ബെംഗളൂരു കെ.ആര്‍.പുര (കൃഷ്ണരാജപുര) റെയില്‍വേ സ്റ്റേഷനിലെ അന്നത്തെ വൈകുന്നേരം വലിയ തിരക്കൊന്നുമില്ല. ഒരു ഇടദിവസമാണ്. അവിടെ സ്റ്റോപ്പുള്ള ദീര്‍ഘദൂര ട്രെയിനില്‍ എറണാകുളത്തെത്തി അവിടെ നിന്നും നാട്ടിലേക്ക് വണ്ടികയറുകയാണ് ഞങ്ങളുടെ (ചേട്ടന്റെയും എന്റെയും )ലക്ഷ്യം.

1990 ജൂണിലാണ് സംഭവം. ചേട്ടന്റെ പഠന സ്ഥലമായ തുംകൂറില്‍ (ഇപ്പോള്‍ തുമകുര) നിന്നും ഞങ്ങള്‍ ബെംഗളൂരുവിലേക്ക് ബസ് കയറിയത് വൈകിട്ടത്തെ ഐലന്‍ഡ് എക്സ്പ്രസില്‍ നാട്ടിലേക്ക് പോകാമെന്ന വിചാരത്തിലാണ്. വൈകുന്നേരം നാലുമണിയോടെ ബെംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയപ്പോഴറിഞ്ഞു കെ.ആര്‍ പുരം വഴി അഞ്ചരയ്ക്ക് ഒരു ട്രെയിന്‍ എറണാകുളത്തിനുണ്ടെന്ന്. ഐലന്‍ഡ് എക്സ്പ്രസ് രാത്രിയിലാണ്. ഉടന്‍ തന്നെ ഓട്ടോ വിളിച്ചു. തുക കുറച്ചു കൂടുതല്‍. മൂന്നു വര്‍ഷമായി കര്‍ണാടകത്തിലുള്ള ചേട്ടന്‍ അറിയാവുന്ന കന്നഡയില്‍ തര്‍ക്കിച്ച് തുക കുറച്ചു. ഓട്ടോ പലവഴികളിലൂടെ പാഞ്ഞ് സമയത്തിനു മുന്‍പു തന്നെ കെ.ആര്‍.പുരത്തെത്തി.

അവിടെ വലിയ തിരക്കൊന്നുമില്ല. എറണാകുളം സൗത്തിലേക്ക് ടിക്കറ്റെടുത്തു ഞങ്ങള്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയാണ്. ഞങ്ങള്‍ക്കടുത്തു തന്നെ ആറടിയിയധികം പൊക്കമുള്ള, കണ്ടാല്‍ കായിക താരമെന്നു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു കൈ സ്ലിങിലിട്ട് മറുകയ്യില്‍ ചെറിയൊരു ബാഗുമായി ഇരിക്കുന്നു. പരിചയമുള്ള മുഖമല്ലേ എന്നൊരു സംശയം. കൂടെയൊരു കൂട്ടുകാരനുമുണ്ട്.

വൈകാതെ ട്രെയിന്‍ വന്നു. സീറ്റുകിട്ടാനുള്ള തിരക്കില്‍ ഞങ്ങള്‍ ഓടി ഒരു കമ്പാര്‍ട്ട്മെന്റില്‍ കയറി. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ട്രെയിനായതിനാല്‍ യാത്രക്കാര്‍ മിക്കതും ഇറങ്ങിക്കഴിഞ്ഞു. കമ്പാര്‍ട്ട്മെന്റുകളില്‍ ഇഷ്ടം പോലെ സീറ്റുണ്ട്. ആക്രാന്തം കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. ഞങ്ങള്‍ രണ്ടു പേരും സീറ്റില്‍ വിശാലമായി ഇരുന്നു. വേറേ ആരും ഇല്ല. അപ്പോഴാണ് മുമ്പേ കണ്ട ചെറുപ്പക്കാര്‍ രണ്ടും വരുന്നു. ഞങ്ങള്‍ക്ക് എതിരെയുള്ള സീറ്റില്‍ അവര്‍ ഇരുന്നു. കൈ സ്ലിങിലിട്ട ചെറുപ്പക്കാരനോട് എന്തോ പറഞ്ഞ ശേഷം മറ്റേയാള്‍ ട്രെയിന്‍ വിടുന്നതിനു മുമ്പേ ഇറങ്ങി. കൂട്ടുകാരനെ യാത്രയാക്കാന്‍ വന്നതാണ്.

ട്രെയിന്‍ വിട്ടു. എതിര്‍വശത്തിരിക്കുന്ന ചെറുപ്പക്കാരന്‍ എന്തോ ചിന്തിച്ച് ചാരി ഇരിക്കുകയാണ്. ചേട്ടനും ഞാനും തമ്മില്‍ പറഞ്ഞു . നല്ല മുഖപരിചയമുള്ള ആളാണല്ലോ . ചോദിക്കാന്‍ ഒരു മടി. വായനക്കാരനായ ചേട്ടന്‍ ഏതോ മാസികയിലേക്ക് കണ്ണുകള്‍ പൂഴ്ത്തി. ഞാന്‍ പുറത്തെ കാഴ്ചകളും കണ്ട് അങ്ങനെ ഇരുന്നു. അതിനിടിയിലും എതിര്‍ വശത്തിരിക്കുന്ന ആള്‍ ആരാണെന്നറിയാന്‍ ഒരാഗ്രഹം. അന്ന് അന്തര്‍മുഖന്‍മാരില്‍ രാജകുമാരന്റെ പട്ടം കിട്ടുമെങ്കിലും ചില കാര്യങ്ങളില്‍ അതങ്ങു മാറിപ്പോകുമെന്നുള്ളതാണ്  അനുഭവം. പിന്നെ പത്തൊന്‍പതു വയസുകാരന്റെ പൊട്ട ബുദ്ധിയും. കുറെ നേരം മുഖത്തേക്കും സ്ലിങിലിട്ട കയ്യിലേക്കും നോക്കിയ ശേഷം രണ്ടും കല്‍പ്പിച്ചു ചോദിച്ചു 'എന്നാ പറ്റിയതാ'? 

'തോള്‍പ്പലക തെന്നിയതാ' - ചെറുപുഞ്ചിരിയോടെ  മറുപടി വന്നു. 
'എങ്ങനെയാ തെന്നിയത്? 
'കളിക്കുന്നതിനിടെ'
എന്തു കളിയാ?
'ഫുട്ബോള്‍ '
അപ്പോഴേക്കും ചേട്ടന്‍ മാസികയില്‍ നിന്ന് കണ്ണെടുത്തു.
ഞാന്‍ നിറുത്തുന്നില്ല. 'പേരെന്താ?
'ഫ്രാന്‍സിസ്..., ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ്'
ആ മറുപടിയില്‍ ഞാനും ചേട്ടനും ഒരു പോലെ ഞെട്ടി.

ദൈവമേ... ബാംഗ്ലൂര്‍ ഐ.ടി.ഐയുടെ ഗോളി, കര്‍ണാടകത്തിന്റെ ഗോളി. ആ ഫ്രാന്‍സിസ് ആണോ ഇത്. ഞെട്ടലിനിടയിലും ചേട്ടന്‍ ചോദിച്ചു... ഐ.ടി.ഐയുടെ ഗോളി ഫ്രാന്‍സിസ് ആണോ?. ആദ്യം മുതലുള്ള പുഞ്ചിരിയോടെ തന്നെ അതേയെന്നുള്ള തലയാട്ടല്‍. അന്ന് ഞങ്ങളുടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കേരളാ പോലീസാണ്. എല്ലാ മലയാളികള്‍ക്കെന്ന പോലെ സന്തോഷ് ട്രോഫിയില്‍ കേരള ഫുട്ബോള്‍ ടീം ഉയിരും. ഫെഡറേഷന്‍ കപ്പിലും സന്തോഷ് ട്രോഫിയിലും പാപ്പച്ചനും വിജയനുമൊക്കെ ഗോളടിക്കാനെത്തുമ്പോള്‍ ഐ.ടി.ഐ ബെംഗളൂരുവിന്റെയും കര്‍ണാടകയുടെയും ഗോള്‍പോസ്റ്റില്‍ മഹാമേരുവിനെപ്പോലെ നിന്ന് തടയിടുന്ന ഫ്രാന്‍സിസിന്റെ പോരാട്ടവീര്യങ്ങള്‍ കൂടുതല്‍ ആകാശവാണിയിലെ കമന്ററിയിലൂടെയാണ് കേട്ടിട്ടുളളത്. ഫെഡറേഷന്‍ കപ്പിലെയും സന്തോഷ് ട്രോഫിയിലെയും പ്രകടനങ്ങള്‍  ദൂര്‍ദര്‍ശനില്‍ നിഴല്‍ച്ചിത്രം പോലെ കണ്ടിട്ടുമുണ്ട്. അന്നൊക്കെ  ആ ഉയരക്കാരനോട് ദേഷ്യമായിരുന്നു. ഇഷ്ട ടീമിന്റെ വിജയാവസരങ്ങള്‍ നശിപ്പിക്കുന്ന മലയാളി. മനസ്സില്‍ പറഞ്ഞിട്ടുണ്ട്. ദേ ആ മനുഷ്യന്‍ പുഞ്ചിരിയോടെ മുന്നിലിരിക്കുന്നു.

1989-ല്‍ സംസ്ഥാന ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചങ്ങനാശ്ശേരിയില്‍ നടന്നപ്പോള്‍ ധാരാളം ഇഷ്ട താരങ്ങളുടെ കളി നേരില്‍ കണ്ടതാണ്. പാപ്പച്ചനും വിജയനും സത്യനും ഷറഫലിയും കുരുകേശ് മാത്യവും കെ.ടി.ചാക്കോയും തോമസ് സെബാസ്റ്റിയനും രാജീവ്കുമാറും ക്ലീറ്റസും തോബിയാസുമൊക്കെ കേരള പോലീസിന്റെയും ടൈറ്റാനിയത്തിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും ജേഴ്സിയില്‍ നിറഞ്ഞു കളിച്ചത് കണ്‍മുന്നില്‍ കണ്ടു. ഇത് പക്ഷേ ഒരു ഫുട്ബോള്‍ താരത്തെ ഇത്രയടുത്ത് പരിചയപ്പെടുന്നത് ആദ്യമാണ്.

'പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ കുറെ ദിവസത്തേക്ക് അവധിയാണ്. എങ്കില്‍ വീട്ടിലേക്ക് (തൃശ്ശൂരിലേക്ക്) പോകാമെന്നു കരുതി' - അദ്ദേഹം മനസു തുറന്നു. ഞങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം യാതൊരു ജാഡയുമില്ലാതെ മറുപടി തന്നു. അന്ന് 1990 ലോകകപ്പ് നടക്കുകയാണ്. കളിക്കാരെക്കുറിച്ചും കളികളെക്കുറിച്ചുമൊക്കെ ചര്‍ച്ച. ഞങ്ങള്‍ ചങ്ങനാശ്ശേരിക്കാരാണെന്നറിഞ്ഞപ്പോള്‍ അവിടെ സ്‌കൂളില്‍ പഠിച്ചതുമൊക്കെ പറഞ്ഞു. അതിനിടെ ചായക്കാരനെത്തി. ചായകുടിക്കാമെന്ന് സ്നേഹത്തോടെ ഞങ്ങളെ നിര്‍ബന്ധിച്ചു. ചായയുടെ പൈസ കൊടുക്കാനായി ഞങ്ങള്‍ തുനിഞ്ഞപ്പോള്‍ പുള്ളി ഒരു കാരണവശാലും സമ്മതിക്കില്ല. സ്ലിങ്ങിട്ട കൈകൊണ്ട് പഴ്സ് എടുക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുന്നതു മുതലാക്കി ചേട്ടന്‍ പൈസ കൊടുത്തു. മനസ്സില്ലാ മനസ്സോടെ അദ്ദേഹം അതു സമ്മതിച്ചു.

പിന്നെയും കുറെ വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്നു. രാത്രിയിലേക്കുള്ള ഭക്ഷണം അദ്ദേഹം കൊണ്ടുവന്നിരുന്നു. ക്ഷീണവും വേദനയും കാരണം അദ്ദേഹം നേരത്തെ കിടന്നു. രാവിലെ ആറു മണിയോടെ ട്രെയിന്‍ തൃശ്ശൂരെത്തുമെന്നും അവിടെ ഇറങ്ങുമെന്നും പറയുകയും ചെയ്തു. വൈകാതെ ഞങ്ങളും ഉറങ്ങാന്‍ കിടന്നു. രാവിലെ ദേഹത്ത് ഒരു തട്ടല്‍ കിട്ടിയപ്പോഴാണ് കണ്ണു തുറന്നത്. മുമ്പില്‍ ഫ്രാന്‍സിസ് ചേട്ടന്‍. 'തൃശ്ശൂരെത്തി. ഞാനിറങ്ങുകയാ... ഇനി എപ്പോഴെങ്കിലും കാണാം'. കൈ വീശി ഞങ്ങള്‍ യാത്രയാക്കി. മൊബൈല്‍ ഒന്നുമില്ലാത്ത കാലം. നമ്പര്‍ വാങ്ങി വയ്ക്കാനുള്ള ബുദ്ധി ഞങ്ങള്‍ കാണിച്ചതുമില്ല. 

ഐ.ടി.ഐയുടെയും കര്‍ണാടകത്തിന്റെയുമൊക്കെ കളികള്‍ പത്രത്തില്‍ വായിക്കുമ്പോള്‍ ഫ്രാന്‍സിസ് ചേട്ടനെക്കുറിച്ച് ഓര്‍ക്കും. ചേട്ടനുമായുള്ള വര്‍ത്തമാനത്തിലും ഇടയ്ക്ക് അദ്ദേഹം കടന്നുവരും. ചൊവ്വാഴ്ച വൈകിയാണ് ഫ്രാന്‍സിസ് ചേട്ടന്റെ വിയോഗ വാര്‍ത്ത അറിയുന്നത്. ഉള്ളിലൊരു വിങ്ങല്‍. മുപ്പതു വര്‍ഷം മുമ്പുള്ള ജൂണ്‍ മാസത്തിലെ ആ ട്രെയിന്‍ യാത്രയും ഫ്രാന്‍സിസ് ചേട്ടനും മരിക്കാത്ത ഓര്‍മകളായി  മനസ്സിലുണ്ട്.

Content Highlights: former national goal keeper Francis Ignatius the Mr Dependable