Photo: AFP
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിംഗിള്‍ സീറ്റര്‍ ഓട്ടോ റേസിങ് ചാമ്പ്യന്‍ഷിപ്പാണ് ഫോര്‍മുല വണ്‍. 20 മുതല്‍ 23 വരെ ശരാശരി മത്സരങ്ങള്‍, വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍, വ്യത്യസ്ത രാജ്യങ്ങള്‍, മണിക്കൂറില്‍ 300 കിലോമീറ്ററോളം വേഗതയില്‍ പായുന്ന കാറുകള്‍. ഇതിനെല്ലാമപ്പുറം ഫോര്‍മുല വണ്‍ പോരാട്ടത്തില്‍ മത്സരിക്കുന്ന ഓരോ ടീമും ചിലവാക്കുന്നത് ഏകദേശം 1,156 കോടി രൂപയുടെ വമ്പന്‍ ബജറ്റ്. ഫോര്‍മുല ആവേശം ഇന്ത്യയിലും ഇന്ന് പ്രകടമാണ്. 2019-ലെ നീല്‍സണ്‍ സര്‍വ്വേ പ്രകാരം എഫ് വണ്‍ കാറോട്ടം വീക്ഷിക്കുന്ന പ്രേക്ഷകരില്‍ 31.1 മില്യണും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ആകെ മൊത്തം പ്രേക്ഷകരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.
ഇന്ത്യയിലും മുമ്പ് ഗ്രാന്‍ഡ് പ്രി (Grand Prix) കാറോട്ടം നടന്നിരുന്നു. ഉത്തര്‍പ്രദേശിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 2011 മുതല്‍ 2013 വരെ നടത്തപ്പെട്ട ഹോര്‍മുല വണ്‍ മത്സരങ്ങള്‍ ഒടുവില്‍ നികുതി തര്‍ക്കങ്ങള്‍ കാരണം നിര്‍ത്തലാക്കുകയായിരുന്നു. ഈ വരുന്ന സെപ്റ്റംബര്‍ 24-ന് ഇതേ വേദിയില്‍ വച്ച് മോട്ടോ ജി പി യുടെ ഭാഗമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഗ്രാന്‍ഡ് പ്രി നടക്കുകയാണ്. കാറോട്ടം ഒരു കായിക വിനോദമാണോ? ഏറെ ചര്‍ച്ച ചെയ്യപ്പെടാറുള്ള ചോദ്യമാണിത്. ആര്‍ക്കും കാര്‍ ഓടിക്കാം, കാര്‍ ആണല്ലോ മുഖ്യഘടകം എന്നീ അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്. ഫോര്‍മുല വണ്ണിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ കാറോട്ട മത്സരത്തിന്റെ ഘടന കൂടി മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
മത്സരഘടന
വാരാന്ത്യങ്ങളിലാണ് റേസുകള്‍ നടക്കുക. വെള്ളിയാഴ്ചകളില്‍ രണ്ട് പ്രാക്ടീസ് സെഷനുകളും, ശനിയാഴ്ച ഒരു പ്രാക്ടീസ് സെഷനും ക്വാളിഫൈയിങ് റേസുമാണ് ഉണ്ടാകുക. പ്രാക്ടീസ് സെഷനുകള്‍ പ്രാഥമികമായും ടീമുകള്‍ക്ക് അവരുടെ മികവും ന്യൂനതകളും മനസ്സിലാക്കാനുള്ള അവസരങ്ങളാണ്. ശനിയാഴ്ചകളിലെ ക്വാളിഫയിങ് സെഷനുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റേസിന്റെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പ് നിശ്ചയിക്കപ്പെടുക. 10 ടീമുകളില്‍ നിന്നായി 20 കാറുകള്‍ പങ്കെടുക്കുന്ന ക്വാളിഫയിങ് റേസ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്.
ഘട്ടം ഒന്ന് അഥവാ Q 1: 18 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ഘട്ടത്തിലെ ഏറ്റവും വേഗം കുറഞ്ഞ അഞ്ചു സ്ഥാനക്കാര്‍ അവസാനമായാണ് ഞായറാഴ്ചത്തെ അന്തിമ റേസില്‍ അണിനിരക്കുക.
രണ്ടാം ഘട്ടം അഥവാ Q 2:ശേഷിക്കുന്ന 15 കാറുകള്‍ 15 മിനിട്ട് നീണ്ടുനില്‍ക്കുന്ന അടുത്തഘട്ടത്തില്‍ മത്സരിക്കുന്നു. വേഗം കുറഞ്ഞ അഞ്ചുപേര്‍ യഥാക്രമം 11 മുതല്‍ 15 വരെ സ്ഥാനങ്ങളില്‍ അവസാന റേസില്‍ അണിനിരക്കുന്നു.
മൂന്നാം ഘട്ടം അഥവാ Q3: പോള്‍ പൊസിഷന്‍ (റേസിലെ ലൈനപ്പില്‍ ഏറ്റവും മുന്നിലെ സ്ഥാനം) നിര്‍ണയിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ് 12 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ഘട്ടം അന്തിമ റേസിലെ ആദ്യ 10 സ്ഥാനക്കാരെ നിര്‍ണയിക്കുന്നു.
റേസ് ഡേ : ഒന്നരമണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു സര്‍ക്യൂട്ടിലെ അവസാന റേസിലെ പോയിന്റ്‌റുകളാണ് ഗ്രാന്‍ഡ് പ്രീയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിട്ടുള്ളത്. 23 സര്‍ക്യൂട്ടുകളിലായി നടത്തപ്പെടുന്ന ഒരു ഗ്രാന്‍ഡ് പ്രീ സീസണില്‍ പ്രധാനമായും രണ്ട് അവാര്‍ഡുകളാണ് ഉള്ളത്. ഒന്ന് ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് രണ്ടാമത്തെത് കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്.
1. ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് :
23 റേസുകളിലായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കുന്ന ഡ്രൈവര്‍ക്കുള്ളതാണ് ഈ പുരസ്‌കാരം. ഓരോ റേസിലും പോയിന്റുകള്‍ യഥാക്രമം ഒന്നാം സ്ഥാനക്കാരന് 25, രണ്ടാം സ്ഥാനക്കാരന് 18 എന്നിങ്ങനെ നല്‍കപ്പെടുന്നു.
2. കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് :
ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടുന്ന ടീമിനുള്ളതാണ് ഈ പുരസ്‌കാരം. ഒരു ടീമിന് രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ, ഇവരുടെ സംയുക്ത പോയിന്റുകളാണ് ഈ അവാര്‍ഡിന് ഓരോ ടീമിനെയും അര്‍ഹമാക്കുന്നത്.
2023 സീസണിലെ ടീമുകളും ഡ്രൈവര്‍മാരും
1. റെഡ് ബുള്‍ (Red Bull)
ആകെ അഞ്ച് കിരീടങ്ങള്‍. 2005-ല്‍ അരങ്ങേറ്റം. ഈ ടീം കഴിഞ്ഞ സീസണിലെ ജേതാക്കള്‍ ആയിരുന്നു
മാക്‌സ് വെസ്റ്റപ്പന്‍ (Max Verstappen )-35 ജയങ്ങളും രണ്ട് കിരീടങ്ങളും സ്വന്തമായുള്ള കഴിഞ്ഞ സീസണിലെ ചാമ്പ്യനായ വെസ്റ്റപ്പന്‍ നെതര്‍ലന്‍ഡ്‌സ് പൗരനാണ്. 2023 സീസണില്‍ 44 പോയന്റുകളോടെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു.

സെര്‍ജിയോ പെരസ് (Sergio Perez)-മെക്‌സിക്കന്‍ പൗരനായ പെരസിനു ഇതുവരെ 4 ജയങ്ങളാണ് നേടാനായിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ പെരസിന്റെ പ്രകടനം മങ്ങിയതിന് കാരണമായി പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നത് കാറിന്റെ നിര്‍മ്മാണ ഘടന വേഴ്സ്റ്റാപ്പന് അനുയോജ്യമാക്കി തീര്‍ത്തതാണ്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പെരസ് 2023 സീസണില്‍ 43 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
2. ഫെറാറി (Ferrari )
1950 മൊറോക്കോ ഗ്രാന്‍ഡ് പ്രീയില്‍ അരങ്ങേറ്റം. 16 കിരീടങ്ങള്‍. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം. കഴിഞ്ഞ സീസണില്‍ സാങ്കേതിക തകരാറുകള്‍ ഏറെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സീസണില്‍ റെഡ് ബുള്ളിനൊപ്പം പിടിക്കാനുള്ള ശ്രമത്തിലാണ് ഫെറാറി.
ചാള്‍സ് ലെക്‌ലെര്‍ക്ക് (Charles Leclerc)- 2018 ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ തുടക്കം കുറിച്ച മോണോക്കോ പൗരന്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമായും കുഴയ്ക്കുന്ന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം. നിലവില്‍ 2023 സീസണില്‍ എട്ടാം സ്ഥാനത്ത് തുടരുന്നു.
കാര്‍ലോസ് സെയിന്‍സ് ജൂനിയര്‍ (Carlos Sainz Jr)- 2015 തുടക്കം കുറിച്ച സ്പാനിഷ് റേസര്‍ക്ക് ഇതുവരെ ഒരു ജയം മാത്രമേ നേടാനായിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. നിലവില്‍ സീസണില്‍ അഞ്ചാമതാണ്.
3. മെഴ്സിഡസ്(Mercedes)
ഫ്രാന്‍സില്‍ 1954 അരങ്ങേറ്റം കുറിച്ച മെഴ്സിഡസിനു 8 കിരീടങ്ങള്‍ സ്വന്തമായുണ്ട്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വേഗതയില്‍ റെഡ്ബുളിനും ഫെറാറിക്കും ഒപ്പം എത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും ചില പ്രശ്‌നങ്ങള്‍ വലയ്ക്കുന്നുണ്ട്.
ലൂയിസ് ഹാമില്‍ട്ടണ്‍(Lewis Hamilton )- 2007 തുടക്കം കുറിച്ച് ഏഴുതവണ ചാമ്പ്യനായ ഹാമില്‍ട്ടന്‍ ഇപ്പോള്‍ മങ്ങിയ ഫോമിലാണ്. കാറാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ സീസണില്‍ ആറാമതായി ഫിനിഷ് ചെയ്ത ഹാമില്‍ട്ടന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

ജോര്‍ജ് റസല്‍(George Russell)- 2019 ല്‍ അരങ്ങേറ്റം കുറിച്ച റസല്‍ കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്ത് എത്തിയ റസ്സല്‍ 2023 സീസണിലും അതേ സ്ഥാനത്ത് നിലയുപ്പിച്ചു നില്‍ക്കുന്നു.
4. ആല്‍പൈന്‍(Alpine)
റെനോയുടെ എന്‍ജിന്‍ ഉപയോഗിക്കുന്ന ആല്‍പൈനിന്റെ പ്രധാന ശക്തി അതിന്റെ രണ്ട് ഫ്രഞ്ച് ഡ്രൈവര്‍മാരാണ്. 2021 സീസണില്‍ മാത്രം തുടക്കം കുറിച്ച ടീം കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണത്തെ സീസണില്‍ ആസ്റ്റണ്‍ മാര്‍ട്ടിനുമായി കനത്ത പോരാട്ടം പ്രതീക്ഷിക്കാം.
എസ്തബാന്‍ ഓകോണ്‍ (Esteban Ocon)- 26 കാരനായ ഈ ഡ്രൈവര്‍ ആണ് ആല്‍പൈന്‍ ടീമിന്റെ കുന്തമുന. കഴിഞ്ഞ സീസണില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും ഈ സീസണില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.
പിയേര്‍ ഗ്യാസ് ലി ( Pierre Gasly)- റെഡ് ബുള്ളിന്റെ കൂടാരത്തില്‍ നിന്നും എത്തിയ ഗ്യാസ് ലീ ടീമിലെ ഒന്നാം സ്ഥാനക്കാരന്‍ ആയി മാറാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണില്‍ പതിനാലാമതായാണ് ഫിനിഷ് ചെയ്തത്. നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്
5. മക്ലാരന്‍ (McLaren)
മെഴ്സിഡസ് എന്‍ജിന്‍ ഉപയോഗിക്കുന്ന ടീം കഴിഞ്ഞ സീസണില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിന്റെ സ്ഥിതി പരിതാപകരം ആണെങ്കിലും ചില അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു.
ലാന്‍ഡോ നോറിസ് (Lando Norris )- നോറിസ് കഴിഞ്ഞ സീസണില്‍ ഏഴാമന്‍ ആയിരുന്നു. കാറിന്റെ മോശം സ്ഥിതിയെക്കുറിച്ച് ആശങ്കാകുലനായി ഇരിക്കുമ്പോള്‍ തന്നെയും നോറസ് ഈ സീസണില്‍ മികച്ച ഫലം പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇരുപതാം സ്ഥാനക്കാരനാണ്.
ഓസ്‌കാര്‍ പിയാസ്ത്രി (Oscar Piastri)- 2021ലെ F2 ചാമ്പ്യന്‍ ആയിരുന്നു പിയാസ്ത്രി. F3 യിലും F2 യിലും തുടരെ ചാമ്പ്യനായ ഈ 21കാരന്‍ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ ഫോര്‍മുല വണ്ണില്‍ തന്റെ മികവ് എങ്ങനെ പ്രകടിപ്പിക്കും എന്നത് ലോകം കാത്തിരിക്കുന്നു.
6. ആല്‍ഫ റോമിയോ (Alfa Romeo)
ഫെറാറിയുടെ എന്‍ജിന്‍ ഉപയോഗിക്കുന്ന ടീം 1950 ലാണ് ഫോര്‍മുല വണ്ണില്‍ തുടക്കം കുറിച്ചത്. 2026 ഓടെ ടീമിന്റെ 75% ത്തോളം ഓഹരി ഓഡി (Audi) സ്വന്തമാക്കും എന്ന് കരുതപ്പെടുന്നു.
വാല്‍ട്ടെറി ബോട്ടസ് (Valtteri Bottas)-മെഴ്സഡിസില്‍ നിന്ന് ആല്‍ഫ റോമിയോയില്‍ എത്തിയതിനു ശേഷം ഇപ്പോള്‍ ടീം ലീഡറാണ് ബോട്ടസ്. കഴിഞ്ഞ സീസണില്‍ പത്താമത് ഫിനിഷ് ചെയ്ത ബോട്ടസിന്റെ പ്രധാന ആശ്വാസം ഹാമില്‍ട്ടന്റെ നിഴലില്‍ നിന്നു പുറത്തുവന്നതാകും. ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്.

ജൊ ഗ്വാന്‍യു (Zhou Guanyu)-കഴിഞ്ഞ ഗ്രാന്‍ഡ്പ്രി യില്‍ അരങ്ങേറ്റം. കഴിഞ്ഞ സീസണില്‍ പതിനെട്ടാമതായി ഫിനിഷ് ചെയ്തു. ടീമിലെ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.
7. ആസ്റ്റന്‍ മാര്‍ട്ടിന്‍ (Aston Martin)
മെഴ്സഡിസ് എഞ്ചിന്‍ ഉപയോഗിക്കുന്ന ടീം 1959-ല്‍ ആദ്യമായി മത്സരിച്ചു. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനം. മിഡ്ഫീല്‍ഡിലെ രാജാക്കന്മാരായ ഡ്രൈവര്‍മാര്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കും ഒരു ഭീഷണിയാണ്.
ഫെര്‍ണാണ്ടോ അലോണ്‍സോ(Fernando Alonso)- 2021 ല്‍ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ യില്‍ ആദ്യമായി അരങ്ങേറിയ സ്പാനിഷ് ഡ്രൈവര്‍ അപകടകാരിയാകുന്നത് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കൊണ്ടുതന്നെയാണ്. രണ്ട് കിരീടങ്ങള്‍ സ്വന്തമായുള്ള അലോണ്‍സോ നിലവില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ലാന്‍സ് സ്‌ട്രോള്‍(Lance Stroll)- കഴിഞ്ഞ സീസണില്‍ പതിനഞ്ചാം സ്ഥാനം എന്ന മോശം പ്രകടനം സ്‌ട്രോളിന്റെ ഭാവി സാധ്യതകള്‍ക്കുമേല്‍ വലിയ കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏഴാം സ്ഥാനത്ത് തുടരുന്നു.
8. ഹാസ് (Haas)
ഫെറാറിയുടെ എന്‍ജിന്‍ ഉപയോഗിക്കുന്ന ഹാസ് ഇത്തവണ ഗംഭീര കാര്‍ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഹള്‍ക്കന്‍ബര്‍ഗും മഗ്നൂസനും ചേര്‍ന്നൊരുക്കുന്ന കോമ്പിനേഷനാണ് ടീമിന്റെ ശക്തി.
കെവിന്‍ മഗ്നുസന്‍(Kevin Magnussen)- 30 വയസ്സുകാരനായ ഈ ഡാനിഷ് ഡ്രൈവറാണ് ഹാസിന്റെ പ്രധാന ശക്തി. കഴിഞ്ഞ സീസണില്‍ പതിമൂന്നാമതായി ഫിനിഷ് ചെയ്ത മഗ്നുസന്‍ എപ്പോഴും ഒരു ഭീഷണിയാണ്. നിലവില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.
നിക്കോ ഹള്‍ക്കന്‍ബര്‍ഗ്(Nico Hulkenberg)- അവസാനമായി ഒരു ഫുള്‍ സീസണില്‍ ഹള്‍ക്കന്‍ബര്‍ഗ് പങ്കെടുത്തത് 2009 ല്‍ റെനോയ്ക്ക് വേണ്ടിയായിരുന്നു. നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ്.
9. ആല്‍ഫടോറി (Alpha Tauri)
2020 അരങ്ങേറ്റം കുറിച്ച ടീം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സാങ്കേതികമായ മോശം അവസ്ഥയാണ്. കാര്‍ പെര്‍ഫോമന്‍സ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നത് ഡ്രൈവര്‍മാരുടെ നിരന്തര പരാതിയാണ്. ഈ സീസണിലെ ആദ്യ രണ്ടു പെര്‍ഫോമന്‍സുകളും അത്ര പ്രതീക്ഷ നല്‍കുന്നവയല്ല. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.
യുകി സുനോടാ(Yuki Tsunoda)- നിരന്തരമായി പറ്റുന്ന അബദ്ധങ്ങള്‍ എപ്പോഴും സുനോടായേ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകിയിരുന്നു. കഴിഞ്ഞ സീസണിലും പതിനേഴാം സ്ഥാനത്ത് ഒതുങ്ങിയ സുനോടക്ക് ഈ സീസണ്‍ നിര്‍ണായകമാണ്. നിലവില്‍ പതിനാലാം സ്ഥാനത്താണ്.
നിക് ഡെ ഫ്രീസ്(Nyck de Vries)- കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം കുറിച്ച് അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ വര്‍ഷം സുനോടായ്ക്ക് മുന്നിലെത്തിയാല്‍ ടീമില്‍ സ്ഥാനം ഉറക്കും എന്നുറപ്പാണ്.
10.വില്യംസ് (Williams )
മെഴ്‌സിഡീസ് എന്‍ജിന്‍ ഉപയോഗിക്കുന്ന വില്യംസ് കഴിഞ്ഞ സീസണില്‍ പത്താമതായാണ് ഫിനിഷ് ചെയ്തത്. കാറില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടത്തിയെങ്കിലും ഈ സീസണിലും മുന്നേറ്റ നിരയില്‍ സ്ഥാനം ഉണ്ടാകുമോ എന്നത് സംശയമാണ്. നിലവില്‍ ഒരു കുടുംബത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഏക എഫ് വണ്‍ ടീമാണ് വില്യംസ്
അലക്‌സാണ്ടര്‍ അല്‍ബോണ്‍(Alexander Albon)- 26 കാരനായ ആല്‍ബോണ്‍ കഴിഞ്ഞ സീസണില്‍ പത്തൊമ്പതാം സ്ഥാനക്കാരന്‍ ആയിരുന്നു. വളരെ കുറച്ചു ഭൗതിക സാഹചര്യങ്ങള്‍ ഉള്ള ടീമില്‍ നിന്നുകൊണ്ട് പരമാവധി റിസള്‍ട്ട് ഉണ്ടാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ആല്‍ബോനിനുമേല്‍ ഉള്ളത്.
ലോഗന്‍ സെര്‍ജന്റ്( Logan Sargeant)- ഫോര്‍മുല വണ്ണിലെ ആദ്യ സീസണ്‍. ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടൂര്‍ണമെന്റിലെ സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നതാകും ഈ 22 കാരന്‍ അമേരിക്കന്‍ ഡ്രൈവറുടെ പ്രധാന ലക്ഷ്യം
ഈ ടീമുകളെല്ലാം റേസിങ് ട്രാക്കില്‍ തീപ്പൊരി വിതറുന്ന അടുത്ത പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വരുന്ന മാര്‍ച്ച് 19 നു നടക്കുന്ന സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രീയാണ് ഇനി വരാനിരിക്കുന്ന എഫ് വണ്‍ പോരാട്ടം.
Content Highlights: formula one car race full details and the elaboration of current season
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..