Photo: twitter.com
ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യത്തെ ബൗണ്ടറിയുടെ കഥ പറഞ്ഞുതുടങ്ങിയാല്‍ സുധീര്‍ നായിക്കിന്റെ മുഖം തെളിയുക മാത്രല്ല, ആ നെറ്റി ഒന്ന് ചുളിയുകയും ചെയ്യുമായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ ആദ്യത്തെ ബൗണ്ടറി നേടിയ സുധീറിന് 1974-ലെ ഇംഗ്ലണ്ട് പരമ്പര അഭിമാനം മാത്രമല്ല, നാണക്കേട് കൂടിയാണ് സമ്മാനിച്ചത്. മൂന്ന് ടെസ്റ്റും രണ്ട് ഏകദിനവും ഉള്‍പ്പെട്ട ഈ പരമ്പരയില്‍ ബാറ്റ് കൊണ്ട് സാമാന്യം ഭേദപ്പെട്ടപ്രകടനമാണ് സുധീര്‍ കാഴ്ചവച്ചത്. എന്നാല്‍, കളത്തിന് പുറത്തെ ഒരു സംഭവമാണ് സുധീറിനെ മരണം വരെ മാനക്കേടായി വിടാതെ പിന്തുടര്‍ന്നത്.
അതൊരു മോഷണക്കഥയാണ്. ഓക്സ്ഫോഡ് സ്ട്രീറ്റിലെ മാര്‍ക്ക് ആന്‍ഡ് സ്പെന്‍സേഴ്സില്‍ നിന്ന് സുധീര്‍ രണ്ട് ജോഡി സോക്സ് മോഷ്ടിച്ചു എന്നായിരുന്നു പരാതി. താന്‍ നിരപരാധിയാണെന്നും കടയുടമകള്‍ തെറ്റിദ്ധരിച്ചതാണെന്നും സുധീര്‍ പറഞ്ഞു. സുധീര്‍ സോക്സ് കാലില്‍ ഇട്ട് ട്രയല്‍ നോക്കുകയും അത് അഴിച്ചുവെക്കാന്‍ മറന്നുപോവുകയാണുണ്ടായതെന്നുമാണ് അന്ന് ടീമംഗമായിരുന്നു സുനില്‍ ഗവാസ്‌ക്കര്‍ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. എങ്കിലും അന്ന് കാര്യങ്ങള്‍ സുധീറിന്റെ വിശദീകരണത്തില്‍ നിന്നില്ല. സുധീറിന് മാത്രമല്ല, മൊത്തം ടീമിന് തന്നെ ഈ സംഭവം നാണക്കേടായി. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് തന്നെ ഇടപെടേണ്ടിവന്നു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സുധീറിന് കടയുടമകളോട് ക്ഷമാപണം നടത്തേണ്ടിപ്പോലും വന്നു. തത്കാലം തടിയൂരിയെങ്കിലും ഈ സംഭവം സുധീറിനെയും ഇന്ത്യന്‍ ടീമിനെയും വിടാതെ വര്‍ഷങ്ങളോളം വിടാതെ പിന്തുടര്‍ന്നു.
സ്പാനിഷ് താരം ഡേവിഡ് ഡിഹിയയെയും പോര്‍ട്സ്മൗത്തിന്റെ ഗ്ലെന്‍ ജോണ്‍സണെയും സ്വാന്‍സിയുടെ നഥാന്‍ ഡയറിനെയും സ്റ്റീവന്‍ കോള്‍ക്കറെയും പോലുള്ള പിന്‍ഗാമികള്‍ വന്നെങ്കിലും സുധീറിന്റെ കളവിന്റെ കഥ കാലം ക്രമേണ മായ്ച്ചുകളഞ്ഞു. ചരിത്രം പിന്നീട് ഇത്രയും കാലം മറ്റൊരു നേട്ടം മാത്രമാണ് ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ചത്. ഇന്ത്യയുടെ ആദ്യ ഏകദിന ബൗണ്ടറിയെന്ന ചരിത്രം.
ഒരു തണുത്ത ജൂലായില്‍ ലീഡ്സിലെ ഹെഡ്ഡിങ്ലിയിലായിരുന്നു ചരിത്രം കുറിച്ച ആ ഏകദിനം. ടീമംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും കാര്യമായി ഏകദിനം കളിച്ച പരിചയമില്ല. ടാലിം ഷീല്‍ഡ് കളിക്കുന്നത് കാരണം മുംബൈയില്‍ നിന്നുളളവര്‍ മാത്രമായിരുന്നു അപവാദം. ഇംഗ്ലീഷ് നായകന്‍ മൈക്ക് ഡെന്നിസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഗാവസ്‌ക്കറും സുധീര്‍ നായിക്കുമായിരുന്നു ഓപ്പണിങ്. ഫീല്‍ഡ് നിയന്ത്രണമോ ഷോര്‍ട്ട് ബൗണ്ടറിയോ ഒന്നുമില്ല. ജെഫ് ആര്‍ണോള്‍ഡിനെ അതിര്‍ത്തി കടത്തിയാണ് നായിക് അന്ന് ചരിത്രം കുറിച്ചത്. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ബൗണ്ടറി. പിന്നെ ഒന്നുകൂടി നേടി നായിക് പതിനെട്ട് റണ്‍സിന് പുറത്തായി. ഗവാസ്‌ക്കര്‍ക്കൊപ്പം നാല്‍പത്തിനാലിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. ഗവാസ്‌ക്കര്‍ അന്ന് മുപ്പത്തിയഞ്ച് പന്തില്‍ നിന്ന് ഇരുപത്തിയെട്ട് റണ്‍സാണ് നേടിയത്. ഈ ഇന്നിങ്സിനിടെ ഗവാസ്‌ക്കറും കുറിച്ചു മറ്റൊരു റെക്കോഡ്. ഇന്ത്യയുടെ ആദ്യ ഏകദിന സിക്സര്‍. എണ്‍പത്തിരണ്ട് റണ്‍സെടുത്ത ബ്രിജേഷ് പട്ടേലായിരുന്നു അന്ന് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബ്രിജേഷ് പട്ടേലും രണ്ട് സിക്സര്‍ നേടി. ക്യാപ്റ്റന്‍ അജിത് വഡേക്കറും അന്ന് അറുപത്തിയേഴ് റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 53.5 ഓവറില്‍ ഇന്ത്യ 265 റണ്‍സ് നേടിയെങ്കിലും ഫലമുണ്ടായില്ല. 51.1 ഓവറില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് മാത്രം കളഞ്ഞ് ലക്ഷ്യം മറികടന്നു. ടെസ്റ്റ് പരമ്പര നേരത്തെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഈ തോല്‍വി മറ്റൊരു ആഘാതമായി.
ഇന്ത്യക്കുവേണ്ടി രണ്ട് ഏകദിനവും മൂന്ന് ടെസ്റ്റും കളിച്ച സുധീര്‍ നിരവധി വര്‍ഷം രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിച്ചു. അതുകഴിഞ്ഞ് പരിശീലനത്തിലേയ്ക്ക് തിരിയുകയും സഹീര്‍ ഖാന്‍, വാസിം ജാഫര്‍, രാജേഷ് പവാര്‍, പരസ് മാംബ്രെ തുടങ്ങിയ താരങ്ങളെ സ്വന്തം അക്കാദമിയില്‍ രാകിമിനുക്കി ഇറക്കുകയും ചെയ്തു. ഇതിനുശേഷമാണ് വിഖ്യാതമായ വാംഖഡേ സ്റ്റേഡിയത്തിന്റെ ചുമതലക്കാരനായത്. നായിക്ക് ഒരുക്കിയ ഈ പിച്ചിലാണ് 2011-ല്‍ ധോനിയും സച്ചിനുമെല്ലാം ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്തത്. അതങ്ങനെ സുധീര്‍ നായിക്കിന് കാലത്തിന്റെ അര്‍ഹിച്ച പ്രായശ്ചിത്തമായി. ചരിത്രത്തിന്റെ കാവ്യനീതിയായി.
Content Highlights: Former India opener Sudhir Naik An old sock stealing story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..