ദൈവദൂതര്‍ ചിലപ്പോള്‍ പോലീസ് ജീപ്പിലും വരും. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് തൃശൂര്‍ പരപ്പൂരിലെ ചുങ്കത്ത് വര്‍ക്കിയുടെ വീട്ടിന് മുന്നില്‍ അവതരിച്ച ദൈവദൂതന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു. പേര് അബ്ദുള്‍ കരീം.

വീട്ടുമുറ്റത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് വണ്ടി വന്നു ബ്രേക്കിട്ടുനിര്‍ത്തിയപ്പോള്‍ സ്വാഭാവികമായും വീട്ടുകാര്‍ ഞെട്ടി. ഗൃഹനാഥന്‍ സ്ഥലത്തില്ലാത്തതുകൊണ്ട് പ്രത്യേകിച്ചും. പക്ഷേ കരീമിന് കാണേണ്ടിയിരുന്നത് വര്‍ക്കിയെ അല്ല, മകന്‍ സി.വി പാപ്പച്ചനെ. കേരളവര്‍മ്മ കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ പാപ്പച്ചനെ കേരള പോലീസ് ടീമിലേക്ക് റാഞ്ചിക്കൊണ്ടുപോകാന്‍ വന്നതാണ് ടീമിന്റെ മാനേജരായ കരീം. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പയ്യനെ എന്തുവിലകൊടുത്തും ടീമില്‍ കൊണ്ടുവരണം. സമ്മതിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയിക്കളയും കരീം സാര്‍ എന്ന അവസ്ഥയായിരുന്നുവെന്ന് ചിരിയോടെ പാപ്പച്ചന്‍.

പോലീസില്‍ ചേരാന്‍ തെല്ലും താല്‍പ്പര്യമില്ല പാപ്പച്ചന്. അന്നത്ര ഗ്ലാമറൊന്നുമില്ല അവരുടെ ഫുട്‌ബോള്‍ ടീമിന്. ടൈറ്റാനിയവും കെ.എസ്.ഇ.ബിയുമൊക്കെയാണ് കേരള ഫുട്ബാളിലെ രാജാക്കന്മാര്‍. ''നജീമുദ്ദിനും നജീബുമൊക്കെ കളിക്കുന്ന ടൈറ്റാനിയത്തിലോ അപ്പുക്കുട്ടന്റെ താരപരിവേഷത്തില്‍ തിളങ്ങിനില്‍ക്കുന്ന കെ എസ് ഇ ബിയിലോ ചേരാനായിരുന്നു എന്റെ മോഹം. സ്വയം പൊലീസുകാരനായി സങ്കല്‍പ്പിച്ചിട്ടുപോലുമില്ല അന്ന്.'' - പാപ്പച്ചന്റെ ഓര്‍മ്മ. 

എന്നാല്‍ കരീമുണ്ടോ വിടുന്നു. സുവര്‍ണ്ണ വാഗ്ദാനങ്ങള്‍ കൊണ്ട് കോളേജ് കുമാരനെ പൊതിഞ്ഞു അദ്ദേഹം. ''അഡീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ആയാണ് പോസ്റ്റിംഗ്. ഒട്ടും നിരാശപ്പെടേണ്ടിവരില്ല. ഒരു കാലത്ത് നിങ്ങള്‍ ഡി.വൈ.എസ്.പിയും എസ്.പിയുമൊക്കെ ആയി വളരുമ്പോള്‍ എന്നെ ഓര്‍ക്കണം എന്ന് മാത്രം.''

ചിരിയാണ് വന്നതെന്ന് പാപ്പച്ചന്‍. ഇതൊക്കെ നടക്കാന്‍ പോകുന്ന കാര്യമോ എന്ന് മനസ്സ് ചോദിക്കുന്നു. പക്ഷേ എത്ര ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും കരീം വിടുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ പാപ്പച്ചന്‍ വഴങ്ങുന്നു. എപ്പോള്‍ വരണം എന്ന് ചോദിച്ചപ്പോള്‍ നിസ്സംശയം മറുപടി: ''ഇതാ ഇപ്പോള്‍ തന്നെ. ഈ നിമിഷം. കയ്യിലെടുക്കേണ്ടതെല്ലാം എടുത്ത് എന്റെ കൂടെ പോന്നോളൂ.'' അന്തം വിട്ടുപോയി പാപ്പച്ചന്‍. 

''അപ്പച്ചന്‍ വീട്ടിലില്ല, അദ്ദേഹത്തോട് സമ്മതം ചോദിക്കാതെ വരാന്‍ വയ്യ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ നോക്കിയപ്പോള്‍ അതിനും  വഴി കണ്ടെത്തി കരീം സാര്‍. അടുത്തയാഴ്ച്ച കോഴിക്കോട്ട് നാഗ്ജി ട്രോഫി കളിക്കാന്‍ നമ്മള്‍ തൃശൂര്‍  വഴിയാണ് പോകേണ്ടത്. അപ്പോള്‍ അപ്പച്ചനെ വന്നു കാണാം - സാര്‍ പറഞ്ഞു. എന്തുവന്നാലും എന്നെ വിടാന്‍ ഭാവമില്ല എന്ന് അതോടെ മനസ്സിലായി.'' കൈയില്‍ കിട്ടിയതെല്ലാം എടുത്തൊരു ബാഗിലാക്കി ജീപ്പില്‍ കയറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു പാപ്പച്ചന്.

കൗമാരതാരവുമായി കരീം നേരെ പോയത്  കേരളവര്‍മ്മ കോളേജിലേക്കാണ്. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയെ പോലീസ് ടീമിന് കളിയ്ക്കാന്‍ വിടാന്‍ വിരോധമില്ലെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. അവിടെ നിന്ന് ഉച്ചക്ക് മൂന്നു മണിയോടെ നേരെ തിരുവനന്തപുരത്തേക്ക്. അന്ന് രാത്രി പാപ്പച്ചന്‍ താമസിച്ചത് കരീം സാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍. ''പിറ്റേന്ന് കാലത്ത് തന്നെ എന്നെ ഡി.ജി.പി എം.കെ ജോസഫ് സാറിന് മുന്നില്‍ ഹാജരാക്കുന്നു അദ്ദേഹം. പിടിച്ചപിടിയാലേ  നിയമന ഉത്തരവും വാങ്ങിത്തന്ന്, പോലീസ് ട്രെയിനിങ് കോളേജില്‍ എന്നെ കൊണ്ടുചെന്നാക്കിയ ശേഷമേ കരീം സാര്‍ യാത്ര പറഞ്ഞുള്ളൂ. സത്യനും ഷറഫലിയും തോബിയാസും ഒക്കെയുണ്ടവിടെ. ഒരാഴ്ച്ചക്കകം നാഗ്ജി കളിക്കാന്‍ കോഴിക്കോട്ടേക്ക്... ഇന്നോര്‍ക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെ.'' ഇന്ത്യന്‍ ഫുട്ബാളിന്റെ സുവര്‍ണസോപാനത്തിലേക്കുള്ള  പാപ്പച്ചന്റെ വളര്‍ച്ച തുടങ്ങുന്നത് ആ സ്വപ്നയാത്രയില്‍ നിന്നാണ്. 

C. V. Pappachan
സി.വി.പാപ്പച്ചൻ. ഫോട്ടോ: മധുരാജ്

''ഇന്നും ഓര്‍ക്കാറുണ്ട്, കരീം സാര്‍ അന്നെന്നെ വന്നു നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ എന്റെ അവസ്ഥ എന്തായിരുന്നേനെ എന്ന്. കളിക്കളത്തിലും ഔദ്യോഗികതലത്തിലുമുള്ള എന്റെ എല്ലാ ഉയര്‍ച്ചക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് കരീം സാറിനെപ്പോലുള്ളവരോടാണ്.'' - പോലീസ് അക്കാദമിയില്‍ കമാന്‍ഡന്റ് ആയി ഈ മാസാവസാനം വിരമിക്കുന്ന പാപ്പച്ചന്‍ പറയുന്നു. ''എനിക്ക് മാത്രമല്ല, അന്ന് കേരള പോലീസില്‍ കളിച്ച എല്ലാവര്‍ക്കും ഉണ്ടാകും ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കാന്‍.''

അതിനും ഒരു വര്‍ഷം മുന്‍പ്, 1984-ലാണ് കൗമാരതാരമായ പി.പി തോബിയാസിനെ തട്ടിക്കൊണ്ടു പോകാന്‍  ബോള്‍ഗാട്ടിയിലെ തോബിയുടെ വീട്ടുമുറ്റത്ത് കരീം പ്രത്യക്ഷപ്പെട്ടത്. ആദ്യം അറച്ചുനിന്നെങ്കിലും കരീം സാറിന്റെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ഒടുവില്‍  തോബിയാസും വഴങ്ങി. 1980-കളിലും 90-കളിലും ഇന്ത്യന്‍ ഫുട്‌ബോളില്‍ അശ്വമേധം നടത്തിയ പോലീസ് ടീമിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം ഉദയത്തിനും വളര്‍ച്ചക്കും പിന്നില്‍ കരീമിന്റെ ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു തോബിയാസും പാപ്പച്ചനും. 

''സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പരിവേഷം ഒരിക്കലും എടുത്തണിഞ്ഞിരുന്നില്ല കരീം സാര്‍. ഞങ്ങള്‍ക്ക് അദ്ദേഹം സ്വന്തം ജ്യേഷ്ഠനായിരുന്നു. അദ്ദേഹത്തിന് ഞങ്ങളെല്ലാം അനിയന്മാരും. വിജയത്തിലും പരാജയത്തിലുമെല്ലാം ഒപ്പം നിന്ന ഒരു കൂടപ്പിറപ്പ്. അതുകൊണ്ടുതന്നെ കരീം സാറിന്റെ വേര്‍പാട് നല്‍കുന്ന ദുഃഖം വളരെ വലുതാണ്.'' - പാപ്പച്ചന്‍.

കേരള പോലീസ് ടീമിന്റെ ചരിത്രം സൃഷ്ടിച്ച രണ്ടു ഫെഡറേഷന്‍ കപ്പ് വിജയങ്ങളുടെയും (തൃശൂര്‍ 1990, കണ്ണൂര്‍ 1991) അമരത്ത് കോച്ചുമാരായ ചാത്തുണ്ണിക്കും ശ്രീധരനും കുഞ്ഞികൃഷ്ണനുമൊപ്പം  കരീമിന്റെയും  നിശ്ശബ്ദസാന്നിധ്യമുണ്ടായിരുന്നു. മാനേജര്‍ എന്നതിനേക്കാള്‍, മാര്‍ഗ്ഗദര്‍ശിയുടെ റോളില്‍. കളിക്കാരനായി മികവ്  തെളിയിച്ചിട്ടില്ലായിരിക്കാം അദ്ദേഹം. പക്ഷേ കളിയോടുള്ള അഭിനിവേശത്തില്‍ കരീമിനെ അതിശയിക്കുന്നവര്‍ അപൂര്‍വം.  ഡി.വൈ.എസ്.പി ആയി വിരമിച്ച ശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. 

''ഏറ്റവുമൊടുവില്‍ മകന്റെ അകാലമരണവാര്‍ത്ത അറിഞ്ഞു അനുശോചനം അറിയിക്കാന്‍ വീട്ടില്‍ ചെന്നപ്പോഴും, യാത്രയാക്കും മുന്‍പ് ടീമിലെ പഴയ കളിക്കാരുടെയൊക്കെ വിവരം  തിരക്കി അദ്ദേഹം. താന്‍ മാനേജരായിരുന്ന കാലത്ത് വിജയന് നല്ലൊരു വീട് വെച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു സാറിന്റെ ഏറ്റവും വലിയ ദുഃഖം.'' - തോബിയാസ് പറയുന്നു.

വെള്ളിവെളിച്ചത്തില്‍ നിന്നകലെ, മിക്കവാറും അജ്ഞാതനായി, പോലീസ് ടീമിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരുന്ന ഈ മനുഷ്യനു കൂടി അവകാശപ്പെട്ടതാണ് കേരള ഫുട്ബാളിന്റെ സുവര്‍ണ്ണയുഗം എന്നറിയുക. ആ യുഗത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ആവേശത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ കരീമിന് മരണമില്ല.

Content Highlights: former Kerala Police football team manager Abdul Kareem passes away