വോള്‍ഗ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ നദിയാണ് ഡാന്യൂബ്. ജര്‍മനിയില്‍നിന്ന് ഉദ്ഭവിച്ച് 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തെയും സംസ്‌കാരത്തെയും പോറ്റിക്കൊണ്ട് യുക്രൈനില്‍ കരിങ്കടലില്‍ ചെന്നുചേരുന്നു അത്. ഡാന്യൂബിന്റെ കരകള്‍ മധ്യ യൂറോപ്പിലെയും കിഴക്കന്‍ യൂറോപ്പിലെയും ഫുട്‌ബോളിനെയും ഊട്ടിയിട്ടുണ്ട് എന്നത് പ്രശസ്തം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡാന്യൂബ് സ്‌കൂള്‍ നിലവില്‍വന്നു. ഇംഗ്ലീഷുകാര്‍ രൂപംനല്‍കുകയും ലോകത്തെമ്പാടും പ്രചരിപ്പിക്കുകയും ചെയ്ത ഫുട്‌ബോളില്‍ ഡാന്യൂബ് സ്‌കൂളിന് വിത്തുപാകിയതും അവര്‍തന്നെ. അവിടെനിന്ന് അതിന്റെ തൈകള്‍ അര്‍ജന്റീനയിലേക്കും ബ്രസീലിലേക്കും കൊണ്ടുപോവുകയുണ്ടായി. അതില്‍നിന്ന് അവര്‍ പുതിയ പതിപ്പുകള്‍ ഉണ്ടാക്കിയെടുത്തു. ഭാണ്ഡക്കെട്ട് മുറുക്കി ലോകമെങ്ങും ക്ലബ്ബുകളില്‍നിന്ന് ക്ലബ്ബുകളിലേക്ക് അലഞ്ഞുനടന്ന ഹംഗേറിയന്‍ പരിശീലകരാണ് ഈ സന്തോഷവാര്‍ത്ത പ്രചരിപ്പിച്ചത്. ഇപ്പോള്‍ നമ്മള്‍ കാണുന്ന ഫുട്‌ബോള്‍ യൂറോപ്പിലായാലും ലാറ്റിനമേരിക്കയിലായാലും അവരുടെ സൃഷ്ടിയാണെന്ന്, 'ദി നേംസ് ഹേഡ് ലോങ് എഗോ' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ജൊനാതന്‍ വില്‍സണ്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു (The names heard long ago, blink, London 2019, Jonathan Wilson).
ലോകയുദ്ധങ്ങള്‍ കലക്കിമറിച്ച ഒരു പശ്ചാത്തലത്തിനിടെയാണ് ഫുട്‌ബോള്‍ പടര്‍ന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ശക്തിപ്പെട്ട ജൂതവിരോധവും ജൂതരായ ഹംഗേറിയന്‍ ഫുട്‌ബോള്‍ കളിക്കാരുടെ ജീവിതം കശക്കിയെറിയുന്നുണ്ട്. അടുത്തകാലത്ത് ലഭ്യമായ ആര്‍ക്കൈവല്‍ രേഖകള്‍ പരിശോധിച്ചിട്ടുള്ള വില്‍സന്‍ മുന്‍പ് നമ്മള്‍ കണ്ടിട്ടില്ലാത്ത പുതിയ ലോകം തുറന്നിടുന്നു. യുദ്ധം കൊണ്ടുവന്ന പീഡനങ്ങള്‍ ചിലര്‍ എങ്ങനെ അതിജീവിച്ചു, ചിലര്‍ എങ്ങനെ കീഴടങ്ങി എന്നതിനെ സംബന്ധിച്ച അസാധാരണമായ കാഴ്ചകള്‍, ജീവിതത്തിന്റെ എല്ലാ ഞരമ്പുകളിലൂടെയും ഓടുന്ന രക്തം തന്നെയാണ് ഫുട്‌ബോളിനെയും നനയ്ക്കുന്നത് എന്നത് വ്യക്തമാക്കിത്തരുന്നു.
ജൂതവിരോധം ഉമിത്തീയില്‍ മനുഷ്യരെ നീറ്റുകയും യുദ്ധം ജീവിതങ്ങളെ താറുമാറാക്കുകയും ചെയ്തുതുടങ്ങിയപ്പോഴേക്കും കളിജീവിതം അവസാനിപ്പിച്ചിരുന്ന ഹംഗേറിയന്‍ കളിക്കാര്‍ ലോകത്തിന്റെ പല ഭാഗത്തും ചെന്നുപെടുകയും ഫുട്‌ബോളിനെ സംബന്ധിച്ച തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇവര്‍ എല്ലാവരും ജൂതരായിരുന്നില്ല തന്നെ. പക്ഷേ, ഹംഗേറിയരായിരുന്നു.
സമൂഹജീവിത്തിലേക്ക് രക്തം കൊണ്ടുവരുന്ന ചില ധമനികള്‍ ഫുട്‌ബോളിലേക്ക് നീണ്ടുചെന്നതിന്റെ പിന്നില്‍ ഒരു പരിണാമദശയുണ്ടെന്ന് കാണാം. ജിംനാസ്റ്റിക്‌സ് (ജര്‍മനി), സൈക്ലിങ് (ഫ്രാന്‍സ്) തുടങ്ങിയ വിനോദങ്ങളെ തള്ളിമാറ്റിയാണ് ഫുട്‌ബോള്‍ അരങ്ങ് കീഴടക്കിയത്. ഉദാഹരണത്തിന് ജര്‍മന്‍ ജിംനാസ്റ്റുകള്‍ ഫുട്‌ബോളിനെ ഇംഗ്ലീഷ് രോഗമായാണ് കണ്ടിരുന്നത്. കാലുകൊണ്ട് കളിക്കുന്നതിനെക്കുറിച്ച് ജിംനാസ്റ്റുകള്‍ ഇങ്ങനെ പറഞ്ഞു. 'നമ്മള്‍ വെറുക്കുന്നതിനെ ചവിട്ടുകയാണ് ചെയ്യുക.' ജര്‍മനിയില്‍ ചില സ്‌കൂളുകള്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനെ വിലക്കിയിരുന്നു! അതിനുശേഷം പലതവണ ലോകചാമ്പ്യന്‍മാരായ അതേ ജര്‍മനി! വില്‍സന്റെ അഭിപ്രായത്തില്‍ 1920-കളിലും 30-കളിലും ബുദാപെസ്റ്റില്‍നിന്ന് ഒറ്റയ്ക്കും തെറ്റയ്ക്കും പുറപ്പെട്ടുപോയ പരിശീലകസംഘത്തെപ്പോലെ അത്രയും സ്വാധീനശക്തിയുള്ള മറ്റൊന്ന് ഉണ്ടായിട്ടില്ല. ജൂതപീഡനം, സാമ്പത്തികകാരണങ്ങള്‍ എന്നിവയൊക്കെ ഈ പുറപ്പെട്ടുപോകലിന്റെ പിറകിലുണ്ട്.

1912 വരെ ഓസ്ട്രിയയ്ക്കായിരുന്നു ഫുട്‌ബോള്‍ചിന്തകളുടെ മേധാവിത്വമെങ്കില്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം ഹംഗറി ആ ചുമതല ഏറ്റെടുക്കുകയുണ്ടായി. എം.ടി.കെ., ഫെറങ്ക്വാറോസ് എന്നീ ടീമുകളയായിരുന്നു ഇതിന്റെ പരീക്ഷണവേദികള്‍. എം.ടി.കെ. എന്നാല്‍ Magrar Testygyakorlok Kore. അതായത് ഹംഗേറിയന്‍ വ്യായാമതത്പരരുടെ വൃത്തം. ഫെറങ്ക്വാറോസ് ബുദാപെസ്റ്റിലെ ഒമ്പതാം ഡിസ്ട്രിക്ട് ആണ്.
1889-ല്‍ എം.ടി.കെ.യും 11 വര്‍ഷം കഴിഞ്ഞ് ഫെറങ്ക്വാറോസും നിലവില്‍ വന്നു. എം.ടി.കെ. ജൂത ക്ലബ്ബായി കണക്കാക്കപ്പെട്ടതിനാല്‍ ഫാസിസ്റ്റ് ഭരണകാലത്ത് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ആര്‍ക്കൈവ് നശിപ്പിക്കപ്പെടുകയുമുണ്ടായി. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ക്ലബ്ബ് പുനഃസ്ഥാപിക്കപ്പെട്ടത്.

കമ്യൂണിസ്റ്റ് ഭരണകാലത്ത് ക്ലബ്ബുകളെ ദേശവത്കരിച്ചു. കിസ്‌പെസ്റ്റ് ക്ലബ്ബിനെ ഹോണ്‍വെഡ് എന്ന പേരില്‍ മാറ്റിയെടുത്ത് അതിനെ വലിയ ക്ലബ്ബാക്കുകയും ചെയ്തു അധികാരികള്‍. സൈന്യത്തിന്റെ ടീമാണ് ഹോണ്‍വെഡ്. 1950-കളില്‍ ഹംഗറിയുടെ ദേശീയ ടീമിന്റെ അസ്തിവാരം ഹോണ്‍വെഡ് ആയിരുന്നു. കുറെ പേര്‍ക്ക് ഒന്നിച്ച് കളിക്കാനും പരിശീലിക്കാനും കഴിഞ്ഞതിന്റെ ഗുണം അവരുടെ കളിയില്‍ പ്രതിഫലിച്ചു. 1953ല്‍ ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ 6-3 ന് തോല്‍പ്പിച്ചപ്പോഴായിരുന്നല്ലോ ഹംഗറി ദേശീയ ടീം വമ്പിച്ച രീതിയില്‍ ശ്രദ്ധയിലേക്ക് വന്നത്. 1954-ല്‍ അവര്‍ ലോകകപ്പ് ഫൈനല്‍ വളരെ പ്രശസ്തമായ നിലയില്‍ ജര്‍മനിയോട് തോറ്റു. 1950 മുതല്‍ അവരെ ആരും തോല്‍പ്പിക്കുകയുണ്ടായില്ല.
ബുദാപെസ്റ്റിലെ കോഫിഹൗസുകള്‍ ഫുട്‌ബോളിലെ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് എങ്ങനെ വഴിവെച്ചുവെന്നത് രസകരമാണ്. നഗരത്തില്‍ അഞ്ഞൂറോളം കോഫിഹൗസുകളുണ്ടായിരുന്നു. ബില്യാര്‍ഡ്‌സും ചീട്ടും കളിക്കാമെന്നതിന് പുറമേ നാനാവിഷയങ്ങളെക്കുറിച്ചും ചര്‍ച്ച കൊഴുത്ത ഇടങ്ങളായിരുന്നു ഈ കോഫിഹൗസുകള്‍. ബ്രിട്ടനില്‍ പബ്ബുകളില്‍ ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് എഴുന്നേറ്റുനിന്നായിരുന്നു ചര്‍ച്ചയെങ്കില്‍ കോഫിഹൗസുകളില്‍ മേശയ്ക്കുചുറ്റും ഇരുന്നിട്ടുള്ള ചര്‍ച്ചയില്‍ കപ്പും സ്പൂണും പഞ്ചസാരപ്പാത്രവും ടാക്റ്റിക്‌സ് ചര്‍ച്ച ചെയ്യാനുള്ള ഉപകരണങ്ങളായി. ഇവിടെനിന്ന് ബോര്‍ഡിലെ വരയും കുറിയിലേക്കും ദൂരം അധികമില്ലായിരുന്നു. ബ്രിട്ടനില്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ഉരുളാന്‍ തുടങ്ങിയ പന്ത് തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഹംഗറിയില്‍ ടിക്കറ്റ് വില ജാസ്തിയായിരുന്നു. കാശ് മുടക്കാന്‍ കഴിയുന്നവരില്‍ ബുദ്ധിജീവികളുമുണ്ടാവും. കോഫിഹൗസ് സന്ദര്‍കരായിരുന്ന ഇവര്‍ സൈദ്ധാന്തികചര്‍ച്ചകള്‍ നടത്തുക സ്വാഭാവികം.
(ലേഖനത്തിന്റെ പൂര്‍ണരൂപം പുതിയലക്കം സ്‌പോര്‍ട്‌സ് മാസികയില്‍ വായിക്കാം)
Content Highlights: football history hungary Ferencváros and mtk