല. തന്റെ വംശീയവേരുകളെക്കുറിച്ച് ഏറെയൊന്നും പറയാത്ത വുഡ്സ് ഈ ബെസ്റ്റ് സെല്ലറിലാണ് തന്റെ ജീവിതത്തിലെ ആ ഇരുണ്ട ഏടിലേയ്ക്ക് പേരിനെങ്കിലും വെളിച്ചംവീശുന്നത്. എന്റെ വിജയം കറുത്തവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. ഏതെങ്കിലും ഗോള്‍ഫ് ക്ലബിലേയ്ക്ക് കടന്നുവരുമ്പോള്‍ കറുത്തവര്‍ക്കു നേരെ നീളുന്ന തുറിച്ച നോട്ടങ്ങളൊന്നും അവസാനിക്കുമെന്നും ഞാന്‍ വിശ്വസിക്കുക്കുന്നില്ല. എന്റെ വിജയവും ഞാന്‍ ജയിച്ച രീതിയും കറുത്ത വര്‍ഗക്കാരോടുള്ള ആളുകളുടെ സമീപനത്തില്‍ കാതലായ മാറ്റം വരുത്തുമെന്നു മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് മുന്നില്‍ ചില വാതിലുകളെങ്കിലും തുറക്കപ്പെടുമെന്നും മനുഷ്യരെ മനുഷ്യരായി മാത്രം കാണുമെന്നുമാണ് എന്റെ വിശ്വാസമെന്നും വുഡ്സ് പുസ്തകത്തില്‍ കുറിച്ചു.
വുഡ്സിന്റെ ഈ വാക്കുകള്‍ക്ക് അനുഭവത്തിന്റെ തീച്ചൂടുണ്ട്. കുട്ടിക്കാലത്ത് വുഡ്സിന്റെ തെക്കന്‍ കാലിഫോര്‍ണിയയിലെ വീടിനുനേരെ നിരന്തരം കല്ലേറുണ്ടായി. കളിച്ചുതുടങ്ങിയപ്പോള്‍ പല ഗോള്‍ഫ് ക്ലബുകളിലും വെള്ളക്കാരുടെ മുറികളില്‍ വസ്ത്രം മാറാനോ അവരില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നിട്ടും കുറുത്തവര്ക്ക് പ്രവേശനമില്ലാതിരുന്ന ജോര്‍ജിയയിലെ അഗസ്റ്റ ക്ലബില്‍ വച്ചു തന്നെ വുഡ്സ് ആദ്യ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി. കിരീടം നേടുന്നതിന് രണ്ട് വര്‍ഷം മുന്‍പ് ക്ലബിലേയ്ക്ക് വരുമ്പോള്‍ അത്ര നല്ല അന്തരീക്ഷമായിരുന്നില്ല അവിടെയെന്നും വുഡ്സ് പറയുന്നു. തന്നെ മാനസികമായി സജ്ജനാക്കാന്‍ ക്ലബിലേയ്ക്കുള്ള യാത്രയില്‍ ഉടനീളം അച്ഛന് വഴക്കു പറഞ്ഞുകൊണ്ടിരിക്കും. പ്രകോപനങ്ങളിലൊന്നും അടിപതറാതെ മുന്നേറാന്‍ അച്ഛന്റെ ഈ തന്ത്രമാണ് ജീവിതത്തില്‍ തന്നെ തുണച്ചതെന്നും നിറഭേദത്തിന്റെ അതിരുകള്‍ തകര്‍ത്ത് ലോകം കീഴടക്കിയ വുഡ്സ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും മൂന്ന് വര്‍ഷം മുന്‍പ് അറസ്റ്റിലായപ്പോള്‍ പോലീസിന് വുഡ്സ് മറ്റൊരു കറുത്ത വര്ഗക്കാരന് മാത്രമായി. ഇരുണ്ട ഭൂതകാലം കടന്ന് പ്രൊഫഷണല്‍ ഗോള്ഫിലേയ്ക്ക് തിരിച്ചുവരാനാവാത്തതായിരുന്നില്ല, ഫ്ളോറിഡ പോലീസിന്റെ ചാര്‍ജ്ഷീറ്റിലെ കറുത്തവന് എന്ന പ്രയോഗമാണ് അന്ന് വുഡ്സിന്റെ ചങ്കു പിളര്‍ത്തിക്കളഞ്ഞത്.

2008ലാണ് ലൂയിസ് ഹാമില്ട്ടണ് ആദ്യമായി ലോകചാമ്പ്യനാവുന്നത്. എന്നാല്‍, ഒരു യുഗത്തിന് തുടക്കം കുറിച്ച ആ വര്‍ഷം ഹാമില്‍ട്ടന്റെ ജീവിതകഥയില്‍ അടിവരയിട്ടുവച്ചിരിക്കുന്നത് മറ്റൊരു കാരണത്തിന്റെ കൂടി പേരിലാണ്. ആറു ലോകകിരീടങ്ങള്‍ സ്വന്തമാക്കിയ ഹാമില്ട്ടന് ജീവിതത്തിലെ ഏറ്റവും വലിയ വംശീയാധിക്ഷേപത്തിന് ഇരയായത് അക്കൊല്ലമാണ്. സ്പാനിഷ് ഗ്രാന്‍പ്രീയുടെ പ്രീസീസണ് ടെസ്റ്റ് ഡ്രൈവിങ്ങിനിടെ കാണികള്‍ വിഗും ഹാമില്‍ട്ടന്റെ കുടുംബം എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചും ദേഹമാസകലം കറുത്ത ചായമടിച്ചുമെത്തിയാണ് ഹാമില്‍ട്ടനെ കൂവിയത്. അതവിടെ അവസാനിച്ചില്ല. നാട്ടുകാരനായ ഫെര്‍ണാണ്ടോ അലോണ്‍സോയെ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ഹാമില്ട്ടണ് മുന്നേറിയതു മാത്രമായിരുന്നു ഈ നെറികെട്ട അധിക്ഷേപത്തിന്റെ കാരണം. പക്ഷേ, ഇതിനൊന്നും ഹാമില്‍ട്ടനെ തളര്‍ത്താനായില്ല. ബ്രസീലിയന്‍ ഗ്രാന്‍പ്രീക്കുശേഷം ആദ്യമായി ലോകചാമ്പ്യനായി. അലോണ്‍സോ അടുത്ത സീസണോടെ റെനോ വിട്ട് ഫെരാരിയിലേയ്ക്ക് ചേക്കേറുകയും ചെയ്തു. എന്നാല്‍, അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തിക്കളഞ്ഞത് ഫോര്‍മുല വണ്‍ മേധാവി ബേണി എക്ളസ്റ്റനാണ്. ഹാമില്ട്ടണെതിരായ അധിക്ഷേപം ഊതിപ്പെരുപ്പിക്കപ്പെട്ട ഒരു തമാശ മാത്രമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയായിരുന്നു ബ്രിട്ടീഷുകാരന് തന്നെയായ എക്ളസ്റ്റണ്‍. ഫോര്‍മുല വണ്ണില്‍ വംശീയാധിക്ഷേപമില്ലെന്ന് പ്രസ്താവിക്കാനും മടിച്ചില്ല വ്യവസായി കൂടിയായ എക്ളസ്റ്റണ്‍. റേസിങ് ലോകത്ത് വലിയ പൊട്ടിത്തെറിക്കാണ് ഇതു വഴിവച്ചത്.
അമേരിക്കക്കാരനായ വുഡ്സിന്റെയും ഇംഗ്ലീഷുകാരനായ ഹാമില്ട്ടന്റെയുമെല്ലാം ചുവടുപിടിച്ച് കൂടുതല്‍ കറുത്തവര്‍ഗക്കാര്‍ വന്നേക്കാം ട്രാക്കിലേയ്ക്കും ഗോള്‍ഫ് കോഴ്സിലേയ്ക്കുമെല്ലാം. പക്ഷേ, ഇവരെയും കാത്തിരിക്കുന്നത് വംശവെറിയുടെ മുള്‍ക്കിരീടങ്ങള്‍ തന്നെയാവുമെന്ന് ഒരാവര്‍ത്തി കൂടി തെളിയിച്ചിരിക്കുകയാണ് പോലീസുകാരന്റെ കാല്‍ക്കീഴിലിരുന്ന് ഒരിറ്റു ശ്വാസത്തിനുവേണ്ടി എട്ട് മിനിറ്റും നാൽപത്തിയാറ് സെക്കൻഡും നേരം യാജിച്ച ഫ്ലോയ്ഡിന്റെ ദയനീയ കാഴ്ച. ആത്മരോഷത്തിന്റെ അമേരിക്കാദഹനത്തിന് ഒരുപക്ഷേ, അടുത്ത പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് വരെ മാത്രമേ ആയുസ്സണ്ടായേക്കൂ. റൂസ്വേള്ട്ടില് നിന്ന് ട്രംപിലേയ്ക്ക്. അല്ലെങ്കില്‍ ജോ ബൈഡനിലേയ്ക്ക് അത്രയേറെ ജനിതകാകലമൊന്നുമില്ല. ജെസ്സി ഓവന്‍സില്‍ നിന്ന് ലൂയിസ് ഹാമില്ട്ടണിലേയ്ക്കുള്ള അകലം പോലുമില്ല.

എന്നാല്‍, ഹിറ്റലറുടെ കരിനിഴലില്‍ തിരശ്ശീല വീണ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ചരിത്രം ഏറെയൊന്നും പാടിപ്പൊലിപ്പിക്കാത്തൊരു കഥ കൂടിയുണ്ട്. ജെസ്സി ഓവന്‍സ് സംഭവത്തിന്റെ വെളിച്ചംവീശാത്തൊരു അനുബന്ധം. ഓഗസ്റ്റ് നാലിന് നട്ടുച്ചനേരം. ഒളിംപ്യാസ്റ്റേഡിയന്റെ ലോംഗ്ജംപ് പിറ്റിനരികെ തളര്‍ന്നിരിക്കുകയാണ് ലോക റെക്കോഡുകാരന് ജെസ്സി ഓവന്‍സ്. കാലത്ത് ഒളിമ്പിക് റെക്കോഡോടെ ഇരുന്നൂറ് മീറ്ററില്‍ ഫൈനലിന് യോഗ്യത നേടിയതിന്റെ തിളക്കമൊന്നുമില്ല ആ മുഖത്ത്. 7.15 മീറ്റര്‍ എന്ന യോഗ്യതാമാര്ക്കിന് മുന്നില്‍ തളര്‍ന്നിരിക്കുകയാണ് 8.13 മീറ്റര്‍ ചാടിയ ചരിത്രമുള്ള ഓവന്‍സ്. ആദ്യത്തെ നാല് ശ്രമങ്ങളും ഫൗളായിപ്പോയ ഓവന്‍സിന്റെ അരികിലേയ്ക്ക് ഒരാള്‍ നടന്നെത്തി. വെളുത്ത് നീണ്ട് നീലക്കണ്ണുകളുള്ള ഒരു സുന്ദരന്‍. ഹിറ്റ്ലറുടെ നാസി തതത്വശാസ്ത്രം അച്ചില്‍ വാര്‍ത്തെടുത്ത രൂപം. പേര് ലസ് ലോങ്. അടുത്തെത്തി മെല്ലെ തോളില്‍ കൈവച്ച് ജര്‍മന്‍ കലര്‍ന്ന ഇംഗ്ലീഷില്‍ അയാള്‍ ചോദിച്ചു. 'കണ്ടതില്‍ സന്തോഷം. എങ്ങനെയുണ്ട് നിങ്ങള്‍ക്ക്.?' സുഖമെന്ന് ഓവന്‍സ്. പക്ഷേ, അയാള്‍ ചോദ്യം ആവര്‍ത്തിച്ചു: 'ഞാന്‍ ചോദിച്ചത് നിങ്ങള്‍ക്ക് എങ്ങനെയുണ്ട് എന്നാണ്. നിങ്ങളുടെ മനസ്സിനെ എന്തോ മഥിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കണ്ണടച്ച് യോഗ്യത നേടാനാവുന്നതേയുള്ളല്ലോ. യോഗ്യതാ മാര്‍ക്ക് 7.15 മീറ്റര്‍ മാത്രമാണ്. നിങ്ങള്‍ ഇതില്‍ കൂടുതല്‍ ചാടിയിട്ടുള്ളതല്ലെ. അതുകൊണ്ട് ഒരു കാര്യം ചെയ്യൂ. അടുത്ത ഊഴത്തില്‍ ബോര്‍ഡിന് മുന്‍പ് തന്നെ ടേക്ക് ഓഫ് ചെയ്യൂ. നിങ്ങള്‍ക്ക് ചാട്ടം പിഴയ്ക്കില്ല.'
യോഗ്യതാകടമ്പയില് അത് ഓവന്‍സിന്റെ അവസാന ഊഴമായിരുന്നു. ഇക്കുറി ലോങ്ങിന്റെ ഉപദേശം മാനിച്ച് ബോര്‍ഡിന് ഒന്നര അടി അകലെവച്ച് കുതിച്ചു. കൃത്യം 7.15 മീറ്ററിനപ്പുറം പിഴവറ്റ ലാന്‍ഡിങ്. വൈകീട്ടത്തെ ഫൈനലിന് യോഗ്യതയും. ഫൈനലിലെ അഞ്ചാമത്തെ ശ്രമത്തില്‍ ഓവന്‍സ് 7.94 മീറ്റര്‍ ചാടിയതോടെ ഹിറ്റ്ലര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. കണ്ട കിനാവുകള്‍ കാലിടറിയെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷുഭിതനായി ഗ്യാലറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഹിറ്റ്ലറില്ലാത്ത സ്റ്റേഡിയത്തിലെ ഓവന്‍സിന്റെ അടുത്ത ചാട്ടം ചരിത്രത്തിലേയ്ക്ക്. ഹിറ്റ്ലറുടെ മന്ത്രിപ്പടയായ ജോസഫ് ഗീബല്‍സിനെയും ഹെര്‍മന്‍ ഗോറിങ്ങിനെയും റുഡോള്‍ഫ് ഹെസ്സിനെയും ഹെന്റിക്ക് ഹിംലറിനെയും സാക്ഷിനിര്‍ത്തി ജെസ്സി ഓവന്‍സ് എന്ന തൊലി കറുത്തവന് സ്വര്‍ണം. നാസിമേധാവിത്വത്തിന്റെ ജനിതകശുദ്ധിയുണ്ടെന്ന് ഹിറ്റ്ലര്‍ വിശ്വസിച്ച ലസ് ലോങ്, ഓവന്‍സിന് ചാട്ടം പിഴയ്ക്കാതിരിക്കാനുള്ള തന്ത്രമോതിക്കൊടുത്ത അതേ ലോങ്, രണ്ടാമതായി. പക്ഷേ, ഹിറ്റ്ലറുടെ ഹുങ്ക് വീണുടഞ്ഞ സ്റ്റേഡിയത്തില്‍ ഓവന്‍സിനെ ആദ്യം ചെന്ന് അഭിനന്ദിച്ചത് ഭയമേതുമില്ലാതെ ലസ് ലോങ് തന്നെ. ട്രാക്കിന് പുറത്തേയ്ക്കും നീണ്ടു ഇവരുടെ സൗഹൃദം. ഞാന്‍ നേടിയിട്ടുള്ള എല്ലാ മെഡലുകളും കപ്പുകളും ഉരുക്കിയാല് അത് ഞങ്ങളുടെ ഇരുപത്തിനാല് കാരറ്റ് സൗഹൃദത്തിന്റെ ഒരു പാളി പോലുമാകില്ല എന്നാണ് പില്ക്കാലത്ത് ഓവന്‍സ് എഴുതിയത്. ലസ് ലോങ് പിന്നെ അധികം ജീവിച്ചില്ല. ഹിറ്റ്ലര്‍ തന്നെ തീകൊളുത്തിയ രണ്ടാം ലോകമഹായുദ്ധത്തില്‍ ഇറ്റലിയിലെ സിസിലിയില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു ഈ ഒളിമ്പിക് മെഡല്‍ ജേതാവ്. യുദ്ധത്തിന് പുറപ്പെടും മുന്‍പ് ലോങ് ഓവന്‍സിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. യുദ്ധം കഴിഞ്ഞാല്‍ നിങ്ങളെന്റെ മകനെ ചെന്നു കാണണം. അവനോട് അവന്റെ അച്ഛനെ കുറിച്ച് പറയണം. യുദ്ധമില്ലാത്ത കാലത്തെ കുറിച്ചും മനുഷ്യര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കണം. ലോങ് യുദ്ധഭൂമിയില്‍ നിന്നു തിരിച്ചുവന്നില്ല. യുദ്ധം കഴിഞ്ഞ് ഓവന്‍സ് ജര്‍മനിയിലേയ്ക്ക് ഒരിക്കല്‍ക്കൂടി യാത്രയായി. ലോങ്ങിന്റെ മക്കളെ കണ്ടു. മകന് കൈ ലോങ്ങിന്റെ വിവാഹത്തിന് മുഖ്യകാര്‍മികനായി. ഹിറ്റ്ലറെയും നാസിസത്തെയും വര്‍ണവെറിയെയും സ്നേഹം കൊണ്ട് അങ്ങനെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തി ഈ രണ്ട് കായികതാരങ്ങള്‍. വംശീയവിദ്വേഷം കത്തിയാളുമ്പോള്‍ ഇക്കഥ മാത്രം കായികലോകം സൗകര്യപൂര്‍വം മറന്നു. ബെര്‍ലിനിലെ പഴയ ഒളിംപ്യാസ്റ്റേഡിയനില്‍ നിന്ന് എട്ട് പതിറ്റാണ്ടിനുശേഷം വീണ്ടും ആ ചോദ്യം ഉയരുകയാണ്. ബെര്‍ലിന്റെ ഈ പാഠഭേദത്തിന് കെടുത്താനാവുമോ ഇന്ന് അമേരിക്കയെ വിഴുങ്ങുന്ന വര്‍ണവെറിയുടെ ഈ അഗ്നിയെ? ഇരുട്ടിൽ തേടേണ്ടത് രജതരേഖകളെയാണല്ലോ.
Content Highlights: George Floyd America Racism In Sports Jessy Owens Hitler Berlin Olympics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..