ഓര്‍മ്മയിലിന്നും പറക്കുന്നു ആ "വിക്ടര്‍"


രവിമേനോന്‍

ആദ്യമായി ഇന്ത്യക്ക് കളിച്ചത് 1976 ലെ പ്രസിഡന്റ്‌സ് കപ്പില്‍. അരങ്ങേറ്റം തന്നെ പൊടിപൊടിച്ചു വിക്ടര്‍.

വിക്ടർ മഞ്ഞില

നാലര പതിറ്റാണ്ട് മുന്‍പ്, പടമെടുപ്പിലെ അത്യന്താധുനിക ഡിജിറ്റല്‍ സങ്കേതങ്ങളൊന്നും സ്വപ്നങ്ങളില്‍ പോലുമില്ലാത്ത കാലത്ത് മനോരമയുടെ ടി നാരായണന്‍ എന്ന നാരായണേട്ടന്‍ ക്ലിക്ക് ചെയ്ത ഈ കിടിലോല്‍ക്കിടിലന്‍ ഫോട്ടോഗ്രാഫില്‍ നിന്നാണ് വിക്ടര്‍ മഞ്ഞില എന്ന ഗോള്‍ക്കീപ്പര്‍ എന്റെ ഫുട്ബാള്‍ ചിന്തകളില്‍ പറന്നിറങ്ങിയത്; കണ്ണഞ്ചിക്കുന്ന ഒരു ഡൈവിലൂടെ....അതും എന്തൊരു പവന്‍മാറ്റ് ഡൈവ്...!

പന്തുകളിപ്രേമം തലയ്ക്ക് പിടിച്ച സ്‌കൂള്‍ കുട്ടിക്ക് ഗോള്‍ക്കീപ്പര്‍മാരോടായിരുന്നു അന്നും അകമഴിഞ്ഞ ആരാധന. ബഹുവര്‍ണ്ണ മുഴുക്കയ്യന്‍ ജേഴ്‌സിയണിഞ്ഞു ക്രോസ്സ് ബാറിനടിയില്‍ ഉലാത്തുന്ന സ്‌റ്റൈല്‍ മന്നന്മാരോട്. കുതിച്ചു വരുന്ന പന്തുകള്‍ നിലത്തു വീണുരുണ്ടും പറന്നുയര്‍ന്നും വായുവില്‍ ഊളിയിട്ടും തടയുന്ന സൂപ്പര്‍മാന്‍മാരെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? സുന്ദരക്കുട്ടപ്പന്മാരായിരുന്നു അക്കാലത്തെ കീപ്പര്‍മാര്‍ അധികവും.

വിക്ടറിനെ പോലെ ചുരുളന്‍ മുടിക്കാര്‍, സേതുമാധവനെയും മുസ്തഫയെയും പോലെ കട്ടിമീശക്കാര്‍, സുധീറിനെ പോലെ നീളന്‍മുടിക്കാര്‍... നെറ്റിയിലൊരു തൂവാല വലിച്ചുകെട്ടി അനുസരണയില്ലാതെ പാറിക്കളിക്കുന്ന ``ചികുരഭാര''ത്തെ വരുതിയില്‍ നിര്‍ത്തി കളിക്കാനിറങ്ങുന്ന സുധീറിനെ എങ്ങനെ മറക്കാന്‍? പിന്നെ കുട്ടിത്തം വിട്ടുമാറാത്ത മുഖമുള്ള ബ്രഹ്മാനന്ദ് ശംഖ്‌വാല്‍ക്കര്‍, അതികായനായ ബാന്ദ്യ കാക്കഡേ, അകാലത്തില്‍ പൊലിഞ്ഞുപോയ സുര്‍ജിത് സിംഗ്, അസാമാന്യ അഭ്യാസിയായിരുന്ന ഭാസ്‌കര്‍ ഗാംഗുലി, ശിബാജി ബാനര്‍ജി, അതനു ഭട്ടാചാര്യ, തരുണ്‍ ബോസ്, സുന്ദരേശന്‍.......ഏറ്റവുമൊടുവില്‍ നമ്മുടെ ചാക്കോയും മെഹബൂബും ശ്രീഹര്‍ഷനും ശ്യാമും വരെ.....അക്കൂട്ടത്തില്‍ വിക്ടര്‍ മഞ്ഞില ആയിരുന്നു ആദ്യ ആരാധനാപാത്രം.

പത്രങ്ങളുടെ കളിത്താളുകളില്‍ പറക്കും ഗോളിയായി നിറഞ്ഞുനില്‍ക്കുകയാണ് അന്ന് വിക്ടര്‍. അഞ്ചു മണിക്ക് സ്‌കൂള്‍ വിട്ടു വന്നശേഷം വീടിനടുത്ത കൊച്ചു പുല്‍മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം പഴുത്ത ബബ്ലിമൂസ് വാട്ടിയെടുത്ത് പന്താക്കി തട്ടിക്കളിക്കാന്‍ ഒത്തുചേരുമ്പോള്‍ വിക്ടറും സേതുവും സുധീറുമായി ബാറിനടിയില്‍ പകര്‍ന്നാടും ഞാന്‍. സത്യം പറയാമല്ലോ ഇന്നുമുണ്ട് ആ പഴയ ഗോളി ഉള്ളില്‍. വിധിയുടെ പൊള്ളുന്ന ഷോട്ടുകള്‍ക്ക് മുന്നില്‍ പലപ്പോഴും പകച്ചുനില്‍ക്കുന്ന ഗോളി. ആരിലാണ് അങ്ങനെയൊരാള്‍ ഇല്ലാത്തത്, അല്ലേ?

വിക്ടറിനെ കണ്ടതും അടുത്തു പരിചയപ്പെട്ടതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പത്രപ്രവര്‍ത്തനത്തിലും കളിയെഴുത്തിലും എത്തിപ്പെട്ട ശേഷം. കോഴിക്കോട് നെഹ്‌റു കപ്പില്‍ (1987) പങ്കെടുക്കുന്ന റഷ്യന്‍ ടീമിന്റെ ലോക്കല്‍ മാനേജര്‍ ആയി നിയുക്തനായ വിക്ടറിനെ തമാശയ്ക്ക് ഞങ്ങള്‍ വിക്തോര്‍ മഞ്ഞിലോസ്‌കി എന്ന് വിളിച്ചു. സി പി എം ഉസ്മാന്‍ കോയയോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് തിളങ്ങി വരികയായിരുന്നു അക്കാലത്ത് വിക്ടര്‍. കോച്ചിന്റെ വേഷത്തില്‍ മറ്റൊരു ജൈത്രയാത്രയുടെ തുടക്കം..

പ്രിയസുഹൃത്ത് വിക്ടര്‍ മഞ്ഞിലയെ കുറിച്ച് എഴുതിയ പഴയൊരു കുറിപ്പ് ഇവിടെ പങ്കുവെക്കട്ടെ. കൃത്യം മുപ്പത് വര്‍ഷം മുന്‍പ് പാലക്കാട് ആതിഥ്യമരുളിയ സന്തോഷ് ട്രോഫിക്കിടെ കേരളകൗമുദിക്ക് വേണ്ടി എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍....മലയാളികളുടെ ഒരു തലമുറയുടെ മുഴുവന്‍ ഹരമായിരുന്ന ആ ഗോളിയെ വീണ്ടും കണ്ടുമുട്ടിയേക്കാം ഈ കുറിപ്പില്‍.

1971 ലെ മദ്രാസ് സന്തോഷ് ട്രോഫി. പ്രീമിയര്‍ ടയേഴ്‌സിന്റെ കൊച്ചിക്കാരന്‍ കെ പി വില്യംസ് നയിച്ച കേരള ടീമില്‍ അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാലാ കിരീട വിജയത്തിന്റെ ലഹരിയുമായി വന്ന വിക്ടര്‍ മഞ്ഞിലയുമുണ്ടായിരുന്നു. ഒപ്പം ജോണ്‍ കെ ജോണ്‍, ജോയ് ഉലഹന്നാന്‍, എം ഓ ജോസ്, മമ്പാട് റഹ്മാന്‍, പ്രസന്നന്‍, പനക്കാട്ട് ഹമീദ്, കെ സി പ്രകാശ്, ചാലക്കുടി രാമകൃഷ്ണന്‍, വിജയന്‍, ജാഫര്‍, വര്‍ഗീസ്, ഹരിദാസ്, ശ്രീനിവാസന്‍, ചെറിയാന്‍ ടി മാത്യു എന്നിവരും.

``ആദ്യമത്സരത്തില്‍ ത്രിപുരയെയാണ് നേരിടേണ്ടിയിരുന്നത്. പക്ഷേ അവര്‍ എത്താതിരുന്നതുമൂലം ഞങ്ങള്‍ നേരെ കരുത്തരായ ബംഗാളിന്റെ മുന്നില്‍ ചെന്ന് വീഴുന്നു. ഇന്റര്‍നാഷനലുകളുടെ പടയാണ് അന്നത്തെ ബംഗാള്‍. ചന്ദേശ്വര്‍ പ്രസാദ്, ഗോളി സര്‍ക്കാര്‍, സുധീര്‍ കര്‍മാര്‍ക്കര്‍, സുഭാഷ് ഭൗമിക്, ഹബീബ്, ഗാംഗുലി, ഘോഷ് ദസ്തിദാര്‍.. എല്ലാം കൊലകൊമ്പന്മാര്‍.''ബംഗാളിനെതിരെ ടീമിലെ പരിചയസമ്പന്നനായ ഗോളി ചെറിയാനെ ഇറക്കുമെന്നായിരുന്നു വിക്ടറിന്റെ പ്രതീക്ഷ. പക്ഷേ സംഭവിച്ചത് മറിച്ചാണ്. കളി തുടങ്ങും മുന്‍പ് തുടക്കക്കാരനായ പയ്യന്റെ പുറത്തുതട്ടി കോച്ച് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു: ``വിക്ടര്‍ ഇറങ്ങിക്കോളൂ. നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല.'' വയറൊന്ന് കാളി എന്നത് സത്യം. കോളേജ് പിള്ളേരുടെ കളിയരങ്ങല്ലല്ലോ സന്തോഷ് ട്രോഫി.

മത്സരത്തിന് കേരള സ്‌പോര്‍ട്‌സിന്റെ എല്ലാമെല്ലാമായ കേണല്‍ ഗോദവര്‍മ്മ രാജയും എത്തിയിരുന്നു എന്നോര്‍ക്കുന്നു വിക്ടര്‍. ``സംസ്ഥാന ടീമിന്റെ പോരാട്ടം കാണാന്‍ മാത്രമായി മദ്രാസില്‍ തങ്ങിയ തിരുമേനിയെ നിരാശപ്പെടുത്തേണ്ടി വരുമോ എന്നായിരുന്നു ഞങ്ങളുടെ ഭയം.'' എന്തായാലും രണ്ടും കല്പിച്ചുതന്നെ കളിച്ചു കേരളം. ``കിക്കോഫ് കഴിഞ്ഞയുടന്‍ പന്തുമായി ചീറിവന്ന ഭൗമിക് തൊടുത്ത വെടിയുണ്ടയാണ് ആദ്യം എന്നെ പരീക്ഷിച്ചത്. ഉലഹന്നാന്റെ ബൂട്ടില്‍ തട്ടി അപ്രതീക്ഷിതമായി ദിശമാറി വന്ന പന്ത് ഏറെ വിഷമിച്ചാണെങ്കിലും ഞാന്‍ രക്ഷപ്പെടുത്തി.

അതോടെ എന്തോ എനിക്കൊരു ആത്മവിശ്വാസം വീണുകിട്ടിയപോലെ..''ഏതായാലും അന്നത്തെ ദിവസം വിക്ടര്‍ മഞ്ഞില സ്വന്തമാക്കി എന്നതാണ് കഥയുടെ രത്‌നച്ചുരുക്കം. ബംഗാളിന്റെ പടക്കുതിരകള്‍ തലങ്ങും വിലങ്ങും തൊടുത്ത ഷോട്ടുകള്‍ ഓരോന്നും വായുവില്‍ നീന്തിയും നിലത്തുരണ്ടു മറിഞ്ഞും പിടിച്ചെടുത്ത ``കീപ്പര്‍പയ്യന്‍'' സ്റ്റേഡിയത്തിന്റെ ഹരമായി മാറി. ``88 മിനിറ്റ് ഗോളൊന്നും വഴങ്ങാതെ പിടിച്ചു നിന്നിട്ടും ഒടുവില്‍ ഭാഗ്യം ഞങ്ങളെ കൈവിട്ടു,'' വിക്ടര്‍ ഓര്‍ക്കുന്നു. അവസാന നിമിഷം കുതിച്ചെത്തിയ ഭൗമിക്കിന്റെ തീപാറുന്ന ഷോട്ടിന് മുന്നിലാണ് അന്നാദ്യമായി വിക്ടറിലെ ``ഈറ്റപ്പുലി'' കീഴടങ്ങിയത്.

ഫൈനല്‍ വിസില്‍ മുഴങ്ങേണ്ട താമസം, കേണല്‍ ജി വി രാജ കസേര വിട്ട് മൈതാനത്തേക്ക് ഓടിയിറങ്ങിവന്നത് വിക്ടറിന്റെ ഓര്‍മ്മയിലുണ്ട്. ``എന്റെ നേരെയായിരുന്നു ആ വരവ്. ആഹ്‌ളാദവും അഭിമാനവും പകര്‍ന്നു ആ വലിയ മനുഷ്യന്റെ വാക്കുകള്‍. കളി തോറ്റെങ്കിലെന്ത്? നിങ്ങള്‍ ഉഗ്രമായി കളിച്ചു. ബംഗാളിനെ വിറപ്പിച്ചു. ഇന്ന് നിങ്ങള്‍ക്ക് ഡിന്നര്‍ എന്റെ വക...'' അഭിന്ദനങ്ങള്‍ കൊണ്ട് ഞങ്ങളെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു അദ്ദേഹം. ടീമിനൊപ്പം രാത്രിഭക്ഷണം കഴിച്ച ശേഷമാണ് തിരുമേനി പട്യാലയിലേക്ക് യാത്രതിരിച്ചത്.'' പക്ഷേ അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് ആരറിഞ്ഞു? ``നാട്ടിലെത്തിയയുടന്‍ ഞങ്ങളെ വരവേറ്റത് കേണല്‍ രാജയുടെ നിര്യാണവാര്‍ത്തയാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ തിരുമേനി മരണമടഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടലും ദുഖവും ഒരുമിച്ചാണുണ്ടായത്. അതുപോലൊരാള്‍ ഉണ്ടാവില്ല ഇനി..'' വിക്ടര്‍ പറയുന്നു

അവിസ്മരണീയമായ മറ്റൊരു പ്രകടനം കൊച്ചിയില്‍ നടന്ന പ്രഥമ ഫെഡറേഷന്‍ കപ്പില്‍ ബോംബെ ടാറ്റാസിന് എതിരേയായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടതും വിക്ടര്‍ തന്നെ. കൊച്ചി നെഹ്‌റു ട്രോഫി ഫൈനലില്‍ മഫത്‌ലാലിനെതിരെ കാഴ്ചവെച്ച പ്രകടനവും ഓര്‍മ്മയിലുണ്ട്. മധുരയിലെ എബ്രഹാം ട്രോഫി ഫൈനലില്‍ ഐ ടി ഐക്കെതിരെ പ്രീമിയറിന് വേണ്ടിയായിരുന്നു മറ്റൊരു മികച്ച പ്രകടനം. ``കളി കഴിഞ്ഞയുടന്‍ കാണികളിലൊരാള്‍ ഓടിയെത്തി എന്റെ കഴുത്തില്‍ പുഷ്പമാല്യം അണിയിച്ചതോര്‍ക്കുന്നു. ഏറ്റവും ആത്മസംതൃപ്തി അനുഭവിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.''

ആദ്യമായി ഇന്ത്യക്ക് കളിച്ചത് 1976 ലെ പ്രസിഡന്റ്‌സ് കപ്പില്‍. അരങ്ങേറ്റം തന്നെ പൊടിപൊടിച്ചു വിക്ടര്‍. ``ബ്രസീലിലെ പ്രബലരായ സാവോപോളോ ടീമിനെതിരായ മത്സരത്തില്‍ സുന്ദരേശനാണ് തുടക്കത്തില്‍ ഇന്ത്യയുടെ ഗോള്‍വലയം കാത്തത്. രണ്ടു ഗോള്‍ വഴങ്ങിയ ശേഷം സുന്ദരേശനെ മാറ്റി പകരം എന്നെ ഇറക്കി. പിന്നീട് ടീമിന് ഗോളൊന്നും വഴങ്ങേണ്ടി വന്നില്ല. അന്ന് എന്റെ ദിവസമായിരുന്നു എന്നതാവാം കാരണം.'' അടുത്ത വര്‍ഷത്തെ പ്രസിഡന്റ്‌സ് കപ്പിലും ഇന്ത്യയുടെ വലയം കാത്തത് വിക്ടര്‍ തന്നെ.

ബാങ്കോക്കിലെ പത്താം കിംഗ്‌സ് കപ്പില്‍ കളിച്ച ടീമിലും സാംബിയന്‍ പര്യടനത്തിലും വിക്ടര്‍ ഉണ്ടായിരുന്നു. പ്രീമിയര്‍ ടയേഴ്‌സ് ചാക്കോള ട്രോഫിയില്‍ ഒരുതവണ കിരീടമണിഞ്ഞത് വിക്ടറിന്റെ നേതൃത്വത്തിലാണ്.

Content Highlights: Feature on former Indian goal keeper Victor Manjila

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023

Most Commented