അൻവർ അലി | Photo: twitter.com
വാക്കുകള്‍, അത് ഹൃദയത്തില്‍ നിന്ന് വരുന്നതാകുമ്പോള്‍ അവയ്ക്ക് ഭംഗി ഏറെയാണ്. ജൂണ്‍ 14-ാം തീയതിയിലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോങ് കോങ്ങിനെതിരായ മത്സരത്തിനു ശേഷം ഇന്ത്യയുടെ പ്രതിരോധഭടന്‍ അന്‍വര്‍ അലി പറഞ്ഞ വാക്കുകള്‍ ശരിക്കും ഹൃദയത്തില്‍ നിന്നായിരുന്നു. ''ഇന്നെനിക്ക് ഗോള്‍ നേടാനായി. അതിനാല്‍ തന്നെ ഇത് എനിക്കും കുടുംബത്തിനും സന്തോഷത്തിന്റെ ദിവസമാണ്. ഇങ്ങനെയൊന്ന് ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയതല്ല.''
അലി ഈ പറഞ്ഞുവെച്ച വാക്കുകളുടെ വിലയറിയണമെങ്കില്‍ നമ്മള്‍ ഏതാനും വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കണം. 2017-ലെ അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി തകര്‍ത്ത് കളിക്കുന്ന നമ്മുടെ സ്വന്തം കെ.പി രാഹുലിനൊപ്പം അലിയും ഉണ്ടായിരുന്നു. സ്‌ട്രൈക്കറായി കളിയാരംഭിച്ച താരം പിന്നീട് ഡിഫന്‍സിലേക്ക് കളംമാറ്റിച്ചവിട്ടുകയായിരുന്നു. അധികം വൈകാതെ തന്നെ പ്രതിഭാധനനായ കളിക്കാരനെന്ന പേര് സമ്പാദിക്കാനും അലിക്കായി. ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ മിനര്‍വ പഞ്ചാബ് അലിയെ റാഞ്ചി. ഇതിനിടെ ലോണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസിനായും ബൂട്ടുകെട്ടി. തൊട്ടടുത്ത വര്‍ഷം (2018) ഒരു അണ്ടര്‍-18 താരത്തിന് അന്നേവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയായ 30 ലക്ഷം ചെലവിട്ട് മുംബൈ സിറ്റി എഫ്.സി അലിയെ ഐഎസ്എല്ലില്‍ തങ്ങളുടെ പാളയത്തിലെത്തിച്ചു. 2019-ല്‍ ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തിയതോടെ അലിക്ക് ആദ്യമായി ദേശീയ ക്യാമ്പിലേക്കും വിളിയെത്തി. എന്നാല്‍ ദേശീയ ജേഴ്‌സിയെന്ന സ്വപ്‌നം പടിവാതിലില്‍ നില്‍ക്കെയാണ് അലിയുടെ ജീവിതം മാറിമറിയുന്നത്.
മുംബൈ സിറ്റി എഫ്.സിയുടെ ഭാഗമായുള്ള സാധാരണ മെഡിക്കല്‍ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഒരു പ്രത്യേകതരം രോഗാവസ്ഥ ഡോക്ടര്‍മാര്‍ അലിയില്‍ കണ്ടെത്തി. അസാധാരണമായി കട്ടിയുള്ള ഹൃദയപേശികള്‍ കാരണം രക്തം പമ്പ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ. Hypertrophic Cardiomyopathy (HCM). 2003-ലെ കോണ്‍ഫെഡറേഷന്‍ കപ്പിനിടെ കാമറൂണ്‍ താരം മാര്‍ക്ക് വിവിയന്‍ ഫോയുടെ ജീവനെടുത്ത ഹൃദയാഘാതത്തിലേക്ക് നയിച്ച അതേ രോഗാവസ്ഥ. ഒരു സ്വപ്‌നമെന്ന പോലെ തന്നിലേക്ക് വന്നുചേര്‍ന്ന കരിയര്‍ കൈയില്‍ നിന്ന് ഊര്‍ന്നുപോകുന്നത് നോക്കിനില്‍ക്കാനേ ആ 19-കാരനായുള്ളൂ.
പിന്നീടങ്ങോട്ട് വിവിധ പരിശോധനകളുടെ കാലമായിരുന്നു. മുംബൈയിലെയും ഫ്രാന്‍സിലെ റെന്നെ സെന്റര്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെയും ഹൃദ്രോഗ വിദഗ്ധര്‍ കളിക്കളത്തില്‍ തുടരുന്നത് അലിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് മുന്നിറിയിപ്പ് നല്‍കി. അതോടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരത്തോട് നിര്‍ദേശിച്ചു. അലിയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ലിയാന്‍ഡര്‍ പെയ്‌സിന്റെ പിതാവ് കൂടിയായ വീസ് പെയ്‌സിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കമ്മിറ്റി, കളിക്കളത്തില്‍വെച്ച് മരണം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ താരത്തെ കളിപ്പിക്കരുതെന്ന് എഐഎഫ്എഫിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതോടെ ആ കൗമാരക്കാരന്‍ ആകെ തകര്‍ന്നു പോയി. അച്ഛനും അമ്മയും ആറ് മക്കളുമടങ്ങിയ ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അലി. കൂട്ടത്തില്‍ ഏറ്റവും ഇളയവന്‍. കാലികളെ മേയ്ക്കുന്ന ജോലി ചെയ്തിരുന്ന അച്ഛന്‍ റസാഖിന് ലഭിക്കുന്ന വരുമാനം കൊണ്ട് ആ കുടുംബത്തിന് ജീവിക്കാനാകുമായിരുന്നില്ല. അതോടെ അലി തന്നിലെ ഫുട്‌ബോള്‍ താരത്തെ കണ്ടെത്തിയ മിനര്‍വ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജിത്തിന്റെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു.
വീണ്ടും പരിശോധനകളുടെയും കാത്തിരിപ്പിന്റെയും നാളുകള്‍. ''മരണം ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അത് ഒരു അപകടമായോ അല്ലാതെയോ കളത്തിനകത്തോ പുറത്തോ സംഭവിക്കാം. എന്റെ രോഗാവസ്ഥയെ കുറിച്ചറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ് നീ ഫുട്‌ബോള്‍ കളിക്കണമെന്ന് അല്ലാഹു വിധിച്ചിട്ടുണ്ടെങ്കില്‍ നീ കളിക്കും.'' - അക്കാലത്ത് അലി പറഞ്ഞതാണ് ഈ വാക്കുകള്‍.

ഇക്കാലയളവില്‍ അലി ഡല്‍ഹിയിലെയും ഉത്തരാഖണ്ഡിലെയും ലോവര്‍ ലീഗുകളില്‍ പന്തു തട്ടി. അങ്ങനെ ഒടുവില്‍ ഇക്കഴിഞ്ഞ യൂറോ കപ്പില്‍ മൈതാനത്ത് കുഴഞ്ഞുവീണ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണെ ചികിത്സിച്ച പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ശര്‍മ അലിയുടെ കേസ് പഠിക്കുകയും താരത്തിന് തുടര്‍ന്ന് കളിക്കാമെന്ന് വിധിയെഴുതുകയും ചെയ്തു.
സത്യത്തില്‍ അലിയുടെ രണ്ടാം ജന്മമായിരുന്നു അത്. എങ്കിലും എഐഎഫ്എഫിന്റെ മെഡിക്കല്‍ കമ്മിറ്റിയുടെ തീരുമാനം വരാന്‍ വൈകി. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മെഡിക്കല്‍ കമ്മിറ്റി അലിക്കുനേരെ നീട്ടിയ ചുവപ്പുകാര്‍ഡ് പിന്‍വലിക്കുന്നത്. എഐഎഫ്എഫിന്റെ ക്ലിയറന്‍സ് ലഭിച്ചപാടേ എഫ്.സി ഗോവ അലിയെ കളിപ്പിക്കാന്‍ തയ്യാറായി.
എങ്കിലും കളിക്കളത്തില്‍ തനിക്ക് എന്ത് സംഭവിച്ചാലും എഐഎഫ്എഫിനോ ക്ലബ്ബിനോ സംഘാടകര്‍ക്കോ യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷമാണ് അലിക്ക് കളത്തിലിറങ്ങാനായത്. ഇന്ത്യയുടെ നീലക്കുപ്പായവും അലിയെ തേടിയെത്തി. കളത്തിലിറങ്ങിയ ആറാം മത്സരത്തില്‍ ആ പ്രതിരോധ ഭടന്‍ ഗോളടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോങ് കോങ്ങിനെതിരേ രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയ ശേഷം അലി നെഞ്ചില്‍ കൈവെച്ചു. ജീവിതം ചുവപ്പുകാര്‍ഡുയര്‍ത്തിയ തന്റെ പ്രിയപ്പെട്ട കരിയര്‍ തിരികെ പിടിക്കാനായതിന്റെ സന്തോഷത്തില്‍.
അവലംബം: https://www.espn.in/football/india-ind/story/4685670/india-vs-hong-kong-anwar-ali-scores-for-india-four-years-after-heart-trouble-stopped-his-career, https://scroll.in/field/1026193/football-anwar-ali-once-stopped-from-playing-due-to-a-heart-condition-shines-bright-for-india
Content Highlights: four years after heart trouble stopped his career Anwar Ali is back
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..