ഐ.എം വിജയൻ | ഫോട്ടോ: സിനോജ് എം.വി | മാതൃഭൂമി
ഫുട്ബോള്‍ ലോകത്ത് 'കറുത്തമുത്ത്' എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നമുക്കെല്ലാം ഓര്‍മവരിക ഫുട്ബോള്‍ രാജാവ് സാക്ഷാല്‍ എഡ്സണ് അരാന്റസ് ദൊ നാസിമെന്റോ എന്ന പെലെയുടെ പേരായിരിക്കും. എന്നാല്‍ ഫുട്ബോള്‍ എന്ന വികാരം ഞരമ്പിലൂടെ പ്രവഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ആ പേര് കേള്‍ക്കുമ്പോള്‍ ഓര്മ വരിക നമ്മുടെ സ്വന്തം കറുത്തമുത്ത് ഐ.എം വിജയനെയാകും.
ഒരു കാലത്ത് തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ സോഡ വിറ്റുനടന്നിരുന്ന ആ കോലോത്തും പാടത്തുകാരന്‍ പിന്നീട് നടന്നുകയറിയത് ഇന്ത്യന്‍ ഫുട്ബോളിലേക്കും കളിപ്രേമികളുടെ ഹൃദയങ്ങളിലേക്കുമായിരുന്നു. ഐ.എം. വിജയനെന്ന നമ്മുടെ സ്വന്തം ഫുട്ബോള്‍ ഇതിഹാസത്തിന്റെ 53-ാം ജന്മദിനമാണിന്ന്. ഇല്ലായ്മകളില്‍ കഴിഞ്ഞ്, തന്റെ കഴിവിനെ തളച്ചിടാതെ പ്രതിസന്ധികളെ തന്റെ കാല്‍പ്പന്തു കളിയിലെ മികവിലൂടെ മറികടന്ന താരമാണ് വിജയന്.
പതിവു തെറ്റിക്കാതെ ഇത്തവണയും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി, വിജയന് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ജന്മദിനാശംസയറിയിച്ചിട്ടുണ്ട്. കേരളത്തിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നു.
1969 ഏപ്രില്‍ 25-ന് തൃശൂരിലായിരുന്നു ഇന്ത്യന്‍ ഫുട്ബോളിലെ 'കറുത്തമുത്ത്' എന്നറിയപ്പെടുന്ന അയനിവളപ്പില്‍ മണി വിജയന് എന്ന ഐ.എം വിജയന്റെ ജനനം. കടുത്തദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെയും മറ്റും സോഡ വിറ്റുനടന്നിരുന്ന ആ പയ്യന് പക്ഷേ തന്റെ ജന്മസിദ്ധമായ ഫുട്ബോളിനെ കൈവിട്ടിരുന്നില്ല.
അക്കാലത്ത് കേരള ഡി.ജി.പിയായിരുന്ന എം.കെ. ജോസഫിന്റെ ശ്രദ്ധയില്‍ പെടുന്നതോടെയാണ് വിജയന്റെ തലവര മാറുന്നത്. 1987-ല്‍ തന്റെ 18-ാം വയസില്‍ കേരള പോലീസിന്റെ ഫുട്ബോള്‍ ടീമില്‍ ഇടംനേടി. 87-ലെ കൊല്ലം നാഷണല്‍സില്‍ പോലീസിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിജയന് ഭാവിതാരമെന്ന വിശേഷണവും സ്വന്തമാക്കി. 1991 വരെ കേരള പോലീസ് ടീമില്‍ തുടര്‍ന്നു. 33 ഗോളുകളാണ് അദ്ദേഹം അക്കാലത്ത് നേടിയത്.
1989-ല്‍ തന്നെ വിജയന് ദേശീയ ടീമിലേക്ക് വിളിയെത്തി. ബൈചുങ് ബൂട്ടിയക്കൊപ്പം വിജയനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആക്രമണ ജോഡിയായി വളര്‍ന്നു. 2004 വരെ ഇന്ത്യയ്ക്കായി 79 മത്സരങ്ങള്‍ കളിച്ച വിജയന് 40 തവണ വലകുലുക്കി. 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിനെ നയിച്ചത് വിജയനായിരുന്നു.
നെഹ്റു കപ്പ്, പ്രീ ഒളിമ്പിക് ക്വാളിഫയര്‍, ലോകകപ്പ് ക്വാളിഫയര്‍, സാഫ് കപ്പ്, സാഫ് ഗെയിംസ്, എന്നിങ്ങനെ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ചു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍നിന്ന് 10 ഗോളുകള്‍ നേടി.
ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന് വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി.
കരിയറില്‍ ജെ.സി.ടി മില്‍സ്, എഫ്.സി കൊച്ചിന്, മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 1991-92 സീസണില്‍ മോഹന്‍ ബഗാനു വേണ്ടി ബൂട്ടണിഞ്ഞ വിജയന് 27 ഗോളുകളാണ് അടിച്ചെടുത്തത്. 2005-2006 സീസണില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ച് ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.
1993, 1997, 1999 സീസണുകളില്‍ എ.ഐ.എഫ്.എഫിന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ വിജയനെ 2003-ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും ആദരിച്ചിട്ടുണ്ട്.
2001-ല്‍ ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ശാന്തത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുവെച്ചു. മലയാളത്തിലും തമിഴിലുമായി 20-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: former indian footballer im vijayan turns 53 today english club chelsea wishes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..