Photo: AP
ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഇനി കളിക്കുന്നില്ലെന്നും വിരമിക്കുകയാണെന്നുമുള്ള ബെന്‍ സ്റ്റോക്സിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ നടക്കുന്ന ഏകദിനം തന്റെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന് സ്റ്റോക്സ് അറിയിച്ചത് ഇന്ത്യയ്ക്കെതിരായ പരമ്പര അവസാനിച്ചതിനുതൊട്ടുപിന്നാലെയാണ്. മൂന്ന് ഫോര്‍മാറ്റുകളും ഒരുമിച്ചുകൊണ്ടുപോവുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്ന് പറഞ്ഞാണ് അദ്ദേഹം ഏകദിനത്തോട് എന്നന്നേക്കുമായി ഗുഡ്ബൈ പറയുന്നകാര്യം അറിയിച്ചത്.
ക്രിക്കറ്റ് അധികഭാരമാകുന്നോ താരങ്ങള്‍ക്ക്
വര്‍ക്ക് ലോഡ് മാനേജ്മെന്റ് അഥവാ ജോലിഭാരം കൈകാര്യം ചെയ്യലെന്ന വാക്ക് നമ്മള് ക്രിക്കറ്റില്‍ കേട്ടുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. പലപ്പോഴും വിവിധ പരമ്പരകള്‍ക്ക് ശേഷം ടീം ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ പലരും വിശ്രമം ആവശ്യപ്പെടുന്നതും നമ്മള് കേട്ടിട്ടുണ്ട്. വിവിധ പരമ്പരകളും ഐപിഎല്‍ പോലെയുള്ള ഫ്രാഞ്ചൈസി ലീഗുകളും ഐസിസി ടൂര്ണമെന്റുകളുമടക്കം മൂന്നു ഫോര്‍മാറ്റിലെയും മത്സരങ്ങളുടെ ആധിക്യം താരങ്ങളെ തളര്‍ത്തി തുടങ്ങുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ നമ്മള്‍ക്ക് കിട്ടിത്തുടങ്ങിയതാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത വര്‍ഷത്തേക്കുള്ള ക്രിക്കറ്റ് കലണ്ടര്‍ പുറത്തുവന്നതിനു പിന്നാലെയാണ് സ്റ്റോക്സ് ഏകദിനം മതിയാക്കാന്‍ തീരുമാനിച്ചതെന്ന കാര്യവും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്.
ഓള് ഫോര്‍മാറ്റ് പ്ലെയേഴ്സ്, എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ ഒരു ടീമിന് മുതല്ക്കൂട്ടു തന്നെയാണ്. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരാണ്. എന്നാല്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടോ എന്ന് അതത് ബോര്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും താരങ്ങള്‍ വിശ്രമം ആവശ്യപ്പെടുമ്പോള്‍ വിമര്ശനവുമായെത്തുന്നവരും ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നതും ചോദിക്കേണ്ട കാര്യമാണ്.

ഏകദിനങ്ങളും ട്വന്റി 20കളും ടെസ്റ്റ് മത്സരങ്ങളും അതിനൊപ്പം ഫ്രാഞ്ചൈസി ലീഗുകളും സമൃദ്ധമാകുന്ന ഇക്കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ മത്സരാധിക്യം പല താരങ്ങള്‍ക്കും തിരിച്ചടിയാകുന്നത് സ്ഥിരം കാഴ്ചയാണ്. ലോകമെമ്പാടും ഫ്രാഞ്ചൈസി ലീഗുകള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പണത്തിന്റെ ഒഴുക്ക് കാരണം തന്നെ പല താരങ്ങള്‍ക്കും ഇത്തരം ലീഗുകളില്‍ നിന്ന് മാറിനില്‍ക്കുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. ഓള് ഫോര്‍മാറ്റ് പ്ലെയേഴ്സിനാണ് ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ സമ്മാനിക്കുന്നത്.
ഉദാഹരണത്തിന് ചേതേശ്വര്‍ പൂജാരയുടെ കാര്യമെടുക്കുക. 2021 ഡിസംബറിലും 2022 ജനുവരിയിലുമായി പൂജാര കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ്. പിന്നീടുണ്ടായിരുന്നത് മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മാറ്റിവെച്ച ഒരു ടെസ്റ്റ് മത്സരവും. ഇതിനിടെ കൗണ്ടിയില്‍ കളിക്കാനും പൂജാരയ്ക്ക് സമയം കിട്ടി. എന്നാല്‍ രോഹിത് ശര്‍മ, വിരാട് കോലി, ബുംറ തുടങ്ങിയ താരങ്ങളുടെ കാര്യം അങ്ങനെയല്ല. തുടര്‍ച്ചയായി ടെസ്റ്റ് പരമ്പരകളും ഏകദിന പരമ്പരകളും ട്വന്റി 20 പരമ്പരകളും അവര്‍ക്ക് കളിക്കേണ്ടതായി വരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റൊട്ട് ഒഴിവാക്കാനും സാധിക്കുന്നില്ല. ഫലമോ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കാരെ ക്ഷീണിപ്പിക്കുന്നു, പരിക്ക് കൂടുന്നു. മാനസികാരോഗ്യത്തെയടക്കം ഇത് ബാധിക്കുന്നു.
പ്രത്യേകിച്ചും ബെന്‍ സ്റ്റോക്ക്സിനെ പോലെ ഒരു ഓള്‍റൗണ്ടര്‍ക്ക് ഈ മത്സരക്രമം കൈകാര്യം ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാകുന്നു. തുടര്‍ച്ചയായ യാത്രകളും വിശ്രമത്തിന്റെ കുറവും താരങ്ങളുടെ ഫിറ്റ്സിനെയും അതുവഴി ഫോമിനെയും ബാധിക്കുകയും ചെയ്യുന്നു. മാനസികാരോഗ്യം കണക്കിലെടുത്ത് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ആള് കൂടിയാണ് സ്റ്റോക്സ് എന്ന വസ്തുതയും മറന്നുപോകരുത്.
ഓള് ഫോര്‍മാറ്റ് താരങ്ങള്‍ ഇല്ലാതാകുമോ?
ക്രിക്കറ്റിലെ ഈ അമിതഭാരം പല താരങ്ങളും കാര്യമായെടുക്കുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ പണക്കിലുക്കം മോഹിപ്പിക്കുന്നതിനാല്‍ തന്നെ താരങ്ങള്‍ പലരും അന്താരാഷ്ട്ര മത്സരങ്ങള്‍ കോംപ്രമൈസ് ചെയ്യാനാകും തയ്യാറാകുക. അതിനൊപ്പം രാജ്യാന്തര മത്സരങ്ങളുടെ ആധിക്യം അവരെ ബാധിക്കുകയും ചെയ്യും. ഇതോടെ രാജ്യത്തിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുക എന്നത് ഒഴിവാക്കാന്‍ കളിക്കാര്‍ ശ്രമം തുടങ്ങും. നിലവില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഒരേ സമയം രണ്ട് ടീമുകളെ രണ്ട് രാജ്യത്ത് രണ്ട് ഫോര്‍മാറ്റിലെ പരമ്പരകള്‍ കളിക്കാനായി വിട്ടിരുന്നു. അതിനുള്ള ഓപ്ഷനുകള്‍ ഇപ്പോള്‍ വിവിധ ബോര്‍ഡുകള്‍ക്കുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പ്രത്യേകിച്ചും ഈ മത്സരാധിക്യം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കുക എന്നത് തന്നെയാകും അവര്‍ക്ക് മുന്നിലുള്ള ഓപ്ഷന്. ഈ തീരുമാനം പലപ്പോളും ഐസിസി ടൂര്‍ണമെന്റുകളില്‍ ബോര്‍ഡുകള്‍ക്ക് തിരിച്ചടിയാകും. തങ്ങളുടെ പ്രധാന താരങ്ങള്‍ രാജ്യത്തിനായി എല്ലാ മത്സരങ്ങളും കളിക്കുക എന്നത് ആരാധകരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ മത്സരങ്ങള്‍ കൂടുന്നതിനനുസരിച്ച് താരങ്ങള്‍ക്ക് വിശ്രമം ഒരുക്കുന്നതിനു കൂടി അതത് ക്രിക്കറ്റ് ബോര്‍ഡുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഭാവിയില്‍ ഇന്ത്യയുടെ ഓള് ഫോര്‍മാറ്റ് കളിക്കാരനായി മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നല്കിയ മറുപടിയും ഇക്കാര്യത്തിലേക്ക് വെളിച്ചംവീശുന്നതാണ്. ഇക്കാര്യത്തില്‍ ഫിസിയോയും പരിശീലകരടക്കമുള്ള പ്രൊഫഷണലുകളുടെയും നിര്‍ദേശമനുസരിച്ചാകും താന്‍ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നായിരുന്നു പാണ്ഡ്യയുടെ മറുപടി. എപ്പോള്‍ കളിക്കണം എവിടെ കളിക്കണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ താന്‍ പ്രൊഫഷണലുകളെയാണ് ആശ്രയിക്കാറ്.
ഇന്നത്തെക്കാലത്ത് പ്രത്യേകിച്ചും ട്വന്റി 20 ക്രിക്കറ്റിന്റെ ആധിപത്യം കാരണം ഏകദിന ഫോര്‍മാറ്റിന്റെ നിലനില്പ് തന്നെ ഭീഷണിയിലായിരിക്കുന്ന സാഹചര്യമാണ്. ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകള്‍ കൂടിയായതോടെ ട്വന്റി 20-യുടെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കളിക്കാര്‍ ബെന്‍ സ്റ്റോക്ക്സിന്റെ പാത സ്വീകരിക്കുക കൂടി ചെയ്താല്‍ ഏകദിന ഫോര്‍മാറ്റിന്റെ നിലനില്പ് തന്നെ ഭീഷണിയിലായി മാറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..