'എന്റെ മാതാപിതാക്കളായിരുന്നു എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. എന്നെ താങ്ങിനിർത്തിയിരുന്ന ആ തൂണുകളാണ് തകർന്നു വീണത്. ഞാൻ വിഷാദത്തിന് അടിപ്പെട്ടു. എല്ലാ ആവേശവും കെട്ടടങ്ങി. ജീവിക്കാനുള്ള താൽപര്യം പോലും നഷ്ടമായിരുന്നു' -
റാഫാ മൈ സ്റ്റോറി( റാഫേൽ നദാലിന്റെ ആത്മകഥ)

റാഫേൽ നദാലിന് റൊളണ്ട് ഗാരോസിലെ കളിമൺ കോർട്ട് മയോർക്കയിലെ തന്റെ വീട്ടുമുറ്റം പോലയാണ് . ഞായറാഴ്ച കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുമ്പോൾ റാഫ ഇവിടെ 100 വിജയവും പൂർത്തിയാക്കി. പാരിസിലെ കളിമൺകോർട്ടിൽ 102 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു വട്ടം മാത്രമാണ് സ്പാനിഷ് താരം തോറ്റത്. 2009-ൽ സ്വീഡന്റെ റോബിൻ സോഡർലിങിനോടും  2015-ൽ സാക്ഷാൽ നൊവാക് ജോക്കോവിച്ചിനോടും. ഇതിൽ 2009-ലെ പ്രീ ക്വാർട്ടറിൽ അത്ര പ്രശസ്തനല്ലാത്ത സോഡർലിങിനോടേറ്റ തോൽവിയാണ് കായിക ലോകത്തെ ഞെട്ടിച്ചത്. അന്നത്തെ തോൽവിക്കുള്ള കാരണം അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

Nadal
റാഫേൽ നഡാൽ. Photo: www.gettyimages.in

2011-ൽ പുറത്തിറങ്ങിയ തന്റെ ആത്മകഥ ' റാഫാ -മൈ സ്റ്റോറി'യിൽ അന്നത്തെ തോൽവിക്കുള്ള കാരണം റാഫ വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് പത്രപ്രവർത്തകൻ ജോൺ കാർലിനൊപ്പം ചേർന്നാണ് റാഫ തന്റെ ആത്മകഥ രചിച്ചിരിക്കുന്നത്.

സ്പാനിഷ് ദ്വീപായ മയോർക്കയിലെ മാനക്കറിൽ ജനിച്ച നദാലിന്റെ കരുത്തും  പിന്തുണയുമെല്ലാം കുടുംബമാണ്. വ്യവസായിയായ അച്ഛൻ സെബാസ്റ്റ്യൻ നഡാലും വീട്ടമ്മയായ അമ്മ അന മരിയ പെരേരേയും സഹോദരി മാരിബെല്ലും അച്ഛന്റെ അനുജൻമാരായ പ്രശസ്ത ഫുട്‌ബോൾ താരം മിഗ്വലും നദാലിന്റെ എല്ലാത്തരത്തിലുള്ള വളർച്ചയ്ക്ക് കാരണക്കാരനായ അച്ഛന്റെ മറ്റൊരു അനുജനായ ടോണി നദാലും അമ്മായിയും തലതൊട്ടമ്മയുമായ മാരിലെനുമൊക്കെ ചേർന്ന ശക്തമായ ഇഴയടുപ്പമുള്ള ഒരു കുടുംബം. വ്യവസായിയായ സെബാസ്റ്റിയനാണ് കുടുംബത്തിന്റെയും  ബിസിനസിന്റെയും തലവൻ.  ഇവരെല്ലാം നൽകിയ പിന്തുണയായിരുന്നു നദാലെന്ന താരത്തിന്റെ ശക്തി.

പക്ഷേ 2009-ന്റെ തുടക്കത്തോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. അമ്മയും അച്ഛനും വേർപിരിയലിന്റെ വക്കിലാണെന്നറിഞ്ഞതോടെ നദാൽ തകർന്നു പോയി. ടെന്നീസിനെപ്പോലും വെറുത്ത അവസ്ഥ. ഒരു 23 വയസ്സുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു ജീവിതത്തിൽ നേരിട്ട ഈ തിരിച്ചടി. മാതാപിതാക്കളുടെ മുപ്പതുവർഷത്തോളം നീണ്ട സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണ് തകരുന്നത്.

Nadal
റാഫേൽ നഡാൽ. Photo: www.gettyimages.in

ഇത്തരമൊരു സ്ഥിതിയിലാണ് ഇതൊന്നും പുറത്തുകാണിക്കാതെ  2009-ലെ ഫ്രഞ്ച് ഓപ്പണിൽ  റാഫ എത്തുന്നത്. നാലാം റൗണ്ടിൽ റോബിൻ സോഡർലിങിനു മുന്നിൽ ആ യാത്ര അവസാനിച്ചു. ഇതിന്റെ യഥാർത്ഥ കാരണങ്ങളറിയാതെ തുർച്ചയായ അഞ്ചാം കിരീടം നേടാനാകാതെ കളിമൺ കോർട്ടിലെ രാജകുമാരൻ മടങ്ങിയതിന്റെ ഷോക്കിലായിരുന്നു കായിക ലോകം. തന്റെ വ്യക്തി ജീവിതത്തിലെ ദു:ഖത്തെ മറികടന്ന ശക്തമായി തിരിച്ചു വന്ന റാഫയെയാണ് പിന്നീട് ടെന്നീസ് ലോകം കണ്ടത്. 2010-ൽ ഓസ്‌ട്രേലിയൻ ഓപ്പണൊഴികെയുള്ള മൂന്നു ഗ്രാൻഡ് സ്ലാം കിരീടങ്ങളും റാഫ നേടി.

2015-ലെ ഫ്രഞ്ച് ഓപ്പണിനെത്തുമ്പോൾ തുടർച്ചയായ പരിക്കും മങ്ങിയ ഫോമും റാഫയെ തളർത്തിയിരുന്നു. മിന്നുന്ന ഫോമിൽ കളിച്ചിരുന്ന നൊവാക് ജോക്കോവിച്ചാകട്ടെ ഒരു കംപ്ലീറ്റ് പ്ലെയർ എന്ന നിലയിലേക്ക് വളരുകയും ചെയ്തിരുന്നു. അന്ന് ജോക്കോയ്ക്കു മുന്നിൽ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ നിന്ന നദാൽ ടെന്നീസിലെ മാത്രമല്ല കായിക ലോകത്തെ തന്നെ സങ്കടകാഴ്ചകളിലൊന്നായിരുന്നു. റാഫയുടെ കാലം കഴിഞ്ഞുവെന്ന വിലയിരുത്തലുകളും അന്നുണ്ടായി.

Nadal
റാഫേൽ നഡാൽ. Photo: www.gettyimages.in

പ്രതിസന്ധികളെയും  തിരിച്ചടികളെയും മറികടക്കുന്നവരാണല്ലോ യഥാർത്ഥ ചാമ്പ്യൻമാർ. കരിയറിൽ തന്നെ ആദ്യം  തളർത്തിയ വ്യക്തിജീവിതത്തിലെ പ്രശ്‌നത്തെ പക്വതയോടെ തന്നെ നേരിടാൻ റാഫയ്ക്കായി. അതിനുശേഷം പരിക്കിനെയും മങ്ങിയ ഫോമിനെയും മറികടന്നാണ് 2017 -ൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. അക്കുറി  ഫ്രഞ്ച് ഓപ്പണും യു.എസ്.ഓപ്പണും നേടുകയും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ ഫെഡററോട്  പൊരുതി തോൽക്കുകയും ചെയ്തു.

ആ തിരിച്ചുവരവിലെ മിന്നുന്ന അധ്യായമാണ് ഞായറാഴ്ച റൊളണ്ട് ഗാരോസിൽ കണ്ടത്.  ഞായറാഴ്ചത്തെ  മാന്ത്രിക പ്രകടനത്തോടെ 2015-ലെ തോൽവിയുടെ വേദനയും നാണക്കേടും നിരാശയുമെല്ലാം റാഫ മായിച്ചുകളഞ്ഞു. റോജർ ഫെഡറർക്കൊപ്പം 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾക്ക് അവകാശിയാകുകയും ചെയ്തു. ടെന്നീസിന്റെ മാത്രമല്ല കായികലോകത്തിന്റെ തന്നെ പുണ്യമാണ് ഫെഡറർ-നഡാൽ-നൊവാക് ത്രയങ്ങൾ (ഇവരെക്കൊണ്ട് ബോറടിച്ചു എന്നുള്ള വിമർശനങ്ങൾ  അവിടെ നിൽക്കട്ടെ).

എക്കാലത്തെയും മികച്ച ടെന്നീസ് താരമാരെന്ന ചോദ്യത്തിന് ത്രിമൂർത്തികളിൽ ഒരു പണത്തൂക്കം മുന്നിൽ സാക്ഷാൽ റോജർ ഫെഡറർ തന്നെയാണ്. ഗ്രാൻഡ്​സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡററെയും നദാലിനെയും ജോക്കോ മറികടന്നേക്കാം. മറ്റു രണ്ടു പേരേക്കാൾ സമ്പൂർണമായ ഗെയിമും ജോക്കോവിച്ചിന്റേതാണ്. പക്ഷേ ആധുനിക ടെന്നീസിൽ പോരാളിയുടെ ചക്രവർത്തിപ്പട്ടം നദാലിനു മാത്രമേ ഇണങ്ങുകയുള്ളൂ. ഓരോ പോയന്റിനായും അവസാനത്തെ തുള്ളി ചോരയും വിയർപ്പും പൊടിക്കുന്ന റാഫയെന്ന തളരാത്ത പോരാളിക്കു മാത്രം.

Content Highlights: French Open Tennis Final Rafael Nadal Novak Djokovic Grand Slam