യുണൈറ്റഡും ചെല്‍സിയും സിറ്റിയുമെല്ലാം നിറഞ്ഞ കാല്‍പ്പന്താവേശത്തിന്റെ 30 പ്രീമിയര്‍ വര്‍ഷങ്ങള്‍


ഡോ. അരവിന്ദ് രഘുനാഥന്‍

ഇംഗ്ലണ്ടിലെ ചില പട്ടണങ്ങളിലായി മാത്രം നടക്കുന്ന പ്രീമിയര്‍ ലീഗ് ലോകത്താകമാനം ഇത്രയധികം ആരാധകരെ നേടിയെടുത്തതില്‍ കളിക്കാരുടെയും മത്സരങ്ങളുടെയും നിലവാരം തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്

Photo: Getty Images

''അഗ്യൂറോാാാാ''.... ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്ന മാര്‍ട്ടിന്‍ ടെയ്‌ലറുടെ കമന്ററി കാതുകളില്‍ അലയടിക്കുമ്പോള്‍ അര്‍ജന്റീനക്കാരന്‍ സെര്‍ജിയോ അഗ്യൂറോ ഗോളടിച്ചുള്ള ആഘോഷത്തില്‍ ജേഴ്സിയൂരി ഒരു ഭ്രാന്തനെപ്പോലെ മൈതാനത്തില്‍ പായുകയാണ്. സ്റ്റേഡിയം പ്രകമ്പനംകൊള്ളുന്നു, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2011-12 സീസണ്‍ ട്രോഫി വെറും 8 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അവസാന മിനിറ്റില്‍ അടിച്ച ആ ഗോളിന്റെ വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പിടിച്ചെടുക്കുകയാണ്.

കാല്‍പന്തിന്റെ ആരാധകര്‍ക്ക് ഇങ്ങനെ അനേകം നിമിഷങ്ങള്‍ സമ്മാനിച്ച, കളിയുടെ ആസ്വാദന രീതികള്‍ തന്നെ മാറ്റിമറിച്ച, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് മുപ്പത് വയസ്സ് തികയുകയാണ്. 1992-ല്‍ ഇംഗ്ലണ്ടിലെ ആദ്യ ഡിവിഷന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് തുടങ്ങിയ ഈ ലീഗിന്റെ ആദ്യ കിക്കോഫ് ഓഗസ്റ്റ് 15-നായിരുന്നു. ഫുട്‌ബോളിന്റെ എല്ലാ മേഖലകളിലും കാതലായ മാറ്റങ്ങള്‍ക്ക് അന്നുതൊട്ട് ഇന്നുവരെ പ്രീമിയര്‍ ലീഗ് വേദിയൊരുക്കി, പലതിനും ചുക്കാന്‍ പിടിക്കുകയും ചെയ്തു. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം, 188 രാജ്യങ്ങളിലായി 800 മില്യണ്‍ വീടുകളില്‍ ഈ ലീഗ് കടന്നെത്തുന്നു. മാഞ്ചെസ്റ്ററും ലിവര്‍പൂളും ചെല്‍സിയും ഇങ്ങ് കേരളത്തിലെ ക്ലബ്ബുകള്‍ പോലെ നമ്മള്‍ക്ക് പലര്‍ക്കും സുപരിചിതമാണ്.

ഇംഗ്ലണ്ടിലെ ചില പട്ടണങ്ങളിലായി മാത്രം നടക്കുന്ന പ്രീമിയര്‍ ലീഗ് ലോകത്താകമാനം ഇത്രയധികം ആരാധകരെ നേടിയെടുത്തതില്‍ കളിക്കാരുടെയും മത്സരങ്ങളുടെയും നിലവാരം തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്. ഭൂഗോളത്തിന്റെ പല ഭാഗത്തുനിന്ന് മികച്ച കളിക്കാര്‍ ഇവിടെ മാറ്റുരയ്ക്കുന്നു, അല്ലെങ്കില്‍ ഈ പുല്‍മൈതാനങ്ങളെ സ്വപ്നം കാണുന്നു. ദേശീയതലത്തില്‍ മികച്ച ലീഗുകള്‍ ഇല്ലാത്തിടത്തുനിന്ന് പോലും പ്രീമിയര്‍ ലീഗ് കളിക്കാരെ കണ്ടെത്തി താരങ്ങളായി വളര്‍ത്തിയെടുത്തു. ലിവര്‍പൂളിനായി കളിക്കുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായുടെ കാര്യം തന്നെയെടുക്കൂ. ഈജിപ്ഷ്യന്‍ ലീഗില്‍ കളിക്കുകയായിരുന്നുവെങ്കില്‍ വ്യക്തിഗത കഴിവുകള്‍ എത്രത്തോളമുണ്ടെങ്കില്‍ പോലും അയാള്‍ ഇന്നറിയപ്പെടുന്ന പോലെ താരം ആകുമായിരുന്നോ? മുന്‍പേ തന്നെ കാല്‍പന്ത് കളിയിലെ പ്രബല ശക്തിയായിരുന്ന ഇംഗ്ലണ്ടിനായി കളിക്കാരെ വാര്‍ത്തെടുക്കാനായുള്ള ലീഗെന്ന അവകാശവാദം ഒരിക്കലും മുന്നോട്ടു വെച്ചിട്ടില്ലെങ്കില്‍ പോലും, തീര്‍ച്ചയായും ആഗോള ലീഗെന്ന വിശേഷണം അര്‍ഹിക്കുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ആദ്യ സീസണില്‍ വിദേശ കളിക്കാരുടെ സാന്നിധ്യം 15 ശതമാനം മാത്രമായിരുന്നുവെങ്കില്‍, കഴിഞ്ഞ സീസണിലത് 57 ശതമാനമായിരുന്നു. ഫ്രഞ്ചുകാരനായ തിയറി ഒന്റിയും ദക്ഷിണ കൊറിയക്കാരനായ ഹ്യൂ മിന്‍ സോണും അടക്കമുള്ള പലരും ഇംഗ്ലീഷ് നാടുകളുടെ ദത്തു പുത്രന്മാരായതോടൊപ്പം ആഗോള വിഗ്രഹങ്ങളുമായി മാറി.

ചരിത്രത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍

പ്രീമിയര്‍ ലീഗ് വരുന്നതിനൊക്കെ വളരെ മുമ്പേതന്നെ ഇംഗ്ലണ്ടില്‍ ക്ലബ് ഫുട്‌ബോള്‍ സംസ്‌കാരം വേരുറപ്പിച്ചിരുന്നു. മിക്കവാറും എല്ലാ നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും അവരുടേതായ ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. ഇ.പി.എല്‍ ആ സംസ്‌കാരത്തിന് ആഗോള പ്രതിച്ഛായ നല്‍കിയെന്ന് മാത്രം. എന്നാല്‍, ഓരോ ക്ലബ്ബിനും ചിലപ്പോള്‍ മത്സരങ്ങള്‍ക്കും സാമൂഹികവും സാമ്പത്തികവുമായ രാഷ്ട്രീയ അന്തര്‍ധാരകളുണ്ട്. അതുകൊണ്ടുതന്നെ, കച്ചവട തന്ത്രങ്ങള്‍ക്ക് ഈ ചൂളയിലേയ്ക്ക് ആവേശത്തിന്റെയും വികാരങ്ങളുടെയും തീ കൃത്രിമമായി ചേര്‍ക്കേണ്ടി വന്നില്ല. ഉദാഹരണത്തിന്, പീരങ്കികോപ്പുകളുടെ ഫാക്ടറി തൊഴിലാളികള്‍ ചേര്‍ന്ന് ആരംഭിച്ച നഗരപ്രാന്തത്തിലുള്ള ആഴ്‌സനല്‍ ക്ലബ് നഗരത്തിന്റെ മോടികളുള്ള ടോട്ടന്‍ഹാം ഹോട്ട്‌സ്പറുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ-സാമ്പത്തിക അന്തരത്തിന്റെ വീര്യവും വൈരവും ആവേശത്തിന് അകമ്പടിയുണ്ട് (ആഗോളവത്കരണത്തെ പിന്‍പറ്റിയെത്തിയ കച്ചവടവത്കരണത്തിനു ശേഷം, ലീഗിലിപ്പോള്‍ ഏറ്റവും വിലയുള്ള മത്സരടിക്കറ്റുകള്‍ വില്‍ക്കുന്നവരിലൊന്ന് ആഴ്‌സണലാണെന്നത് വിരോധാഭാസം തന്നെയാണ്).

കച്ചവടയന്ത്രം

ഫുട്‌ബോളിനെ അമിതമായി കച്ചവടവത്കരിച്ചു എന്നത് പ്രീമിയര്‍ ലീഗിനെ എല്ലാകാലത്തും വേട്ടയാടുന്ന ആരോപണമാണ്. കോടികള്‍ മറിയുന്ന ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റുകള്‍ മാത്രം മതി ഇ.പി.എല്ലിന്റെ സാമ്പത്തിക വ്യാപ്തി മനസ്സിലാക്കാന്‍. കളിക്കാരെയും അവരുടെ കഴിവുകളേയും അതിലുപരി ആരാധകരുടെ വികാരങ്ങളെയും വെറും വില്‍പ്പനച്ചരക്കാക്കി എന്ന ആരോപണം ആദ്യമേ തൊട്ട് ഉയര്‍ന്നുകേള്‍ക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി മനുഷ്യാവകാശ ധ്വംസനങ്ങളുടെ ആരോപണങ്ങള്‍ നിഴലിക്കുന്ന 'എണ്ണപ്പണ'ത്തിന്റെ കടന്നുകയറ്റത്തിന് പ്രീമിയര്‍ ലീഗും വേദിയായിട്ടുണ്ട്. ക്ലബ്ബിന്റെ വേരുകള്‍ക്കും പാരമ്പര്യത്തിനും വിലകല്‍പ്പിക്കാതെ, ആരാധകരുടെ ചോദ്യങ്ങള്‍ക്കുത്തരം ഇല്ലാതെയാണ് ഇത്തരം നീക്കങ്ങളെന്ന് അടിക്കടിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ആരാണ് ഒരു ക്ലബ്ബിന്റെ യഥാര്‍ത്ഥ ഉടമകള്‍, വര്‍ഷങ്ങളായി ക്ലബ്ബിന്റെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് ഒപ്പം നില്‍ക്കുന്ന ആരാധകരോ അതോ ക്ലബ്ബിനെ ലാഭക്കൊയ്ത്തിനായുള്ള യന്ത്രം മാത്രമായി കാണുന്നവരോ എന്ന ആഴത്തിലുള്ള ചോദ്യവും ഇവിടെ പ്രസക്തമാണ്. ന്യൂകാസില്‍ യുണൈറ്റഡിനെ സൗദി രാജകുടുംബത്തിന് പങ്കുണ്ടെന്ന് പറയപ്പെടുന്ന കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമ്പോള്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇത്തരം നീക്കങ്ങള്‍ക്ക് ബദലായി, ആരാധകരുടെ സഹകരണസംഘങ്ങള്‍ നിയന്ത്രിക്കുന്ന ചെറിയ ക്ലബ്ബുകളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നു.

പ്രീമിയര്‍ ലീഗും ഇന്ത്യയും

ഇന്ത്യയിലെ ഫുട്‌ബോളും, പ്രത്യേകിച്ച് ഐഎസ്എല്ലും പ്രീമിയര്‍ ലീഗിനെ മാതൃകയാക്കുന്നുണ്ട്. എന്നാല്‍, ഭൂമിശാസ്ത്രാടിസ്ഥാനത്തില്‍ ജൈവികമായ ഒരു ക്ലബ് ഫുട്‌ബോള്‍ സംസ്‌കാരം കൊല്‍ക്കത്തയും ഗോവയും പോലുള്ള കുറച്ചു സ്ഥലങ്ങളിലേയുള്ളുവെന്നത് ഒരു വിലങ്ങുതടിയാണ്. അതുകൊണ്ടുതന്നെ, പരസ്യതന്ത്രങ്ങള്‍ ഉപയോഗിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സി മത്സരം പ്രീമിയര്‍ ലീഗിലെ യുണൈറ്റഡ് - സിറ്റി ഡര്‍ബി പോലെ അവതരിപ്പിച്ചാലും ദശാബ്ദങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ അതിന് ലഭിക്കുന്നില്ല.

എന്തുതന്നെയായാലും, ഇന്ത്യയെ വലിയൊരു വിപണിയായിത്തന്നെയാണ് പ്രീമിയര്‍ ലീഗ് കാണുന്നത്. മുന്‍നിര ക്ലബ്ബുകള്‍ക്കെല്ലാംതന്നെ ഇന്ത്യയില്‍ ഔദ്യോഗിക ആരാധക കൂട്ടായ്മകളുണ്ട്. ഓണത്തിനും വിഷുവിനും ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ മലയാളത്തില്‍ ആശംസകള്‍ നേരുന്നത് ഗ്ലോക്കലൈസേഷന്റെ (ഗ്ലോബല്‍+ലോക്കല്‍) ഭാഗമായിത്തന്നെ കാണേണ്ടതാണ്. രണ്ടു വര്‍ഷം മുന്‍പ് കോഴിക്കോട് ആസ്ഥാനമായുള്ള ക്ലബ്ബായ ക്വാര്‍ട്‌സിനെ ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തതുപോലെ, ഇന്ത്യയിലെ പല ക്ലബ്ബുകള്‍ക്കും അക്കാദമികള്‍ക്കും പ്രീമിയര്‍ ലീഗുമായി ബന്ധമുണ്ടാക്കാനുമാകുന്നു.

മുന്നോട്ട് നോക്കുമ്പോള്‍

അന്നും ഇന്നും പല കളി നിയമങ്ങളുടെയും ഫുട്‌ബോള്‍ ടെക്‌നോളജിയുടെയും പരീക്ഷണശാലയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. കഴിഞ്ഞുപോയ മുപ്പത് വര്‍ഷങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായിരിക്കും അടുത്ത ദശാബ്ദങ്ങള്‍ എന്ന് പ്രീമിയര്‍ ലീഗ് നേതൃത്വം മനസ്സിലാക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലമുള്ള മൈതാനത്തിലേയും ആസ്വാദനത്തിലെയും മാറ്റങ്ങള്‍, വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ച എന്നിവയ്ക്കെല്ലാമൊപ്പം പ്രീമിയര്‍ലീഗ് സഞ്ചരിക്കാന്‍ ശ്രമിക്കുന്നു.

മുപ്പത് വര്‍ഷം ആഘോഷിക്കുന്ന പരസ്യചിത്രത്തിലെ (https://www.premierleague.com/news/2738025) വരികളിലൊന്ന് ഇങ്ങനെയാണ് '30 years of stories'. ഓരോ ആരാധകനും നിരവധി കഥകള്‍ പറയാനുള്ള അനുഭവങ്ങള്‍ നിറഞ്ഞ സന്തോഷത്തിന്റെ, നിരാശകളുടെ, അനിശ്ചിതത്തിന്റെ, ആവേശത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍ തന്നെയാണ് കടന്നുപോയത്. ഇനിയും അങ്ങനെതന്നെ ആകട്ടെ എന്ന് കാല്‍പന്തിന്റെ ഏതൊരു ആരാധകനെയും പോലെ ഈ ലേഖകനും പ്രത്യാശിക്കുന്നു.

Content Highlights: English Premier League completes 30 years of journey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented