കുട്ടിക്കാനത്തെ കേരള ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് കയറി ഡെപ്യൂട്ടി കമാന്‍ഡന്റ് ഓഫീസിലെത്തിയാല്‍ പരിചിതമുഖം കാണാം. പഴയ തലമുറയില്‍പ്പെട്ടവരാണെങ്കില്‍ ആരവങ്ങളും ഒപ്പം ഗോള്‍പോസ്റ്റും അതിന് മുന്നിലെ മിന്നല്‍ സേവുകളും മിന്നിമറിയും. പുതിയ തലമുറക്കാര്‍ക്ക് മുന്നിലെ പേരെഴുതിയ ബോര്‍ഡ് വായിച്ചാല്‍ ആളെ പിടികിട്ടും. കെ.ടി. ചാക്കോ. ഒരുകാലത്ത് ഫുട്ബോള്‍ പ്രേമികള്‍ ഗോളി എന്ന വാക്കിനൊപ്പം ചേര്‍ത്തുവെച്ച അതേ ചാക്കോ.

കേരള പോലീസ് ഇന്ത്യന്‍ ഫുട്ബോളിലെ പ്രതാപികളായി വിലസിയ കാലത്ത് ഗോള്‍വലയ്ക്കുമുന്നില്‍ ചോരാത്ത കൈകളുമായി തിരുവല്ലക്കാരന്‍ ചാക്കോയുണ്ടായിരുന്നു. ജൂനിയര്‍ ഇന്ത്യക്ക് കളിച്ച ശേഷം നേരേ പോലീസിലേക്ക്. കേരള പോലീസിലും സന്തോഷ് ട്രോഫി ടീമിലും ഇന്ത്യന്‍ ടീമിലുമായി നിറഞ്ഞുനിന്ന നാളുകള്‍.

തൊണ്ണൂറുകളിലെ പോലീസ് ടീമും ചാക്കോയും അത്രയും പ്രശസ്തരായിരുന്നു. ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, വി.പി. സത്യന്‍, യു. ഷറഫലി, കുരികേശ് മാത്യു, തോബിയാസ്, ലിസ്റ്റണ്‍ തുടങ്ങിയവര്‍ കളിച്ച ടീം. 1991-ലും 92-ലും ഫെഡറേഷന്‍കപ്പ് ജയിച്ച പോലീസ് ടീമിന്റേയും 1992-93 ല്‍ സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിന്റെയും ഗോള്‍കീപ്പര്‍. ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്റ്സ് കപ്പ്, നെഹ്റുകപ്പ്, സാഫ് കപ്പ്, സൂപ്പര്‍ സോക്കര്‍ കപ്പ് എന്നിവയില്‍ കളിച്ച താരം.

കളിനിര്‍ത്തിയ ശേഷം ചാക്കോ എവിടെയെന്ന അന്വേഷണമാണ് ഇടുക്കി കുട്ടിക്കാനത്തെ കേരള ആംഡ് പോലീസ് ബറ്റാലിയന്‍ അഞ്ച് വരെ എത്തിച്ചത്. 1500 പേരുള്ള ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റായി ചാക്കോ ഇവിടെയുണ്ട്. പണ്ട് കേരള പോലീസ് ടീമിന്റെ കാവല്‍ക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ നാടിന്റെ മൊത്തം കാവല്‍ക്കാരനായി.

1987 മുതല്‍ 2002 വരെയാണ് കേരള പോലീസില്‍ കളിച്ചത്. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഗോള്‍വല കാത്തു. അതാനു ഭട്ടാചാര്യയും ബ്രഹ്‌മാനന്ദും ഒഴിഞ്ഞ ഗോള്‍പോസ്റ്റിലേക്ക് ചാക്കോ വന്നത് മികവുകൊണ്ട് മാത്രമായിരുന്നു. ഹെന്‍ട്രി മെനെസിസും ഹേമന്ദ് ദോറയുമൊക്കെയുള്ള ടീമില്‍ അവസരം കിട്ടണമെങ്കില്‍ എന്നും മികച്ച ഫോം തുടരണം. സൂപ്പര്‍ സോക്കറില്‍ ഡച്ച് ക്ലബ്ബ് പി.എസ്.വി. ഐന്തോവനെതിരേ കളിച്ചപ്പോള്‍ ഗോള്‍വല കാത്തത് ചാക്കോയാണ്.

കളിക്കുശേഷം ഔദ്യോഗിക തിരക്കുകള്‍ കാരണം പരിശീലനരംഗത്തേക്ക് മാറാന്‍ കഴിഞ്ഞില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും വിശിഷ്ടസേവാ മെഡലും തേടിയെത്തി. ഭാര്യ രെജി ചാക്കോ, മക്കളായ ഡോ. ശ്രേയ ആന്‍ ചാക്കോ, റോഹന്‍ ജിയോ ചാക്കോ എന്നിവരടങ്ങുന്നതാണ് കുടുംബം.

രണ്ട് കിക്കുകള്‍ തടുത്തു, പിന്നാലെ ഗോളടിച്ചു!

സമ്പന്നമായ കരിയറില്‍ ചാക്കോ ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു മത്സരമുണ്ട്. 1988-89 സന്തോഷ് ട്രോഫി സെമിഫൈനലില്‍ കര്‍ണാടകക്കെതിരായ മത്സരം. 'അന്ന് ഷൂട്ടൗട്ടിലാണ് കളി ജയിച്ചത്. അത് പ്രിയപ്പെട്ടതാകുന്നത് മത്സരത്തിലെ വിജയശില്‍പ്പിയായത് കൊണ്ടാണ്. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ തടഞ്ഞതിന് പുറമെ കേരളത്തിനായി നാലാമത്തെ കിക്ക് ഗോളാക്കാനും കഴിഞ്ഞു. 4-2 നാണ് കളി ജയിച്ചത്. കേരളത്തിന് പുറത്ത് ടീം ആദ്യമായി ഫൈനലെത്തിയതും ആ വര്‍ഷമാണ്' -ചാക്കോ ഓര്‍ത്തെടുത്തു. ഫൈനലില്‍ കേരളം ബംഗാളിനോട് കീഴടങ്ങി.

Content Highlights: former Kerala Police and kerala Ex-footballer KT Chacko now in Kuttikkanam Armed Police Battalion