മല്ല്യയും മഹീന്ദ്രയും തോറ്റ ഗ്രൗണ്ടിലാണ് സുപ്രീംകോടതി ഗോളടിക്കുന്നത്; ജയിക്കുമോ ഇന്ത്യൻ ഫുട്ബോൾ?


ബി.കെ.രാജേഷ്മല്ല്യയും മഹീന്ദ്രയും തോറ്റ പോസ്റ്റിലേയ്ക്ക് വേണം വിജയനും ബൂട്ടിയയും ഛേത്രിയുമൊക്കെ ഗോളടിക്കാൻ

In Depth

ആനന്ദ് മഹീന്ദ്ര, സുനിൽ ഛേത്രി, വിജയ് മല്ല്യ. Photo: PTI

രണ്ട് കൊട്ടാര വിപ്ലവങ്ങളാണ് ഏതാണ്ട് ഒരേ കാലത്ത്, ഒരേമട്ടില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ അരങ്ങേറിയത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം പല വേഷങ്ങളില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അടക്കിവാണ ഫാസില്‍ അഹമ്മദിനെതിരേ പട നയിച്ചത് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ തലക്കുറി മാറ്റിമറിച്ച ഇതിഹാസം പ്രകാശ് പദുക്കോണ്‍ നേരിട്ടാണ്. കളിക്കാരില്‍ വലിയൊരു വിഭാഗം അന്ന് പദുക്കോണിനൊപ്പം വിമത ഇന്ത്യന്‍ ബാഡ്മിന്റണ്‍ കോണ്‍ഫെഡറേഷന്റെ കൊടിക്കീഴില്‍ അണിനിരന്നു. കോണ്‍ഫെഡറേഷന് അംഗീകാരമൊന്നും ലഭിച്ചില്ലെങ്കിലും പടയ്‌ക്കൊടുവില്‍ ഫാസില്‍ അഹമ്മദിന് സ്ഥാനമൊഴിയേണ്ടിവന്നു. ഇതേ കാലത്ത് തന്നെയാണ് രണ്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ഫുട്ബാളിന്റെ അമരത്ത് ഇരിപ്പുറപ്പിച്ച പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയെന്ന താപ്പാനയെ തളയ്ക്കാന്‍ രണ്ട് വ്യവസായ ഭീമന്മാര്‍ കച്ചകെട്ടിയിറങ്ങിയത്. ആനന്ദ് മഹീന്ദ്രയും വിജയ് മല്ല്യയും. ചരടുവലിക്കാന്‍ തിരശ്ശീലയ്ക്ക് പിറകില്‍ ഫുട്‌ബോളിലും രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ പി.പി.ലക്ഷ്മണനും ശിവാനന്ദ് സാല്‍ഗോക്കറും. ഐ ലീഗില്‍ മനസ്സു മടുത്ത മുന്‍നിര ക്ലബുകളുടെ ഒരു വലിയ നിര തന്നെ അണിചേര്‍ന്നു നിഴല്‍യുദ്ധത്തില്‍. എന്നിട്ടും ഈ കലാപം ചായക്കോപ്പയിലൊതുങ്ങി. പക്ഷാഘാതം വന്ന് കോമയിലാവുംവരെ ദാസ് മുന്‍ഷി ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ദാസ് മുന്‍ഷിക്ക് പകരം വന്നത് മറ്റൊരു രാഷ്ട്രീയ താപ്പാന. പ്രഫുല്‍ പട്ടേല്‍.

കാല്‍നൂറ്റാണ്ടുകഴിഞ്ഞു കലാപങ്ങള്‍ കൊടിയിറങ്ങിയിട്ട്. പദുക്കോണും കൂട്ടരും അട്ടിമറി നടത്തിയ ബാഡ്മിന്റണില്‍ ആറ് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലും തോമസ് കപ്പും സ്വന്തമാക്കി പുതിയ ചരിത്രം രചിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണിന്ന് ഇന്ത്യ. പണ്ട് വിപ്ലവം അലസിപ്പോയ ഫുട്‌ബോളിലും നടന്നു മറ്റൊരു ചരിത്രരചന. ലോകഫുട്‌ബോളില്‍ നിന്ന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായിരിക്കുകയാണ് ഇന്ത്യ. ദേശീയ ഫുട്‌ബോള്‍ അസോസിയേഷന് ചരിത്രത്തില്‍ ആദ്യമായി ഫിഫയുടെ കത്രികപ്പൂട്ട്. ഗ്വാട്ടിമാലയ്ക്കും കെനിയക്കും ഇറാനും പാകിസ്താനുമൊക്കെ കിട്ടിയ അതേ ശിക്ഷ. കുത്തഴിഞ്ഞ ഭരണത്തെയും അഴിമതിയെയും തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനമാണ് ഫിഫയുടെ അടിയന്തര നടപടി ക്ഷണിച്ചുവരുത്തിയത്. ബാഹ്യ ഇടപെടല്‍ എന്നാണ് കെട്ടിപ്പൂട്ടലിനുള്ള ഔദ്യോഗിക വിദശീകരണം. അല്ലെങ്കിലും അഴിമതിയുടെ പങ്കുക്കച്ചവടത്തില്‍ ഇന്നേവരെ ഒരു ബാഹ്യ ഇടപെടലും വച്ചുപൊറുപ്പിച്ച ചരിത്രമില്ല, നികുതി വെട്ടിക്കാന്‍ വേണ്ടി മാത്രം സൂറിച്ചില്‍ ആസ്ഥാനം പ്രതിഷ്ഠിച്ച ഫിഫയ്ക്ക്. ന്യായം ഏത് പക്ഷത്തായാലും വനിതകളുടെ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദിപോലും എടുത്തുമാറ്റപ്പെട്ട് ലോകത്തിന് മുന്നില്‍ നാണംകെട്ട് തലകുമ്പിട്ടുനില്‍ക്കുകയാണ് നൂറ്റിമുപ്പത് കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍. അതും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ജോറായികൊണ്ടാടുമ്പോള്‍. വല്ലാത്തൊരു വിധിനിയോഗം തന്നെ.ഏതാണ്ട് സമാനമായിരുന്നു ഇരുപത്തിയഞ്ച് കൊല്ലം മുന്‍പത്തെ ബാഡ്മിന്റണിന്റെയും അവസ്ഥ. അസോസിയേഷന്‍ ഫാസില്‍ അഹമ്മദിന്റെയും രാം ഛദ്ദ
യുടെയും കുടുംബസ്വത്തായി കഴിഞ്ഞ കാലം. പതിനൊന്ന് കൊല്ലക്കാലം പ്രസിഡന്റും ഇരുപത്തിരണ്ട് കൊല്ലക്കാലം സെക്രട്ടറിയുമായിരുന്നു ഫാസില്‍. കളിക്കാരും പരിശീലകരും വിനീത വിധേയ തൊമ്മികളായിക്കഴിയണം എന്നതായിരുന്നു അലിഖിത നിയമം. പരിശീലകനായി വന്ന പദുക്കോണും മുന്‍നിര താരമായ വിമല്‍കുമാറുമെല്ലാം നന്നായി പൊറുതിമുട്ടി. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്റെ പരിവേഷമുള്ള പദുക്കോണിന്റെ നിര്‍ദേശങ്ങള്‍ക്ക് പോലും പുല്ലുവിലയായിരുന്നു. ഇംഗ്ലണ്ടില്‍ ടോം ജോണിന് കീഴില്‍ പരിശീലനം നടത്തുന്ന വിമല്‍കുമാറിന് യോഗ്യത തെളിയിക്കാന്‍ ഒരോ ചെറിയ ടൂര്‍ണമെന്റുകള്‍ക്കു പോലും നാട്ടില്‍ വന്നു കളിക്കേണ്ട അവസ്ഥ. വേണ്ട പരിഗണന കിട്ടാതെ കളിയും കളിക്കാരും ഒരുപോലെ മുരടിച്ചു. കളിക്കാര്‍ക്ക് പരിശീലന സൗകര്യങ്ങളില്ല. പുതിയ കളിക്കാര്‍ കാര്യമായി ഉയര്‍ന്നുവന്നില്ല. വന്നവരെ വിദേശത്ത് നല്ല ടൂര്‍ണമെന്റുകള്‍ക്ക് വിട്ടുമില്ല. അഴിമതിയും സ്വജനപക്ഷപാതവും പിടിമുറുക്കിയ ഇക്കാലത്താണ് സഹികെട്ട് പ്രകാശ് തന്നെ ആയുധമെടുത്ത് പോരിനിറങ്ങിയത്. 1997ല്‍ കളിക്കാരെ വിലക്കുക എന്ന മഹാ അപരാധത്തിന് കൂടി തുനിഞ്ഞതോടെയാണ് പ്രകാശ് സുദര്‍ശനചക്രം കൈയിലെടുത്തത്. കളിക്കാര്‍ക്ക് ഏഴയലത്ത് പ്രവേശനമില്ലാത്ത അസോസിയേഷന്റെ രാവണന്‍കോട്ടയില്‍ ഒരു ആഭ്യന്തര കലാപം എളുപ്പമായിരുന്നില്ല. മാറ്റം ആഗ്രഹിക്കുന്ന കളിക്കാരെ കൂട്ടി ഇന്ത്യന്‍ ബാഡ്മിന്റണ്‍ കോണ്‍ഫെഡറേഷന്‍ എന്ന ബദലായിരുന്നു പ്രകാശ് കണ്ട മാര്‍ഗം. ബായിയും ഒളിംപിക് അസോസിയേഷനും അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ഫെഡറേഷനും വിമത നീക്കത്തിന് പച്ചക്കൊടി കാട്ടിയില്ലെങ്കിലും പല സംസ്ഥാന അസോസിയേഷനുകളും പ്രകാശിനൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചു. സമാന്തര ടൂര്‍ണമെന്റുകളും അക്കാദമികളുമായി അവര്‍ മുന്നോട്ടുപോയി. ബെംഗളൂരുവിലെ പ്രകാശിന്റെ അക്കാദമി കൂടുതല്‍ ശക്തമായി. മൂന്ന് നിര്‍ദേശങ്ങളാണ് അന്ന് പ്രകാശ് മുന്നോട്ടുവച്ചത്. ഒന്നുകില്‍ ബായ് അടിമുടി പൊളിച്ചുപണിയുക. അല്ലെങ്കില്‍ പുതിയ സംഘടനയെ അംഗീകരിക്കുക. അതുമല്ലെങ്കില്‍ കളിക്കാര്‍ കൂടി ഉള്‍പ്പെടുന്ന മൂന്നാമതൊരു സംഘടനയ്ക്ക് രൂപം കൊടുക്കുക. പ്രകാശിനെ പോലെ അടിമുടി മാന്യന്‍കൂടിയായ ഒരു ഇതിഹാസത്തിനെതിരേ പൊരുതി പിടിച്ചുനില്‍ക്കാനുള്ള ആയുധങ്ങളൊന്നും ബായിയിലെ അന്നത്തെ മേലാളന്മാരുടെ കൈവശമുണ്ടായിരുന്നില്ല. ഒടുവില്‍ അവര്‍ക്ക് സമര്‍ദത്തിന് വഴങ്ങേണ്ടിവന്നു. വലിയ കോളിളക്കത്തിനുശേഷം എഴുപത്തിനാലാം വയസ്സില്‍ ഫാസില്‍ അധികാരമൊഴിഞ്ഞു. പ്രകാശ് ഭരണനേതൃത്വത്തില്‍ വരണം എന്നായിരുന്നു പൊതുവികാരം. അതു നടന്നില്ല. വി.കെ. വര്‍മ അധ്യക്ഷനായി. പ്രകാശ് ആഗ്രഹിച്ചപോലെ സംഘടനത്തില്‍ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കാനായില്ലെങ്കിലും ചെറിയ മാറ്റം തന്നെ ശുഭസൂചനയായിരുന്നു.

ഭരണതലത്തിലെ ഈ ചെറിയ മാറ്റം കോര്‍ട്ടില്‍ വരുത്തിയ വലിയ മാറ്റം അത്ഭുതാവഹമാണ്. പി.ഗോപിചന്ദിന്റെ ഓള്‍ ഇംഗ്ലണ്ട് കിരീടമായിരുന്നു തുടക്കം. പദുക്കോണിനുശേഷം ഇരുപത്തിയൊന്ന് വര്‍ഷം കഴിഞ്ഞ് അരീന ബര്‍മിങ്ങാമില്‍ മറ്റൊരു ഇന്ത്യക്കാരന്‍ കപ്പുയര്‍ത്തുമ്പോള്‍ അതൊരു വലിയ വിപ്ലവത്തിന്റെ നാന്ദിയാകുമെന്ന് കരുതിയിരുന്നില്ല ആരും. ക്രിക്കറ്റ് മാത്രം അടക്കിവാണ നഗരങ്ങള്‍ വിജയലഹരിയില്‍ ബാഡ്മിറ്റണിലേയ്ക്ക് ചുവടുമാറി. ബായിയും സംസ്ഥാന അസോസിയേഷനുകളില്‍ ഉണര്‍ന്നു. ബെംഗളൂരുവിലും ആന്ധ്രയിലുമെല്ലാം നൂറുകണക്കിന് അക്കാദമികളും ആയിരക്കണക്കിന് കോര്‍ട്ടുകളും മുളച്ചുപൊന്തി. ഹൈദരാബാദ് അക്ഷരാര്‍ഥത്തില്‍ തന്നെ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഹബ്ബായി മാറി. ഒരു ലോകചാമ്പ്യന്‍ഷിപ്പിന് വേദിയാവുക കൂടി ചെയ്തു. ഗോപിചന്ദ് കൂടി പരിശീലനത്തിന് ഇറങ്ങിയതോടെ താരങ്ങളുടെ പെരുമഴയായി. അവരെ രാകിമിനുക്കാന്‍ ചൈനീസ്, ഇന്‍ഡൊനീഷ്യന്‍ പരിശീലകര്‍ കൂടി എത്തിയതോടെ കോര്‍ട്ടില്‍ പ്രൊഫഷണലിസത്തിന്റെ വസന്തകാലമായി. സൈന, സിന്ധു, കശ്യപ്, ശ്രീകാന്ത്, ലക്ഷ്യ, പ്രണോയ്.... അവര്‍ക്കൊക്കെ മാറ്റുതെളിയിക്കാന്‍, പ്രതിഭ രാകിമുനിക്കാന്‍ യഥേഷ്ടം ടൂര്‍ണമെന്റുകള്‍. ഇന്ത്യന്‍ ബാഡ്മിന്റണില്‍ ഇതൊരു പുതുയുഗമായിരുന്നു. ചരിത്രം കുറിച്ച തോമസ് കപ്പ് വിജയം വരെ എത്തിനില്‍ക്കുന്ന ഈ വിപ്ലവത്തിന്റെ പാതയില്‍ ശുക്രനക്ഷത്രങ്ങള്‍ ഒന്നും രണ്ടുമല്ല. മൂന്ന് ഒന്നാം നമ്പറുകാര്‍. മൂന്ന് ഒളിമ്പിക് മെഡലുകള്‍. പന്ത്രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍, നാല് പാരാലിമ്പിക്‌സ് മെഡലുകള്‍, മൂന്ന് യൂബര്‍ കപ്പ് മെഡലുകള്‍, പത്ത് ഏഷ്യന്‍ ഗെയിസ് മെഡലുകള്‍, മുപ്പത്തിയൊന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലുകള്‍. നാല്‍പത്തിരണ്ട് കൊല്ലം മുന്‍പ് പ്രകാശ് പദുക്കോണും ഇരുപത്തിയൊന്ന് കൊല്ലം മുന്‍പ് ഗോപിചന്ദും ഓള്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയ അതേ ബര്‍മിങ്ങാമില്‍ ഇക്കുറി മൂന്ന് സ്വര്‍ണമടക്കം ആറ് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലുകളാണ് ഇന്ത്യ നേടിയത്. അതും ചൈനീസ്, ഇന്‍ഡൊനീഷ്യന്‍, ഡാനിഷ് ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് ചരിത്രത്തില്‍ ആദ്യമായി തോമസ് കപ്പ് നേടിയതിന് തൊട്ടുപിറകേ. ഇന്ന് മികച്ച ഇരുപത് പുരുഷ താരങ്ങളില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. വനിതകളുടെ ആദ്യ പത്തിലും പുരുഷന്മാരുടെ ഡബിള്‍സിലെ ആദ്യ പത്തിലുമുണ്ട് ഇന്ത്യന്‍ സാന്നിധ്യം. ഇതിഹാസങ്ങളായ ലിന്‍ ഡാനും ലീ ചോങ് വെയും പലകുറി ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയതും ചരിത്രം. ഇന്ത്യയുടെ മതമെന്ന് വാഴ്ത്തപ്പെടുന്ന ക്രിക്കറ്റിന് പോലുമുണ്ടോ അവകാശപ്പെടാന്‍ ഇത്രയും വലിയ നേട്ടങ്ങള്‍?. സംശയമാണ്.

ഇന്ത്യന്‍ ബാഡ്മിന്റണിലെ ഏറ്റവും വലിയ നേട്ടമെന്ന് തോമസ് കപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയങ്ങളെ വാഴ്ത്തി നാവെടുക്കും മുന്‍പ് തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഒരു അവസ്ഥ ക്ഷണിച്ചുവരുത്തിയത് വല്ലാത്തൊരു യാദൃച്ഛികതയായി. ബാഡ്മിന്റണിലെ വിപ്ലവം പൂര്‍ണമായിരുന്നില്ല. ഇന്നും രോഗലക്ഷണങ്ങള്‍ പലതുമുണ്ട്. ഇടയ്‌ക്കൊക്കെ അവ തല പൊക്കാറുമുണ്ട്. എങ്കിലും പഴയ കലാപത്തിന്റെ പേരില്‍ കാലങ്ങള്‍ ഏറെ മുന്നേറാന്‍ അവര്‍ക്ക് കഴിഞ്ഞു. കളിക്കാരുടെ വാക്കിന് കളിനടത്തിപ്പില്‍ വിലയുണ്ടായി. ഇന്ന് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് ദേശീയ പരിശീലകന്‍ കൂടിയായ ഗോപിചന്ദ്. എന്നാല്‍, അട്ടിമറി അലസിപ്പോയ ഫുട്‌ബോള്‍ ഐ.എസ്.എല്‍ എന്ന 'ഇന്ത്യന്‍ പെന്‍ഷനേഴ്‌സ് ലീഗ്' ഗിമ്മിക്കല്ലാതെ പഴയ കാലത്തില്‍ നിന്ന് ഒരടി മുന്നോട്ടല്ല, നൂറടി പിന്നോട്ടാണ് പോയത് എന്നതിന് ഫിഫയുടെ ശിക്ഷാനടപടി ഒന്ന് മാത്രം മതിയല്ലോ ഉദാഹരണമായി. ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദുരവസ്ഥ എണ്ണിയെണ്ണിപ്പറയുന്നവര്‍ പോലും അലസിപ്പോയ ഈ വിപ്ലവശ്രമത്തെ വിസ്മരിക്കുന്നു എന്നതാണ് വിചിത്രം. പാഴായ ഈ വിപ്ലവത്തിന്റെ ചരിത്രം കൂടി ചികഞ്ഞെങ്കിലേ പൂര്‍ണമാവൂ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വര്‍ത്തമാനകാല തകര്‍ച്ചയുടെ കഥ.

ഇന്ത്യൻ ടീം. Photo: Courtesy. AIFF

ഇന്ന് ഐ ലീഗായി മാറിയ പഴയ നാഷണല്‍ ലീഗിന്റെ നടത്തിപ്പ് അവതാളത്തിലായതോടെയാണ് ആനന്ദ് മഹീന്ദ്രയും മല്ല്യയും സാല്‍ഗോക്കറുമെല്ലാം ഫെഡറേഷനെതിരേ അങ്കത്തിനിറങ്ങിയത്. വെറും വ്യവസായികള്‍ മാത്രമായിരുന്നില്ല അവര്‍. മല്ല്യ മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു. പഴയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ തുടങ്ങിയതാണ് ആനന്ദ് മഹീന്ദ്രയ്ക്ക് ഫുട്‌ബോളുമായുള്ള ബന്ധം. 1991ല്‍ ആനന്ദ് കമ്പനിയുടെ കടിഞ്ഞാണ്‍ കൈയിലെടുക്കുമ്പോള്‍ മഹീന്ദ്രയ്ക്ക് ഫുട്‌ബോളിന് പുറമെ ഹോക്കി, കബഡി ടീമുകളുമുണ്ടായിരുന്നു. രാജ്യം ഉദാരവത്കരണത്തിന്റെ പാതയിലായ അക്കാലത്ത് വലിയ വെല്ലുവിളകളാണ് കമ്പനി നേരിട്ടത്. ഇതോടെ ടീമുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലായി. ഒടുവില്‍ ജീവനക്കാരുടെ കൂടി സമ്മതത്തോടെ ഹോക്കിയും കബഡിയും ഒഴിവാക്കി ഫുട്‌ബോള്‍ ടീം മാത്രമാണ് ആനന്ദ് നിലനിര്‍ത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാതൃകയില്‍ ടീമിനെ മഹീന്ദ്ര യുണൈറ്റഡ് എന്ന് റീബ്രാന്‍ഡ് ചെയ്ത് മോടി കൂട്ടുകയും ചെയ്തു. എന്നാല്‍ ഐ ലീഗ് കുത്തഴിഞ്ഞതോടെ ഫുട്‌ബോള്‍ ടീമിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി. ഐലീഗും ഫെഡറേഷന്‍ കപ്പുമെല്ലാം വഴിപാടുപോലെയായതോടെ ടീം ഒരു ബാധ്യതയായി. അങ്ങനെയാണ് ആനന്ദ് മഹീന്ദ്ര കലാപക്കൊടി ഉയര്‍ത്തി രംഗത്തിറങ്ങിയത്. പ്രൊഫഷണല്‍ രീതിയില്‍ നടത്തണമെന്നും സാധിക്കുന്നില്ലെങ്കില്‍ ലീഗ് ഉപേക്ഷിക്കണമെന്നും ഫെഡറേഷനോട് ആവശ്യപ്പെട്ടു. കൊല്‍ക്കത്ത ക്ലബുകള്‍ക്കുവേണ്ടി വാരിയെറിഞ്ഞ കോടികള്‍ പാഴാവുകയാണെന്ന ചിന്ത വിജയ് മല്ല്യയിലും ശക്തമായിരുന്നു അക്കാലത്ത്. പരിദേവനങ്ങള്‍ ചെന്നുവീണത് ഫെഡറേഷന്റെ ബധിരകര്‍ണങ്ങളിലാണെന്ന് കണ്ടതോടെ അവര്‍ രണ്ടും കല്‍പിച്ച് പടയ്ക്കിറങ്ങി. അങ്ങനെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന വിമത സംഘടന പിറക്കുന്നത്. മഹീന്ദ്രയ്ക്കും മല്ല്യയ്ക്കും പുറമെ ശിവാനന്ദ് സാല്‍ഗോക്കര്‍, പി.വി.പോള്‍, വി.കെ.രേഖി, കല്ല്യാണ്‍ ഗാംഗുലി എന്നിവര്‍ കൂടിയുണ്ടായിരുന്നു അമരത്ത്. അണിയറയില്‍ നിശബ്ദ പിന്തുണമായ പി.പി.ലക്ഷ്മണും ചേര്‍ന്നു. മുടന്തുന്ന ഐ ലീഗിന് ബദലായി ഒരു വിമത പ്രൊഫഷണല്‍ ലീഗായിരുന്നു ഇവരുടെ ആദ്യ നീക്കം. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഐ.എം.ജിയുമായി മഹീന്ദ്ര തന്നെ കൂടിയാലോചനകള്‍ നടത്തി. പിന്നെയാണ് മല്ല്യ രംഗത്തുവന്നത്. ഇതോടെ വിമത ലീഗില്‍ മൂന്ന് കൊല്‍ക്കത്ത വമ്പന്മാരുടെയും സാന്നിധ്യം ഉറപ്പായി. ഗോവ സാല്‍ഗോക്കറിന്റെ ഉടമ ശിവാനന്ദ് സാല്‍ഗോക്കറും ഇവര്‍ക്കൊപ്പം ചേര്‍ന്നു. മഹീന്ദ്ര, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, ടോളിഗഞ്ച് അഗ്രഗാമി, സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ജെസിടി മില്‍സ് ഫഗ്വാര, ഇന്ത്യയിലെ തന്നെ ആദ്യ പ്രൊഫഷണല്‍ ക്ലബായ എഫ്.സി.കൊച്ചിന്‍ തുടങ്ങി പന്ത്രണ്ട് ടീമുകള്‍ ലീഗില്‍ ചേരാന്‍ ബൂട്ടുകെട്ടി. യൂറോപ്പ്യന്‍ മാതൃകയില്‍ ഒരു ഒന്നാംകിട പ്രൊഫഷണല്‍ ലീഗ് വരുമെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ഫുട്‌ബോള്‍ പ്രേമികള്‍ കിനാവു കണ്ടു. എന്നാല്‍, ഇവര്‍ മനസ്സില്‍ കണ്ടത് ദാസ് മുന്‍ഷിയിലെ മാക്യുവെലി മാനത്ത് കണ്ടു. മല്ല്യയെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റാക്കി വിമതരെ നെടുകെ പിളര്‍ത്തി. വിപ്ലവവും വിമത ലീഗും അങ്ങനെ ഗര്‍ഭത്തില്‍ തന്നെ അലസിപ്പോയി.

തലേദിവസം വരെ വിമത ലീഗിന്റെ യോഗം നടത്തിയ താന്‍ പിറ്റേ ദിവസം കാലത്ത് പത്രത്തില്‍ നിന്നാണ് മല്ല്യ വൈസ് പ്രസിഡന്റായ വിവരം അറിഞ്ഞതെന്ന് മഹീന്ദ്ര ഫോബ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പണ്ട് തുറന്നു പറഞ്ഞു. കുറച്ചു കാലം കൂടി മഹീന്ദ്ര ക്ലബ് തള്ളിക്കൊണ്ടുപോയി. ഒടുവില്‍ ഒരു തീരുമാനം കൈക്കൊണ്ടു. ആറു പതിറ്റാണ്ടിന്റെ ചരിത്രമുള്ള, എണ്ണമറ്റ ദേശീയ താരങ്ങളെ സംഭാവന ചെയ്ത, നാഷണല്‍ ലീഗും ഡൂറണ്ട് കപ്പും ഫെഡറേഷന്‍ കപ്പും സൂപ്പര്‍ കപ്പും ഐ.എഫ്.എ. കപ്പുമെല്ലാം നേടിയ ടീമിനെ 2010ല്‍ പൂട്ടിക്കെട്ടുക. വിമത ലീഗിനൊപ്പം ഒരു വലിയ ചരിത്രം കൂടി അങ്ങനെ അസ്തമിച്ചു. അപ്പോഴേയ്ക്കും പക്ഷാഘാതം വന്ന് ദാസ് മുന്‍ഷി ഫെഡറേഷന്റെ അധ്യക്ഷപദവി ഒഴിഞ്ഞിരുന്നു. പകരം പ്രഫുല്‍ പട്ടേല്‍ വരികയും ചെയ്തു. പക്ഷേ, മഹീന്ദ്ര കട്ടപ്പുറത്ത് നിന്നറങ്ങിയില്ല.

പിന്നെയും മൂന്ന് വര്‍ഷം തട്ടിയുരുട്ടി കൊണ്ടുപോയശേഷമാണ് ഫെഡറേഷന്‍ പഴയ വിമതരുടെ ആശയം കടംകൊണ്ട് ഐ.എസ്.എല്ലിന് തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ വിപ്ലവമെന്നു വിശേഷിപ്പിക്കാനാണ് ദാസ് മുന്‍ഷിയുടെ പകരക്കാരനായി വന്ന പ്രഫുല്‍ പട്ടേലും കൂട്ടും എന്നും ശ്രമിച്ചത്. സീക്കോ, റോബര്‍ട്ടോ കാര്‍ലോസ്, മാറ്റരാസി, ഇയാന്‍ ഹ്യൂം, ഡേവിഡ് ജെയിംസ് തുടങ്ങിയ പഴയ പടക്കുതിരകളെ കൊണ്ടുവന്ന് പ്രതീക്ഷ പകര്‍ന്നു. വിരമിച്ച താരങ്ങളെ വന്‍തുക കൊടുത്ത് കെട്ടിയെഴുന്നള്ളിച്ച ലീഗ് ഒരു പരാജയമാണെന്ന് വിധിക്കുക വയ്യ. ഗ്യാലറിയിലേയ്ക്ക് ആളുകളെ തിരികെ കൊണ്ടുവന്നു, ചില സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ചു, യുവതാരങ്ങളെ വെള്ളിവെളിച്ചത്തിലെത്തിച്ചു, ക്രിക്കറ്റിനെ പോലെ ഫുട്‌ബോളും പണം കായ്ക്കുന്ന മരമാണെന്ന് തെളിയിച്ചു... തുടങ്ങിയ പ്രത്യക്ഷ ഗുണങ്ങള്‍ എണ്ണിപ്പെറുക്കാമെങ്കിലും പത്താം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ലീഗ് ദേശീയ ടീമിന് എന്ത് ഗുണം ചെയ്തത് എന്നത് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പത്ത് വര്‍ഷം തികയ്ക്കും മുന്‍പ് തന്നെ കളിക്കാരിലും പരിശീലകരിലും ഫ്രാഞ്ചൈസികളിലും നീരസം പുകഞ്ഞുതുടങ്ങിയിട്ടുണ്ട്. ദൈര്‍ഘ്യം, മത്സരങ്ങളുടെ എണ്ണം, വിദേശികള്‍ വാഴുന്ന ലീഗില്‍ പുതിയ താരങ്ങളുടെ ആവിര്‍ഭാവം, അക്കാദമികളുടെ പോരായ്മ, തരംതാഴ്ത്തലും സ്ഥാനക്കയറ്റവും ഇല്ലാത്തത് തുടങ്ങി ടൂര്‍ണമെന്റിന്റെ അടിസ്ഥാന ഘടനയില്‍ തന്നെ ഗുരുതരമായ പുഴുക്കുത്തുകളുണ്ടെന്ന് വിദഗ്ദ്ധര്‍ ഇപ്പോഴേ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. പിച്ചവയ്ക്കാന്‍ ഇനിയും കാലമുണ്ടല്ലോ അന്തിമവിധി അവധിക്കുവയ്ക്കാം. അതും ഫിഫ കനിഞ്ഞെങ്കില്‍ മാത്രം.

വിധി പറയേണ്ടത് മറ്റൊരു കാര്യത്തിലാണ്. അത്രയ്ക്കും കേമമാണ് ഐ.എസ്.എല്ലെങ്കില്‍ ഈ ഒരു പതിറ്റാണ്ട് കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ കീഴടക്കേണ്ട ഉയരങ്ങള്‍ വലുതായിരുന്നു. എന്നാല്‍, അതുണ്ടായോ? റൊണാള്‍ഡോയെയും മെസ്സിയെയും വരെ വിറപ്പിക്കുന്ന സുനില്‍ ഛേത്രിയുടെ കേവല ഗണിതത്തിന്റെ പുറംപൂച്ചുകള്‍ ഏറെയുണ്ട് കൊട്ടിഘോഷിക്കണമെങ്കില്‍. നേരിനു നേരെ പിടിച്ചാല്‍ അത്ര സുന്ദരമായിരുന്നോ ഫിഫ പൂട്ടിടുംവരെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖം. ഇക്കഴിഞ്ഞ സാഫ് ഫുട്‌ബോള്‍ തന്നെ വലിയൊരു ഉരകല്ലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടക്കാനായിരുന്നില്ലെങ്കില്‍ ഏഴ് വട്ടം ചാമ്പ്യന്മാരായ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താണ്. ആ ഗോള്‍ തന്നെ ഛേത്രിയുടെ ബൂട്ടില്‍ നിന്ന് പിറന്നത് എണ്‍പത്തിരണ്ടാം മിനിറ്റിലും. മറ്റു മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടുമെല്ലാം സമനില കൊണ്ട് തടിതപ്പുകയായിരുന്നു. ഇനി ഈ എതിരാളികളുടെ ഫിഫ റാങ്കുകള്‍ നോക്കാം. നേപ്പാള്‍ 176, ബംഗ്ലാദേശ് 197, ശ്രീലങ്ക 207. ഇവരോടൊക്കെ വിയര്‍ത്ത ഇന്ത്യയുടേതാവട്ടെ 103ഉം. ഇനി മറ്റ് വിശദീകരണങ്ങള്‍ ആവശ്യമുണ്ടൊ. ഓര്‍ക്കണം, ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം കോടികള്‍ ഒഴുക്കി ഒരു ലീഗ് കൊണ്ടുനടക്കുമ്പോഴാണ് ഈ ഫലം.

ഐ.എസ്.എല്‍ അല്ലാതെ മറ്റെന്ത് പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നടക്കുന്നത്. ഐ.എസ്.എല്‍ കവര്‍ന്ന ഫെഡറേഷന്‍ കപ്പിന്റെയും സന്തോഷ് ട്രോഫിയുടെയും ഡ്യൂറണ്ട് കപ്പിന്റെയുമെല്ലാം ജാതകം നമ്മള്‍ കെട്ടഴിച്ചുനോക്കിയതേയില്ല. യുവനിരയെ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളും നമ്മുടെ ഫോക്കസില്‍ വന്നില്ല. സംസ്ഥാന അസോസിയേഷനുകളുടെ പ്രവര്‍ത്തനവും ഓഡിറ്റ് ചെയ്യപ്പെട്ടില്ല. സംസ്ഥാന അസോസിയേഷനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നേരിട്ട് സന്തോഷ് ട്രോഫി നടത്തുന്നതും പോലും ഇക്കാലത്ത് നമ്മള്‍ കണ്ടു. പരിഹാരം കാണേണ്ടത് ആരായിരുന്നു. തിരഞ്ഞെടുപ്പ് പോലും നടത്താന്‍ സൗകരപ്പെടാത്ത പ്രഫുല്‍ പട്ടേലും സംഘവുമോ? ഇങ്ങനെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നതെങ്കില്‍ ഇന്ത്യ ഇനിയും പിറകോട്ട് പോകുമെന്ന് അടുത്തിടെയാണ് ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞത്. ഇത്രയും നിര്‍ണായകമായ ഒരു സമയത്ത് ഒരു ഫെഡറേഷന് എങ്ങനെ ഇതുപോലെ ഉറക്കം നടക്കാന്‍ കഴിയും എന്നുകൂടി ചോദിച്ചു പ്രീമിയര്‍ ലീഗില്‍ കളിച്ച അനുഭവമുള്ള സ്റ്റിമാച്ച്. ഐ ലീഗിനെയും ഐ.എസ്.എല്ലിനെയും കുറിച്ചും ഗുരുതരമായ ആശങ്കകള്‍ പങ്കുവച്ചു മൂന്ന് വര്‍ഷമായി ടീമിനെ കൊണ്ടുനടക്കുന്ന ഈ ക്രൊയേഷ്യക്കാരന്‍. സ്റ്റിമാച്ചിന്റെ പരിദേവനങ്ങള്‍ ഫെഡറേഷന്‍ കേട്ടില്ല. പകരം സുപ്രീം കോടതിയും ഫിഫയും കേട്ടു.

ഇവര്‍ രണ്ടു കൂട്ടരും ഇടപെട്ടില്ലായിരുന്നെങ്കില്‍ പതിവ് ബ്രഹ്മാസ്ത്രം പ്രയോഗിക്കുമായിരുന്നു സ്റ്റിമാച്ചിനെതിരേയും ഫെഡറേഷന്‍. സെപ്റ്റംബര്‍ വരെ കരാര്‍ കലാവധിയുള്ള സ്റ്റിമാച്ചിനെ രായ്ക്കുരാമാനം നാടുകടത്തി മാനംകെടുത്തിയേനെ. പണ്ടേക്കു പണ്ടേ അതാണ് വഴക്കം. ഓരോ വീഴ്ചയ്ക്കും വില കൊടുക്കേണ്ടിവന്നത് എഴുപത്തിയഞ്ച് കൊല്ലക്കാലം വന്നുംപോയുമിരുന്ന അറുപതോളം പരിശീലകര്‍ മാത്രമാണല്ലോ. ടീമിന് ഏതെങ്കിലും നിലയില്‍ പൊന്‍തൂവല്‍ സമ്മാനിച്ചവരെ തിരഞ്ഞുപിടിച്ച് വേട്ടയാടി സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടേയിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്റെ കൈകാര്യക്കാര്‍. 1956 ലെ ഒളിമ്പിക് സെമിഫൈനലിസ്റ്റുകള്‍, രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കള്‍ എങ്ങനെ ഇന്നത്തെ അവസ്ഥയിലെത്തി എന്നതിനുള്ള ഒരു ഉത്തരം കൂടിയാണിത്. പാതിരാത്രി പാതിവഴിയില്‍ രാജിവച്ചു പോകേണ്ടിവന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പകരക്കാരനായിട്ടായിരുന്നല്ലോ സ്റ്റിമാച്ചിന്റെ തന്നെ വരവ്. കോണ്‍സ്റ്റന്റൈനും സ്റ്റിമാച്ചും മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പരിശീലകന്‍ എസ്.എ.റഹീം മുതല്‍ ഇതാണ് ഇന്ത്യയിലെ പരിശീലകരുടെയെല്ലാം തലവിധി.

ഒരു ഒളിമ്പിക് നാലാം സ്ഥാനം. രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം.. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇതിലും വലിയ നേട്ടങ്ങള്‍ വേറെയില്ല. ഈ നേട്ടങ്ങളത്രയും സമ്മാനിച്ചത് നമ്മള്‍ ഒട്ടും ആഘോഷിക്കാത്ത ഒരു ഇന്ത്യക്കാരനാണ്. ഹൈദരാബാദുകാരനായ സയ്യിദ് അബ്ദുള്‍ റഹീം. അതുകൊണ്ടു തന്നെ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകന്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാം റഹീം സാബിനെ. എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ റഹീമിനുവേണ്ടി കാത്തുവച്ചത് ക്രൂരമായ വിസ്മൃതിയും തിരസ്‌കാരവുമൊക്കെയാണ്. അര്‍ബുദത്തോട് പൊരുതിത്തോറ്റ റഹീമിനെ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ തോല്‍പിച്ചവരാണ് ഗുരുത്വവും നന്ദിയും തൊട്ടുതീണ്ടാത്ത ഫെഡറേഷന്‍. അന്നത്തെ അധ്യക്ഷന്‍ ബി.ഡി. റോയിയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നു ഗ്രൗണ്ടില്‍ ടീം ജയിച്ചുകയറുമ്പോള്‍ പവലിയനില്‍ വേദന തിന്ന് പിടഞ്ഞുകൊണ്ടിരുന്ന റഹീമിന്റെ അപരാധം. ഒരു യഥാര്‍ഥ ലെജന്‍ഡിനെ നാണംകെടുത്താന്‍ അവര്‍ കണ്ടെത്തിയ വഴിയാണ് വിചിത്രം. പില്‍ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മാറിയ ഇംഗ്ലീഷുകാരന്‍ ഹാരി റൈറ്റിന്റെ ഒരു പരിശീലക ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു റഹീമിനോട്. റൈറ്റില്‍ നിന്ന് ഒന്നും പഠിക്കാനില്ലാതിരുന്നിട്ടും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒരു ഒളിമ്പിക് നാലം സ്ഥാനവും സമ്മാനിച്ച റഹീം അച്ചടക്കത്തോടെ ക്ലാസിലിരുന്നു. റഹീമിന്റെ മരണശേഷം ഇന്ത്യയുടെ ആദ്യ വിദേശപരിഗീലകനായി റൈറ്റ് ചുമതലയേറ്റു. കാര്യമായ നേട്ടങ്ങളൊന്നും സമ്മാനിക്കാതെ തന്നെ ഒരു വര്‍ഷം കൊണ്ട് മടങ്ങുകയും ചെയ്തു. തീര്‍ന്നില്ല പകവീട്ടല്‍. റഹീം പരീക്ഷിച്ച് വിജയിപ്പിച്ച ഷോര്‍ട്ട് പാസ് ഗെയിമും പിന്‍ഗാമികള്‍ കടലിലെറിഞ്ഞു. സ്റ്റാമിനയും സ്പീഡും ക്ഷയിച്ചിട്ടും ഇന്നും റഹീം ഉപേക്ഷിച്ച ലോംഗ് ബോള്‍ ഗെയിം തന്നെയാണ് ഇന്ത്യയ്ക്ക് ആശ്രയം. എന്നിട്ടും അറുപതുകളുടെ നിലവാരത്തിന്റെയോ നേട്ടങ്ങളുടെയോ ഏഴയലത്ത് എത്തിയതുമില്ല.

തുടര്‍ന്നു വന്ന പരിശീലകരോടും ഫെഡറേഷന്റെ സമീപനം വ്യത്യസ്തമായിരുന്നില്ല. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായിരുന്നു ഇംഗ്ലീഷുകാരന്‍ ബോബ് ബൂട്ട്‌ലാന്‍ഡ്. പ്രതാപം പൂര്‍ണമായി അസ്തമിക്കാത്ത എണ്‍പതുകളില്‍ ടീമിനെ നയിച്ച ബൂട്ട്‌ലന്‍ഡുമായി ചേര്‍ന്നുപോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു ഫെഡറേഷന്. ഇന്ത്യയോടുള്ള അടങ്ങാത്ത പ്രണയം കാരണം ഇന്ത്യക്കാരിയെ കല്ല്യാണം കഴിച്ച് ഗോവയില്‍ സ്ഥിരതാമസമാക്കിയ ആളായിരുന്നു 4-3-3 എന്ന ശൈലിയെ ഇന്ത്യയില്‍ ജനകീയമാക്കിയ ബൂട്ട്‌ലാന്‍ഡ്. എന്നാല്‍ ഒരൊറ്റ കൊല്ലം മാത്രമാണ് ഫെഡറേഷന്‍ ബൂട്ട്‌ലന്‍ഡിനെ പരിശീലക സ്ഥാനത്ത് വച്ചുവാഴിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിലെ രാഷ്ട്രീയം കളിക്കാരെ കൊല്ലുകയാണെന്ന് പരിതപിച്ചാണ് ശിഷ്ടകാലം ഗോവന്‍ ക്ലബുകളെ പരിശീലിപ്പിച്ച് ഒടുവില്‍ ഇന്ത്യയില്‍ തന്നെ അവസാനശ്വാസം വലിച്ച ബൂട്ട്‌ലാന്‍ഡ് സ്ഥാനമൊഴിഞ്ഞത്. പിന്‍ഗാമിയായി മറ്റൊരു ഇംഗ്ലീഷുകാരന്‍ ജോ കിന്നിയര്‍ എത്തിയെങ്കിലും വെറും മൂന്ന് മാസത്തെ ആയുസ്സാണ് ഫെഡറേഷന്‍ അനുവദിച്ചത്.

റഹീം ചുമതല വഹിച്ച അറുപതുകള്‍ക്കുശേഷം ഇന്ത്യ ഏഷ്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധപിടിച്ചുപറ്റുന്നത് ഇരുപത് വര്‍ഷത്തിനുശേഷം 1984 ഏഷ്യാ കപ്പിലാണ്. യെമനെയും പാകിസ്താനെയും തോല്‍പിക്കുകയും കരുത്തരായ ദക്ഷിണ കൊറിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് മാത്രം തോല്‍ക്കുകയും ചെയ്ത ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുകയും ചെയ്തു ടീം. ഫൈനല്‍ റൗണ്ടില്‍ യു.എ.ഇയോടും ചൈനയോടും തോറ്റ ടീം ഇറാനെ സമനിലയില്‍ തളച്ച് ചരിത്രം കുറിക്കുകയും ചെയ്തു. സെര്‍ബിയക്കാരന്‍ മിലോവാന്‍ സിരിച്ചിനായിരുന്നു അന്ന് ടീമിന്റെ ചുമതല. ഇന്നും ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായി വാഴ്ത്തുന്നത് സിരിച്ചിനെയാണ്. പരിശീലനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സിരിച്ചിനെയും അധികകാലം വച്ചുവാഴിച്ചില്ല ഫെഡറേഷന്‍.

അടുത്ത ഊഴമായിരുന്നു ബോബ് ഹോട്ടന്റേത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഒരിക്കല്‍ക്കൂടി തലയുയര്‍ത്തിയ കാലമായിരുന്നു ഇത്. രണ്ട് വട്ടം നെഹ്‌റു കപ്പ് കിരീടം, എ.എഫ്.സി. ചാലഞ്ച് കപ്പ് ജയം വഴി ഒരിക്കല്‍ക്കൂടി ഏഷ്യാ കപ്പിന് യോഗ്യത. കരാര്‍ പുതുക്കാതായതിനെ തുടര്‍ന്ന് 2010ല്‍ ഹോട്ടന്‍ രാജിവച്ചു. ഈ രാജി പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദമാണ് ഫെഡറേഷന്‍ നടത്തിയത്. തിരിച്ചുവരവിലെ മധുവിധു പക്ഷേ, അധികം നീണ്ടില്ല. കളിക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ഹോട്ടനെ ഫെഡറേഷന്റെ കണ്ണിലെ കരടാക്കി. പുറത്താക്കാനുള്ള കരുനീക്കവും ആരംഭിച്ചു. ഏഷ്യാ കപ്പിലെ തോല്‍വി ഒരു ഉപാധി മാത്രമായിരുന്നു. സമ്മര്‍ദം ശക്തമായതോടെ, 2013 വരെ കരാര്‍ ഉണ്ടായിരുന്നിട്ടും ഹോട്ടന്‍ രണ്ട് വര്‍ഷം മുന്‍പേ രാജിവച്ചൊഴിഞ്ഞു. ഇതിനിടെ വംശീയാധിക്ഷേപത്തിന്റെ ഒരു ആയുധം കൂടി ഉപയോഗിച്ചു ഫെഡറേഷന്‍, രാജ്യത്തെ ആദ്യമായി നൂറു റാങ്കില്‍ താഴേ എത്തിച്ച് ചരിത്രം സൃഷ്ടിച്ച, ഹോട്ടനെതിരേ. 2010ലായിരുന്നു ഈ സംഭവം. റഫറിമാരായിരുന്നു പരാതിക്കാര്‍. എന്നാല്‍, 2011 വരെ, അതായത് ഹട്ടന്‍ അനഭിമതനാവും വരെ, ഫെഡറേഷന്‍ ഈ പരാതി പരണത്ത് വച്ചു. തക്കം കിട്ടിയപ്പോള്‍ യാതൊരു ലജ്ജയുമില്ലാതെ ഗോളടിക്കുകയും ചെയ്തു. നാണംകെട്ട് തിരിച്ച്‌പോകുമ്പോള്‍ ഒരു പ്രവചനം കൂടി നടത്തി ഹോട്ടന്‍. 'നിങ്ങള്‍ക്കുവേണമെങ്കില്‍ കോച്ചിനെ മാറ്റി ഗസ് ഹിഡ്ഡിങ്ങിനെയോ ഹൊസെ മൗറീന്യോയേയോ കൊണ്ടുവരാം എന്നാലും നിങ്ങള്‍ ഈ 140-ാം റാങ്കില്‍ തന്നെ നില്‍ക്കും.' ശാപപ്രവചനം എന്തായാലും അച്ചട്ടാണ്.

പിന്നീട് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു പരിശീലകന്‍ മറ്റൊരു ഇംഗ്ലീഷുകാരനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ്. എന്നാല്‍, 2014ല്‍ കോണ്‍സ്റ്റന്റൈനെ രണ്ടാംവട്ടം കൊണ്ടുവരുമ്പോള്‍ എ.ഐ.എഫ്.എഫ് മുന്നോട്ടുവച്ച് പ്രധാന നിബന്ധനയാണ് വിചിത്രം. മുന്‍ഗാമി വിം കോവര്‍മാന്‍സിനേക്കാള്‍ ശമ്പളം കുറവായിരിക്കണം. ഈ കോവര്‍മാന്‍സിന്റെ കാലത്താണ് ഇന്ത്യയുടെ റാങ്കിങ് 175ല്‍ എത്തിയതെന്ന് ഓര്‍ക്കണം. ചെറിയ ശമ്പളമാണെങ്കിലും ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കോണ്‍സ്റ്ററ്റൈന് കീഴില്‍ ഇന്ത്യയ്ക്കായി. എന്നാല്‍, ഫെഡറേഷനിലെ ചില ഉന്നതരും ചില മുതിര്‍ന്ന താരങ്ങളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടാന്‍ ഏറെ വൈകിയില്ല. പതിവുപോലെ കോച്ചിനെ പുകയ്ക്കാന്‍ തല പുണ്ണാക്കുന്നതിനിടെയാണ് ഷാര്‍ജയില്‍ ബഹ്‌റൈനോട് സമനില വഴങ്ങി എ.എഫ്.സി ഫൈനല്‍ റൗണ്ട് മോഹം അവസാന നിമിഷം പൊലിഞ്ഞത്. മത്സരശേഷം രാത്രി തന്നെ കോണ്‍സ്റ്റന്റൈന്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഉറക്കമൊഴിച്ചിരുന്ന ഫെഡറേഷന്‍ തല്‍ക്ഷണം തന്നെ രാജി സ്വീകരിച്ചു. നട്ടപ്പാതിരയ്ക്കുതന്നെ വൈദ്യന്റെയും രോഗിയുടെയും ഇച്ഛ സഫലമായി.

വിദേശികളെ മാത്രമല്ല, ഇന്ത്യക്കാരനായ സയ്യിദ് നയിമുദ്ദീനെ പുറത്താക്കാന്‍ പ്രയോഗിച്ചതും ഇതുപോലൊരു കള്ളക്കരു തന്നെ. 2006ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യെമനോട് തോറ്റ ദിവസം രാത്രി നയിമിന്റെ കരാര്‍ കാലാവധി അവസാനിച്ചുവെന്ന് അപ്രതീക്ഷിതമായി വന്ന് അറിയിക്കുകയായിരുന്നു ഫെഡറേഷന്‍. അതും യാതൊരു മുന്‍കൂര്‍ നോട്ടീസുമില്ലാതെ. തോല്‍വിയല്ല, ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയയുമായുള്ള നയിമിന്റെ ഉടക്കായിരുന്നു പ്രശ്‌നം എന്നത് അങ്ങാടിപ്പാട്ടാണ്. നാണംകെടുത്തി അയച്ചക്കുന്നത് അര്‍ജുന അവാര്‍ഡും ദ്രോണാചാര്യ അവാര്‍ഡും നേടിയ, ഏഷ്യാ കപ്പില്‍ റണ്ണറപ്പായ ചരിത്രമുള്ള രാജ്യത്തെ ഒരേയൊരളെയാണെന്ന വസ്തുത പോലും അവരുടെ തലയില്‍ കയറിയില്ല. ബംഗ്ലാദേശ് പരിശീലകനായാണ് നയിം നാടുവിട്ടത്. പിന്നീട് പന്ത്രണ്ട് വര്‍ഷക്കാലം ധാക്ക മുഹമ്മദന്‍സിനെയും ബ്രദേഴ്‌സ് യൂണിയനെയും പരിശീലിപ്പിച്ച് കാലം കഴിച്ചു.

ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി, വിജയൻ. Photo: Courtesy. AIFF

ഇനി എന്താവുമെന്ന് ആര്‍ക്കുമില്ല നിശ്ചയം. സമ്പൂര്‍ണ ഇരുട്ടാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍. ആദ്യമായി ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് വെള്ളത്തിലായി. ഐ.എസ്.എല്‍. ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്ക് അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ കൂടി മാത്രം. മോഹന്‍ ബഗാന്റെ എ.എഫ്.സി കപ്പ് ഇന്റര്‍ സോണല്‍ പ്ലേഓഫ് മത്സരം അവതാളത്തിലായി. എല്ലാംപോട്ടെ, ഇപ്പോള്‍ വിയറ്റ്‌നാമിലുള്ള ഗോകുലം കേരളയുടെ വനിതാ ടീമിനെ ആര് നാട്ടിലെത്തിക്കും. പ്രഫുല്‍ പട്ടേലോ സുപ്രീം കോടതി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയോ? അതോ സര്‍വതിനും മൂകസാക്ഷികളാവാന്‍ വിധിക്കപ്പെട്ട ഭരണകൂടമോ? എന്തായാലും ഈ കളിയില്‍ കളിക്കാര്‍ക്കോ ഫുട്‌ബോള്‍ ജീവവായുവാക്കിയ കളിഭ്രാന്തര്‍ക്കോ റോളൊന്നുമില്ല. നാളെ ഒരുപക്ഷേ, പ്രഫുല്‍ പട്ടേലിനെയും കുശാല്‍ ദാസിനെയം തന്നെ ഫിഫ തിരികേ കൊണ്ടുവന്നേക്കും. അതല്ലെങ്കില്‍ മറ്റൊരു പട്ടേലോ ദാസോ അവരോധിക്കപ്പെട്ടേക്കാം. ഫുട്‌ബോള്‍ രക്ഷപ്പെടുമെന്ന് മാത്രം ആരും പ്രതീക്ഷിക്കുന്നില്ല.

ഒളിമ്പിക്‌സില്‍ നഗ്‌നപാദരായി കളിച്ച് ഫ്രാന്‍സിനെ ഞെട്ടിച്ചൊരു ചരിത്രമുണ്ട് ഇന്ത്യന്‍ ടീമിന്. സ്വാതന്ത്ര്യം നേടിയ പിറ്റേ വര്‍ഷം. ജോര്‍ജ് ആറാമന്‍ രാജാവ് ഇന്ത്യന്‍ ടീമിനെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് വിരുന്നിന് ക്ഷണിച്ചുവരുത്തി ശൈലന്‍ മന്നയുടെ കാല് തൊട്ട് നോക്കി അത്ഭുതം കൂറിയെന്നൊരു കഥയുമുണ്ട്. കൃത്യം എഴുപത്തിനാലു വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിനെ മാത്രമല്ല, ലോകത്തെയാകമാനം ഞെട്ടിച്ച് നഗ്‌നരായി തന്നെ നില്‍ക്കുകയാണ് നമ്മള്‍. തൊട്ടുനോക്കി അത്ഭുതപ്പെടാന്‍ മാത്രമല്ല, കൈതന്ന് സഹായിക്കാന്‍ പോലുമില്ല ഒരു രാജാവും. അല്ലെങ്കിലും അവനവനെ സഹായിക്കുന്നവരെ സഹായിക്കാനല്ലേ ആളുണ്ടാവൂ. ഇന്ത്യന്‍ ഫുട്‌ബോള്‍ സ്വയം വിധിച്ചതാണ് ഈ ശിക്ഷ. കരകയറാന്‍ സ്വയം വിചാരിക്കണം. ഇവിടെ കളത്തിലല്ല, പുറത്താണ് പദുക്കോണിനെ പോലൊരു ഇതിഹാസത്തിന്റെ കളി കാണേണ്ടത്. ഗ്യാലറിയിലല്ല, ഇവിടെയാണ് ആരാധകപ്പട ശൗര്യം കാട്ടേണ്ടത്. കേള്‍ക്കുന്നുണ്ടോ ബൈച്ചുങ് ബൂട്ടിയയും സുനില്‍ ഛേത്രിയും ഐ.എം. വിജയനും മഞ്ഞപ്പടയുമെല്ലാം. ഒരു പിടി അഴിമതിക്കോമരങ്ങളുടെ കളങ്കം മായ്ച്ചുകളയുന്നത് നിങ്ങള്‍ രചിച്ച ചരിത്രം കൂടിയാണ്.

Content Highlights: fifa ban, soccer, indian football badminton, padukone, chethri, im vijayan mahindra, mallya, praful


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented