Photo: Getty Images
ഇന്ത്യന്‍ ക്രിക്കറ്റിനെ അതിന്റെ ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ നായകനാണ് സൗരവ് ഗാംഗുലി. അദ്ദേഹത്തോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രകണ്ട് സഹായിച്ച മറ്റൊരു ക്യാപ്റ്റന്‍ ഉണ്ടാകുമോ എന്ന കാര്യം തന്നെ സംശയമാണ്. മികച്ച ഓപ്പണിങ് ബാറ്റ്സ്മാനായിട്ടും നേട്ടങ്ങള്‍ ഒട്ടേറെ ഇനിയും സ്വന്തമാക്കാനുള്ള സാധ്യതകള്‍ മുന്നിലുണ്ടായിരുന്നിട്ടും ടീമിനായി അദ്ദേഹം തന്റെ ഓപ്പണര്‍ സ്ഥാനം തന്നെ വേണ്ടെന്നുവെച്ച് സെവാഗിന് വഴിമാറിക്കൊടുത്തു.
ഇത്തരത്തില്‍ നട്ടെല്ലുറപ്പുള്ള തീരുമാനങ്ങള്‍ നിറഞ്ഞതായിരുന്നു ദാദയുടെ കരിയര്‍. അതിലൊന്നും അദ്ദേഹത്തിന് തലകുനിക്കേണ്ടി വന്നിട്ടില്ല എന്നുമാത്രമല്ല, അവയില്‍ പലതും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിമറിച്ചവയായിരുന്നു. ദാദ 50-ാം ജന്മദിനം ആഘോഷിക്കുന്ന ഈ സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ അഞ്ചു തീരുമാനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം...

2001 കൊല്‍ക്കത്ത ടെസ്റ്റില്‍ ലക്ഷ്മണ് മൂന്നാം നമ്പറില്‍
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ കൊല്‍ക്കത്ത ടെസ്റ്റ് എക്കാലവും ഇന്ത്യന്‍ ആരാധകര്‍ മനസില്‍ കൊണ്ടു നടക്കുന്ന മത്സരമാണ്. തുടര്‍വിജയങ്ങളുടെ ഗര്‍വുമായി എത്തിയ സ്റ്റീവ് വോയുടെ ഓസ്ട്രേലിയയെ ഇന്ത്യ കെട്ടുകെട്ടിച്ച മത്സരമായിരുന്നു അത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്ത വിജയമായിരുന്നു അത്. ഫോളോഓണ്‍ ചെയ്യേണ്ടിവന്ന ഒരു ടീം രണ്ടാം ഇന്നിങ്സില്‍ അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടു. ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഗാംഗുലി എടുത്ത ഒരു തീരുമാനമാണ് ആ ടെസ്റ്റിന്റെ ജാതകം തീരുമാനിച്ചത്. വി.വി.എസ് ലക്ഷ്മണെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറക്കുക. ദാദയുടെ ആ ദീര്‍ഘവീക്ഷണം ക്ലിക്കാകുന്നതാണ് പിന്നീട് കണ്ടത്. 281 റണ്‍സെന്ന റെക്കോഡ് സ്കോറുമായി ലക്ഷ്മണും സെഞ്ചുറിയുമായി ദ്രാവിഡും പടനയിച്ചതോടെ ഫോളോഓണ്‍ ചെയ്ത ഇന്ത്യ വമ്പന്‍ വിജയലക്ഷ്യമാണ് ഓസീസിനു മുന്നില്‍ വെച്ചത്. അഞ്ചാം ദിനം ഹര്ഭജന് സിങ് ആഞ്ഞടിച്ചതോടെ അവിശ്വസനീയ വിജയവും ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായി 16 ടെസ്റ്റ് വിജയങ്ങളുമായെത്തിയ ഓസീസിന് 17-ാം ടെസ്റ്റില്‍ ഇന്ത്യ കടിഞ്ഞാണിട്ടു. ലക്ഷ്മണ് അതോടെ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമാകുകയും ചെയ്തു.

വീരു നീ ഓപ്പണ്‍ ചെയ്യണം
ലോക ക്രിക്കറ്റിലെ വിനാശകാരികളായ ഓപ്പണര്‍മാരുടെ കണക്കെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെയാണ് വീരേന്ദര്‍ സെവാഗെന്ന ഇന്ത്യക്കാരന്റെ സ്ഥാനം. എന്നാല്‍ മധ്യനിര ബാറ്റ്സ്മാനെന്ന നിലയിലാണ് താരം സീനിയര്‍ ടീമിലെത്തുന്നത്. ഇതിനിടെ തന്റെ അരങ്ങേറ്റ മത്സരമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബ്ലോംഫോണ്ടെയ്ന്‍ ടെസ്റ്റില്‍ ആറാമത് ബാറ്റിങ്ങിനിറങ്ങിയ വീരു സെഞ്ചുറി നേടി. സെവാഗില്‍ എന്തോ പ്രത്യേകതയുള്ളതായി തോന്നിയ ദാദ അവനോട് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. സ്വന്തം ഓപ്പണിങ് സ്ലോട്ട് വിട്ടുനല്‍കിയാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. അങ്ങനെ വീരു ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി. പിന്നീട് നടന്നതെല്ലാം ചരിത്രം. വീരുവിന്റെ കരിയര്‍ തന്നെ ആ തീരുമാനത്തോടെ മാറിമറിഞ്ഞു. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ സെഞ്ചുറിയുമായി സെവാഗ് ആളിക്കത്തി.

വിക്കറ്റ് കീപ്പറായി ദ്രാവിഡ്
ഗാംഗുലിയുടെ കാലത്ത് ഇന്ത്യന്‍ ടീം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഇല്ല എന്നുള്ളതായിരുന്നു. പലരേയും മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. 2003 ലോകകപ്പ് അടുക്കാനും തുടങ്ങി. ഈ തലവേദന അവസാനിപ്പിക്കാന്‍ തന്നെ ദാദ തീരുമാനിച്ചു. തന്റെ വിശ്വസ്തനായ ദ്രാവിഡിനോട് വിക്കറ്റ് കീപ്പറാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ അത് ആവശ്യമായിരുന്നു. ദ്രാവിഡ് വിക്കറ്റ് കീപ്പറായതോടെ ഒരു എക്സ്ട്രാ ബാറ്റ്സ്മാനെ കൂടി ടീമിലെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചു. അത് ടീമിന്റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. വിക്കറ്റിനു പിന്നിലും മുന്നിലും ദ്രാവിഡ് ഒരേപോലെ തിളങ്ങുകയും ചെയ്തു. 2002 മുതല്‍ 2004-ല്‍ ധോനി ടീമിലെത്തുന്നതു വരെ അദ്ദേഹം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി തുടര്‍ന്നു.

വണ്‍ ഡൗണായി ധോനി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെയാകും മഹേന്ദ്ര സിങ് ധോനിയുടെ സ്ഥാനം. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി ടീമിന് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളെല്ലാം തന്നെ സമ്മാനിച്ച നായകനാണ് ധോനി. എന്നാല്‍ ധോനി എന്ന താരത്തിന് ടീമിലേക്കുള്ള വഴിതുറന്നത് സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്റെ ധീരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു. കെനിയക്കെതിരായ ഇന്ത്യ എ ടീമിലെ പ്രകടനം കണ്ടാണ് ദാദ ധോനിയെ ടീമിലെത്തിക്കുന്നത്. എന്നാല്‍ 2004-ല്‍ ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പര ധോനിക്ക് അത്ര നല്ല ഓര്‍മകളല്ല സമ്മാനിച്ചത്. ആ പരമ്പരയോടെ ടീമില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയവും തനിക്കുണ്ടായിരുന്നുവെന്ന് ധോനി പിന്നീട് പറഞ്ഞിട്ടുണ്ട്. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും തുടര്‍ച്ചയായി ഉണ്ടായിരുന്ന പിഴവുകളായിരുന്നു അതിന് കാരണം. എന്നാല്‍ പിന്നാലെ പാകിസ്താനെതിരേ നടന്ന പരമ്പയിലും ദാദ ധോനിയെ കൈവിട്ടില്ല. ആദ്യ മത്സരത്തിലും ധോനിക്ക് തിളങ്ങാനായില്ല. ധോനിയെ മാറ്റണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും ഗാംഗുലി ഉറച്ചു നിന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിനു മുമ്പ് ധോനിയെ തേടി ഗാംഗുലിയുടെ ഫോണ്‍വിളിയെത്തി. ടീമിലുണ്ടെന്ന് അറിയിക്കാനായിരുന്നു അത്. മത്സരത്തിനു മുമ്പ് ധോനിയോട് മൂന്നാം നമ്പറിലിറങ്ങാനും ദാദ ആവശ്യപ്പെട്ടു. എന്നിട്ട് സ്വയം നാലാം നമ്പറിലേക്ക് മാറുകയും ചെയ്തു. ധോനി എന്ന ബാറ്റ്സ്മാന്റെ കരുത്ത് ആ മത്സരത്തോടെ ക്രിക്കറ്റ് ലോകത്തിന് മനസിലായി. 148 റണ്‍സ് കുറിച്ച ധോനി ടീമിലെ സ്ഥാനവും അരക്കിട്ടുറപ്പിച്ചാണ് അന്ന് മടങ്ങിയത്.

യുവതാരങ്ങള്‍ക്ക് നല്കിയ പിന്തുണ
വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യുവ്രാജ് സിങ്, സഹീര്‍ ഖാന്, എം.എസ് ധോനി , ഹര്ഭജന് സിങ്, ആശിശ് നെഹ്റ എന്നീ യുവതാരങ്ങള്‍ തങ്ങളുടെ കരിയര്‍ തുടങ്ങിയത് ഗാംഗുലി എന്ന ക്യാപ്റ്റനു കീഴിലായിരുന്നു. മോശം പ്രകടനം നടത്തിയപ്പോഴും ഇവര്‍ക്ക് അദ്ദേഹം നല്കിയ പിന്തുണയുടെ ഫലം പില്ക്കാലത്ത് ടീം ഇന്ത്യ കണ്ടതാണ്. ഇന്ത്യന്‍ ടീമിന്റെ നെടുംതൂണുകളായി ഈ താരങ്ങള്‍ വളര്‍ന്നതിലുള്ള ക്രെഡിറ്റ് ഗാംഗുലിയെന്ന ക്യാപ്റ്റന്‍ അവകാശപ്പെട്ടതാണ്. യുവതാരങ്ങളെ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല. 2011-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പകുതിയിലേറെ പേര് ദാദ ക്യാപ്റ്റനായിരുന്ന സമയത്ത് കളി തുടങ്ങിയവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..