Photo: AFP
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞതായിരുന്നു നോട്ടിങ്ങാമിലെ ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഇരു ടീമിലെയും ബാറ്റിങ് ബൗളിങ് നിരകളുടെ തകര്‍പ്പന്‍ പ്രകടനം കണ്ട മത്സത്തിന്റെ അവസാന ദിനം ആവേശകരമായിരുന്നു. ശക്തരായ രണ്ടു ടീമുകള്‍ തമ്മിലുള്ള ട്വന്റി 20 മത്സരം കാണുന്നതിനേക്കാള്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ മത്സരം കണ്ടത്.
സമനിലയാകുമെന്ന് കരുതിയ മത്സരം അവസാന സെഷനിലെ അദ്ഭുത ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. തട്ടുപൊളിപ്പന്‍ ബാറ്റിങ് പുറത്തെടുത്ത ജോണി ബെയര്‍സ്റ്റോയും (136) അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും (75*) അഞ്ചാം വിക്കറ്റില്‍ നേടിയ 179 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയ ജയം. ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുമ്പോള്‍ 20 ഓവറുകളോളം കളി ബാക്കിയുണ്ടായിരുന്നു.
ആവേശകരമായ മത്സരത്തിനൊപ്പം തന്നെ ഇത് ക്രിക്കറ്റിലെ ഏതാനും റെക്കോഡുകളും തിരുത്തിക്കുറിച്ചു.
ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ടെസ്റ്റ് മത്സരം
നാല് ഇന്നിങ്സിലുമായി ഇരു ടീമുകളും അടിച്ചുകൂട്ടിയത് 1675 റണ്‍സാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു ടെസ്റ്റ് മത്സരത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. കിവീസ് ഒന്നാം ഇന്നിങ്സില്‍ നേടിയത് 553 റണ്‍സ്, രണ്ടാം ഇന്നിങ്സില്‍ 284. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത് 539 റണ്‍സ്, രണ്ടാം ഇന്നിങ്സില്‍ 299. 2019-ല്‍ വിശാഖപട്ടണത്ത് നടന്ന ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്നെടുത്ത 1447 റണ്‍സിന്റെ റെക്കോഡാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും മറികടന്നത്.
249 ബൗണ്ടറികള്‍
മത്സരത്തില്‍ ആകെ പിറന്നത് 225 ഫോറുകളും 24 സിക്‌സറുകളും. ആകെ 249 ബൗണ്ടറികള്‍. ഇതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ പിറന്ന ടെസ്റ്റ് മത്സരമെന്ന റെക്കോഡും ഈ ടെസ്റ്റിന് സ്വന്തമായി. 2004-ല്‍ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ചേര്‍ന്ന് സ്വന്തമാക്കിയ 242 ബൗണ്ടറികളെന്ന റെക്കോഡാണ് ഈ ടെസ്‌റ്റോടെ പഴങ്കഥയായത്.
ഏറ്റവും കൂടുതല്‍ ബൗണ്ടറി റണ്‍സ്
ബൗണ്ടറികളിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ടെസ്റ്റ് മത്സരമെന്ന റെക്കോഡും ഈ മത്സരത്തിനാണ്. 1044 റണ്‍സാണ് ബൗണ്ടറികളിലൂടെ ഇരു ടീമും നേടിയത്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ബൗണ്ടറികളിലൂടെ ആയിരത്തിലേറെ റണ്‍സ് പിറക്കുന്ന മത്സരമെന്ന റെക്കോഡും ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിനാണ്. 2004-ല്‍ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ചേര്‍ന്ന് നേടിയ 976 ബൗണ്ടറി റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
10.00 റണ്‍റേറ്റ്
അവസാന സെഷനില്‍ 38 ഓവറുകള്‍ ശേഷിക്കേ ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് 160 റണ്‍സായിരുന്നു. ബെയര്‍സ്‌റ്റോയും സ്‌റ്റോക്ക്‌സും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് 16 ഓവറുകള്‍ മാത്രമെടുത്താണ് ആ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. അതായത് ഓവറില്‍ 10 റണ്‍സെന്ന നിലയിലായിരുന്നു അവരുടെ സകോറിങ്. 2016-ന് ശേഷം ഒരു ടെസ്റ്റ് സെഷനില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് എന്ന റെക്കോഡും ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായി.
77 പന്തിലെ സെഞ്ചുറി
നോട്ടിങ്ങാമില്‍ അവസാന ദിനം 77 പന്തില്‍ നിന്നാണ് ജോണി ബെയര്‍സ്‌റ്റോ സെഞ്ചുറിയിലെത്തിയത്. ടെസ്റ്റില്‍ നാലാം ഇന്നിങ്‌സില്‍ ഒരു താരം നേടുന്ന വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡ് ഇതോടെ ബെയര്‍സ്‌റ്റോ സ്വന്തമാക്കി. 1902-ലെ ഓവല്‍ ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ 76 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ മുന്‍ ഇംഗ്ലണ്ട് താരം ഗില്‍ബര്‍ട്ട് ജെസ്സോപ്പിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ്.
299
നോട്ടിങ്ങാമിലെ ട്രെന്‍ഡ് ബ്രിഡ്ജില്‍ ഒരു ടീം ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ലക്ഷ്യമെന്ന റെക്കോഡും ഇംഗ്ലണ്ട് സ്വന്തമാക്കി (299/4). 2004-ല്‍ ന്യൂസീലന്‍ഡിനെതിരേ തന്നെ ഇംഗ്ലണ്ട് ചേസ് ചെയ്ത 284/6 എന്ന റെക്കോഡാണ് ഈ ടെസ്റ്റിന് വഴിമാറിയത്.
Content Highlights: England vs new zealand record run-chase at Trent Bridge and the record numbers
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..