സ്‌ട്രേലിയന്‍ ടീമിനു വേണ്ടി നാലു ടെസ്റ്റ് മത്സരങ്ങളും 60 ഏകദിനങ്ങളും 11 ട്വന്റി 20-യും കളിച്ച താരമാണ് സേവ്യര്‍ ദോഹര്‍ട്ടി. 2015-ല്‍ മൈക്കല്‍ ക്ലാര്‍ക്കിനു കീഴില്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീം അംഗം. അതേ വര്‍ഷം തന്നെ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ദേശീയ ടീമിനു വേണ്ടിയുള്ള ദോഹര്‍ട്ടിയുടെ അവസാന മത്സരം. 

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന താരങ്ങള്‍ പലപ്പോഴും കോച്ചിങ്, കമന്ററി, അവതരണം തുടങ്ങി കഴിവതും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ തന്നെ തുടരാനാണ് ശ്രമിക്കാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായി ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ആശാരിപ്പണിയിലേക്കു തിരിഞ്ഞ ദോഹര്‍ട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് 38-കാരനായ ദോഹര്‍ട്ടിയുടെ ആശാരിപ്പണി ലോകമറിയുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തിനു മീതെയായി ദോഹര്‍ട്ടി കുടുംബം പുലര്‍ത്തുന്നത് ആശാരിപ്പണിയിലൂടെയാണ്. 2001-02 സീസണില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറിയ ഈ ഇടംകൈയന്‍ സ്പിന്നര്‍ നീണ്ട 17 വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് പുതിയ തൊഴിലിടത്തിലേക്ക് തിരിഞ്ഞത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട വീഡിയോയില്‍ പുതിയ തൊഴിലിനെക്കുറിച്ചും ഇതിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചുമെല്ലാം താരം വിശദീകരിക്കുന്നുണ്ട്. 

''ഇപ്പോള്‍ ആശാരിപ്പണിയുമായി ബന്ധപ്പെട്ട അപ്രെന്‍ഡിസ്ഷിപ്പിലേക്ക് എത്തിയിട്ട് കുറച്ചുനാളുകളായി. കെട്ടിട സൈറ്റുകളിലെ ജോലി ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. പുറത്ത് കൈകള്‍ ഉപയോഗിച്ചുള്ള ജോലിയും പുതുയ കാര്യങ്ങള്‍ പഠിക്കുന്നതുമെല്ലാം ഞാന്‍ ആസ്വദിക്കുന്നു. ക്രിക്കറ്റുമായി തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങള്‍.'' - ദോഹര്‍ട്ടി വീഡിയോയില്‍ പറയുന്നു. 

ക്രിക്കറ്റ് മതിയാക്കിയ ശേഷം ഇനിയെന്ത് ചെയ്യും എന്ന കാര്യത്തില്‍ തനിക്ക് യാതൊരു ദാരണയും ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. അതിന് ശേഷമുള്ള ആദ്യ 12 മാസം മുന്നിലേക്ക് വന്ന എല്ലാം പണിയും ചെയ്തു. ലാന്‍ഡ്‌സ്‌കേപ്പിങ്ങും ഓഫീസ് ജോലിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ജോലികളും ചെയ്തു. പിന്നീടാണ് ആശാരിപ്പണിയിലേക്ക് തിരിയുന്നതെന്നും ദോഹര്‍ട്ടി വ്യക്തമാക്കി.

2020-ലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന്റെ ഭാഗമായി ഇന്ത്യന്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സ് ടീമില്‍ ദോഹര്‍ട്ടിയും ഉണ്ടായിരുന്നു.

Content Highlights: Former Australian World Cup winner Xavier Doherty turns carpenter