Photo: skysports.com
യൂറോപ്പില്‍ ഒരു ഡസന്‍ വമ്പന്‍ ഫുട്ബോള്‍ ക്ലബുകള്‍ സൂപ്പര്‍ ലീഗിനു രൂപം നല്കിയപ്പോള് ഫിഫയും യുവേഫയും ഉണര്‍ന്നു. ഫുട്ബോള്‍ ലോകം രണ്ടു തട്ടിലുമായി. സൂപ്പര്‍ ലീഗ് യാഥാര്‍ഥ്യമായാലും ഇല്ലെങ്കിലും വിമത നീക്കം കളിയെ കൂടുതല്‍ പ്രഫഷണല്‍ ആക്കുമെന്നും ക്ലബുകള്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ നേട്ടം കൊണ്ടുവരുമെന്നും ചരിത്രം ഓര്‍മിപ്പിക്കുന്നു.
കെരി പാക്കര്‍ ബുള്മൂര് പാക്കര്‍ എന്ന ഓസ്ട്രേലിയയിലെ ടിവി സമ്രാട്ട് ക്രിക്കറ്റ് സംപ്രേഷണാവകാശം സംബന്ധിച്ച് ക്രിക്കറ്റ് അധികൃതരുമായി തെറ്റിയതിന്റെ തുടര്‍ച്ചയായിരുന്നല്ലോ 1977-ല്‍ തുടങ്ങിയ വേള്‍ഡ് സീരീസ് ക്രിക്കറ്റ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താൻ കളിക്കാര്‍ക്കൊപ്പം വര്‍ണവിവേചനത്തിന്റെ പേരില്‍ വിലക്കു നേരിട്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൂടി അണിനിരന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ലോക സീരീസില്‍ ആയി.
കോടതിയില്‍ ഐ.സി.സി പരാജയപ്പെട്ടതോടെ ഒത്തുതീര്‍പ്പായി. എന്നാല്‍ പാക്കര്‍ ക്രിക്കറ്റില്‍ പുതിയൊരു യുഗപ്പിറവിക്ക് ശംഖനാദം മുഴക്കിക്കഴിഞ്ഞിരുന്നു. ഗ്രൗണ്ടിന്റെ ഇരുവശത്തും ടി വി ക്യാമറകള്‍, പിച്ചില്‍ മൈക്രോഫോണ്‍, ജോണ്‍ മാലി രൂപകല്പന ചെയ്ത, എടുത്തു മാറ്റാവുന്ന ഹോട്ട് ബെഡ് പിച്ച്, പിന്നെ നിശാ ക്രിക്കറ്റും വെള്ള പന്തും വര്‍ണ വസ്ത്രങ്ങളും. എല്ലാം പിന്നീട് ക്രിക്കറ്റിന്റെ ഭാഗമായി.കളിക്കാരുടെ പ്രതിഫലവും കൂട്ടി.
ഗാരി കാസ്പറോവിന്റെ വിമത നീക്കം ചെസില്‍ പ്രഫഷണലിസം എത്തിച്ചു എന്നതും ചരിത്രം. 1987-ല്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസ് അസോസിയേഷന് തുടങ്ങിയ കാസ്പറോവ് ഫിഡെയിലെ പാശ്ചാത്യ പക്ഷപാതത്തെയും പണത്തില്‍ ഏറിയ പങ്കും ഉദ്യോഗസ്ഥ, സംഘടനാ മേധാവികള്‍ കൈപ്പറ്റുന്നതിനെയും ചോദ്യം ചെയ്തു.
തുടര്‍ന്ന് കാസ്പറോവ് 1993-ല്‍ ഇംഗ്ലണ്ടിന്റെ നിജല്‍ ഷോര്‍ട്ടിനെയും കൂട്ടി പ്രഫഷണല്‍ ചെസ് പ്ലെയേഴ്സ് അസോസിയേഷന് രൂപവല്കരിച്ചു. ഫിഡെയുടെ 17.9 ലക്ഷം ഡോളര്‍ സമ്മാനത്തുക നിരസിച്ച് 1995-ല്‍ പി.സി.എ ലോക ക്ലാസിക്ക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി. ഫലം ഫിഡെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ പോയി. ഒടുവില്‍, 2006 സെപ്റ്റംബറില്‍ ഫിഡെ ലോക ജേതാവ് ടോപ്പലോവും സമാന്തര ചാംപ്യന്‍ ക്രാംനിക്കും മല്‍സരിച്ച് ക്രാംനിക്ക് സംയുക്ത ലോകചാംപ്യനായി മാറുന്നതു വരെ ഫിഡെയുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു.
ഇന്ത്യയുടെ കാര്യമെടുത്താല്‍, നാം ഇന്ന് അഭിമാനിക്കുന്ന വിധത്തില്‍ ബാഡ്മിന്റനില്‍ ഒരു സൂപ്പര്‍ താര നിര എങ്ങനെ രൂപപ്പെട്ടു? 1980ല്‍ ലോക ഒന്നാം നമ്പറും ഓള് ഇംഗ്ലണ്ട് ചാംപ്യനുമായ പ്രകാശ് പദുക്കോണ്‍ 1997ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതോടെയല്ലേ?
ബാഡ്മിന്റന്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ കസേരകളില്‍ ചടഞ്ഞിരുന്നവരില് പലര്‍ക്കും ഇളക്കം തട്ടി. ഒപ്പം തന്നെ, 1994-ല്‍ പദുക്കോണ്‍ യു. വിമല്‍ കുമാറുമൊത്ത് തുടക്കമിട്ട പദുക്കോണ്‍ അക്കാദമി പരിശീലന രംഗം മാറ്റിമറിച്ചു.
ഇന്ന് ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു കാരണമായതും ഒരു സമാന്തര നീക്കമല്ലേ? സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ് മേധാവി സുഭാഷ് ചന്ദ്ര കപില്‍ദേവിന്റെയും കിരണ്‍ മോറെയുടെയും സഹായത്തോടെ 2007-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് തുടങ്ങി.
അപകടം മണത്ത ബി.സി.സി.ഐ 2008-ല്‍ ഐ.പി.എല്‍ തുടങ്ങി. ഒന്‍പത് സിറ്റി ടീമുകളും നാല് വിദേശ ടീമുകളും എന്ന സുഭാഷ് ചന്ദ്രയുടെ ആശയം ലളിത് മോദി മാറ്റിയെഴുതിയപ്പോള്‍ സിറ്റി ടീമുകളില്‍ എല്ലാം വിദേശ താരങ്ങളുമായി. ഏതു കളിയിലും സമാന്തര നീക്കങ്ങള്‍ അവസാനം ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ, സമാന്തര നീക്കങ്ങള്‍ കളിയെ തകര്‍ക്കും വിധം കൈവിട്ടു പോകാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.
Content Highlights: European Super League the Rebel moves that fostered professionalism in sports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..