Courtesy: Getty Images
ആരായിരിക്കും ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍? അത് പികെ ബാനര്‍ജിയാണെന്ന് കളികളുടെ ചരിത്രകാരനായ ബോറിയ മജുംദാര്‍ പറയുന്നു. അന്തരിച്ച, അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് ലേഖകനായ കെപിആര്‍ കൃഷ്ണനോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പികെ ബാനര്‍ജിയുടെ പേരാണ്. പികെ ബാനര്‍ജി, തുളസീദാസ് ബാലറാം, ചുനി ഗോസ്വാമി എന്നിവരുടെ ത്രിത്വത്തില്‍ ചുനി ഗോസ്വാമിക്കും ഏറെ ആരാധകരുണ്ടാവും.
പക്ഷെ ബാനര്‍ജിയും അവരും തമ്മിലുള്ള ഒരു വ്യത്യാസം കല്‍ക്കത്ത ലീഗില്‍ കളിച്ചിട്ടു കൂടി, അദ്ദേഹം ഏറ്റവും വലിയ മുന്നു ക്ലബ്ബുകളുടെ ജഴ്‌സി ഔദ്യോഗിക മത്സരങ്ങളിലൊന്നും അണിഞ്ഞിട്ടില്ല എന്നതാണ്. ആര്യന്‍ ക്ലബ്ബിലൂടെ കളി തുടങ്ങിയ അദ്ദേഹം പിന്നീട് ഈസ്റ്റേണ്‍ റെയില്‍വെയുടെ കളിക്കാരനായി. 1958ല്‍ ഈസ്റ്റേണ്‍ റെയില്‍വെ ലീഗ് ചാമ്പ്യന്‍മാരായി. മുന്നു ക്ലബ്ബുകളില്‍ പെടാത്ത ഒന്ന് ആദ്യമായിട്ടായിരുന്നു ചാമ്പ്യന്‍മാരാവുന്നത്. മുന്‍നിരയില്‍ വലതു വിംഗില്‍ കളിച്ചിരുന്ന അദ്ദേഹത്തിന് വേഗതയും പന്തടക്കവും വേണ്ടത്രയുണ്ടായിരുന്നു. കൂട്ടു കളിക്കാര്‍ പിന്നീടിത് പറഞ്ഞിട്ടുണ്ട്. ഗോളടിക്കാനും വളരെ സമര്‍ത്ഥന്‍.
ഇന്ത്യ ഫുട്‌ബോളില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു കാലത്ത്, അഭിമാനിക്കാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നാലാം സ്ഥാനം നേടിയ ടീമില്‍. 1960 ലെ റോം ഒളിംപിക്‌സ് ടീമില്‍ 1962ല്‍ ജക്കാര്‍ത്തിയില്‍ വെച്ച് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമില്‍ ഒക്കെ പി കെ യുടെ ഊര്‍ജം പ്രസരിച്ചിട്ടുണ്ട്. റോമില്‍ വെച്ച് ഫ്രാന്‍സിനെതിരേ 11ന് സമനിലയില്‍ പിരഞ്ഞപ്പോള്‍ ഇന്ത്യയുടെ ഗോള്‍ നേടിയത് ക്യാപ്റ്റനായിരുന്ന ബാനര്‍ജിയായിരുന്നു എന്നത് പ്രശസ്തം. ഹങ്കറിക്കെതിരെയും ഇന്ത്യ നന്നായി കളിച്ചു. മെല്‍ബണിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജക്കാര്‍ത്തയില്‍ വെച്ച് വളരെ വിഷമകരമായ സാഹചര്യത്തില്‍ നേടിയ സ്വര്‍ണം കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു.
ഇന്ത്യന്‍ ടീമിനോട് പൊതുവെ വിദ്വേഷം നിറഞ്ഞ അന്തരീക്ഷമാണ് ജക്കാര്‍ത്തയിലുണ്ടായിരുന്നത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനെ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അലങ്കോലപ്പെടുത്തുകയുണ്ടായി. തായ്വാനും ഇസ്രായേലിനും പ്രവേശനം നിഷേധിച്ചതാണ് പ്രശ്‌നമായത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിരീക്ഷകാനായി ഗെയിംസില്‍ സംബന്ധിച്ച. ഇന്ത്യക്കാരനായ സ്‌പോര്‍ട്‌സ് സംഘാടകന്‍ ഗുരുദത്ത് സോന്ധി ഇതിനെ വിമര്‍ശിച്ചു. ഗെയിസിനെ ഏഷ്യന്‍ ഗെയിംസെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ ഇന്‍ഡൊനീഷ്യക്കാര്‍ ആകമാനം ഇളകി. പത്രങ്ങളും കാണികളും ഇന്ത്യന്‍ ടീമിന് എതിരായി. ഇന്ത്യന്‍ എംബസി കെട്ടിടം ജനക്കൂട്ടം കയ്യേറിയതായി പറയുന്നു. കാണികള്‍ തലപ്പാവണിഞ്ഞ തന്നെ തിരിച്ചറിയാതിരിക്കാന്‍ ജര്‍ണയില്‍ സിങ് ടീം സഞ്ചരിച്ച ബസ്സില്‍ നിലത്താണത്രെ ഇരുന്നത്. ഇന്ത്യന്‍ പതാകയുയര്‍ത്തുമ്പോഴും ദേശീയ ഗാനമാലപിക്കുമ്പോഴും കൂക്കുവിളിയുയര്‍ന്നു. ഫുട്‌ബോള്‍ ഫൈനല്‍ ജയിച്ച ടീമിനെ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ കൂക്കി വിളിച്ചാണ് എതിരേറ്റത്. സോന്ധിക്ക് അതിന് മുമ്പേ തന്നെ ജക്കാര്‍ത്ത വിടേണ്ടി വന്നിരുന്നു.
ദീസ് ഫുട്‌ബോള്‍ ടൈംസ് ഡോട്ട് കോമില്‍ സോമനാഥ് സെന്‍ഗുപ്ത ഇന്ത്യയുടെ കളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്്. 1962 സപ്തംബര്‍ നാലിന് സെനായാന്‍ സ്റ്റേഡയിത്തില്‍ ഫൈനലില്‍ ഇന്ത്യ തെക്കന്‍ കൊറിയയെ നേരിടാന്‍ അണിനിരന്നപ്പോള്‍ അവിചാരിതമായ ഒരു കോണില്‍ നിന്ന് ഇന്ത്യക്ക് പിന്തുണയും ലഭിച്ചു. തലേന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ഹോക്കി സ്വര്‍ണം നേടിയ പാകിസ്താന്‍ ടീം ഇന്ത്യയെ പിന്തുണയ്ക്കാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഗ്രൂപ്പ് മത്സരത്തില്‍ തങ്ങളെ മടക്കമില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച തെക്കന്‍ കൊറിയയെ ഇന്ത്യ 21 ന് തോല്‍പ്പിച്ചുവെന്നതാണ് ഇന്ത്യയുടെ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഈ കളിയെ അവിസ്മരണീയമാക്കുന്നത്. ഇന്ത്യന്‍ നിര ശക്തമായിരുന്നു. ഗോളിയായി തങ്കരാജ്, ഡിഫന്‍ഡര്‍മാരില്‍ ജര്‍ണയില്‍ സിങ്ങുണ്ട്. അരുണ്‍ ഘോഷുണ്ട്. മിഡ്ഫീല്‍ഡില്‍ യൂസഫ് ഖാനും രാം ബഹാദൂറും ഫ്രാങ്കോയുമുണ്ട്. മുന്നേറ്റനിരയാകട്ടെ സമ്പന്നമായിരുന്നു. മേവലാലിനെയൊ മെല്‍ബണില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഹാട്രിക്ക് നേടിയ നെവില്‍ ഡിസൂസയെപ്പോലെയോ ഉള്ള ഒരു സെന്റര്‍ ഫോര്‍വേഡിന്റെ അഭാവമുണ്ടായിരുന്നു. ഈ ശൂന്യത പ്രഗല്‍ഭനായ കോച്ച് എസ് എ റഹീം പിന്നീട് നികത്തുന്നുണ്ട്. ഡിഫന്‍ഡറായ ജര്‍ണയില്‍ സിങിനെ മുന്നേറ്റനിരയല്‍ കളിപ്പിക്കുക. ഫൈനല്‍ ഒരു ഗോള്‍ ജര്‍ണയിലിന്റെ വകയാണ്. മറ്റേത് ബാനര്‍ജിയുടെ ബൂട്ടില്‍ നിന്നും പിറന്നു. ഇന്ന് സ്‌കോര്‍ ലൈന്‍ നോക്കിയാല്‍ ജര്‍ണയില്‍ എങ്ങനെ ഗോളടിച്ചു എന്നത്, ഈ പാശ്ചാത്തലമറിഞ്ഞില്ലെങ്കില്‍ മനസ്സിലാവില്ല. ജര്‍ണയില്‍ സാധാരണ ഡിഫന്‍ഡറല്ല. റോമില്‍ ഹങ്കറിക്കെതിരേ അവരുടെ പ്രഗല്ഭ ഫോര്‍വേഡ് ഫ്‌ളോറിയന്‍ ആല്‍ബര്‍ട്ടിനെ ജര്‍ണയില്‍ സമര്‍ത്ഥമായി നേരിടുന്നുണ്ട്. ആല്‍ബര്‍ട് 1966 ലെ ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളായിരുന്നു. ഹങ്കറി സൃഷ്ടിച്ച ഒരു പരമ്പരയിലെ അറിയപ്പെടുന്ന കണ്ണി.

ആദ്യ കളിയില്‍ തോറ്റുവെങ്കിലും തായ്‌ലണ്ടിനെതിരേ ശക്തമായി തിരിച്ചു വന്നു. 4 1 നായിരുന്നു ജയം. ചുനി ഗോസ്വാമിയും ബാല്‍റാമും ഒന്നു വീതവും ബാനര്‍ജി രണ്ടും. ജര്‍ണയിലിനെ തലക്ക് പരിക്കേറ്റത് കാരണം ജപ്പാനെതിരേ അടുത്ത കളിയില്‍ കളിക്കാനുണ്ടായിരുന്നില്ല. പരിക്കു കാരണം തങ്കരാജുമില്ല. ആദ്യ പകുതിയില്‍ ജപ്പാന്‍ ഇന്ത്യയെ വട്ടംചുറ്റിച്ചു. വിശ്രമവേളയില്‍ റഹീമിന്റെ ചീത്ത നല്ലവണ്ണം കേട്ട ടീം രണ്ടാം പകുതിയില്‍ തിരിച്ചറിയാന്‍ കളഴിയാത്ത വിധം മാറി. ബാനര്‍ജിയും ബാലറാമും ഗോള്‍ നേടുന്നു. മലയാളി സാന്നിദ്ധ്യമായ ഒ. ചന്ദ്രശേഖര്‍ ഡിഫന്‍സില്‍ നന്നായി ചെറുക്കുന്നു. ഗോളി പ്രദ്യത് ബര്‍മന്‍ എതിരാളികളുടെ ശ്രമങ്ങളെ ആദ്യ പകുതിയില്‍ നന്നായി തടുത്തിരുന്നു.ജപ്പാന്‍ കൊറിയയോടും തോറ്റതോടെ ഇന്ത്യ സെമി പ്രവേശം ഉറപ്പാക്കി.
സെമിയില്‍ വിയറ്റ്‌നാമിനെതിരെ റഹീം പരീക്ഷണങ്ങള്‍ നടത്തി. ജര്‍ണയില്‍ ഫോര്‍വേഡാവുന്നു.ഇന്ത്യ ഗോസ്വാമിയും ജര്‍ണയിലും നേടിയ ഗോളുകള്‍ക്ക് മുന്നിലെത്തിയെങ്കിലും വിയറ്റ്‌നാം രണ്ടു ഗോളും മടക്കി. ഗോസ്വാമിയുടെ ഗോളില്‍ തന്നെയാണ് ഒടുവില്‍ ജയം നേടിയതും.
ഫൈനലിന്റെ തലേന്ന് കളിക്കാര്‍ വലിയ ആത്മസംഘര്‍ഷത്തിലായിരുന്നു. രാത്രി ചില കളിക്കാര്‍ പുറത്തിറങ്ങിയപ്പോഴുണ്ട് റഹീമിന്റെ ചുണ്ടിലെ സിഗരറ്റിന്റെ കനല്‍ മിന്നുന്നു. ജയം അനിവാര്യമാണെന്ന് അപ്പോഴും റഹീം ഓര്‍മിപ്പിക്കുന്നു. ഫൈനലില്‍ കൊറിയക്കെതിരെ ബാനര്‍ജിയും ജര്‍ണയിലും രണ്ടു ഗോള്‍ നേടിയതോടെ ഇന്ത്യ അധികം സമ്മര്‍ദമില്ലാതെ കളിച്ചു.തലയില്‍ ബാന്‍ഡേജുമായാണ് ജര്‍ണയില്‍ കളിക്കാനിറങ്ങിയത്. അവസാനമായപ്പോഴേക്കും ബാന്‍ഡേജ് ഇളകി. ത്രിലോക് സിങിന്റെ ഒരു നഖം പറിഞ്ഞിരുന്നുവെങ്കിലും അതും വെച്ച് കളി തുടര്‍ന്നു. അവസാന ഘട്ടത്തില്‍ തങ്കരാജ് ഒരു ഗോള്‍ വഴങ്ങിയില്ലായിരുന്നുവെങ്കില്‍ ആദ്യത്തെ തോല്‍വിക്ക് കൃത്യമായ ഒരു പകരംവീട്ടിലാവുമായിരുന്നു അത്.
റഹീം ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് 1963 ജൂണ്‍ 11ന് മരിച്ചു. കളിയിലെ ആഗോള പ്രവണതകളുമായി കൂട്ടി ഘടിപ്പിക്കുന്നതില്‍ വന്ന പരാജയമാണോ പിന്നീട് ഇന്ത്യ പിന്നോട്ടു പോയതിന് കാരണം? അതും ഒരു കാരണമാവാം. ശാരീരികക്ഷമത അത്ര വലിയ പ്രശ്‌നമല്ലെന്ന് വിദേശത്തു നിന്നു വരുന്ന ചില പരിശീലകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാലിച്ചായ കുടിച്ച് ഭാരം കയറ്റിയ വണ്ടി വലിച്ച തെരുവിലൂടെ പോകുന്നവരെ നോക്കൂ എന്നാണ് ബോബ് ബൂട്‌ലന്റ് ഈ സംശയത്തിന് ഉത്തരം നല്‍കിയത്. രാവുപകല്‍ കഠിനമായി പണിയെടുക്കുന്ന ബംഗാളികളെ നോക്കൂ (എല്ലാവരും ബംഗാളികളല്ലെങ്കിലും) എന്നും പറയാന്‍ തോന്നുന്നു. അതേസമയം തന്നെ അതു കൊണ്ടു മാത്രം വളരെയൊന്നും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വ്യക്തം. ഫുട്‌ബോള്‍ ബുദ്ധിയും അത്യാവശ്യം.
Content Highlights: fond memories of P K Banerjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..