1994-ലെ പുണെ ദേശീയ ഗെയിംസ്. നൂറു മീറ്റര്‍ ഫൈനലിന് ഒന്‍പതു പേര്‍ യോഗ്യത നേടിയെന്ന തെറ്റായ കണക്കുകൂട്ടലില്‍ കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷയായിരുന്ന റോയ് പി ജോസഫ് പുറത്തായി. ഫൈനല്‍ തുടങ്ങിയപ്പോള്‍ തെറ്റു മനസ്സിലായെങ്കിലും ഏഴു പേരെ മാത്രമാണ് ഓടിച്ചത്. റോയി നിറകണ്ണുകളോടെ കാഴ്ചക്കാരനായപ്പോള്‍ സംസ്ഥാന മീറ്റില്‍ റോയിക്കു പിന്നില്‍ വെള്ളി നേടിയ വി.വി.വിനോദ് കുതിച്ചുപാഞ്ഞു. ആതിഥേയരുടെ സൂപ്പര്‍ താരം രാജീവ് ബാലകൃഷ്ണനു പിന്നില്‍ വെള്ളി നേടിക്കൊണ്ട് വിനോദ് മലയാളികളുടെ അഭിമാനം കാത്തു. 200 മീറ്ററില്‍ ജതാശങ്കറെ പിന്‍തള്ളി റോയ് സ്വര്‍ണം നേടിയതും ചരിത്രം. തൊട്ടുപിന്നാലെ ഒറ്റപ്പാലത്ത് സംസ്ഥാന മീറ്റില്‍ ട്രാക്ക് മോശമെന്നു പറഞ്ഞ് പലരും പിന്‍വാങ്ങിയപ്പോള്‍ വിനോദ് മത്സരിച്ചു 100 മീറ്ററില്‍ സ്വര്‍ണം നേടി.

ഇന്ത്യന്‍ ക്യാംപ് വരെയെത്തിയെങ്കിലും ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ ഭാഗ്യമുണ്ടായില്ല. അഖിലേന്ത്യാ പൊലീസ് മീറ്റില്‍ കേരളത്തിന്റെ റിലേ വിജയങ്ങളില്‍ സ്ഥിരം പങ്കാളിയായിട്ടും ഇന്ത്യന്‍ പൊലീസ് ടീമില്‍ സ്ഥാനം കിട്ടിയില്ല. ഒത്തിരി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് വിനോദ് എന്ന സൗമ്യനായ സ്പ്രിന്റര്‍ അകാലത്തില്‍ വിടവാങ്ങിയത്.

1990 മുതല്‍ ഒന്‍പതു വര്‍ഷം കേരള പൊലീസില്‍ ജോലി ചെയ്ത്, എഎസ്‌ഐ ആയിരിക്കെയാണ് പിഎസ്‌സിയില്‍ ചേര്‍ന്നത്. അതൊരു തെറ്റായ തീരുമാനമായെന്ന് അത്‌ലറ്റിക്‌സിലെ വിനോദിന്റെ സഹതാരങ്ങള്‍ ഇന്നും പറയുന്നു. പക്ഷേ, കളിക്കാരനായാലും പൊലീസില്‍ ജോലി ചെയ്യാന്‍ വേണ്ട മനക്കരുത്ത് വിനോദിനില്ലായിരുന്നു എന്നും പറയണം. 'ഒത്തിരി പാവമായിരുന്നു; തീര്‍ത്തും വിനയാന്വിതന്‍' ഏറെക്കാലം കേരള പൊലീസ് ടീമിന്റെ പരിശീലകനും ഇപ്പോള്‍ ഇന്ത്യന്‍ യുത്ത് ടീമിന്റെ മുഖ്യ പരിശീലകനുമായ സുഭാഷ് ജോര്‍ജ് പറഞ്ഞതും വ്യത്യസ്തമല്ല. അടുത്ത കാലത്ത് കോഴിക്കോട്ട് സംസ്ഥാന പൊലീസ് ഗെയിംസ് നടന്നപ്പോള്‍ പഴയ സുഹൃത്തുക്കളെയെല്ലാം വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കിയ കാര്യം സുഭാഷ് ഓര്‍ക്കുന്നു.

കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നു വളര്‍ന്നുവന്ന താരം അത്‌ലറ്റിക് വേദികളിലെ സ്ഥിരം സാന്നിധ്യമായത് 1990-കളിലാണ്. ആകസ്മികമായിരുന്നു അന്ത്യം. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നത് അടുത്ത സുഹൃത്തക്കള്‍ പോലും അറിഞ്ഞില്ല. ഒക്ടോബര്‍ 25ന് തന്റെ ശിഷ്യ ഷൈലി സിങ് പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ 6.14 മീറ്റര്‍ ചാടി അണ്ടര്‍- 16, അണ്ടര്‍- 18 വിഭാഗങ്ങളിലെ ദേശീയ റെക്കോര്‍ഡ് തിരുത്തിയ വിവരം റോബര്‍ട് ബോബി ജോര്‍ജ് വാട്‌സാപ്പ് ചെയ്തിട്ട് മറുപടി കിട്ടിയില്ല. സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ഉറ്റ സുഹൃത്തിന് എന്തു പറ്റിയെന്ന് സംശയിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്തയെത്തിയത്. 

ദേശീയ ജൂനിയര്‍ മീറ്റിന് റോബര്‍ട്ട് ബോബി ഗുണ്ടൂരിനു തിരിച്ചത് വിനോദിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ്. കേരള പൊലീസിന്റെ 1990-ലെ അത്‌ലറ്റിക് ബാച്ചിനെ എന്തോ ശാപം പിന്‍തുടര്‍ന്നിരുന്നു. ആ സംഘത്തിലെ ജോമോന്‍ അപകടത്തില്‍ മരിച്ചു. പ്രസന്നകുമാര്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. മറ്റൊരു പ്രമുഖ താരം രോഗിയായി. പൊലീസ് വിട്ടെങ്കിലും വിനോദും ഇപ്പോള്‍ വിട പറഞ്ഞിരിക്കുന്നു. ഇടയ്ക്ക് പരുക്ക് അലട്ടിയില്ലായിരുന്നെങ്കില്‍ ഇതിലേറെ കുതിക്കേണ്ടതായിരുന്നു ഈ സ്പ്രിന്റര്‍. ഒരുപാടു സ്‌ട്രൈഡുകള്‍ ബാക്കി വച്ചാണ് വിനോദ് വിടവാങ്ങിയത്.

Content Highlights: former athlet VV Vinod Kumar passes away