ത് മാമ്പറ്റ ഫൗസിയ-കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍താരം. പെണ്‍കുട്ടികളെ കളിക്കാന്‍ പോയിട്ട് പഠിക്കാന്‍പോലും പറഞ്ഞുവിടാന്‍ മടികാണിച്ച ഒരു കാലത്ത് കളിക്കളത്തെ പ്രണയിച്ച തട്ടത്തിന്‍ മറയത്തെ പെണ്‍കുട്ടി. സമൂഹംതീര്‍ത്ത പ്രതിരോധനിരയെ സമര്‍ഥമായി ഡ്രിബ്ള്‍ചെയ്ത് മുന്നേറിക്കൊണ്ടിരിക്കേ വിധിയുടെ ഫൗള്‍പ്‌ളേയില്‍ ജീവിതമൈതാനത്ത് മലര്‍ന്നടിച്ച് വീണുപോയവള്‍. എന്നാല്‍, തോറ്റുകൊടുക്കാതെ ഫൗസിയ ഇപ്പോഴും കളിക്കളത്തിലുണ്ട്-കളിക്കാരിയായല്ല, പരിശീലകയായി.

കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാഫുട്ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പര്‍...  കൊല്‍ക്കത്തയില്‍നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. 

അന്ന് ഫൈനല്‍ മത്സരത്തില്‍ കേരളം 1-0 എന്നനിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്റ്റിനുകീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യക്തിഗത നേട്ടങ്ങള്‍ ഏറെയുണ്ട് ഫൗസിയക്ക്. പക്ഷേ, ഒരടി മുന്നോട്ടുകുതിക്കുമ്പോള്‍ രണ്ടടി പിന്നോട്ട് വലിച്ചുകൊണ്ട് ദുര്‍വിധി കൂടെത്തന്നെയുണ്ടായിരുന്നു. 

ജീവിതമുന്നേറ്റത്തിലെ ആദ്യത്തെ തിരിച്ചടി തന്റെ ശക്തിസ്രോതസ്സും വഴികാട്ടിയുമായ ബാപ്പയുടെ മരണമായിരുന്നെന്ന് അവര്‍ ഓര്‍ക്കുന്നു. ഗള്‍ഫില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ബാപ്പ മരണപ്പെട്ടു. അവസാനമായി ഒന്ന് കാണാന്‍പോലും ഫൗസിയക്ക് സാധിച്ചില്ല. ബാപ്പയുടെ മയ്യത്ത് ഗള്‍ഫില്‍ത്തന്നെ ഖബറടക്കി. തന്റെ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി ഫൗസിയ വീണ്ടും കളിക്കളത്തില്‍ സജീവമായി. 

ഇതിനിടെ അനുജത്തിയുടെ കല്യാണം കഴിഞ്ഞെങ്കിലും ഫൗസിയക്ക് മെഹറ് കൊടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഫുട്ബോള്‍ കളിക്കാരിയായ പെണ്‍കുട്ടിയെ നിക്കാഹുചെയ്യാന്‍ യുവാക്കള്‍ മടികാണിച്ചു. അങ്ങനെ തന്റെ വിവാഹസ്വപ്നങ്ങള്‍ക്ക് നിറംമങ്ങിക്കൊണ്ടിരിക്കെയാണ് ഗള്‍ഫില്‍ ജോലിചെയ്യുന്ന തിരൂര്‍ക്കാരന്‍ യുവാവ് ഫൗസിയയെ ജീവിതസഖിയാക്കിയത്. ആഹ്ലാദകരമായ രണ്ടരമാസത്തെ മധുവിധുവിനുശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങി. ഗര്‍ഭിണിയായ ഫൗസിയ കളിക്കളത്തിനോട് വിടപറഞ്ഞ് കണ്‍മണിയെ കാത്തിരുന്നു. 

എന്നാല്‍, വിധി വീണ്ടും ചുവപ്പുകാര്‍ഡ് പുറത്തെടുത്തു. അപ്രതീക്ഷിതമായി രക്തസമ്മര്‍ദം വര്‍ധിച്ച് നാലാംമാസത്തില്‍ കുഞ്ഞ് ചാപിള്ളയായപ്പോള്‍ ഫൗസിയയെ ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവ് വന്നില്ല. അയാളെപ്പറ്റി ഒരറിവും കിട്ടാതായപ്പോള്‍ ഫൗസിയ വിവാഹമോചനംതേടി കുടുംബകോടതിയില്‍ കേസുകൊടുത്തു.

മൊഴിചൊല്ലിപ്പിരിഞ്ഞിട്ടും ഇടനെഞ്ച് പിടഞ്ഞിട്ടും ഫൗസിയ തകര്‍ന്നില്ല. അതിജീവനത്തിന് ഒരു തൊഴില്‍തേടി 2002-ല്‍ അവര്‍ അന്നത്തെ സംസ്ഥാന സ്‌പോര്‍ട്സ് മന്ത്രിയായിരുന്ന കെ. സുധാകരനെ സന്ദര്‍ശിച്ചു. അങ്ങനെയാണ് ഫൗസിയ സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലില്‍ പ്രതിദിനം നൂറുരൂപ വേതനാടിസ്ഥാനത്തില്‍ ഫുട്ബോള്‍ കോച്ചായി നിയമിക്കപ്പെടുന്നത്.  കോഴിക്കോട് നടക്കാവ് സ്‌കൂളിലെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഫൗസിയ ഏറ്റെടുത്തു. 

അര്‍പ്പണമനോഭാവത്തോടെയുള്ള അവരുടെ ശിക്ഷണംകൊണ്ട് അഭൂതപൂര്‍വമായ നേട്ടങ്ങളാണ് നടക്കാവ് സ്‌കൂളിലെ കുട്ടികള്‍ കൈവരിച്ചത്. 2003-ല്‍ കേരളാടീമിലേക്ക് ജില്ലയില്‍നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവര്‍തന്നെ. 

ഇന്ത്യന്‍ടീമില്‍ ഇടംനേടിയ ടി. നിഖില, വൈ.എം. ആഷ്ലി തുടങ്ങിയവരും ഫൗസിയയുടെ കളരിയിലെ ഉണ്ണിയാര്‍ച്ചമാരാണ്. ഒരു പരിശീലക എന്നനിലയില്‍ വളരെ പെട്ടെന്ന് ഫൗസിയ പേരെടുത്തു. 2005-ല്‍ മണിപ്പുരില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിന്റെ കോച്ച്, 2006-ല്‍ ഒഡിഷയില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ച്-എല്ലാം ഫൗസിയതന്നെയായിരുന്നു.

ഒരു ബഹുമുഖ കായികപ്രതിഭ മാത്രമല്ല ഒരു കായിക ആക്ടിവിസ്റ്റുംകൂടിയാണ് ഇന്നവര്‍. സംസ്ഥാന സ്‌കൂള്‍  ഗെയിംസില്‍ വനിതാഫുട്ബോള്‍ ഉള്‍പ്പെടുത്തിക്കിട്ടാന്‍ ഫൗസിയ നടത്തിയ ശ്രമങ്ങള്‍ ചില്ലറയല്ല. കേട്ടുകേള്‍വിപോലുമില്ലാത്ത ഇനങ്ങള്‍ സ്‌കൂള്‍ ഗെയിംസില്‍ ഇടംനേടിയപ്പോള്‍ ജനങ്ങള്‍ നെഞ്ചേറ്റിയ ഫുട്ബോള്‍കളിയില്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നിഷേധിച്ചതിന്റെ പേരില്‍ ഫൗസിയ നിരവധി പരാതികളാണ് സമര്‍പ്പിച്ചത്. ദേശീയ സ്‌കൂള്‍ ഗെയിംസിലുണ്ടായിട്ടും സംസ്ഥാനസ്‌കൂള്‍ ഗെയിംസില്‍ വനിതാഫുട്ബോള്‍ ഉള്‍പ്പെടാത്തതിനെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മാന്വല്‍ പരിഷ്‌കരിച്ച് ഈ ഇനം ഉള്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് തയ്യാറാകേണ്ടിവന്നു. 

ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച കത്ത് ഒരു നിധിപോലെ സൂക്ഷിക്കുന്നുണ്ട് ഫൗസിയ. 2013 മുതല്‍ വനിതാഫുട്ബോള്‍ സ്‌കൂള്‍ഗെയിംസിന്റെ ഭാഗമായി മാറിയതിന് കേരളത്തിലെ പെണ്‍കുട്ടികള്‍ കടപ്പെട്ടിരിക്കുന്നത് ഈ പോരാളിയോടാണ്.

കുട്ടികളോടൊത്തുള്ള ജീവിതം സ്വയംമറന്ന് ആഘോഷിച്ചുകൊണ്ടിരിക്കെയാണ് വിധി വീണ്ടും ഒരു കനത്ത ടാക്ലിങ്ങിലൂടെ ഫൗസിയയുടെ നേരേ തിരിഞ്ഞത്. ഇപ്രാവശ്യം അത് കാന്‍സറിന്റെ രൂപത്തിലായിരുന്നു. തനിക്ക് സ്തനാര്‍ബുദമാണെന്നറിഞ്ഞപ്പോള്‍ അവര്‍ ഉറപ്പിച്ചു-പെനാല്‍റ്റി ബോക്‌സിനുള്ളിലേക്കെത്തിയ ദുര്‍വിധിയുടെ നീക്കത്തില്‍ താന്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം! എന്നാല്‍, തന്നെ കീഴടക്കാന്‍ വന്ന രോഗത്തെയും അവര്‍ ധീരമായി നേരിട്ടു. ഇടത്തെ സ്തനം നീക്കംചെയ്‌തെങ്കിലും, കീമോചെയ്ത് മുടി പോയെങ്കിലും ഫൗസിയക്ക് കുലുക്കമില്ല. 

എല്ലാ ദുര്‍വിധികളോടും 'വഴിമാറടാ മുണ്ടക്കല്‍ ശേഖരാ' എന്ന് ആജ്ഞാപിക്കുന്നത് മാമ്പറ്റ ഫൗസിയയല്ല, 'പുലിപെറ്റ ഫൗസിയ'യാണെന്ന് ഇപ്പോള്‍ ആളുകള്‍ അടക്കംപറയുന്നു. പെരുന്നാളിന് പുത്തനുടുപ്പ് വാങ്ങാന്‍ ഉപ്പകൊടുത്ത പൈസകൊണ്ട് ബൂട്ടും ജഴ്സിയും വാങ്ങി ആണ്‍കോയ്മയുടെ ഗോള്‍ പോസ്റ്റിലേക്ക് ലോങ്‌റേഞ്ച് ലോബ് തൊടുത്തുവിട്ട  ഈ പെണ്‍കരുത്തിനെ മാറ്റിനിര്‍ത്തി കേരളത്തിനൊരു വനിതാഫുട്ബോള്‍ ചരിത്രമില്ല.

prembamsuri@gmail.com 

Content Highlights: Fousiya Football Coach Calicut Life Story