മലപ്പുറം: 'നമ്മൂരു ബെംഗളൂരു' ആര്‍പ്പുവിളികള്‍ കഴിഞ്ഞ് സ്വന്തം നാടായ പട്ടര്‍ക്കടവിലെ വീട്ടിലാണ് ആഷിഖ് കുരുണിയന്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലും ബെംഗളൂരു എഫ്.സി.യിലും പന്തുമായി കുതിച്ച നമ്മുടെ താരം ലോക്ഡൗണില്‍ വീട്ടില്‍ നല്ല കുട്ടിയായി അടങ്ങിയിരിക്കുകയാണ്. മലപ്പുറം കൂട്ടിലങ്ങാടിയിലും മഞ്ചേരിയിലും ആഷിഖിന് സ്വന്തം ഫുട്ബോള്‍ അക്കാദമിയുണ്ട്. ആഷിഖ് കുരുണിയന്റെ ചുരുക്കെഴുത്താണ് എ.കെ. 22 ജേഴ്സി നമ്പറും.

സ്വന്തം ബെംഗളൂരു

ബെംഗളൂരു എഫ്.സി.യില്‍ നിന്നുകൊണ്ട് കളിക്കളത്തോട് വിട പറയണമെന്ന് ഇന്ത്യന്‍ ടീമിലെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. കേട്ടതുമുതല്‍ ആ ആഗ്രഹം എനിക്കുമുണ്ടായി. ഓഫറുമായി ടീം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. സുനില്‍ ഛേത്രിയും ഉദാന്തയും തുടങ്ങി ഒരുപിടി നല്ല കൂട്ടുകാരുണ്ട് ടീമില്‍.

പക്കാ പ്രൊഫഷണല്‍

പരിശീലകന്‍ കാള്‍സ് ക്വഡ്രാറ്റിനെ എടുത്തുപറയണം. ഒരു പ്രൊഫഷണല്‍ ക്ലബ്ബ് എങ്ങനെയെന്ന് ബെംഗളൂരു പഠിപ്പിച്ചുതരും. അവര്‍ക്ക് അവരുടേതായ ചിട്ടകളുണ്ട്. മൂന്ന് വര്‍ഷത്തെ കരാറാണ് ടീമുമായുള്ളത്.

ബെസ്റ്റാണ് ബ്ലൂസ്

ബാംഗ്ലൂരിന്റെ ഗ്രൗണ്ടിനു പുറത്തെ കരുത്താണ് വെസ്റ്റ്ബ്ലോക്ക് ബ്ലൂസ്. ക്ലബ്ബിന്റെ ആരാധകക്കൂട്ടം. പ്രൊഫഷണലിസം എന്താണെന്ന് കാണിച്ചുതന്ന ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോള്‍ ആരാധകര്‍. ആദ്യമായി പരിശീലനത്തിന് ഗ്രൗണ്ടിലെത്തിയപ്പോഴും വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആരാധകക്കൂട്ടം വന്‍വരവേല്‍പ്പാണ് നല്‍കിയത്.

വാട്ട് എ സെലിബ്രേഷന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ നല്ലൊരു ഗോള്‍ സ്‌കോര്‍ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷമാണ് ഗോളാഘോഷത്തില്‍ കണ്ടത്. ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ കയറി എന്ന് കാണിക്കാനായിരുന്നു കൈ കൊണ്ട് എഴുതുന്നതുപോലെയുള്ള ആഘോഷം. കഴിഞ്ഞ സീസണിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷവും അതു തന്നെയായിരുന്നു.

ഏഷ്യന്‍ 'നേട്ടം'

ഇന്ത്യക്കായി എ.എഫ്.സി. ഏഷ്യന്‍ കപ്പ് കളിച്ചതാണ് കരിയറിലെ മികച്ച നേട്ടം. മികച്ച ടീമുകളുമായി മാറ്റുരയ്ക്കുന്നത് നമ്മുടെ ടീമിന്റെ കരുത്ത് കൂട്ടും. ദേശീയ ടീമിന്റെ പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക് പരിചയസമ്പത്തുള്ള പരിശീലകനാണ്. അദ്ദേഹത്തിന്റെകീഴില്‍ ടീമിന് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനാകും.

Content Highlights: From the track to the touchline Ashique Kuruniyan evolving