സാഹൂ മേവലാലിന്റെ കണ്ണീരും തിരുവല്ല പാപ്പന്റെ ചുടുചോരയും കലര്‍ന്നിരിക്കുന്നു ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ ആദ്യ ഏഷ്യാഡ് വിജയഗാഥയില്‍. സ്വന്തം മകളുടെ വിയോഗ വാര്‍ത്തയറിയാതെ ഫൈനല്‍ കളിച്ച് പ്രബലരായ ഇറാനെതിരെ ഇന്ത്യക്ക് സ്വര്‍ണമുറപ്പിച്ച ഗോള്‍ നേടിയ മേവലാലിന്റെ ത്യാഗോജ്ജ്വലനേട്ടം  ഇന്ന് ഫുട്ബാള്‍ ചരിത്രത്തിന്റെ  ഭാഗം. അവസാന വിസിലിന് തൊട്ടുപിന്നാലെ നെഞ്ചുവിരിച്ച് അഭിമാനപൂര്‍വം ദല്‍ഹി നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നിറങ്ങിവരുമ്പോഴാണ് വസൂരി  ബാധിച്ചു കിടപ്പിലായിരുന്ന മകള്‍ മരണത്തിന് കീഴടങ്ങിയ കഥ ആരോ മേവാദായുടെ കാതില്‍ പറഞ്ഞത്. ചുറ്റും ലോകം ഇടിഞ്ഞുവീണ പോലെ തോന്നിയിരിക്കണം ഇന്ത്യന്‍ ഫുട്ബാളിലെ ആദ്യത്തെ ഗോളടിവീരന്.  സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഏഷ്യാഡ് സ്വര്‍ണ്ണം (1951) മേവലാലിന് കയ്പ്പും മധുരവും ഇടകലര്‍ന്ന ഓര്‍മ്മയായി മാറിയത് അങ്ങനെയാണ്. 

തിരുവല്ലാ പാപ്പന്റെത് മറ്റൊരു ത്യാഗസുരഭിലഗാഥ. അതേ ഫൈനലില്‍ കരുത്തരായ ഇറാനിയന്‍ പടയെ നേരിട്ട ആതിഥേയ ടീമിന്റെ പ്രതിരോധനിരയിലെ വ്യാഘ്രങ്ങളിലൊരാളായിരുന്നു തോമസ് മത്തായി വര്‍ഗീസ് എന്ന പാപ്പന്‍. മറ്റേ പുലി സാക്ഷാല്‍ ശൈലേന്ദ്രനാഥ് മന്ന. പിന്‍നിരയുടെ ഇടതുവശത്ത് മന്നയും വലത്ത് പാപ്പനും കെട്ടിയുയര്‍ത്തിയ വെണ്മതില്‍കോട്ടകളാണ് ഇറാന്റെ എണ്ണം പറഞ്ഞ ആക്രമണനിരയെ അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഭസ്മമാക്കിക്കളഞ്ഞത്. 

കളി പാതിദൂരം പിന്നിട്ടപ്പോള്‍ എതിര്‍ സ്ട്രൈക്കറുമായി കൂട്ടിടിച്ച്  മുഖത്ത് പരിക്കേറ്റു തളര്‍ന്നു വീഴുന്നു പാപ്പന്‍. ചോരയൊലിക്കുന്ന  മൂക്കുമായി പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിച്ച പാപ്പനെ ഉടനടി പിന്‍വലിച്ച് പകരം അസീസിനെയോ സുനില്‍ ചാറ്റര്‍ജിയെയോ  ഇറക്കാന്‍  കോച്ച് എസ് എ റഹിം മനസ്സിലുറച്ച  നിമിഷം. പക്ഷേ  പാപ്പനുണ്ടോ തളരുന്നു?  തൂവാല കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് കളി മുഴുവന്‍ കളിച്ചുതീര്‍ത്തു തിരുവല്ലയുടെ ശിങ്കം. കാതടപ്പിക്കുന്ന വിജയാരവങ്ങള്‍ക്കിടയിലൂടെ ചോര വാര്‍ന്നൊലിക്കുന്ന മുഖവുമായി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുന്ന പാപ്പന്റെ ചിത്രം അന്ന് ആ ടീമിന്റെ മധ്യനിരയില്‍ തിളങ്ങിയ ഒളിമ്പ്യന്‍ ഷണ്‍മുഖം ഒരിക്കല്‍ വാക്കുകള്‍ കൊണ്ട് വരച്ചിട്ടതോര്‍ക്കുന്നു.

ഫുട്ബാള്‍ മാത്രം ശ്വസിച്ചു ജീവിച്ച, ആജീവനാന്തം ഫുട്ബാള്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ  ഒരു തലമുറയുടെ പ്രതിനിധി അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പതിറ്റാണ്ടിലേറെക്കാലം ടാറ്റാസിനും ബോംബയ്ക്കും ഇന്ത്യക്കും വേണ്ടി ചോര നീരാക്കിയ ഈ ഫുള്‍ബാക്കിനെ ആരോര്‍ക്കുന്നു ഇന്ന്? ഒളിമ്പിക്‌സില്‍ കളിച്ച ആദ്യ മലയാളി ഫുട്ബാളറുടെ സ്മരണ നിലനിറുത്താന്‍  ജന്മനാടായ തിരുവല്ലയില്‍ ഒരു പ്രതിമ  സ്ഥാപിക്കണമെന്ന് കളിക്കമ്പക്കാര്‍ മുറവിളി കൂട്ടിത്തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണത്രെ വ്യാഴവട്ടക്കാലമായി ആ നിര്‍ദ്ദേശം. എന്തുചെയ്യാം; മൂന്നാംകിട രാഷ്ട്രീയക്കാരന്റെയോ സിനിമാതാരത്തിന്റെയോ  ഗ്ലാമറിനോളം വരില്ലല്ലോ രാജ്യത്തിന് വേണ്ടി ചോരചിന്തിയ പാവം പന്തുകളിക്കാരന്റെ അന്തസ്സും അഭിമാനബോധവും. പത്രങ്ങളുടെ ചരമക്കോളത്തില്‍ അപ്രധാനവാര്‍ത്തയായി ഒതുങ്ങിപ്പോകുന്ന കൊച്ചു ജീവിതങ്ങള്‍. മേവലാലിന്റെയും നെവില്‍ ഡിസൂസയുടെയും ജര്‍ണയില്‍ സിംഗിന്റെയും യൂസുഫ് ഖാന്റെയും ബീര്‍ബഹാദൂറിന്റെയും നൂര്‍മുഹമ്മദിന്റെയുമൊക്കെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
 
തിരുവല്ല എംജിഎം സ്‌കൂള്‍ മൈതാനത്തു പന്തുതട്ടി വളര്‍ന്ന പാപ്പനെ കണ്ടെടുത്തതും സ്റ്റേറ്റ് പോലീസ് ടീമിലേക്ക് റാഞ്ചിയതും കളിക്കമ്പക്കാരനായ അന്നത്തെ ട്രാവന്‍കൂര്‍ ഐ ജി ഖാന്‍ ബഹാദൂര്‍ അബ്ദുള്‍ കരീം സാഹിബ്. പതിനാറാം വയസ്സില്‍ തിരുവല്ല ടൗണ്‍ ക്ലബ്ബിന് കളിച്ചുതുടങ്ങുമ്പോള്‍ ഇന്‍സൈഡ് ഫോര്‍വേഡ് ആയിരുന്ന പാപ്പന്‍, ട്രാവന്‍കൂര്‍ പോലീസ് ടീമിലെത്തിയതോടെ കാവല്‍മാലാഖയായി മാറുന്നു. അതേ പ്രതിരോധമികവാണ് ബോംബെ ടാറ്റാസിലേക്കുള്ള വാതില്‍ പാപ്പന് തുറന്നിട്ടുകൊടുത്തതും. കിടയറ്റ സെന്റര്‍ ഫോര്‍വേഡ് നെവില്‍ ഡിസൂസയെ പോലുള്ള താരങ്ങള്‍ക്കൊപ്പം ടാറ്റാസിന്റെ നിരവധി അഖിലേന്ത്യാ വിജയങ്ങളില്‍ പങ്കാളിയായ പാപ്പന്‍ ഏറെ വൈകാതെ ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ദേശീയ ടീമില്‍ കയറിപ്പറ്റുന്നു. വര്‍ഷം 1948.
 
പ്രതിഭകളുടെ ധാരാളിത്തമായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീമില്‍. ഡോ  ടാലിമറോണ്‍ ആവോ, ശൈലന്‍ മന്ന, താജ് മുഹമ്മദ്, എസ് എ ബഷീര്‍ തുടങ്ങി അതിപ്രഗല്‍ഭരും പരിചയസമ്പന്നരുമായ പ്രതിരോധ ഭടന്മാരുടെ ബാഹുല്യത്തിനിടയിലും തിരുവല്ല പാപ്പന്‍ കൊളോസസിനെ പോലെ തലയുയര്‍ത്തി നിന്നു. കണ്ണഞ്ചിക്കുന്ന വേഗവും  അസാമാന്യ പന്തടക്കവും ചങ്കുറപ്പുമായിരുന്നു പാപ്പന്റെ കൈമുതല്‍. സ്‌കേറ്റിങ്ങിലൂടെ എതിരാളികളെ അങ്കലാപ്പിലാകാനുള്ള കഴിവ് അതിനു പുറമെ.  ശൈലന്‍ മന്നയുടെ ലോംഗ് ക്ലിയറന്‍സും പാപ്പന്റെ ടാക്ക്‌ളിംഗുമായിരിക്കണം ഈ കൂട്ടുകെട്ടിനെവെച്ച്  വര്‍ഷങ്ങളോളം ഇന്ത്യയുടെ ടൂബാക്ക് സിസ്റ്റം കെട്ടിപ്പടുക്കാന്‍ പരിശീലകര്‍ക്ക് പ്രേരണയായത്.
 
ബൂട്ടണിയാതെ ഫ്രാന്‍സിനെതിരെ 

ഫ്രാന്‍സിനെതിരായ ആദ്യ മത്സരം പൊരുതിതോറ്റെങ്കിലും അവിസ്മരണീയമായിരുന്നു ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ അരങ്ങേറ്റം. ഷൂസ്റ്റ് ഫൊന്തെയിന്റെയും റെയ്മണ്‍ കോപയുടെയും മിഷേല്‍ പ്ലാറ്റിനിയുടെയും സിനദിന്‍ സിദാന്റെയും കൈലിയന്‍ എംബപ്പെയുടെയും മുന്‍ഗാമികളെ ജീവിതത്തിലൊരിക്കലും ബൂട്ടണിഞ്ഞു ശീലിച്ചിട്ടില്ലാത്ത ഇന്ത്യന്‍ കളിക്കാര്‍ നഖശിഖാന്തം വിറപ്പിച്ചുവിട്ട ദിവസം. സ്‌കോര്‍ലൈന്‍: ഫ്രാന്‍സ് 2,  ഇന്ത്യ 1.

വീറുറ്റ പോരാട്ടത്തില്‍ ആദ്യം ഗോളടിച്ചത് പ്രബലരായ ഫ്രാന്‍സ്; ഇരുപത്തെട്ടാം മിനുട്ടില്‍ ലെഫ്റ്റ് ഇന്‍സൈഡ് റെനേ കോര്‍ബിനിലൂടെ. ഇടവേള കഴിഞ്ഞു മൈസൂര്‍ക്കാരന്‍ ശാരംഗപാണി രാമന്‍ ഇന്ത്യക്ക് വേണ്ടി ഗോള്‍ മടക്കുന്നു. മേവലാലിന്റെ ഒരു ഹൈ ക്രോസ് നെഞ്ചില്‍ ഏറ്റുവാങ്ങി,  ഫ്രഞ്ച് പ്രതിരോധമൊരുക്കിയ പദ്മവ്യൂഹത്തിലേക്ക്  ഒറ്റയ്ക്ക് നുഴഞ്ഞുകയറിക്കൊണ്ട്. കളി 89 മിനിറ്റ് പിന്നിടുമ്പോഴും മത്സരം 1 - 1 ന് സമനിലയില്‍.

ഇല്‍ഫോഡ് സ്റ്റേഡിയത്തിലെ ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം അന്തംവിട്ടിരിക്കുകയായിരുന്നു; ബൂട്ടണിഞ്ഞ ഫ്രഞ്ച് പടയ്‌ക്കെതിരെ ബൂട്ടണിയാത്ത  ഇന്ത്യയുടെ, പ്രത്യേകിച്ച് രാമന്റെ കിടിലന്‍ പ്രകടനം കണ്ട്.  ഒടുവില്‍, അവസാനവിസിലിന് ഒരൊറ്റ നിമിഷം മാത്രം അകലെ വെച്ച് ആ ചെറുത്തുനില്‍പ്പ് അവസാനിക്കുന്നു. റെനേ പെഴ്‌സിലന്‍ ബോക്‌സിനു തൊട്ടു പുറത്തുനിന്നു തൊടുത്ത വെടിയുണ്ട ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വരദരാജിന്റെ ചൂണ്ടുവിരലില്‍ ഉരുമ്മി വലയിലേക്ക്. സ്‌കോര്‍ 2 - 1.

ഞെട്ടരുത്. മത്സരത്തില്‍  രണ്ടു  പെനാല്‍ട്ടി കിക്കുകള്‍ പാഴാക്കിയിരുന്നു ആദ്യത്തെ 'ഔദ്യോഗിക' അന്താരാഷ്ട്ര മത്സരം കളിക്കുകയായിരുന്ന ഇന്ത്യ. രണ്ടും നിരന്തര ആക്രമണത്തിലൂടെ രാമന്‍ നേടിയെടുത്ത കിക്കുകള്‍. പക്ഷേ ശൈലന്‍ മന്നയും മഹാബീര്‍ പ്രസാദും പന്തടിച്ചു പറത്തിയത് പുറത്തേക്ക്. സ്‌പോട്ട് കിക്കുകള്‍ അടിച്ചു പരിശീലിച്ചിട്ടില്ല അതുവരെ  ഇന്ത്യന്‍ കളിക്കാര്‍.

തോറ്റു പുറത്തായെങ്കിലും, ബ്രിട്ടനിലെ ജോര്‍ജ്ജ് ആറാമന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ എണ്ണമറ്റ ആരാധകരെ നേടിയെടുത്തിരുന്നു ഡോ. ടാലിമറോണ്‍ ആവോ എന്ന ജനറല്‍ ഫിസിഷ്യന്‍ നയിച്ച നഗ്‌നപാദ ഇന്ത്യന്‍ ടീം. തിരിച്ചുപോരും വഴി സൗഹൃദമത്സരങ്ങളില്‍ പ്രബലരായ അയാക്‌സ് ആംസ്റ്റര്‍ഡാമിനെയും (5-1), വെസ്റ്റ് അമച്വര്‍ ക്ലബ്ബിനെയും (4-0) തകര്‍ത്തു അവര്‍. മേവലാലിന്റെ ഇരട്ട ഹാട്രിക്കോടെ ബെന്റാല്‍സ് ക്ലബ്ബിനെതിരെ നേടിയ 15-0 വിജയം ഇന്നോര്‍ക്കുമ്പോള്‍ അവിശ്വസനീയം. 

കളിക്ക് വേണ്ടി ജീവിച്ചു മരിച്ചവര്‍ 

ആദ്യത്തെ ഇന്ത്യന്‍ ഒളിമ്പിക് ടീമിലെ ചരിത്രപുരുഷന്മാരില്‍ പലരെയും നേരിട്ട് കണ്ട് സംസാരിക്കാനും അവരെ കുറിച്ചെഴുതാനും കഴിഞ്ഞത് കളിയെഴുത്തുജീവിതത്തിലെ അപൂര്‍വ സൗഭാഗ്യങ്ങളില്‍ ഒന്ന്: രാമന്‍, മേവലാല്‍, അഹമ്മദ് ഖാന്‍, മന്ന, അനില്‍ നന്ദി, പരാബ്, സഞ്ജീവ ഉച്ചില്‍, വജ്രവേലു, ധന്‍രാജ്....പലരും തീരാദുരിതങ്ങളുമായി പടവെട്ടി ജീവിതത്തിന്റെ കളിക്കളത്തില്‍ തപ്പിത്തടഞ്ഞു വീണവര്‍. കൃഷിക്കാരും സാദാ പോലീസുകാരും പട്ടാളക്കാരും തൊട്ട് പോര്‍ട്ടര്‍മാര്‍ വരെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. കളിയോടുള്ള കറകളഞ്ഞ സ്‌നേഹവും അര്‍പ്പണബോധവും മാത്രമായിരുന്നു ആ താരങ്ങളുടെ കരുത്ത്. എളിയ പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്ന് കളിക്കളത്തില്‍ അവിശ്വസനീയ ഉയരങ്ങള്‍ വെട്ടിപ്പിടിച്ച തിരുവല്ല പാപ്പനും ആ തലമുറയുടെ ഭാഗം തന്നെ. പ്രതിഫലേച്ഛയൊന്നും കൂടാതെ കളിക്കു വേണ്ടി ജീവിച്ച് മരിച്ച ഒരാള്‍.
 
ലണ്ടന്‍ ഒളിമ്പിക്‌സിന് പിന്നാലെ എട്ടു വര്‍ഷത്തോളം ഇന്ത്യന്‍ കുപ്പായമണിഞ്ഞു പാപ്പന്‍. 1954ലെ മനില ഏഷ്യാഡില്‍ മന്നയ്ക്കും അസീസിനും ആന്റണി പാട്രിക്കിനുമൊപ്പം പ്രതിരോധനിരയില്‍ കളിച്ചെങ്കിലും സെമിഫൈനല്‍ കാണാതെ പുറത്താകാനായിരുന്നു ഇന്ത്യയുടെ യോഗം. അതിനിടെ 1952ല്‍ സ്വീഡനും ഓസ്‌ട്രേലിയക്കുമെതിരെ ബൂട്ടുകെട്ടി. ഇന്ത്യയില്‍ പര്യടനം നടത്തിയ  റഷ്യന്‍ ടീമിനെതിരെ ബെംഗളൂരുവിലും തിരുവനന്തപുരത്തും ദേശീയ ടീമിനെ നയിച്ചത് മറ്റൊരു തിളക്കമാര്‍ന്ന ഓര്‍മ്മ. 
 
1945-ലായിരുന്നു സന്തോഷ് ട്രോഫിയിലെ അരങ്ങേറ്റം. ആതിഥേയരായ ബോംബെയെ ഫൈനല്‍ വരെ എത്തിച്ചുകൊണ്ട്. തുടര്‍ന്ന് പതിനൊന്നു വര്‍ഷത്തോളം സ്റ്റേറ്റിന്  കളിച്ച പാപ്പന്‍ 1953ലെ കൊല്‍ക്കത്ത നാഷണല്‍സില്‍ അവരുടെ ക്യാപ്റ്റനായി. തൊട്ടടുത്തവര്‍ഷം  മദ്രാസില്‍ നെവില്‍ ഡിസൂസയുടെ എണ്ണം പറഞ്ഞ ഗോളിന് സര്‍വീസസിനെ കീഴടക്കി  ചരിത്രത്തിലാദ്യമായി ബോംബെ  സന്തോഷ് ട്രോഫി നേടിയത് പാപ്പനും കണ്ണൂര്‍ സോമനും 'കര്‍ച്ചീഫ്' ഭാസ്‌കരനും ഉള്‍പ്പെട്ട മലയാളി ഡിഫന്‍സ് നിരയുടെ മികവിലാണ്.  പിന്നീടധികകാലം കളിക്കളത്തില്‍ തുടര്‍ന്നില്ല പാപ്പന്‍. കോച്ചിംഗായിരുന്നു അടുത്ത തട്ടകം. ഏറെക്കാലം ടാറ്റാസിന്റെയും കുറച്ചുകാലം മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിന്റെയും പരിശീലകനായി. മരണം വരെ ഫുട്ബാളിനോടുള്ള സ്‌നേഹം കൈവിട്ടില്ല അദ്ദേഹം.

ആ സ്‌നേഹത്തിന് സ്വന്തം നാട്  പാപ്പന്  എന്തു തിരികെ നല്‍കി എന്നത് നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഫുട്ബാളര്‍മാരിലൊരാളായ  ഒളിമ്പ്യന്‍ ജര്‍ണയില്‍ സിംഗിന്റെ വാക്കുകളാണ് ഓര്‍മ്മയില്‍: ''കളിക്കളത്തില്‍ നിലയ്ക്കാത്ത ആരവങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോള്‍ മറ്റെല്ലാം മറക്കും നാം. ആരവങ്ങള്‍ അടങ്ങുമ്പോഴാണ് ചുറ്റും ശൂന്യതയാണെന്ന് മനസ്സിലാകുക. അപ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും. അവസാന വിസിലിനായുള്ള കാത്തിരിപ്പാണ് പിന്നെ...''

1979 ജനുവരി 10 നായിരുന്നു പാപ്പന്റെ ജീവിതത്തിലെ ആ അവസാനവിസില്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഫുട്ബാളിലെ 'ഇസ്പേഡ് ഏഴാംകൂലി'കള്‍ക്കെതിരെ മാനം മര്യാദയായി ഒന്ന് നിവര്‍ന്നുനില്‍ക്കാന്‍ പോലും ഇന്ത്യ പാടുപെടുമ്പോള്‍ നാം വീണ്ടും പാപ്പനെ ഓര്‍ക്കുന്നു; കോരിത്തരിപ്പിക്കുന്ന ആ കാലവും.

Content Highlights: Forgotten Legends First Malayali footballer to represent India in the Olympics Thiruvalla Pappan