കൊച്ചിയിലെ പോഞ്ഞിക്കര, ബോള്‍ഗാട്ടി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഫുട്ബോള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പോഞ്ഞിക്കര പോത്തടി പീറ്ററും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. പ്രാദേശിക ടീമിന്റെ ഗോള്‍കീപ്പര്‍ ആയിരുന്ന അദ്ദേഹം നല്ല ഒരു ഫുട്ബോള്‍ താരമെന്ന് പേരെടുത്തു. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും അപ്പന്റെ പാത പിന്തുടര്‍ന്ന് ഫുട്ബോളിനോട് ഇഷ്ടം കൂടി. മൂന്നാമന്‍ തോബിയാസ് പോഞ്ഞിക്കരയില്‍ നിന്നും ഇന്ത്യന്‍ ടീം വരെ കളിച്ചു. ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ  നായകനായി. കേരളത്തിന്റെയും കേരള പോലീസിന്റെയും മധ്യനിരയുടെ ജനറലായി. കേരളത്തിനൊപ്പം രണ്ടു തവണ സന്തോഷ് ട്രോഫി കിരീടവും കേരള പോലീസിനൊപ്പം രണ്ടു തവണ ഫെഡറേഷന്‍ കപ്പ് കിരീടവും നേടി. കെ.എഫ്.എയുടെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. കേരള പോലീസില്‍ ഡപ്യൂട്ടി കമാന്‍ഡന്റായ തോബിയാസ് ഇപ്പോള്‍ നിയമസഭയില്‍ ചീഫ് മാര്‍ഷലാണ്.

വോളിബോള്‍ തട്ടി തുടക്കം

കുഞ്ഞ് തോബിയാസിന് ഫുട്ബോളിനോടുള്ള ഇഷ്ടം കണ്ട് അപ്പന്‍ ആദ്യം വാങ്ങിച്ചു കൊടുത്തത് ചെറിയ ഒരു വോളിബോളാണ്. അഞ്ചാം വയസിലായിരുന്നു അത്. തുടര്‍ന്ന് ചേട്ടന്‍മാരായ ഡേവിഡിന്റെയും (ബോബന്‍) ഷാജന്റെയും പാത പിന്തുടര്‍ന്ന് പള്ളിപ്പറമ്പിലും മറ്റുമായി ഫുട്ബോളിന്റെ ലോകത്തേക്ക്.' ബോള്‍ഗാട്ടി ഫുട്ബോളേഴ്സ് ' ടീമിലൂടെയാണ് തുടക്കം. ആദ്യം ഗോള്‍ കീപ്പിങിലാണ് കൈവച്ചത്. പിന്നീട് പൊസിഷന്‍ മാറുകയായിരുന്നു. അവര്‍ക്കൊപ്പം പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കിരീടം നേടി.

സെന്റ് ആല്‍ബര്‍ട്സിലേക്ക്

ഹൈസ്‌കൂള്‍ പഠനത്തിന്  എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സില്‍ ചേര്‍ന്നതോടെ ഫുട്ബോള്‍ ലോകം കൂടുതല്‍ വിശാലമായി. സെന്റ് ആല്‍ബര്‍ട്സിന് നല്ല ഫുട്ബോള്‍ ടീമുണ്ട്. വലിയ ഗ്രൗണ്ടിലെ കളി മുതല്‍ക്കൂട്ടായി.
 
തുടര്‍ന്ന് സെന്റ് ആല്‍ബര്‍ട്സ് കോളേജിലേക്ക്. അവിടെയും നല്ല ടീമുണ്ട്. സെബാസ്റ്റ്യന്‍ സാറിന്റെ പരിശീലനം ഫുട്ബോളിനെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു. അവധിക്കാലത്ത് പ്രശസ്ത ഫുട്ബോളറും കോച്ചുമായ ജാഫറിന്റെ കീഴിലും പരിശീലനത്തിന് അവസരം ലഭിച്ചു . ഇതും വഴിത്തിരിവായി. കൊച്ചിയിലെ സാന്റോസ് ക്ലബ്ബിനു വേണ്ടിയും ബൂട്ടുകെട്ടി.

നായകനായി ഇന്ത്യന്‍ ടീമില്‍ 

ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി നടത്തിയ പ്രകനത്തോടെ ജൂനിയര്‍  ഇന്ത്യന്‍ ക്യാമ്പിലേക്ക് വിളിവന്നു. കൊല്‍ക്കത്തയില്‍ നടന്ന ക്യാമ്പില്‍ നയിമുദ്ദീനായിരുന്നു പരിശീലകന്‍. ക്യാമ്പിനൊടുവില്‍ 1984-ല്‍ തായ്ലന്‍ഡില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള നിയോഗം തോബിയാസിന് ലഭിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി.

പ്രിമീയര്‍ ടയേഴ്സിലൂടെ സന്തോഷ് ട്രോഫിയിലേക്ക്

കളമശ്ശേരി പ്രീമിയര്‍ ടയേഴ്സിനുവേണ്ടി ഗസ്റ്റ് താരമായും തോബിയാസ് കളിച്ചു. പിന്നീട് തോബിയാസിന്  തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രീമിയര്‍ ടയേഴ്സിനുവേണ്ടി ചാക്കോള ട്രോഫിയില്‍ നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. അതിനു പിന്നാലെയാണ് 84-ലെ മദ്രാസ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ  തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മെലിഞ്ഞ ശരീര പ്രകൃതിയാണ് തോബിയാസിന്റേത്. പ്രായം ഇരുപതായിട്ടുമില്ല. ശരീരവലിപ്പമില്ല, പ്രായവും കുറവ് . തോബിയാസിനെ  അധികൃതര്‍ മടക്കി. പക്ഷേ സന്തോഷ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍  തോബിയാസും ടീമില്‍. ചാക്കോള ട്രോഫിയിലെ പ്രകടനമാണ് കേരള ടീമിലേക്ക് വഴിതുറന്നതെന്ന് അദ്ദേഹം പറയുന്നു.

മദ്രാസില്‍ തുടങ്ങിയ 'സന്തോഷ 'ദിനങ്ങള്‍ 

ഒളിമ്പ്യന്‍ റഹ്മാനും സേതുമാധവനുമായിരുന്നു അന്നത്തെ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകര്‍. അവരുടെ കീഴിലുള്ള പരിശീലനം ഏറെ ഗുണം ചെയ്തു. അരങ്ങേറ്റ സന്തോഷ്  ട്രോഫിയില്‍ തന്നെ പ്രതിഭ തെളിയിക്കാന്‍ തോബിയാസിനായി. ക്വാര്‍ട്ടര്‍ ലീഗില്‍ മഹാരാഷ്ട്രയ്ക്കെെതിരായ മത്സരം കേരളത്തിന് നിര്‍ണായകമായിരുന്നു. സമനില നേടിയാലേ കേരളത്തിന് സെമിയില്‍ സ്ഥാനം കിട്ടൂ. മത്സരത്തില്‍ കേരളം 1-2ന് പിന്നിലായി. അതിനിടയിലാണ് തോബിയാസിന്റെ കാലില്‍ പന്തുകിട്ടുന്നത്. ഓട്ടത്തിനിടയില്‍ 30 വാര അകലെ നിന്നടിച്ച പന്ത് മഹാരാഷ്ട്രയുടെ വലയില്‍. കേരളത്തിന് സമനിലയും സെമി ഫൈനലില്‍ സ്ഥാനവും. തോബിയാസിന്റെ കരിയറിലെ സുവര്‍ണ നിമിഷമായിരുന്നു ആ ഗോള്‍. എന്നാല്‍ സെമിയില്‍ ഗോവയോട് തോറ്റ് കേരളം പുറത്തായി.

പിന്നീട് 1987 വരെയുള്ള എല്ലാ സന്തോഷ്  ട്രോഫികളിലും കേരളത്തിനായി ബൂട്ടു കെട്ടി. ഇതില്‍ 1987-ല്‍ നടന്ന കൊല്‍ക്കത്ത സന്തോഷ് ട്രോഫി തോബിയാസും കേരള ടീമും ഒരിക്കലും മറക്കില്ല. കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമായിരുന്നു കേരളത്തിന്റേത്. കളിയില്‍ കേരളം മുന്നിട്ടു നില്‍ക്കുമ്പോഴാണ് ആതിഥേയരായ ബംഗാളിന് റഫറി തെറ്റായ തീരുമാനത്തിലൂടെ ഗോള്‍ അനുവദിക്കുന്നത്. സമനില പിടിച്ച ബംഗാള്‍ ടൈ ബ്രേക്കറില്‍ ജയവും നേടി. അന്ന് കളികഴിഞ്ഞപ്പോള്‍ കൊല്‍ക്കത്തയിലെ ആരാധകര്‍ കയ്യടികളോടെയാണ് കേരള ടീമിനെ യാത്രയാക്കിയത്.

ഇരട്ടക്കിരീടങ്ങള്‍ 

1988-ല്‍ കേരളത്തില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ തോബിയാസിന് കളിക്കാനായില്ല. സന്തോഷ് ട്രോഫി പ്രായ ഗ്രൂപ്പ് ടൂര്‍ണമന്റാക്കിയതുമൂലം അടുത്ത വര്‍ഷങ്ങളിലും കളിച്ചില്ല. 1984-ല്‍ കേരള പോലീസില്‍ ചേര്‍ന്ന തോബിയാസ് അവിടെയും ടീമിന്റെ മിഡ്ഫീല്‍ഡ് ജനറലായി ഉയര്‍ന്നു. വൈകാതെ കേരള പോലീസ് ഇന്ത്യന്‍ ഫുട്ബോളിലെ ശക്തികളിലൊന്നായി വളര്‍ന്നിരുന്നു. കൊല്‍ക്കത്തയിലെ വമ്പന്‍മാരെയും ഗോവയിലെ കരുത്തരെയുമൊക്കെ വെല്ലുവിളിക്കുന്ന ടീം. വിജയനും പാപ്പച്ചനും സത്യനും ഷറഫലിയും കുരികേശ് മാത്യുവുമൊക്കെ അടങ്ങിയ 'ഡ്രീം ടീമിലെ ' മിഡ് ഫീല്‍ഡ് ജനറലായി തോബിയാസ് തിളങ്ങി. 1990, 1991 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് കിരീടം കേരള പോലീസ് നേടിയപ്പോള്‍ തോബിയാസും തന്റേതായ പങ്കുവഹിച്ചു.

1992-ല്‍  സന്തോഷ്  ട്രോഫി കിരീടത്തിലും കേരളം മുത്തമിട്ടു. അന്തരിച്ച വി.പി സത്യന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ കേരളം കിരീടം നേടിയപ്പോള്‍ തോബിയാസിന് അത് വര്‍ഷങ്ങളായുള്ള പ്രയത്നത്തിന്റെ ഫലമായിരുന്നു. ആ സന്തോഷ് ട്രോഫിയിലെ പ്രകടനത്തിന് കേരള ഫുട്ബോള്‍ അസോസിയേഷന്റെ മികച്ച താരത്തിനുള്ള സ്വര്‍ണ മെഡലും അദ്ദേഹത്തെ തേടിയെത്തി. അടുത്ത വര്‍ഷം കുരികേശ് മാത്യവിന്റെ നായകത്വത്തില്‍ കൊച്ചിയില്‍ കിരീടം നിലനിര്‍ത്തിയ ടീമിലും തോബിയാസ് അംഗമായിരുന്നു.
  
കേരള പോലീസിനൊപ്പം നാഗ്​ജി, ചാക്കോള, മാമ്മന്‍ മാപ്പിള , ശ്രീനാരായണ ട്രോഫി ടൂര്‍ണമെന്റുകളിലും തോബിയാസ് തിളങ്ങി. മാലിയില്‍ നടന്ന  ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിലും കേരള പോലീസിനുവേണ്ടി കളിച്ചു. 1990-ലെ ഡി.സി.എം ട്രോഫിയില്‍ ദക്ഷിണ കൊറിയയിലെ ക്യൂംഗീ സര്‍വകലാശാല ടീമിനെതിരെ ഫൈനലിലും കളിച്ചു. ഫൈനലില്‍ ടൈബ്രേക്കറിലാണ് പോലീസ് ടീം തോറ്റത്. 1990-ല്‍ കൊളംബോയില്‍ നടന്ന സാഫ് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെയും പ്രതിനിധീകരിച്ചു.

മിഡ് ഫീല്‍ഡിലെ ജെന്റില്‍മാന്‍

മിഡ് ഫീല്‍ഡില്‍ കളി നിയന്ത്രിക്കുന്നതിനൊപ്പം കളിക്കളത്തില്‍ പരുക്കന്‍ അടവുകളൊന്നും പ്രയോഗിക്കാത്ത മാന്യനായ താരമെന്ന ബഹുമതിയും തോബിയാസ് നേടി. 'മിഡ് ഫീല്‍ഡിലെ ജെന്റില്‍മാന്‍'  എന്ന പേരിലാണ് തോബിയാസ് അറിയപ്പെട്ടിരുന്നത്.

കരിയറില്‍ ഒരിക്കല്‍ മാത്രമേ തോബിയാസ് ചുവപ്പു കാര്‍ഡ് കണ്ടിട്ടുള്ളു. ജൂനിയര്‍ ഏഷ്യന്‍ കപ്പില്‍ (അണ്ടര്‍ 19 ഏഷ്യന്‍ കപ്പ്) കുവൈത്തിനെതിരേ ക്വാര്‍ട്ടര്‍ കളിക്കുമ്പോഴായിരുന്നു അത്. കുവൈത്തിന്റെ  ഗോള്‍മുഖത്ത്  ഉയര്‍ന്നുവന്ന പന്ത് തോബിയാസ് ഹെഡ്ഡ് ചെയ്ത് വലയിലാക്കി. ഗോള്‍ അനുവദിക്കുന്നതിന് പകരം റഫറി തോബിയാസിനെ ചുവപ്പു കാര്‍ഡ് കാണിക്കുകയാണ് ചെയ്തത്. കുവൈത്തിന്റെ ഒരു താരം ഏതോ കളിക്കാരനുമായുള്ള കൂട്ടിയിടിയില്‍ താഴെ വീണിരുന്നു. തോബിയാസ് ഫൗള്‍ ചെയ്തെന്ന തെറ്റിദ്ധാരണയിലാണ് റഫറി ചുവപ്പ് കാര്‍ഡ് കാട്ടിയത്. മൂന്നു മത്സരങ്ങളില്‍  വിലക്ക് വരേണ്ടതാണ്. മത്സരശേഷം കോച്ച് നയിമുദ്ദീനും തോബിയാസും ചേര്‍ന്ന് അധികൃതര്‍ക്ക് അപ്പീല്‍ നല്‍കി. കളിയുടെ വീഡിയോ കണ്ട അധികൃതര്‍ വിലക്ക് ഒരു മത്സരത്തിലേതുമാത്രമാക്കി കുറച്ചു. അത് ഒരു പാഠമായി എടുത്ത തോബിയാസ് അവിടെ നിന്നും മിഡ്ഫീല്‍ഡിലെ ജെന്റില്‍മാനായി വളര്‍ന്നു.

കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടങ്ങള്‍ നേടിയതും പോലീസിനൊപ്പം ഫെഡറേഷന്‍ കപ്പ് കിരീടങ്ങള്‍ നേടിയതുമാണ് കളിക്കളത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങള്‍.

ഫുട്ബോള്‍... ഫുട്ബോള്‍ മാത്രം

ഫുട്ബോളാണ് തോബിയാസിന്റെ ജീവവായു. ഒന്നും നേടാന്‍ വേണ്ടിയല്ല, ഇഷ്ടംകൊണ്ടാണ് പന്തു തട്ടിതുടങ്ങിയത്. ഏഴുതവണ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച അദ്ദേഹം 1994-ല്‍ കളിക്കളത്തോട് വിടപറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം തന്നത് ഫുട്ബോളാണ്. ഫുട്ബോള്‍ തനിക്കുതന്നത് ഇപ്പോള്‍ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി തിരികെ നല്‍കുകയാണ് തോബിയാസ്. 

മുട്ടട ഹോളിക്രോസ് പള്ളിയിലെ സമ്മര്‍ ക്യാമ്പിലും നാട്ടില്‍ ബോള്‍ഗാട്ടിയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കേരള പോലീസില്‍ നിന്ന് വിരമിച്ച ജ്യേഷ്ഠന്‍ ഷാജന്‍ ബോള്‍ഗാട്ടിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മുന്‍ അന്താരാഷ്ട്ര ഫുടബോളര്‍ സേവ്യര്‍ പയസ്, ഡാമിയന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ബോള്‍ഗാട്ടിയിലെ പരിശീലനം.
മുട്ടടയ്ക്കടുത്ത് വയലിക്കടയിലാണ്  തോബിയാസിന്റെ താമസം. ഭാര്യ സുനിത അധ്യാപിക. മൂത്തമകന്‍ സാനു ബി.ടെക് ബിരുദധാരിയാണ്. ഇളയയാള്‍ സാം ബി.ടെക്കിനു പഠിക്കുന്നു. 

Content Highlights: gentleman of midfield thobias kerala footballer