ളിച്ചിരുന്ന കാലത്ത് വി.പി സത്യനെന്ന പ്രതിരോധനിരക്കാരനെ മറികടന്ന് ഗോളിലേക്ക് വെടിയുതിര്‍ക്കാന്‍ അക്കാലത്തെ പേരുകേട്ട സ്ട്രൈക്കര്‍മാര്‍ പോലും ഒന്ന് മടിച്ചിരുന്നു. ആരോഗദൃഢഗാത്രനായ, ഒരു ബോഡി ബില്‍ഡറിനോട് സാമ്യമുള്ള ആ ഡിഫന്‍ഡര്‍ ഒരു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയുടെയും കേരളത്തിന്റെയും പോലീസ് ടീമിന്റെയും പ്രതിരോധ കോട്ടയിലെ കരുത്തനായി നിലകൊണ്ടു. സത്യേട്ടനുണ്ടെങ്കില്‍ ഞാന്‍ പന്തും കൊണ്ട് ആ ഭാഗത്തേക്ക് പോകുകയേയില്ലെന്ന് ഐ.എം വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എതിരാളികള്‍ അത്ര കണ്ട് പേടിച്ചിരുന്ന ആ ഡിഫന്‍ഡറുടെ ജീവിത യാത്രയ്ക്ക് മരണം റെഡ് കാര്‍ഡ് ഉയര്‍ത്തിയിട്ട് ശനിയാഴ്ച 14 വര്‍ഷം തികയുകയാണ്.

2006 ജൂലായ് 18-ന് ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് വി.പി സത്യന്‍ മരണത്തിലേക്ക് നടന്നുകയറിയത്. 'ഇപ്പോള്‍ 8.45. എല്ലാം അവസാനിക്കുകയാണ്.' എന്ന് എഴുതിത്തുടങ്ങിയ കുറിപ്പ് പല്ലാവരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസാണ് കണ്ടെത്തുന്നത്. അപ്പോഴേക്കും സത്യന്റെ ജീവിതത്തിലേക്ക് മരണം ചൂളംവിളിച്ചെത്തിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. 41-ാം വയസില്‍ ആരവങ്ങളും വിസില്‍ മുഴക്കങ്ങളുമൊന്നും ഇല്ലാത്ത ഒരു ലോകത്തേക്ക് സത്യന്‍ യാത്രയായി.

സത്യനിലെ ഫുട്ബോളറുടെ ജനനം കണ്ണൂരിലെ എ.ആര്‍ ക്യാമ്പിലെ പോലീസ് മൈതാനത്തായിരുന്നു എന്ന് പറയേണ്ടി വരും. പോലീസുകാരനായിരുന്ന അച്ഛന്‍ ഗോപാലന്‍നായര്‍ കണ്ണൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയെത്തിയ കാലം. സത്യന്‍ പന്ത് തട്ടിത്തുടങ്ങുന്നതും അക്കാലത്താണ്. 1979-ല്‍ കണ്ണൂര്‍ ലക്കി സ്റ്റാറിലൂടെ ഫുട്ബോളിന്റെ അനന്തവിഹായസിലേക്ക് അദ്ദേഹം ചുവടുവെച്ചു. 1983-ല്‍ ലക്കി സ്റ്റാറിന്റെ സീനിയര്‍ ടീമിലും കണ്ണൂര്‍ ജില്ലാ ടീമിലും കളിച്ചു. അക്കാലത്താണ് കേരളത്തിന്റെ മികച്ച ക്ലബ്ബുകളുടെ നിരയിലേക്ക് ലക്കി സ്റ്റാര്‍ ഉയരുന്നത്. ആ വര്‍ഷം തന്നെ സത്യന്‍ കേരള ടീമിലുമെത്തി.

former indian football team captain vp sathyan 14th death anniversary

തൊട്ടടുത്ത വര്‍ഷമാണ് ഡി.ജി.പി എം.കെ ജോസഫ് ഇടപെട്ട് കേരള പോലീസ് ഫുട്ബോള്‍ ടീം രൂപീകരിക്കുന്നത്. സത്യനൊപ്പം യു. ഷറഫലി, സി.വി പാപ്പച്ചന്‍, കുരികേശ് മാത്യു എന്നിവര്‍ ടീമിന്റെ ഭാഗമായി. പിന്നീട് ഐ.എം വിജയനുമെത്തി. കേരള പോലീസിന്റെ പ്രതിരോധത്തിലെ സൂപ്പര്‍ സ്റ്റാര്‍ സത്യനായിരുന്നു. എത്ര പിരിമുറുക്കം നിറഞ്ഞ കളിയാണെങ്കിലും ശാരീരികമായി ഒരിക്കലും സത്യന്‍ മറ്റൊരു കളിക്കാരനെ നേരിട്ടിട്ടില്ലെന്ന് സഹതാരങ്ങളായിരുന്നവര്‍ തന്നെ പറയുന്നു. ശരീരശക്തി ഉപയോഗിച്ച് ഒരു സ്ട്രൈക്കറെ പ്രതിരോധിക്കുന്നത് സത്യന്റെ രീതിയായിരുന്നില്ല. ടാക്ലിങ്ങിലെ ടൈമിങ്ങായിരുന്നു അദ്ദേഹത്തിന്‍രെ പ്രത്യേകത. സത്യന്‍ പരുക്കന്‍ കളി കളിച്ചു എന്ന് ആരും പറഞ്ഞ് കേള്‍ക്കാത്തതിന് കാരണവും അത് തന്നെ.

കേരള ഫുട്ബോളിന്റെ നല്ല നാളുകള്‍ തൊണ്ണൂറുകള്‍ക്ക് ശേഷമായിരുന്നു. 1990, 1991 വര്‍ഷങ്ങളില്‍ കേരള പോലീസ് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. 1992, 1993 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാക്കുകയും ചെയ്തു. അതിനു മുമ്പ് തുടര്‍ച്ചയായ നാലു വര്‍ഷം കേരളത്തിന് ഫൈനലില്‍ കാലിടറിയിരുന്ന സമയമായിരുന്നു അത്. അങ്ങനെ 1992-ല്‍ സത്യന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം കോയമ്പത്തൂരില്‍ നടന്ന ഫൈനലില്‍ ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുക്കിയാണ് കിരീടം നേടിയത്.

തന്റെ സാന്നിധ്യം കൊണ്ട് കളിക്കാരെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന സത്യനിലെ താരം തന്നെയായിരുന്നു അക്കാലത്ത് കേരള ടീമിന്റെ നട്ടെല്ല്. കേരള പോലീസ് കേരള ടീമുകളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്ന് സത്യനായിരുന്നു. കളിക്കാര്‍ക്കും ഗാലറിക്കും ഒരുപോലെ പ്രിയപ്പെട്ടയാള്‍.

കേരളത്തിനായി കളിച്ചുതിമിര്‍ക്കുന്നതിനിടെ 1985-ലാണ് സത്യനെ തേടി ദേശീയ ടീമിന്റെ വിളിയെത്തുന്നത്. ആ വര്‍ഷം തിരുവനന്തപുരത്ത് വെച്ച് നടന്ന നെഹ്റു കപ്പില്‍ സത്യന്‍ ആദ്യമായി ദേശീയ ടീം ജേഴ്സിയണിഞ്ഞു. 1986-ലെ മെര്‍ദേക്കാ കപ്പില്‍ ദക്ഷിണകൊറിയയുമായുള്ള സെമി ഫൈനല്‍ മത്സരം സത്യനെ സംബന്ധിച്ച് അവിസ്മരണീയമായ ഓര്‍മയായിരുന്നു. 80-ാം മിനിറ്റു വരെ 3-3 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങിയിരുന്ന മത്സരം ഇന്ത്യ സ്വന്തമാക്കിയത് സത്യന്റെ ഗോളിലായിരുന്നു.

former indian football team captain vp sathyan 14th death anniversary

10 വര്‍ഷക്കാലം നീണ്ട ദേശീയ കരിയറില്‍ 81 മത്സരങ്ങള്‍ സത്യന്‍ ഇന്ത്യയ്ക്കായി ബൂട്ടുകെട്ടിയിറങ്ങി. നാലു ഗോളുകളും നേടി. പിന്നീട് നെഹ്റു കപ്പിലടക്കം ടീമിനെ നയിക്കുകയും ചെയ്തു. പാകിസ്താനില്‍ നടന്ന സാര്‍ക്ക് ഗോള്‍ഡ് കപ്പ് (1991), കൊളംബോ, ധാക്ക സാഫ് ഗെയിംസ്, ഖത്തര്‍  ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ സത്യന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. സത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്താണ് 119-ാം റാങ്കിലായിരുന്ന ഇന്ത്യ 99-ാം റാങ്കിലേക്കെത്തുന്നത്. അക്കാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കായിരുന്നു അത്. 1993-ല്‍ മികച്ച ഇന്ത്യന്‍ ഫുട്ബോളര്‍ക്കുള്ള പുരസ്‌കാരം സത്യന് ലഭിച്ചു.

1992-93 കാലത്ത് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് സത്യന് ക്ഷണം ലഭിച്ചു. പോലീസ് ജോലി വിട്ട് കൊല്‍ക്കത്തയിലേക്കു പോയ അദ്ദേഹം പക്ഷേ ഒരു സീസണില്‍ മാത്രമാണ് അവിടെ തുടര്‍ന്നത്. പിന്നീട് 1995-ല്‍ ഇന്ത്യന്‍ ബാങ്കില്‍ ജോലി ലഭിച്ചു. 2000 ഏപ്രിലില്‍ ആല്‍ബര്‍ട്ട് ഫെര്‍ണാണ്ടോ മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കിന്റെ പരിശീലക സ്ഥാനത്തെത്തി. നിരന്തരമായ പരിക്കുകള്‍ കാരണം വൈകാതെ അദ്ദേഹത്തിന് ഫുട്ബോളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. പരിക്കേറ്റ ഇടതു കാലില്‍ സ്റ്റീല്‍ റോഡിട്ടും അദ്ദേഹം കളിതുടര്‍ന്നിരുന്നു.

2002-ല്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനു കീഴില്‍ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനുമായി. ഫുട്ബോളിനായി മാത്രം ജീവിച്ചിട്ടും തനിക്ക് ഒന്നുമാകാന്‍ സാധിച്ചില്ലെന്ന തോന്നൽ സത്യനെ വേട്ടയാടിയിരുന്നു. അതോടെ അദ്ദേഹം വിഷാദ രോഗത്തിന്റെ പിടിയിലായി. 2006 ജൂലായ് 18-ന് ചെന്നൈയിലെ ഇന്ത്യന്‍ ബാങ്കിന്റെ ഓഫീസിലേക്കു പോകാതെ സത്യന്‍ പല്ലാവരത്തേക്കാണ് പോയത്. സാധാരണ ഓഫീസിലേക്കു പോകാറുള്ളതു പോലെ തന്നെ ട്രെയിനിലായിരുന്നു യാത്ര. അന്ന് സത്യന്റെ പോക്കറ്റില്‍ നിന്ന് ഒരു കത്തിനൊപ്പം ട്രെയിന്‍ ടിക്കറ്റും ലഭിച്ചിരുന്നു. ജീവിതത്തിലേക്ക് ഒരു റിട്ടേണ്‍ ടിക്കറ്റില്ലാതെയായിരുന്നു അന്ന് സത്യന്റെ ആ യാത്ര.

Content Highlights: former indian football team captain vp sathyan 14th death anniversary