അനുപമ പുഞ്ചിമണ്ട
രാജ്യാന്തര ഹോക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അമ്പയർമാരിൽ ഒരാളായ അനുപമ പുഞ്ചി മണ്ട ഇന്നു കോവിഡിന് കീഴടങ്ങിയപ്പോൾ കായിക മേഖല നടുങ്ങി.ഒൻപതാം വയസിൽ കളിക്കളത്തിൽ ഇറങ്ങി ദേശീയ താരമായും രാജ്യാന്തര അമ്പയറായും ഏറെ തിളങ്ങിയ അനുപമയുടെ ജീവിതം 40 വയസിൽ അവസാനിച്ചു എന്നു ചിന്തിക്കാൻ പോലുമാകുന്നില്ല.
കൂർഗിൽ നിന്ന് എത്രയോ ഹോക്കി താരങ്ങൾ ഇന്ത്യക്കായി ലോകകപ്പിലും ഒളിംപിക്സിലും തിളങ്ങി. എം.പി. ഗണേശിനെപ്പോലെ ഇന്ത്യയെ നയിച്ചവരും എത്രയോ. ആ കണ്ണിയിലെ സൂപ്പർ താരമല്ലായിരുന്നു അനുപമ . കളി മികവ് ദേശീയ തലത്തിൽ ഒതുങ്ങി. പക്ഷേ, രാജ്യാന്തര ഹോക്കി ഫെഡറേഷൻ്റെ അമ്പയർ ആയി നന്നേ ചെറുപ്പത്തിൽ തിളങ്ങാൻ അനുപമയ്ക്കു കഴിഞ്ഞു.
2005 ൽ സാൻറിയാഗോയിൽ ജൂനിയർ വനിതാ ലോകകപ്പിൽ അമ്പയർ ആയപ്പോൾ അനുപമയ്ക്കു പ്രായം 24 വയസ്. 2013 ൽ ന്യൂ ഡൽഹിയിൽ ഹീറോ ഹോക്കി വനിതാ വേൾഡ് ലീഗ് രണ്ടാം റൗണ്ടിലും ക്വാലലംപൂരിൽ വനിതാ ഏഷ്യൻ കപ്പിലുമൊക്കെ. അനുപമ അമ്പയർ ആയി.
കർണാടക ശ്രദ്ധേയ നേട്ടം കൈവരിച്ച വനിതകളെ ആദരിച്ചപ്പോൾ സ്പോർട്സ് ആൻഡ് ഫിറ്റ്നെസ് വിഭാഗത്തിൽ ആദരിക്കപ്പെട്ടത് അനുപമ പുഞ്ചിമണ്ടയാണ്. 75 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച അനുപമയെ കുറേക്കാലമായി കാണാനില്ലായിരുന്നു. ആരാണ് അവർക്കു വിലക്ക് കല്ലിച്ചത്?
ഇന്ത്യൻ ഹോക്കിയിലെ വമ്പൻമാർ തന്നെ. കാരണം ഒരു ദേശീയ ഹോക്കി ചാംപ്യൻഷിപ് നിയന്ത്രിക്കുമ്പോൾ ഇന്ത്യൻ സംഘടനയിലെ തമ്പുരാക്കൻമാർ നിർദേശിച്ച വേഷം കൊടുംചൂടിൽ ധരിക്കാൻ പറ്റില്ലെന്ന് തൻ്റെ രാജ്യാന്തര മത്സര പരിചയം വച്ച് അനുപമ വാദിച്ചു. വളർന്നു വലുതായ തെന്നിന്ത്യക്കാരിയെ വെട്ടാൻ കാത്തിരുന്ന ഉത്തരേന്ത്യൻ മേലാളന്മാർ അനുപമയ്ക്കെതിരെ അച്ചടക്ക നടപടി എടുത്തു.

ഹോക്കി ഇന്ത്യ പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞതിനാൽ മറിയാമ്മ കോശിക്കും അനുപമയെ രക്ഷിക്കാനായില്ല. ഇത്ര ചെറു പ്രായത്തിൽ ഇത്രയധികം രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച അതി പ്രഗൽഭയായ വനിതയുടെ ഭാവിയാണു തല്ലിക്കെടുത്തിയത്. അതും മേലാളന്മാരുടെ വിവരമില്ലായ്മ ചൂണ്ടിക്കാട്ടിയതിന്.
ഇന്ന് അനുപമയുടെ അകാല വിയോഗത്തിൽ ഹോക്കി ഇന്ത്യ ഭാരവാഹികൾ കണ്ണീരൊഴുക്കിയപ്പോൾ ചിരിക്കണോ കരയണോ എന്നു സംശയം.
Content Highlights: Former hockey umpire Anupama Punchimanda passed away, covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..