ത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചതെങ്കിലും രണ്ടു തവണ മാത്രമേ സുസനായകത്തിന്റെ മകൻ രാജേഷ് കടലിൽ മീൻ പിടിക്കാൻ പോയിട്ടുള്ളൂ. പുസ്തകങ്ങളോട് ഗുഡ്ബൈ പറഞ്ഞ് ഏഴാം ക്ലാസിൽ പഠനം നിർത്തി അമ്മാവനും സഹോദരന്മാർക്കുമൊപ്പം കടലിൽ പോയ പന്ത്രണ്ട് വയസ്സുകാരൻ രാജേഷ് ഈ രണ്ട് യാത്രകൾ കൊണ്ട് ജീവിതത്തിലെ രണ്ട് വിലപ്പെട്ട പാഠങ്ങളാണ് പഠിച്ചത്.

ഒന്ന് മീൻപിടിത്തം തനിക്ക് പറ്റിയതല്ലെന്ന്  മനസിലാക്കി തിരിച്ചുവന്ന് വീണ്ടും പഠനമാരംഭിച്ചു. രണ്ടാമത്തേത് തന്നെ ഒരു ഫുട്ബോൾ താരമാക്കി മാറ്റിയ ക്ലെയോ ഫാസ് എന്ന പരിശീലകന്റെ വലയിൽപ്പെട്ടു.

പൊഴിയൂർ സെന്റ് മാത്യൂസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠനം നിർത്തിയ, രണ്ടേ രണ്ട് യാത്രകൾ കൊണ്ട് മീൻപിടിത്തം നിർത്തിയ മിനി ബ്രസീൽ എന്ന പൊഴിയൂരിലെ രാജേഷ് ഇന്ന് ഐ ലീഗിൽ ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ ചുക്കാൻപിടിക്കുന്ന താരമാണ്.

Read More: മിനി ബ്രസീലിലെ മെസ്സി

fisherman's son rajesh soosanayakam making waves for gokulam kerala

കടലിൽ നിന്ന് കളിയിലേയ്ക്ക്

സുസനായകം-മേരി ജോണ്‍ ദമ്പതികളുടെ മകനായ രാജേഷ് ഒരൊറ്റ കൊല്ലമാണ് കൊച്ചി ഹാർബറിൽ ജോലി ചെയ്തത്. കൊച്ചി തുറമുഖത്തു നിന്ന് യാത്രതിരിച്ച് രണ്ടാഴ്ച കടലില്‍ തങ്ങി തിരിച്ചെത്തുന്നതായിരുന്നു രീതി. അമ്മാവന്‍ ആന്റണിക്കും ചേട്ടന്മാരായ ഡേവിള്‍സ്, രതീഷ്, സുരേഷ് ഒപ്പമായിരുന്നു യാത്ര. അധികം വൈകാതെ ഈ പണി തനിക്ക് പറ്റിയതല്ലെന്ന് രാജേഷ് തിരിച്ചറിഞ്ഞു. കടലില്‍ പോകുന്നതിന്റെ കഷ്ടപ്പാട് അന്നാണ് താന്‍ തിരിച്ചറിഞ്ഞതെന്ന് രാജേഷ് പറയുന്നു. പോരാത്തതിന് ചേട്ടന്‍ സുരേഷിന്റെ ഉപദേശവും കൂടിയായപ്പോള്‍ രാജേഷ് കടലമ്മയോട് ഗുഡ് ബൈ പറഞ്ഞു, പിന്നീട് തിരികെ സ്‌കൂളിലേക്ക്.

ആ തിരിച്ചു വരവ് പിന്നീട് രാജേഷിന്റെ ജീവിതത്തില്‍ നിര്‍ണായകമാകുകയായിരുന്നു. ഫുട്‌ബോള്‍ താരങ്ങളുടെ നാടാണ് പൊഴിയൂര്‍. നന്നേ ചെറുപ്പത്തിലേ ചേട്ടന്മാര്‍ക്കൊപ്പം ഇവിടത്തെ മൈതാനങ്ങളില്‍ രാജേഷും പന്തു തട്ടിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പൊഴിയൂര്‍ സെന്റ് മാത്യൂസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ (എസ്.എം.ആര്‍.സി) പരിശീലകനായിരുന്ന ക്ലെയോ ഫാസ് രാജേഷിന്റെ കളി കാണാനിടയായി. രാജേഷിനെ ക്ലബ്ബിനായി കളിക്കാന്‍ വിളിച്ചു. ഫുട്‌ബോള്‍ ജീവനായിരുന്ന രാജേഷിന് ക്ലെയോ ഫാസ് എന്ന പരിശീലകന് മറുപടി കൊടുക്കാന്‍ താമസമുണ്ടായില്ല. അങ്ങനെ അച്ഛനും ചേട്ടന്‍മാര്‍ക്കും പിന്നാലെ അന്നത്തെ ആ 12 വയസുകാരനും എസ്.എം.ആര്‍.സി ക്ലബ്ബിന്റെ ഭാഗമായി. രാജേഷ് എന്ന കളിക്കാരന്റെ വളര്‍ച്ചയ്ക്ക് കാരണമായ എസ്.എം.ആര്‍.സി ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്ന താരമാണ് അവന്റെ പിതാവ് സൂസനായകം. 

fisherman's son rajesh soosanayakam making waves for gokulam kerala

ചേട്ടന്മാരെപ്പോലെ ഗോളടിക്കണം

ചേട്ടന്‍മാര്‍ ഗോളടിക്കുന്നതു കണ്ട് ഗോളടിയില്‍ ഹരം കയറിയാണ് രാജേഷ് തനിക്ക് സ്‌ട്രൈക്കര്‍ പൊസിഷന്‍ മതിയെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ ക്ലെയോ ഫാസ് ഇത് അംഗീകരിച്ചു കൊടുത്തിരുന്നില്ല. വേറേ പൊസിഷനുകളില്‍ എവിടെ കളിപ്പിച്ചാലും ഗോളടിക്കാന്‍ രാജേഷ് മുന്നിലുണ്ടാകും. ഒടുവില്‍ കോച്ചിനും തോന്നിത്തുടങ്ങി ഇവന്‍ സ്‌ട്രൈക്കറാകുന്നതാണ് നല്ലത്.

തന്നിലെ ഫുട്‌ബോളറെ കണ്ടെത്തുന്നതും മുന്നോട്ടുള്ള വഴി കാണിച്ചു തന്നതും ക്ലെയോ ഫാസാണെന്ന് രാജേഷ് പറയുന്നു. മൈതാനത്ത് ഒരു സ്‌ട്രൈക്കര്‍ എത്തേണ്ട കൃത്യമായ സ്ഥലങ്ങള്‍ പറഞ്ഞു തന്നതും ഓരോ അവസരത്തിലും തന്നിലെ ഫുട്‌ബോളറെ പ്രചോദിപ്പിച്ച് മുന്നോട്ടു നടത്തിയതും അദ്ദേഹമാണ്. ഇപ്പോള്‍ ഗോകുലത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വിവാ ചെന്നൈ ടീമിന്റെ പരിശീലകനാണ് ക്ലെയോ ഫാസ്.

fisherman's son rajesh soosanayakam making waves for gokulam kerala

ക്ലെയോ ഫാസ് കാട്ടിയ വഴി

ഗോകുലത്തിലേക്കുള്ള രാജേഷിന്റെ വരവിനു പിന്നിലും ക്ലെയോ ഫാസ് തന്നെയായിരുന്നു. ഗോകുലത്തിന്റെ സ്‌ട്രൈക്കര്‍ പൊസിഷനിലേക്ക് ഒരു കേരള താരത്തെ ആവശ്യമുണ്ടെന്ന് കോച്ച് ബിനോ ജോര്‍ജ് പറയുന്നത് ക്ലെയോ ഫാസിനോടായിരുന്നു. അങ്ങനെ കഴിഞ്ഞ സീസണില്‍ തന്നെ രാജേഷിന് ഗോകുലത്തിലേക്ക് വിളിയെത്തി. പക്ഷേ കര്‍ണാടകയ്ക്കായി സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ രാജേഷിന് ആ ഓഫര്‍ സ്വീകരിക്കാനായില്ല. അടുത്ത സീസണില്‍ വേറെ ഓഫര്‍ എന്തു തന്നെ വന്നാലും ഗോകുലത്തിലേക്ക് വരുമെന്ന് അന്നു തന്നെ രാജേഷ്, വാക്കു കൊടുത്തു. ഈ സീസണിൽ രാജേഷ് വാക്കു പാലിച്ചു.

പൊഴിയൂര്‍ സെന്റ് മാത്യൂസ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്ലസ് ടു പഠനത്തിനായി തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെത്തിയപ്പോഴും ഫുട്‌ബോളിനെ രാജേഷ് കൈവിട്ടിരുന്നില്ല. രാജേഷ് അംഗമായ സെന്റ് ജോസഫ് ടീം 2010-ല്‍ സുബ്രതോ കപ്പില്‍ പങ്കെടുത്തിരുന്നു.

fisherman's son rajesh soosanayakam making waves for gokulam kerala

പ്ലസ് ടുവിനു ശേഷം ബെംഗളൂരു ബി.എം സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബിനായി കളിക്കാന്‍ രാജേഷിന് ക്ഷണം ലഭിച്ചു. പിന്നീട് രണ്ടു വര്‍ഷത്തോളം അവര്‍ക്കായി കളിച്ചു. ഈ ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് രാജേഷിനെ കര്‍ണാടക സന്തോഷ് ട്രോഫി ടീമിലെത്തിക്കുന്നത്. 2012, 2013 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയെ പ്രതിനീധീകരിച്ച് പങ്കെടുത്തു. ഇതില്‍ 2013-ലെ ടൂര്‍ണമെന്റില്‍ എട്ടു ഗോളുകളോടെ രാജേഷായിരുന്നു ടോപ് സ്‌കോറര്‍. ആ വര്‍ഷം സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനം രാജേഷിന് ബെംഗളൂരു റെയില്‍വേസിലേക്കുള്ള വഴി തുറന്നുകൊടുത്തു.

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ റെയില്‍വേസിന് ടീം ഇല്ലാതിരുന്നതിനാല്‍ കര്‍ണാടകയ്ക്കായി രാജേഷ് വീണ്ടും കളത്തിലിറങ്ങി. വീണ്ടും എട്ടു ഗോളുകളോടെ ഈ വര്‍ഷത്തെ ടോപ് സ്‌കോററുമായി. മൂന്നു വര്‍ഷം കര്‍ണാടകയ്ക്കും മൂന്നു വര്‍ഷം റെയില്‍വേയ്ക്കും വേണ്ടി 28 ഗോളുകളാണ് സന്തോഷ് ട്രോഫിയില്‍ രാജേഷ് അടിച്ചു കൂട്ടിയത്.

fisherman's son rajesh soosanayakam making waves for gokulam kerala

പൊഴിയൂരിലെ മെസ്സി

നാട്ടിലെ ചേട്ടന്‍മാരുടെ പാത പിന്തുടര്‍ന്ന് സന്തോഷ് ട്രോഫിയില്‍ പങ്കെടുത്ത് ഒരു ജോലി സമ്പാദിക്കുക എന്നതു തന്നെയായിരുന്നു ആദ്യ കാലത്ത് രാജേഷിന്റെയും ലക്ഷ്യം. തമിഴ്‌നാടിനായി മൂന്നു വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ഫ്രെഡി (ചെന്നൈ ഐ.സി.എഫ്), ഇന്ത്യന്‍ നേവിയുടെ താരം ദേവദാസ്, തമിഴ്‌നാടിനായി സന്തോഷ് ട്രോഫി കളിച്ച എഡിസണ്‍ (തമിഴ്‌നാട് എ.ജി.എസ്), സാജന്‍ (തമിഴ്‌നാട് എ.ജി.എസ്) തുടങ്ങിയവരെല്ലാം പൊഴിയൂര്‍ സ്വദേശികളാണ്. ഇവര്‍ക്കൊപ്പമാണ് ചെറുപ്പത്തില്‍ രാജേഷും പൊഴിയൂരിലെ മൈതാനങ്ങളില്‍ പന്തു തട്ടിയത്.

ഇതുപോലെ രാജേഷിനും 2013 ഏപ്രിലില്‍ റെയില്‍വേയില്‍ ജോലി ലഭിച്ചു. ചെന്നൈയില്‍ മെക്കാനിക്കല്‍ ഡിവിഷനിലെ ജൂനിയര്‍ ക്ലര്‍ക്കാണ് രാജേഷ് ഇപ്പോള്‍. എന്നാല്‍ അപ്പോഴും കേരളത്തിനായി കളത്തിലിറങ്ങുകയെന്ന ആഗ്രഹം രാജേഷില്‍ ബാക്കിനിന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിക്കാന്‍ സാധിക്കാത്തതിലെ വിഷമം, ഇപ്പോള്‍ ഗോകുലത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത് തീര്‍ക്കുകയാണ് രാജേഷ്. 

മെസ്സിയുടേയും ബാഴ്‌സലോണയുടെയും കടുത്ത ആരാധകനായ രാജേഷ്, ഫെയ്​​സ്ബുക്കിൽ തന്റെ പേരിനൊപ്പം ഈ അടുത്ത കാലം വരെ മെസ്സി എന്നു ചേര്‍ത്തിരുന്നു. ഇപ്പോഴത്തെ ഗോളടി മികവുകൂടി കാണുമ്പോള്‍ കൂട്ടുകാരില്‍ പലരും ആ പേരിലാണ് ഇപ്പോള്‍ രാജേഷിനെ വിളിക്കുന്നത്. 

fisherman's son rajesh soosanayakam making waves for gokulam kerala

ലോകത്തെവിടെ കളിച്ചാലും പൊഴിയൂരും അവിടത്തെ തന്റെ നാട്ടുകാരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് രാജേഷ് പറഞ്ഞുവെക്കുന്നു. കേരളത്തിനായി ഇതുവരെ കളിക്കാത്ത രാജേഷിന് നാട്ടുകാര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. കര്‍ണാടകത്തിനായി സന്തോഷ് ട്രോഫിയില്‍ ഗോളടിച്ചു കൂട്ടുമ്പോഴെല്ലാം പ്രോത്സാഹനവുമായി നാട്ടുകാര്‍ കൂടെയുണ്ടായിരുന്നുവെന്നും രാജേഷ് പറയുന്നു. ഐ ലീഗില്‍ ഗോകുലത്തിന്റെ മുന്നേറ്റ നിര കയ്യടിവാങ്ങുമ്പോള്‍ തന്റെ സ്വതസിദ്ധമായ ചിരിയുമായി രാജേഷ് ഇവിടെയുണ്ട്. 

Content Highlights: fisherman's son rajesh soosanayakam making waves for gokulam kerala fc in i-league