ഉയരം വില്ലനായ ചെറുപ്പം, അനുഗ്രഹമാക്കിയ കരിയര്‍; ബൂട്ടഴിച്ച് ബെയ്ല്‍ മദ്യവ്യവസായത്തിലേക്ക്‌


അജ്മല്‍ മൂന്നിയൂര്‍

അഞ്ച് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും മൂന്ന് ലാ ലിഗ കിരീടങ്ങളും വെയ്ല്‍സിന്റെ എക്കാലത്തെയും മികച്ച കളിക്കാരനെന്ന പദവിയും ഉറപ്പിച്ച ഒരു മികച്ച കരിയറിന് ശേഷം 33-ാം വയസ്സില്‍ താന്‍ ബൂട്ട് അഴിക്കുകയാണെന്ന് ഗാരെത് ബെയ്ല്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്

ഗാരെത് ബെയ്ൽ

'നന്ദി, ഗാരെത് ബെയ്ല്‍,നിങ്ങളെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് എത്രമാത്രം അംഗീകാരം ലഭിച്ചുവെന്ന് ഞങ്ങള്‍ ഞങ്ങളുടെ പേരക്കുട്ടികളോട് പറഞ്ഞുകൊടുക്കും' 35 ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള വെയില്‍സെന്ന കൊച്ചു രാജ്യത്ത് ഇന്ന് പുറത്തിറങ്ങിയ ഒരു ദിനപത്രം ഇങ്ങനെ തലക്കെട്ടെഴുതി.

തുടര്‍ന്ന് അവര്‍ കുറിച്ചു.'ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തരമായത്. നമ്മള്‍ കണ്ടേക്കാവുന്ന ഏറ്റവും മഹത്തായത്. അസാമാന്യ പ്രതിഭകളുള്ള ഒരു കായിക താരം. പണവും ഗ്ലാമറും പ്രശസ്തിയും ട്രോഫികളും, മറ്റെന്തിനെക്കാളും വെയില്‍സിന് വേണ്ടി കളിക്കാന്‍ തയ്യാറായതിലും ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തത് ഞങ്ങള്‍ക്കായി നേടിത്തന്നതിലും നന്ദി പറയുന്നു'

കാല്‍പ്പന്ത് കളിയില്‍ മിന്നുംപ്രകടനം കാഴ്ചവെച്ച് ലോകത്തെ ത്രസിപ്പിച്ച ഗാരെത് ബെയ്ല്‍ ബൂട്ടഴിക്കുമ്പോള്‍ വെയില്‍സ് ജനത അദ്ദേഹത്തോട് പറയുന്ന വാക്കുകളാണിത്.

64 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വെയില്‍സിനെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കളിപ്പിച്ച ശേഷമാണ് ബെയിലിന്റെ പടിയിറക്കം.

റയലിനായി അഞ്ച് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും മൂന്ന് ലാ ലിഗ കിരീടങ്ങളും വെയ്ല്‍സിന്റെ എക്കാലത്തെയും മികച്ച കളിക്കാരനെന്ന പദവിയും ഉറപ്പിച്ച ഒരു മികച്ച കരിയറിന് ശേഷം 33-ാം വയസ്സില്‍ താന്‍ ബൂട്ട് അഴിക്കുകയാണെന്ന് ഗാരെത് ബെയ്ല്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഗാരെത് ബെയ്ല്‍ കുട്ടിക്കാലത്ത് |ഫോട്ടോ:en.as.com

എംഎല്‍എസ് കപ്പ് ഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരെ ബെഞ്ചില്‍ നിന്നിറങ്ങി അവസാന നിമിഷത്തില്‍ അവിശ്വസനീയമായ ഗോള്‍ നേടിയ 33-കാരന്‍, ക്ലബ്ബില്‍ ഹീറോ ആയി നില്‍ക്കെ എല്‍എഎഫ്സിയിലെ തന്റെ കരാര്‍ പാതിവഴിയില്‍ നിര്‍ത്തിയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സതാംപ്ടണ്‍, ടോട്ടന്‍ഹാം, റയല്‍ മാഡ്രിഡ്, എല്‍എഎഫ്സി എന്നിവയ്ക്കൊപ്പവും വെയ്ല്‍സിനൊപ്പവുമുള്ള പല തരത്തിലുള്ള മാന്ത്രിക നിമിഷങ്ങള്‍ ലോകത്തിന് സമ്മാനിച്ച കരിയറായിരുന്നു ബെയ്‌ലിന്റേത്.

ഉയരം സൃഷ്ടിച്ച തടസ്സങ്ങളും അതിജീവനവും

ഒമ്പത് വയസ്സുള്ളപ്പോള്‍ വെയ്ല്‍സ് തലസ്ഥാനമായ കാര്‍ഡിഫില്‍ നിന്ന് ബാത്തിലെ സതാംപ്ടണിലെ സാറ്റലൈറ്റ് അക്കാദമിയിലേക്ക് ബെയ്ല്‍ യാത്ര തുടങ്ങിയപ്പോള്‍ ഉറപ്പില്ലായിരുന്നു ഫുട്‌ബോളായിരിക്കും തന്റെ കരിയര്‍ മാറ്റിമറിക്കുകയെന്ന്. റഗ്ബിയിലും ഹോക്കിയിലുമടക്കം പല കായിക മത്സരങ്ങളലും ബെയ്ല്‍ മികവ് പുലര്‍ത്തിയിരുന്നു. 14-ാം വയസ്സില്‍ 100 മീറ്റര്‍ ദൂരം 11.4 സെക്കന്‍ഡില്‍ ഓടി തീര്‍ക്കാന്‍ ബെയ്‌ലിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ അസാധാരമായ ഉയരം തുടക്കത്തില്‍ ബെയ്‌ലിന് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 18 മാസത്തിനിടെ എട്ട് ഇഞ്ച് വരെ നീളം വര്‍ധിച്ച ബെയ്‌ലിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യത്തില്‍ സതാംപ്ടണ്‍ അക്കാദമി അധികൃതര്‍ക്ക് ചില സംശയങ്ങള്‍ നിലനിന്നിരുന്നു. മറ്റു ചില തടസ്സങ്ങളേയും അതിജീവിച്ച ബെയ്ല്‍ 2006 ഏപ്രില്‍ 17-ന് സതാംപ്ടണിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി.

കേവലം ആറാഴ്ചയ്ക്ക് ശേഷം വെയ്ല്‍സ് ദേശീയ ടീമില്‍ നിന്നും വിളിയെത്തി. ട്രിനാഡഡ് ആന്‍ ടൊബാഗോയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി വെയ്്ല്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഇറങ്ങി.

ഇതിനിടെ 16 വയസ്സ് മാത്രമുള്ളപ്പോള്‍ തന്റെ സ്‌കൂളിന്റെ അണ്ടര്‍ 18 ടീമിനായി അദ്ദേഹം കളിച്ചു, കാര്‍ഡിഫ് & വെയ്ല്‍ സീനിയര്‍ കപ്പ് നേടുകയും ചെയ്തു. 2005-ല്‍ പി.ഇ.യില്‍ എ ഗ്രേഡോടെ ഹൈസ്‌കൂള്‍ ബിരുദം നേടി. കായികരംഗത്തെ സേവനങ്ങള്‍ക്കുള്ള സ്‌കൂളിലെ PE ഡിപ്പാര്‍ട്ട്മെന്റിന്റെ സമ്മാനവും ബെയ്‌ലിന് ലഭിച്ചു.

'വിജയിക്കാനുള്ള കഠിനമായ നിശ്ചയദാര്‍ഢ്യവും തന്റെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സ്വഭാവവും ഗുണങ്ങളും ഗാരെത്തിനുണ്ട്. സഹായിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്ന ഏറ്റവും നിസ്വാര്‍ത്ഥ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം' കായികാധ്യാപകന്‍ ഗ്വിന്‍ മോറിസ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായിരുന്ന സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ബെയ്‌ലിന്റെ കളിയില്‍ ആകൃഷ്ടനായിരുന്നു. ഫെര്‍ഗൂസണ്‍ വല വിരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 2007-ല്‍ ബെയ്ല്‍ ടോട്ടന്‍ഹാമുമായി നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.

ലെഫ്റ്റ് ബാക്കില്‍ നിന്ന് അറ്റാക്കിങ്ങിലേക്ക്

സതാംപ്ടണില്‍ ഒരു ലെഫ്റ്റ് ബാക്കായിട്ടാണ് ബെയ്ല്‍ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഫ്രീ കിക്ക് സ്‌പെഷ്യലിസ്റ്റ് എന്ന ഖ്യാതി ഇതിനിടെ അദ്ദേഹം നേടി. 2007-ല്‍ ടോട്ടന്‍ഹാം ഹോട്സ്പറിലേക്ക് മാറിയതിന് ശേഷം അദ്ദേഹത്തിന് കൂടുതല്‍ ആക്രമണാത്മക റോള്‍ ടീം നല്‍കി. പിന്നീട് യൂറോപ്പിലെ വിലപിടിപ്പുള്ള താരമായി വളര്‍ന്ന ബെയ്‌ലിന് റയല്‍മാഡ്രിഡും സ്വന്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നുംപ്രകടനം കാഴ്ചുവെച്ചുകൊണ്ടിരിക്കെ 2013-ലാണ് റയല്‍മാഡ്രിഡിന്റെ വിളിയെത്തുന്നത്. നൂറ് മില്യണ്‍ യൂറോയെന്ന ലോക റെക്കോര്‍ഡ് കരാര്‍ തുകയ്ക്കാണ് ആറു വര്‍ഷത്തേയ്ക്ക് റയലുമായി ബെയ്ല്‍ കരാറായത്. ലാല ലീഗയും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുമടക്കം റയലിന്റെ അലമാരകള്‍ നിറച്ചു. 2022 ജൂണില്‍ റയല്‍ വിട്ട ബെയ്ല്‍ എല്‍എഎഫ്‌സിയുമായി ഒരു വര്‍ഷത്തെ കരാറുണ്ടാക്കി. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ബെയ്ല്‍ എടുത്തിരിക്കുന്നത്.

അപ്രതീക്ഷിത വിരമിക്കല്‍

'ഞാന്‍ ആദ്യമായി 9-ാം വയസ്സില്‍ തുടങ്ങിയപ്പോള്‍ സ്വപ്നം കണ്ട, എന്റെ ജീവിതം മാറ്റിമറിക്കാനും എന്റെ കരിയര്‍ എനിക്ക് ഒരിക്കലും കഴിയാത്ത വിധത്തില്‍ രൂപപ്പെടുത്താനും സഹായിച്ചതിന് നിരവധി ആളുകളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ഈ യാത്രയില്‍ തങ്ങളുടെ പങ്ക് വഹിച്ച എല്ലാവരോടും എന്റെ നന്ദി പ്രകടിപ്പിക്കുന്നത് അസാധ്യമാണെന്ന് തോന്നുന്നു' ബെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള പ്രസ്താവനയില്‍ കുറിച്ചു.

ഖത്തര്‍ ലോകകപ്പില്‍ വെയ്‌ലിസിനായിട്ടാണ് ബെയ്ല്‍ അവസാനമായി ബൂട്ടണിഞ്ഞത്. അദ്ദേഹം നയിച്ച വെയ്ല്‍സിന് ഒരു മത്സരത്തിലും ജയിക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത് പോകേണ്ടി വന്നിരുന്നു.

ദേശീയ ടീമിനായി 111 മത്സരങ്ങളില്‍ പങ്കെടുത്ത ബെയ്ല്‍ വെയ്ല്‍സിനായി ഏറ്റവുമധികം കളിച്ച താരമാണ്. 41 ഗോളും ദേശീയ ടീമിനുവേണ്ടി നേടി. റയല്‍ മഡ്രിഡിനൊപ്പം അഞ്ചുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. 2022 ഖത്തര്‍ ലോകകപ്പിലും ബെയ്ല്‍ കളിച്ചു. 2016 യൂറോകപ്പ് ഫുട്ബോളില്‍ ബെയ്ലിന്റെ മികവിലാണ് വെയ്ല്‍സ് സെമിഫൈനലിലെത്തിയിരുന്നത്. 1958-ന് ശേഷം തങ്ങള്‍ക്ക് ലോകകപ്പ് ഫുട്‌ബോളിലേക്ക് പ്രവേശനം നേടിക്കൊടുത്തതില്‍ വെയ്ല്‍സ് ജനത എന്നും ബെയ്‌ലിന് കടപ്പെട്ടിരിക്കും.

'അന്താരാഷ്ട്ര വേദികളിലെ എന്റെ യാത്ര എന്റെ ജീവിതത്തെ മാത്രമല്ല, ഞാന്‍ ആരെന്നതിനെയും മാറ്റിമറിച്ച ഒന്നാണ്, വെല്‍ഷുകാരനാകാനും വെയില്‍സിനായി കളിക്കാനും ക്യാപ്റ്റനാകാനുമുള്ള ഭാഗ്യം എനിക്ക് മറ്റെന്തിനേക്കാളും സമാനതകളില്ലാത്തതാണ്. അത് താന്‍ അനുഭവിച്ചറിഞ്ഞു. ഈ അവിശ്വസനീയമായ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിഞ്ഞതിലും, ചുവന്ന മതിലിന്റെ പിന്തുണയും അഭിനിവേശവും അനുഭവിച്ചറിയാന്‍ കഴിഞ്ഞതിലും, അപ്രതീക്ഷിതവും അതിശയകരവുമായ സ്ഥലങ്ങളില്‍ പോയതിലും ഞാന്‍ ബഹുമാനവും വിനയവും ഉള്ളവനാണ്' ബെയ്ല്‍ പ്രസ്താവനയില്‍ കുറിച്ചു.

തന്റെ അടുത്ത പദ്ധതിയെന്താണെന്ന് ബെയ്ല്‍ പരസ്യപ്പെടുത്തിയിട്ടില്ല. ഞാന്‍ എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രതീക്ഷയോടെ നീങ്ങുന്നു, മാറ്റത്തിന്റെയും പരിവര്‍ത്തനത്തിന്റെയും സമയമാണ്. ഒരു പുതിയ സാഹസികതയ്ക്കുള്ള അവസരമായി കാണുന്നു' ഭാവി സംബന്ധിച്ച് ബെയ്ല്‍ നല്‍കുന്ന സൂചനകളിതാണ്.

കുടുംബം, ഭാവി പദ്ധതി

1989 ജൂലായ് 16-ന് കാര്‍ഡിഫിലാണ് ബെയ്‌ലിന്റെ ജനനം. പിതാവ് ഫ്രാങ്ക് സ്‌കൂള്‍ ജീവനക്കാരനായിരുന്നു. അമ്മ ഡെബ്ബി ബെയ്ല്‍ ഒരു പ്രാദേശിക ഓപ്പറേഷന്‍ മാനേജറായിരുന്നു. ബാല്യകാല സുഹൃത്തായിരുന്ന എമ്മ റൈസ്-ജോണ്‍സാണ് ജീവിത പങ്കാളി. എല്‍എഎഫ്‌സിയുമായി കരാറുണ്ടാക്കിയ ശേഷം അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ബെയ്ല്‍ കുടംബത്തോടെ താമസിക്കുന്നത്. ബെയ്‌ലിന് ചില ബിസിനസ് താത്പര്യങ്ങളുണ്ടെന്നും അതിന്റെ തിരക്കിലേക്ക് പോകുന്നതിനാകാം അദ്ദേഹം ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചതെന്ന് വെയ്ല്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 119 മില്യണ്‍ പൗണ്ട് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇലവന്‍സ് ഗ്രൂപ്പ് എന്നപേരിലുള്ള ബാര്‍ ശൃംഖല വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ ബെയ്‌ലിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വിസ്‌കി നിര്‍മാണ കമ്പനിയിലും അടുത്തിടെ അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. ടൈഗര്‍ വുഡ്‌സ് അടക്കമുള്ള ഉന്നതരുമായി ചേര്‍ന്ന് ഗോള്‍ഫ് ലീഗ് സംഘടിപ്പിക്കാനും അതില്‍ നിക്ഷേപം നടത്തുന്നതുമാണ് ബെയ്‌ലിന്റെ മറ്റൊരു പദ്ധതി.

അഡിഡാസ്, ബിടി സ്പോര്‍ട്ട്, ലൂക്കോസാഡ്, ഇഎ സ്പോര്‍ട്സ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി വര്‍ഷങ്ങളായി വിവിധ വാണിജ്യ ബന്ധങ്ങളും ബെയ്ല്‍സിനുണ്ട്.


Content Highlights: Gareth Bale-Untold Biography Facts-announcing retirement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented