ഡീൻ ജോൺസ് | Photo: Getty Images
ഡീന്‍ ജോണ്‍സ് എന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മിക്കയാളുകളുടെയും മനസിലേക്ക് ഒരുപക്ഷേ ആദ്യം ഓടിയെത്തുന്നത് 1986-ലെ ഇന്ത്യ - ഓസ്ട്രേലിയ മദ്രാസ് ടെസ്റ്റായിരിക്കും.
ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ കമന്ററി ബോക്സിലും മറ്റുമായി നനുത്ത ചിരി സമ്മാനിച്ച് കളിയെ കുറിച്ച് സംസാരിക്കുന്ന ഡീന്‍ ജോണ്‍സിനെയായിരിക്കും പരിചയം. എന്നാല്‍ ഒരു കാലത്ത് ടെസ്റ്റില്‍ ക്ഷമയുടെ പര്യായമായ ബാറ്റിങ് പ്രകടനങ്ങളിലൂടെയും ഏകദിനങ്ങളില്‍ തകര്‍ത്തടിച്ചും ഡേവിഡ് ബൂണും അലന്‍ ബോര്‍ഡറും ജെഫ് മാര്‍ഷുമെല്ലാം അരങ്ങ് വാണിരുന്ന ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയ ജോണ്‍സിനെ മറന്നുകളയാന്‍ സാധിക്കുന്നതെങ്ങിനെ.
മദ്രാസില്‍ 1986 സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടിയ ആ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ്. ടെസ്റ്റ് ചരിത്രത്തിലെ ടൈ ആയ രണ്ടാമത്തെ മാത്രം മത്സരമെന്ന നിലയിലാണ് ഇന്നും ആ മദ്രാസ് ടെസ്റ്റ് ക്രിക്കറ്റ് പ്രേമികളുടെയും മറ്റും ഓര്‍മയില്‍ ഇടംപിടിച്ചിരിക്കുന്നത്.
അന്ന് മദ്രാസിലെ 40 ഡിഗ്രി ചൂട് സഹിക്കാനാകാതെ വലയുകയായിരുന്നു ഓസ്ട്രേലിയന്‍ താരങ്ങള്‍. ആ സാഹചര്യത്തിലാണ് അന്ന് 23-കാരനായിരുന്ന ഡീന്‍ ജോണ്‍സ് 502 മിനിറ്റ് ക്രീസില്‍ ചെലവഴിച്ച് 330 പന്തുകള്‍ നേരിട്ട് 210 റണ്‍സ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിലായിരുന്നു ജോണ്‍സിന്റെ ഈ പ്രകടനം. ഇന്നിങ്സിനിടെ പലപ്പോഴും തളര്‍ന്നുപോകുകയും ഛര്‍ദിക്കുകയുമെല്ലാം ചെയ്തു അദ്ദേഹം. എന്നിട്ടും അതൊന്നും വകവെയ്ക്കാതെ ബാറ്റിങ് തുടര്‍ന്ന അദ്ദേഹത്തെ ഇന്നിങ്സ് കഴിഞ്ഞയുടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

''ഈ കളിയോടുള്ള പ്രണയം കൊണ്ട് മരിക്കേണ്ടി വന്നാല്‍ അതിന് ബാഗി ഗ്രീനും ധരിച്ച് ഒരു ക്രിക്കറ്റ് മൈതാനത്തേക്കാള്‍ മികച്ച മറ്റേത് ഇടമാണുള്ളത്.'' - അന്നത്തെ മദ്രാസ് ഇന്നിങ്സിനെ കുറിച്ച് 2017-ല്‍ ജോണ്‍സ് പറഞ്ഞ വാക്കുകളാണിത്.
ഇന്നിതാ തനിക്ക് അത്രയേറെ പ്രിയപ്പെട്ട കളിയുടെ ഭാഗമായി തന്നെയിരിക്കുമ്പോഴാണ് ജീവിതത്തിന്റെ ക്രീസില്‍ നിന്ന് ജോണ്‍സ് മടങ്ങുന്നത്. ഐ.പി.എല്ലിന്റെ ഭാഗമായുള്ള സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തിലെ അംഗമായിരുന്ന അദ്ദേഹം അതുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയതായിരുന്നു. വൈകാതെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ കവര്‍ന്നു.
മികച്ച അംബാസഡര്‍മാരില്‍ ഒരാളെയാണ് ജോണ്‍സിന്റെ മരണത്തോടെ ക്രിക്കറ്റിന് നഷ്ടമാകുന്നത്. വിരമിച്ച ശേഷം പുതിയ താരങ്ങളെ കണ്ടെത്തുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഏറെ ശ്രദ്ധ ചെലുത്തിയ ആളായിരുന്നു അദ്ദേഹം.
Content Highlights: former Australia cricketer Dean Jones the ambassador of cricket passes away
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..