പുതിയ  ലോക ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ ആരെന്ന് നിശ്ചയിക്കുവാനുള്ള കലാശപ്പോരാട്ടം നേരിട്ട് കാണുവാനായി വലിയൊരു ജനക്കൂട്ടമാണ്  വാഴ്‌സോയിലെ പി ജി ഇ  നരോദോവി സ്റ്റേഡിയത്തില്‍  തടിച്ചുകൂടിയത്. പോളണ്ടിന്റെ പ്രധാനമന്ത്രി മറ്റേയൂസ് മൊറാവിക്കിയും പ്രേക്ഷകരില്‍ ഒരാളായിരുന്നു. ലോകകിരീടത്തിനായി പോരാടുന്ന പോളണ്ടിന്റെ പുതിയ ചെസ്സ് സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡൂഡ യാന്‍ ക്രിസ്റ്റോഫ് ജേതാവാകണം എന്ന് മോഹിച്ചായിരുന്നു അവര്‍ അവിടെ എത്തിയത്. 

ലോകകപ്പ് ജേതാവായ ഡൂഡയെ പക്ഷെ ഭാഗ്യം തുണച്ചില്ല. ടൈബ്രെക്കറിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ കലാശിച്ചു. പിന്നീട് നടന്ന ആവേശകരമായ അര്‍മഗെദോന്‍ സഡന്‍ ഡെത്ത് കലാശക്കളിയില്‍ 31-കാരനായ ഫ്രഞ്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ മാക്‌സിം വഷ്യേ ലഗ്രേവ് ഡൂഡയെ പരാജയപ്പെടുത്തി ലോകകിരീടം സ്വന്തമാക്കി. ലോക കാന്‍ഡിഡേറ്റ്‌സ് മത്സരത്തില്‍ മുടിനാരിഴക്ക് മാത്രം കാള്‍സന്റെ എതിരാളിയാകുവാന്‍ അവസരം നഷ്ടപ്പെട്ട ലഗ്രേവിനെത്തേടി  ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം വന്നെത്തി.

frenchman maxime vachier lagrave is the new world blitz champion
ഗ്രാന്‍ഡ് മാസ്റ്റര്‍ ഡൂഡ യാന്‍ ക്രിസ്റ്റോഫ് | Photo: worldrapidandblitz.fide.com

3 കളിക്കാര്‍ ഒന്നാം സ്ഥാനത്ത്

ഡിസംബര്‍ 28 മുതല്‍ 30 വരെ നടന്ന ലോക ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ 21 റൗണ്ട് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 15 പോയന്റുകള്‍ വീതം നേടി 3 കളിക്കാര്‍ ഒന്നാമതെത്തി - ഡൂഡ യാന്‍ ക്രിസ്റ്റോഫ്, മാക്‌സിം വഷ്യേ  ലഗ്രേവ്, ഇറാനിയന്‍ ഫ്രഞ്ച് താരം 17-കാരന്‍  ഫിറൂസജാ  ആലിറേസ. ലോകചെസ് ഫെഡറേഷന്റെ പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കളിക്കാര്‍ ഒന്നാമതായെത്തിയാല്‍ അതില്‍ ഏറ്റവും മികച്ച ടൈബ്രേക്ക് പോയന്റുകളുള്ള ആദ്യ രണ്ടുപേര്‍ കിരീടത്തിനായി പരസ്പരം മത്സരിക്കണം. അപ്രകാരമാണ് ലഗ്രേവും ഡൂഡയും ഏറ്റുമുട്ടിയതും ലഗ്രേവ് ജേതാവായതും. ഈ നിയമം വിവാദവിഷയമായി മാറിയിട്ടുണ്ട്.

ബ്ലിറ്റ്‌സ് അഥവാ മിന്നല്‍ ചെസ്സ്

ഓരോ കളിക്കാരനും വെറും 3 മിനിറ്റ് വീതം മാത്രമാണ് ബ്ലിറ്റ്‌സ് ചെസ്സില്‍ അനുവദിക്കപ്പെടുന്നത്. ഇതിനുപുറമെ അയാള്‍ ഓരോ നീക്കം നടത്തുമ്പോളും അയാളുടെ ക്ലോക്കില്‍ 2 സെക്കന്‍ഡ് വീതം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മസ്തിഷ്‌കവും കൈയും മിന്നല്‍വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നിട്ടും  നൊടിയിടയില്‍ അസാമാന്യ കരുത്തുള്ള മികച്ച നീക്കങ്ങള്‍ പിറവികൊള്ളുന്നു. ചെസ്സിന്റെ ക്ലാസിക്കല്‍, റാപ്പിഡ് രൂപങ്ങളേക്കാള്‍ ആവേശകരമായ ദൃശ്യവിരുന്നാണ് ബ്ലിറ്റ്‌സ്.

കാള്‍സന്റെ പതനവും പുത്തന്‍ താരനിരയുടെ മുന്നേറ്റവും

ലോകത്തെ മികച്ച 179 മിന്നല്‍ ചെസ്സ് വിദഗ്ദരായ ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരുമാണ് ലോക ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായി വാഴ്‌സോയിലെത്തിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍ ഈ മത്സരത്തില്‍ പന്ത്രണ്ടാമനായി പിന്തള്ളപ്പെട്ടു എന്നതാണ്. നേരത്തെ ലോകറാപ്പിഡ് ചാമ്പ്യന്‍ഷിപ്പിലും കാള്‍സണ് കിരീടം നഷ്ടമായിരുന്നു. സമകാലിക ചെസ്സ് ലോകത്ത് മുന്‍പെങ്ങും ഇല്ലാത്ത വിധം അതിശക്തരായ ചെസ്സ് പ്രതിഭകളുടെ ഒരു വലിയ നിര തിരമാല പോലെ ആര്‍ത്തിരമ്പി കയറിവന്നിരിക്കുന്നു. ഇവരെല്ലാവരും തന്നെ ലോകചാമ്പ്യന്‍മാരകാനുള്ള ശേഷിയുള്ളവരാണ്.

frenchman maxime vachier lagrave is the new world blitz champion
നിഹാല്‍ സരിന്‍

നിഹാലും ഭാരതവും

ചെസ്സ് ലോകത്ത് ഉയര്‍ന്നുവരുന്ന പുത്തന്‍ ശക്തിയായ ഇന്ത്യക്ക് വേണ്ടി ഒരു ഡസന്‍ കളിക്കാര്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഗംഭീരപ്രകടനം കാഴ്ചവെച്ചത് വിദിത്ത് ഗുജറാത്തിയോടൊപ്പം കേരളത്തിന്റെ 17-കാരന്‍  നിഹാല്‍ സരിനായിരുന്നു. അമ്പത്തിരണ്ടാമത്തെ സീഡായ വിദിത്ത് പതിനെട്ടാം സ്ഥാനത്തെത്തിയത് മികച്ച നേട്ടമായി. ലോകത്തെ ഏറ്റവും മികച്ച സ്പീഡ് ചെസ്സ് താരങ്ങളില്‍ ഒരാളായ നിഹാല്‍ അഭിമാനാര്‍ഹമായ പത്തൊമ്പതാം സ്ഥാനം കരസ്ഥമാക്കി. നിഹാല്‍ ഈ മത്സരത്തിലെ ഇരുപതാം സീഡ് ആയിരുന്നു എന്നത് ഈ ബാലന്റെ അസാമാന്യശേഷിയുടെ തെളിവാണ്. ഫാബിയാനോ കരുവാനയും യാന്‍ നെപ്പോമ്‌നിഷിയും സെര്‍ജി കാര്യാക്കിനും അബ്ദുസത്തറോവും ബോറിസ് ഗെല്‍ഫാന്‍ഡും മറ്റു നിരവധി വന്‍ താരങ്ങളും നിഹാലിന് പുറകിലാണ് സ്ഥാനം പിടിച്ചത് എന്നത് വിസ്മരിച്ചുകൂടാ. അര്‍ജുന്‍ എറിഗാസി ഇരുപത്തിനാലാം സ്ഥാനവും ഗുകേഷ് മുപ്പത്തിരണ്ടാ സ്ഥാനവും നേടി.

frenchman maxime vachier lagrave is the new world blitz champion
അസുബയേവ ബിബിസാര | Photo: worldrapidandblitz.fide.com

അസുബയേവ എന്ന യുവപ്രതിഭാസം

സമാന്തരമായി നടന്ന ലോക വനിതാ ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കസാക്കിസ്ഥാനില്‍ നിന്നുമുള്ള അത്ഭുതബാലിക അസുബയേവ ബിബിസാര 16 റൗണ്ടുകളില്‍ നിന്നും 14 പോയിന്റ് നേടി കിരീടമണിഞ്ഞു. 17-വയസ് മാത്രം പ്രായമുള്ള അസുബയേവ 15 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ കിരീടമുറപ്പിച്ചിരുന്നു. നേരത്തെ സമാപിച്ച ലോക വനിതാ റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഈ പെണ്‍കുട്ടി രണ്ടാമതായെത്തിയിരുന്നു. ജൂഡിത്ത് പോള്‍ഗാര്‍, ഹൂ യിഫാന്‍ എന്നിവരെപ്പോലെ ഒരു അസാമാന്യ പ്രതിഭയാണ് താന്‍ എന്നതിന്റെ സൂചനകള്‍ അസുബയേവ ഇതിനകം ചെസ്സ് ലോകത്തിന് നല്‍കിക്കഴിഞ്ഞിരിക്കുന്നു. ലോക വനിതാ റാപ്പിഡ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ റഷ്യയുടെ അലക്സാണ്ട്ര കോസ്റ്റിന്യുക് 12.5 പോയന്റുകളോടെ ബ്ലിറ്റ്സില്‍ റണ്ണറപ്പായി. ഭാരതത്തിന്റെ കൊനേരു ഹമ്പി അഞ്ചാമത്തെ സ്ഥാനം നേടി (11.5 പോയന്റ്). ആര്‍ വൈശാലി പതിനാലാം സ്ഥാനവും നേടി (11 പോയന്റ്).

Content Highlights: frenchman maxime vachier lagrave is the new world blitz champion