ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നുള്ള 26-കാരി കൊണിക ലായക് കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് ഷൂട്ടിങ് ലോകം കേട്ടത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച യുവതാരം ഖുഷ് സീറത് കൗര്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച് ഒരാഴ്ച്ച പൂര്‍ത്തിയാകും മുമ്പാണ് കൊണിക ലായകിന്റെ ആത്മഹത്യ. സെപ്റ്റംബറില്‍, ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ വെങ്കലം നേടിയ നമന്‍വീര്‍ സിങ്ങ് ബ്രാറും ഒക്ടോബറില്‍, സംസ്ഥാന തലത്തില്‍ മെഡലുകള്‍ നേടിയ ഹുനര്‍ദീപ് സിങ്ങ് സോഹലും ജീവനൊടുക്കിയിരുന്നു. ഇതോടെ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസത്തിനുള്ളില്‍ ഷൂട്ടിങ് ലോകത്തിന് നഷ്ടമായത് നാല് ജീവനുകളാണ്. 

മത്സരിക്കുന്ന തോക്കുപയോഗിച്ച് ജീവനൊടുക്കിയത് മൂന്നു പേര്‍

സെപ്റ്റംബര്‍ 13-ന് പുലര്‍ച്ചെ 3.30ന് മൊഹാലിയിലെ വീട്ടില്‍ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു നമന്‍വീര്‍. മാതാപിതാക്കളും ഭാര്യയും വീട്ടില്‍ ഉറങ്ങുന്ന സമയത്തായിരുന്നു 28-കാരനായ നമന്‍വീര്‍ ആത്മഹത്യ ചെയ്തത്. ശബ്ദം കേട്ട് എല്ലാവരും ഉണര്‍ന്നപ്പോഴേക്കും മരിച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഒറ്റയ്ക്കാക്കി ജീവന്‍ അവസാനിപ്പിക്കാന്‍ മാത്രം എന്തു കാരണമാണ് നമന്‍വീറിന് ഉണ്ടായിരുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും കിട്ടിയിട്ടില്ല. 

ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ നാലാം സ്ഥാനത്താണ് ട്രാപ്പ് ഷൂട്ടറായ നമന്‍വീര്‍ മത്സരം പൂര്‍ത്തിയാക്കിയത്. 2015-ല്‍ ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷുവില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബ്ള്‍ ട്രാപ്പ് വിഭാഗത്തില്‍ വെങ്കലം നേടി. പട്യാലയിലെ മോട്ടി ബാഗ് ഷൂട്ടിങ് റേഞ്ചിലായിരുന്നു നമന്‍വീറിന്റെ പരിശീലനം. 

സംസ്ഥാന തലത്തില്‍ മെഡലുകള്‍ നേടിയ അമൃത്സറില്‍ നിന്നുള്ള ഹുനര്‍ദീപ് സിങ്ങ് സോഹല്‍ ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച്ച വൈകുന്നേരം വല്ലാഹ് ഏരിയയിലുള്ള വീട്ടില്‍ തലയില്‍ വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. വലതു കണങ്കൈയിലെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ഹുനര്‍ദീപ് നിരാശയിലായിരുന്നു. ഈ പരിക്ക് ഞരമ്പുകളേയും ബാധിച്ചിരുന്നെന്നും ഷൂട്ടിങ് കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 

ജലന്ധറിലെ പിഎപി റേഞ്ചിലായിരുന്നു പരിശീലനം നേടിയിരുന്നത്. ഡല്‍ഹി, ജലന്ധര്‍, പൂനെ, കേരള തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സംസ്ഥാന തല മത്സരങ്ങളില്‍ ഹുനര്‍ദീപ് പങ്കെടുത്തിട്ടുണ്ട്. 

ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ച്ച രാവിലെയാണ് പതിനേഴുകാരിയായ ഖുഷ് സീറത് കൗര്‍ വെടിയുതിര്‍ത്ത് മരിച്ചത്. ഫരീദ്‌കോട്ടിലെ വീട്ടിലായിരുന്നു സംഭവം. ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനത്തില്‍ നിരാശയിലായിരുന്നു ഖുഷ് സീറത്. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഒരു താരം ഇത്രയും മോശം പ്രകടനം പുറത്തെടുക്കരുതായിരുന്നു എന്ന് ഖുഷ് സീറത് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനാണ്‌ അച്ഛന്‍ ജസ്വീന്ദര്‍ സിങ്ങ് സന്ധു. അമ്മ നവദീപ് കൗര്‍ സന്ധു പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ആന്റ് റിസര്‍ച്ച് സെന്ററിലെ സ്റ്റാഫ് ആണ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ താഴത്തെ നിലയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഖുഷ് സീറത്. മുത്തശ്ശി മാത്രമാണ് അടുത്തുണ്ടായിരുന്നത്. ബാക്കി കുടുംബാംഗങ്ങളെല്ലാം ഒന്നാം നിലയില്‍ ഉറക്കത്തിലായിരുന്നു. ഈ സമയത്ത് ഖുഷ് സീറത് വെടിയുതിര്‍ത്തു. രാവിലെയാണ് കുടുംബം മരണവിവരം അറിഞ്ഞത്.

നീന്തല്‍ താരമായി കരിയര്‍ തുടങ്ങിയ ഖുഷ് സീറത് നാല് വര്‍ഷം മുമ്പാണ് ഷൂട്ടിങ്ങിലേക്ക് യാത്ര മാറ്റിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളും 25 മീറ്റര്‍ പിസ്റ്റളുമാണ് ഇഷ്ട ഇനങ്ങള്‍. ഈ വര്‍ഷം ആദ്യം പെറുവിലെ ലിമയില്‍ നടന്ന ജൂനിയര്‍ ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 

തൂങ്ങിമരിച്ച കൊണിക ലായക്

ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച്ച പിന്നിടും മുമ്പാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള താരം കൊണിക ലായകും സ്വയം ജീവനൊടുക്കിയത്. 26-കാരിയായ കൊണിക കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ ഇടം നേടിയത്. റൈഫിള്‍ ഇല്ലാതത്തിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ഇതോടെ സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു. 

ഒളിമ്പ്യന്‍ ഷൂട്ടിങ് താരമായ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്.  ഈ വര്‍ഷം ഓഗസ്റ്റില്‍ അഹമ്മദാബാദില്‍ നടന്ന ടൂര്‍ണമെന്റിനിടെ ഷൂട്ടിങ് ടാര്‍ഗറ്റ് നശിപ്പിച്ചതിനെ തുടര്‍ന്ന് താരത്തെ അയോഗ്യയാക്കിയിരുന്നു. തുടര്‍ന്ന് കൊണിക മാനസികമായി തളര്‍ന്നുപോയിരുന്നതായി പരിശീലകന്‍ കര്‍മാകര്‍ വ്യക്തമാക്കുന്നു. 

കഠിന പരിശീലനവുമായി മുന്നോട്ടുപോകുകയായിരുന്നെങ്കില്‍ ഭാവിയില്‍ ഇന്ത്യക്കായി മെഡലുകള്‍ സ്വീകരിക്കേണ്ടിയിരുന്ന ഈ യുവതാരങ്ങള്‍ എന്തുകൊണ്ടാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്? മത്സരങ്ങളുടെ മാനസിക സമ്മര്‍ദവും പരിശീലനത്തിനായി വരുന്ന സാമ്പത്തിക ബാധ്യതയുമാണോ ഇതിനു പിന്നില്‍? ഫിസിക്കല്‍ ഫിറ്റ്‌നെസിനേക്കാള്‍ മെന്റല്‍ ഫിറ്റ്‌നെസ് ആവശ്യമുള്ള ഷൂട്ടിങ്ങില്‍ താരങ്ങളുടെ മാനസികാരോഗ്യം പരിശോധിച്ച് രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടോ?  ദ്രോണാചാര്യ പുരസ്‌കാരം നേടിയ പരിശീലകന്‍ പ്രൊഫസര്‍ സണ്ണി തോമസും രാജ്യാന്തര ഷൂട്ടിങ് താരം എലിസബത് സൂസന്‍ കോശിയും പ്രതികരിക്കുന്നു. 

ഹെല്‍ത്ത് ടൂള്‍ കിറ്റ് ഇന്ത്യയിലും നടപ്പിലാക്കണം-സണ്ണി തോമസ്

Sunny Thomas'കോവിഡ് വന്നതിന് ശേഷം പരിശീലനം കുറവാണ്. മത്സരത്തിന് വരുമ്പോള്‍ എല്ലാവരുടേയും വിചാരം ആരും പരിശീലനം നേടിയിട്ടുണ്ടാകില്ല എന്നാണ്. ആരും വലിയ സ്‌കോര്‍ നേടില്ല എന്നു കരുതും. കഴിഞ്ഞ ഒളിമ്പിക്‌സില്‍ സംഭവിച്ചതും അതാണ്. ചൈന ലോക ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ കടത്തിവെട്ടി. ആത്മഹത്യ ചെയ്ത നാലു പേരും യുവതാരങ്ങളാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. തോല്‍വി അംഗീകരിക്കാന്‍ പഠിപ്പിക്കണം. വീട്ടുകാര്‍ സമ്മര്‍ദം നല്‍കരുത്. ഷൂട്ടിങ്ങില്‍ മെന്റല്‍ ട്രെയ്‌നിങ് വളരെ അത്യാവശ്യമാണ്. സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് വേണം. 

അമിത ആത്മവിശ്വാസം വേണ്ട. തോല്‍വി ഇതിന്റെ ഭാഗമാണ്. അക്കാദമികളില്‍ സൈക്കോളജിസ്റ്റുകളെ നിയമിക്കണം. താരങ്ങളുടെ ഫിസിക്കല്‍ ഫിറ്റ്‌നെസിനൊപ്പം മെന്റല്‍ ഫിറ്റ്‌നെസും ഇടയ്ക്ക് പരിശോധിക്കണം. ഇതിനായി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ മെന്റല്‍ ഹെല്‍ത്ത് വര്‍ക്കിങ് ഗ്രൂപ്പ് മുന്നോട്ടുവെച്ച മെന്റല്‍ ഹെല്‍ത്ത് ടൂള്‍ കിറ്റ് ഇന്ത്യയിലും നടപ്പിലാക്കണം. അങ്ങനെയെങ്കില്‍ ഓരോ വര്‍ഷവും താരങ്ങളുടെ മാനസികാരോഗ്യവും പരിശോധിച്ച് രേഖപ്പെടുത്താനാകും.' 

മെന്റല്‍ ഗെയിം ആണ് ഷൂട്ടിങ് എന്നു മറക്കരുത്-എലിസബത് സൂസന്‍ കോശി

Elizabeth Susan Koshy'ഒരു ഷൂട്ടങ് താരം എന്ന നിലയില്‍ വളരെ സങ്കടം തോന്നുന്നു. അവര്‍ക്കു കൊടുക്കുന്ന അമിത സമ്മര്‍ദം  താങ്ങാനാകില്ല. ജീവിതത്തിന്റെ അവസാനം ഈ മത്സരം ആണ് എന്ന തരത്തിലാണ് അവരുടെ സമീപനം. ടൂര്‍ണമെന്റുകള്‍ ജീവിതത്തിന്റെ ചെറിയ ഭാഗമാണ് എന്നു കരുതുക. തോല്‍വിയും ജയവും അതിനൊപ്പമുണ്ടാകും. നന്നായി പരിശീലനം നേടിയിട്ടും സ്‌കോര്‍ കുറയുമ്പോള്‍ നിരാശ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അതെല്ലാം മത്സരത്തിന്റെ ഭാഗമാണ് എന്ന രീതിയില്‍ പറഞ്ഞു മനസ്സിലാക്കി വേണം രക്ഷിതാക്കളും പരിശീലകരും താരങ്ങളെ പറഞ്ഞയക്കേണ്ടത്. മെന്റല്‍ ഗെയിം ആണ് ഷൂട്ടിങ്. ശാരീരികമായ തയ്യാറെടുപ്പിനേക്കാള്‍ മാനസികമായ തയ്യാറെടുപ്പാണ് വേണ്ടത്.'

ഷൂട്ടിങ് താരങ്ങള്‍ക്കായി വര്‍ക്ക്‌ഷോപ്പ്

തുടര്‍ച്ചയായ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി ആറിന് മൊഹാലി ഷൂട്ടിങ് റേഞ്ചില്‍ 'ഇമോഷണല്‍ മാനേജ്‌മെന്റ് ഇന്‍ സ്‌പോര്‍ട്‌സ് ' എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് നടക്കും. സ്‌പോര്‍ട്‌സ് സൈക്കോളജിയില്‍ പിഎച്ച്ഡി നേടിയ ശിവജോത് ഗില്ലിന്റെ നേതൃത്തിലുള്ള വര്‍ക്ക്‌ഷോപ്പില്‍ സീനിയര്‍ ഷൂട്ടിങ് താരങ്ങള്‍ ക്ലാസുകളെടുക്കും. ജൂനിയര്‍ ഷൂട്ടിങ് താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കും രക്ഷിതാക്കള്‍ക്കും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാം. 

Content Highlights: fourth suicide in four months alarms indian shooting fraternity