കോച്ച് ശ്രീധർ ഷേണായിയെ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന പി.ആർ. ശ്രീജേഷ് ആദരിച്ചപ്പോൾ
കൊച്ചി: 'സയന്റിഫിക്...' ഹോക്കി സ്റ്റിക്കുമായി നില്‍ക്കുമ്പോള്‍ ശ്രീധര്‍ ഷേണായി എപ്പോഴും പറഞ്ഞിരുന്ന വാക്കാണത്. സൈക്കിളില്‍ സഞ്ചരിച്ച് ഓരോ സ്‌കൂളിലുമെത്തി ഹോക്കി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോഴും അന്താരാഷ്ട്ര ഹോക്കിയിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷിനെപ്പോലെയുള്ളവരെ കൈപിടിച്ചുയര്‍ത്തുമ്പോഴും സയന്റിഫിക് അല്ലാതെ മറ്റൊരു നയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശ്രീധര്‍ ഷേണായി (72) എന്ന കേരള ഹോക്കിയുടെ ദ്രോണാചാര്യന്‍ വിടചൊല്ലുമ്പോഴും അദ്ദേഹം പകര്‍ന്ന സയന്റിഫിക് ഹോക്കിയുടെ പാഠങ്ങള്‍ ഇവിടെയുണ്ട്.
എറണാകുളത്ത് സ്വകാര്യാശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. എറണാകുളം കച്ചേരിപ്പടി ശങ്കരശ്ശേരിയില്‍ (പെണ്ടിക്കാര്‍) പരേതരായ എന്‍. രങ്കനാഥ ഷേണായിയുടെയും ശോഭയുടെയും മകനാണ്.
സ്റ്റോപ്പിങ് ബോള്‍... അതായിരുന്നു ഷേണായിയുടെ മന്ത്രം. ക്രിക്കറ്റില്‍ ക്യാച്ച് എടുക്കുമ്പോള്‍ കൈകള്‍ പിറകിലേക്ക് വലിക്കുന്നതുപോലെ ഹോക്കിയിലും സ്റ്റോപ്പിങ് ബോളിന്റെ ആക്ഷന്‍ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. എത്ര വേഗത്തിലുള്ള ഷോട്ടാണെങ്കിലും അത് ഹോക്കി സ്റ്റിക്കില്‍ അനായാസം പൂര്‍ണ നിയന്ത്രണത്തിലാക്കാമെന്ന് കേരള ഹോക്കി താരങ്ങള്‍ പഠിച്ചത് ഷേണായിലൂടെയാണ്. ഓസ്ട്രേലിയക്കാരെ ഹോക്കി പഠിപ്പിച്ച പി. ബാലകൃഷ്ണന്റെ കീഴില്‍ പട്യാലയിലെ സായി സെന്ററില്‍ പരിശീലിച്ചാണ് ഷേണായി ഈ മാജിക് പഠിച്ചെടുത്തത്.
1970-കളില്‍ എറണാകുളത്തെ സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് ഹോക്കി പരിശീലനം നല്‍കിക്കൊണ്ടാണ് തുടക്കം. പിന്നീട് പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പോര്‍ട്സില്‍ പരിശീലനത്തിന് ചേര്‍ന്നു. 1980-കളില്‍ എറണാകുളത്തെ സ്‌കൂളുകളില്‍ തന്റെ ഹെര്‍ക്കുലീസ് സൈക്കിളില്‍ ചുറ്റിസഞ്ചരിച്ച് പരിശീലനം നല്‍കി.
ഒളിമ്പ്യന്‍ ദിനേശ് നായ്ക്ക്, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, ജയകുമാര്‍, രമേഷ് കോലപ്പ, സായ് കോച്ച് അലി സബീര്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേസ് എന്നീ സ്ഥാപനങ്ങളിലായി ഒട്ടേറെ താരങ്ങളുടെ കോച്ചായിരുന്നു. ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍നിന്ന് 15 പേരെ ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചു. ലോക്ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പുവരെ പരിശീലന രംഗത്ത് സജീവമായിരുന്നു.
2003-ല്‍ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് വിരമിച്ചശേഷം കേരള ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായി. പുരുഷ വനിത അസോസിയേഷനുകളെ ഒറ്റ അസോസിയേഷന്റെ കീഴില്‍ കൊണ്ടുവന്ന് ഹോക്കി കേരള എന്ന സംഘടന രൂപവത്കരിച്ചു.
സഹോദരങ്ങള്‍: പരേതനായ ഡോ. ആര്‍. കെ. ഷേണായ് (ടി.ഡി. മെഡിക്കല്‍ കോളേജ്), ആര്‍. പത്മനാഭ ഷേണായ് (റിട്ട. കസ്റ്റംസ് ഓഫീസര്‍), റിട്ട. പ്രൊഫ. ആര്‍. വിശ്വനാഥ ഷേണായ് (ടി.കെ.എം. എന്‍ജിനിയറിങ് കോളേജ് കൊല്ലം), പരേതയായ വിമല ഭായി, പ്രേമലത അച്ചുത പൈ, വിജയാ രത്‌നാകര പ്രഭു, ഗീത റാവു, ലത നിത്യാനന്ദ പ്രഭു.
''ഇന്ത്യയിലെ മുതിര്‍ന്ന ഹോക്കി കോച്ചുമാരില്‍ ഒരാളായിരുന്നു ഷേണായി സാര്‍. കേരളത്തില്‍ ഹോക്കിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും എന്നും മുന്നില്‍നിന്ന ഷേണായി സാറിന് ഒളിമ്പ്യന്‍മാരായ ദിനേശ് നായിക്, ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനായിരുന്ന പി. ആര്‍. ശ്രീജേഷ് എന്നിവരടക്കം ആയിരക്കണക്കിന് ശിഷ്യരുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം'', - ടി.ജെ. വിനോദ് എം.എല്‍.എ.
Content Highlights: former hockey coach rs shenoy the coach who transcribed the lessons of Scientific Hockey
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..