ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍, മൂന്ന് കാര്യങ്ങള്‍ ഉറപ്പായിരിക്കുകയാണ്. കിരീടം ലിവര്‍പൂളിന്, രണ്ട് നോര്‍വിച്ച് സിറ്റി അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഉണ്ടാവില്ല, മൂന്ന് അടുത്ത സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കും.

അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കാനിരിക്കുമ്പോള്‍ ശേഷിക്കുന്ന രണ്ട് ചാമ്പ്യന്‍സ് ലീഗ് സ്ഥാനങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ സിറ്റി എന്നീ മൂന്ന് ടീമുകള്‍ മത്സരിക്കുന്നു. അതുപോലെ പ്രീമിയര്‍ ലീഗിലെ നിലനില്‍പ്പിനായി ബോണ്‍മൗത്ത്, വാട്ട്‌ഫോര്‍ഡ്, ആസ്റ്റണ്‍ വില്ല എന്നിവര്‍ പൊരുതുന്നുണ്ട്. യുവേഫ യൂറോപ്പ ലീഗ് സ്ഥാനങ്ങളിലും തീരുമാനമായിട്ടില്ല. എഫ്.എ കപ്പ് ആര് നേടും എന്നതും അറിയേണ്ടതുണ്ട്. 

ചാമ്പ്യന്‍സ് ലീഗിനുള്ള പോരാട്ടം

37 മത്സരങ്ങള്‍ക്ക് ശേഷം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും 63 പോയിന്റ് വീതമുണ്ട്. റെഡ് ഡെവിള്‍സ് മികച്ച ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ്. ഫ്രാങ്ക് ലാംപാര്‍ഡിന്റെ ടീമിനെക്കാള്‍ 15 ഗോളുകള്‍ ഓലെ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ ടീം നേടിയിട്ടുണ്ട്. അതേസമയം, ബ്രണ്ടന്‍ റോജേഴ്‌സിന്റെ ലെസ്റ്റര്‍ 62 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

odds, picks, predictions To Watch on English Premier League’s Final Match Day
ലെസ്റ്റര്‍ സിറ്റി

അവസാന റൗണ്ടില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ലെസ്റ്റര്‍ സിറ്റി ആതിഥ്യമരുളുമ്പോള്‍ ചെല്‍സി വൂള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിനെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നേരിടും. ശേഷിക്കുന്ന രണ്ട് ചാമ്പ്യന്‍സ് ലീഗ് സ്ഥാനങ്ങള്‍ നേടാന്‍ യുണൈറ്റഡിനും ചെല്‍സിക്കും ഒരു സമനില മതിയാകും. എന്നാല്‍ സമനില ലെസ്റ്ററിന് അഭികാമ്യമല്ല.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി പോയിന്റ് പങ്കിട്ടാല്‍ ലെസ്റ്ററിന് ചാമ്പ്യന്‍സ് ലീഗ് കളിക്കണമെങ്കില്‍ ചെല്‍സി തോല്‍ക്കണം. അങ്ങിനെയെങ്കില്‍ മികച്ച ഗോള്‍ വ്യത്യാസം ചെല്‍സിയെ പിന്തള്ളാന്‍ ലെസ്റ്ററിനെ സഹായിക്കും. ലെസ്റ്ററും ചെല്‍സിയും വിജയിച്ചാല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അടുത്ത സീസണില്‍ യൂറോപ്പ ലീഗുകൊണ്ട് സംതൃപ്തരാകേണ്ടിവരും. ലെസ്റ്റര്‍ വിജയിക്കുകയും ചെല്‍സിയും വൂള്‍വ്‌സും പോയിന്റുകള്‍ പങ്കിടുകയും ചെയ്താലും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് യൂറോപ്പ ലീഗ് തന്നെ.

മൂന്ന് പേരും തങ്ങളുടെ അവസാന മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് വീതം നേടിയാല്‍, മാഞ്ചസ്റ്ററും ചെല്‍സിയും യഥാക്രമം 3, 4 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യും. ലെസ്റ്റര്‍ അഞ്ചാം സ്ഥാനക്കാരായി യൂറോപ്പ ലീഗ് കളിക്കേണ്ടി വരും.

odds, picks, predictions To Watch on English Premier League’s Final Match Day
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

യൂറോപ്പ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും 

മാഞ്ചസ്റ്റര്‍ യുണൈറ്റഡും വൂള്‍വ്‌സും നടപ്പ് സീസണില്‍ യൂറോപ്പ ലീഗ് കിരീടത്തിനായി മത്സരിക്കുകയാണ്. ഇവരില്‍ ആരെങ്കിലും കിരീടം നേടുകയും പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താതിരിക്കുകയും ചെയ്താല്‍, അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 5 ഇംഗ്ലീഷ് ക്ലബ്ബുകള്‍ ഉണ്ടാകും.

യൂറോപ്പ ലീഗ് യോഗ്യതക്കുള്ള പോരാട്ടം 

പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ടീം യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള വൂള്‍വ്‌സിന് 59 പോയിന്റുകളാണ് ഉള്ളത്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഒരു പോയിന്റ് പിന്നിലാണ്. 

ജോസേ മൗറീഞ്ഞോയുടെ ടീം അവസാന മത്സരത്തില്‍ നേരിടുന്നത് പതിനാലാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസിനെ ആണ്. റോയ് ഹോഡ്‌ജോണിന്റെ ക്രിസ്റ്റല്‍ പാലസിന് നേടാനും നഷ്ടപ്പെടാനും യാതൊന്നുമില്ല. അതുകൊണ്ടുതന്നെ ആര് ജയിക്കും എന്നതില്‍ വൂള്‍വ്‌സിന്റെ കോച്ച് ന്യൂനോ എസ്‌പെരിറ്റോ സാന്റോ ആശങ്കപ്പെടണം. 

അവസാന മത്സരത്തില്‍ വൂള്‍വ്‌സിനേക്കാള്‍  മികച്ച ഫലം നേടിയാല്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് അടുത്ത സീസണില്‍ യൂറോപ്പ ലീഗ് കളിക്കാന്‍ കഴിയും. സ്പര്‍സിനേക്കാള്‍ മികച്ച ഫലം വൂള്‍വ്‌സ് നേടിയാല്‍ അടുത്ത സീസണില്‍ അവര്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ആസ്വദിക്കും. ഇരുവര്‍ക്കും ജയം അനിവാര്യം എന്ന് ചുരുക്കം.

odds, picks, predictions To Watch on English Premier League’s Final Match Day
ചെല്‍സി 

എഫ്.എ കപ്പ് എന്ന കുറുക്കുവഴി 

എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സി ബദ്ധ വൈരികളായ ആഴ്‌സണലിനെ നേരിടും. ഈ സീസണില്‍ ഇരു ടീമുകള്‍ക്കും പ്രായോഗികമായി നേടാന്‍ കഴിയുന്ന ഒരേയൊരു ട്രോഫിയാണിത്. ചെല്‍സി കിരീടം നേടിയാല്‍ പ്രീമിയര്‍ ലീഗിലെ ഏഴാം സ്ഥാനത്തുള്ള ടീം യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിലേക്ക് പ്രവേശിക്കും.

ആഴ്‌സണല്‍ എഫ് എ കപ്പ് ഉയര്‍ത്തിയാല്‍, ലീഗിലെ ഏഴാം സ്ഥാനത്തുള്ള ടീമിന്റെ പിന്തള്ളി അവര്‍ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടും. നിലവില്‍ ഏഴാം സ്ഥാനത്തുള്ളത് തങ്ങളുടെ കടുത്ത എതിരാളികളായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ആണ് എന്നത് ആഴ്‌സണലിന് പ്രചോദനമായേക്കും. 

അടുത്ത സീസണില്‍ മറ്റ് യൂറോപ്യന്‍ ടീമുകളുമായി മത്സരിക്കാന്‍ മൈക്കല്‍ അര്‍ട്ടെറ്റയുടെ ടീമിനുള്ള ഏക പ്രതീക്ഷയാണ് എഫ്.എ കപ്പ്. നിലവില്‍ പത്താം സ്ഥാനത്തുള്ള ആഴ്‌സണലിന് ഈ സീസണില്‍ എല്ലാം ഒത്തുവന്നാലും എട്ടാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിയൂ.

നിലനില്‍പ്പിനായുള്ള യുദ്ധം

പതിനേഴാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല (34 പോയിന്റ്), പതിനെട്ടാം സ്ഥാനത്തുള്ള വാട്ട്‌ഫോര്‍ഡ് (34 പോയിന്റ്), പത്തൊന്‍പതാം സ്ഥാനത്തുള്ള ബോണ്‍മൗത്ത് (31 പോയിന്റ്) എന്നീ ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിനായി പോരാടുന്നത്. ഇവരില്‍ ഒരാള്‍ മാത്രമേ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ തുടരുകയുള്ളൂ. ഒരേ ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് ആസ്റ്റണ്‍ വില്ല വാട്ട്‌ഫോര്‍ഡിനേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത്.

മൂന്ന് ടീമുകള്‍ക്കും എവേ മത്സരങ്ങള്‍ ആണ് ബാക്കിയുള്ളത്. ആസ്റ്റണ്‍ വില്ല വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. വാട്ട്‌ഫോര്‍ഡ് ആഴ്‌സണലിനെ എതിരിടുമ്പോള്‍ ബോണ്‍മൗത്ത് എവര്‍ട്ടണുമായി ഏറ്റുമുട്ടും. മൂവര്‍ക്കും വിജയം അനിവാര്യം. 

ആസ്റ്റണ്‍ വില്ലയ്ക്ക് അതിജീവനത്തിനുള്ള മികച്ച അവസരമുണ്ട് എന്നാല്‍ ബോണ്‍മൗത്ത് അടുത്ത സീസണില്‍ നോര്‍വിച്ചിനോടൊപ്പം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടാനാണ് സാധ്യത.

ആസ്റ്റണ്‍ വില്ലയും വാട്ട്‌ഫോര്‍ഡും വിജയിച്ചാല്‍, മികച്ച ഗോള്‍ വ്യത്യാസം ഉള്ള ടീം പതിനേഴാം സ്ഥാനം കരസ്ഥമാക്കും. ആസ്റ്റണ്‍ വില്ലയും വെസ്റ്റ് ഹാമും പോയിന്റ് പങ്കിട്ടാല്‍, വാട്ട്‌ഫോര്‍ഡിന് ആഴ്‌സണലിനെ പരാജയപ്പെടുത്തിയാല്‍ മതി. വെസ്റ്റ് ഹാം ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയാല്‍ വാറ്റ്‌ഫോര്‍ഡിന്   പ്രീമിയര്‍ ലീഗ് പദവി നിലനിര്‍ത്താന്‍ സമനില മതിയാകും.

ബോണ്‍മൗത്തിന്റെ നിലനില്‍പ്പ് പരുങ്ങലിലാണ്. എവര്‍ട്ടണിനെതിരേ ജയിക്കുകയും, ആസ്റ്റണ്‍ വില്ലയും വാട്ട്‌ഫോര്‍ഡും അവസാന മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ ബോണ്‍മൗത്ത്തിന് രക്ഷയുള്ളൂ. എല്ലാം ഞായറാഴ്ച അറിയാം.

Content Highlights: EPL, odds, picks, predictions To Watch on English Premier League’s Final Match Day