രാജ്ഞിയുടെ തൂവെള്ള കൈയുറ; ബോബി മൂര്‍ പാരപ്പറ്റില്‍ കൈ തുടച്ചാണ് അടുത്തേയ്ക്ക് ചെന്നത്


ബി.കെ

എലിസബത്ത് രാജ്ഞി ബോബി മൂറിന് യൂൾറിമേ കപ്പ് സമ്മാനിക്കുന്നു. Photo: Getty Images

മരണാനന്തരം ഒരൊറ്റ പ്രതിഷേധമേ നടന്നുള്ളൂ എലിസബത്ത് രാജ്ഞിക്കെതിരേ. പഴയ ബ്രിട്ടീഷ് കോളനിയായ സൈപ്രസില്‍. തലസ്ഥാനമായ നിക്കോഷ്യയിലെ ഒരു ഫുട്‌ബോള്‍ മൈതാനത്ത്. സൈപ്രസ് ടീമായ ഒമനോയ നിക്കോഷ്യയുടെ മോള്‍ഡോവന്‍ ടീമായ ഷെരീഫ് ടിറാസ്‌പോളും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിനിടെ, രാഞ്ജിയോടുള്ള ആദരസൂചകമായി മൗനമാചരിക്കാനായിരുന്നു യുവേഫയുടെ ആഹ്വാനം. എന്നാല്‍, കളിക്കാരും ഒഫിഷ്യലുകളും ഗ്രൗണ്ടില്‍ കളി നിര്‍ത്തി മൗനമാചരിക്കുമ്പോള്‍ ഗ്യാലറിയില്‍ ഒമൊനോയയുടെ ആരാധകര്‍ ആ ഒരു മിനിറ്റ് നേരം നിര്‍ത്താതെ ബഹളംവയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരക്കാലത്തെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ രാജ്ഞി നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല എന്നതായിരുന്നു ബഹളക്കാരുടെ ആരോപണം.

രാജ്ഞിക്കെതിരായ പ്രതിഷേധത്തിന് ഒരു ഫുട്‌ബോള്‍ മത്സരം തന്നെ വേദിയായത് വിധിവൈപരിത്യമായി. അറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ ആരാധികയൊന്നുമല്ല രാഞ്ജി. എന്നാല്‍, ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഏറ്റവും ധന്യമായ ഓര്‍മകളില്‍ ഒന്നില്‍ രാജ്ഞിയുണ്ട്. ഒരേയൊരു തവണയേ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ജയിച്ചിട്ടുള്ളൂ. 1966ല്‍ സര്‍ ജെഫ്രി ചാള്‍സ് ഹേസ്റ്റിന്റെ ഹാട്രിക്കില്‍. അന്ന് വെംബ്ലി സ്‌റ്റേഡിയത്തില്‍ നായകന്‍ ബോബി മൂറിന് യൂള്‍റിമേ കപ്പ് സമ്മാനിച്ചത്, മരണാനന്തരം ഒരു ഫുട്ബോൾ മൈതാനത്ത് അപമാനിക്കപ്പെട്ട ഇതേ രാജ്ഞിയാണ്.

രാജ്ഞിയുടെ തൂവെള്ള കൈയുറയില്‍ അഴുക്ക് പുരളാതിരിക്കാന്‍ കൈകള്‍ സ്‌റ്റേഡിയത്തിന്റെ പാരപ്പെറ്റില്‍ നന്നായി തുടച്ചാണ് ക്യാപ്റ്റന്‍ ബോബി ചാള്‍ട്ടണ്‍ മെഡല്‍ ഏറ്റുവാങ്ങിയതെന്ന് പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട് ഫൈനലിലെ ഹീറോ ഹേഴ്‌സ്റ്റണ്‍. ഭാഗ്യനിമിഷം എന്നാണ് ഈ ദിവസത്തെ അരനൂറ്റാണ്ടിനുശേഷം രാജ്ഞി വിശേഷിപ്പിച്ചത്. ഒരു സുപ്രധാന കിരീടം നേടുന്നതിന്റെ വില എന്താണെന്ന് അന്നറിഞ്ഞുവെന്നാണ് യൂറോ ഫൈനലില്‍ മാറ്റുരയ്ക്കുന്ന ഇംഗ്ലീഷ് ടീമിന് ആശംസ നേര്‍ന്നുകൊണ്ട് തലേദിവസം രാജ്ഞി കുറിച്ചത്. രാജ്ഞിയുടെ ആശംസയ്ക്ക് പക്ഷേ, ടീമിനെ രക്ഷിക്കാനായില്ല. ഫൈനലിലെ ഷൂട്ടൗട്ടില്‍ ഇറ്റലിയോട് തോല്‍ക്കാനായിരുന്നു ഹാരി കെയ്ന്‍ നയിച്ച ടീമിന്റെ വിധി.

അതിന് മുന്‍പ് രാജ്ഞി വെംബ്ലിയില്‍ വന്നത് മറ്റൊരു സമ്മാനദാനത്തിനാണ്. എഫ്.എ. കപ്പില്‍ നോട്ടിങ്ങാം ഫോറസ്റ്റും ല്യൂട്ടണും തമ്മിലുള്ള കലാശപ്പോരില്‍. അന്ന് ഫോറസ്റ്റിന്റെ ക്യാപ്റ്റന്‍ ജാക്ക് ബര്‍കിറ്റിന് കിരീടം കൈമാറിയതും രാജ്ഞി തന്നെ. പിന്നീട് ഒരിക്കല്‍ കൂടി മാത്രമാണ് രാജ്ഞി വെംബ്ലി സ്‌റ്റേഡിയത്തില്‍ വന്നത്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച യൂറോ കപ്പ് ഫൈനലിന്. ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് യൂര്‍ഗന്‍ ക്ലിന്‍സ്മാന്റെ ജര്‍മ്മനി യൂറോ ചാമ്പ്യന്മാരാകുന്നതിന് തൊണ്ണൂറു മിനിറ്റ് നേരവും ഗ്യാലറിയിലെ പ്രത്യേക ബോക്സിൽ സാക്ഷിയായിരുന്നു രാജ്ഞി.

കൊച്ചുമകന്‍ വില്ല്യം രാജകുമാരന്‍ ആസ്റ്റണ്‍ വില്ലയുടെ അറിയപ്പെടുന്ന ആരാധകന്‍ ആണെങ്കിലും ഏതെങ്കിലുമൊരു പ്രീമിയര്‍ ലീഗ് ക്ലബിനോട് രാജ്ഞി ഇന്നേവരെ പ്രത്യേക പ്രതിപത്തി പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, രാജ്ഞിയുടെ താത്പര്യത്തെ ചൊല്ലി പണ്ടു കാലം മുതല്‍ തന്നെ തര്‍ക്കം നിലനിന്നിരുന്നു. വെസ്റ്റ്ഹാമിനോട് കൊട്ടാരത്തിന് ചെറിയൊരു ചായ്‌വുണ്ടെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ആഴ്‌സണലാണ് രാജ്ഞിയുടെ പ്രിയ ടീമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ആഴ്‌സണലിന്റെ പുതിയ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ രാജ്ഞിയെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, അനാരോഗ്യം കാരണം അത് നടന്നില്ല. എന്നാല്‍, പിന്നീട് ടീമിനെ ബക്കിങ്ങാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് വിരുന്ന് കൊടത്തു രാജ്ഞി.

കളിക്കാരെ ആദരിക്കുന്ന കാര്യത്തിലും ഒട്ടും ലുബ്ധ് കാട്ടിയിട്ടില്ല രാജ്ഞി ഇന്നേവരെ. ലോകകപ്പ് ഹീറോ ഹേഴ്‌സ്റ്റ്, ബോബി ചാള്‍ട്ടണ്‍, ആല്‍ഫ് റാംസെ, അലക്‌സ് ഫെര്‍ഗൂസണ്‍, ബോബി റോബ്‌സണ്‍, റോഡ് ഹോഡ്ജ്‌സണ്‍, ഡേവിഡ് ബെക്കാം, ഗരെത് ബെയ്ല്‍ തുടങ്ങിയവര്‍ക്കെപ്പാം നൈറ്റ്ഹുഡ് നല്‍കുകയും ചെയ്തു രാജ്ഞി. യൂറോ വിജയിച്ച ഇംഗ്ലണ്ടിന്റെ വനിതാ ടീമിനെ അഭിനന്ദനം കൊണ്ട മൂടാനും അവര്‍ മറന്നില്ല.

ഏഴു പതിറ്റാണ്ട് കാലത്തെ സംഭവബഹുലമായ ഭരണകാലത്ത് അങ്ങനെ ഒരുപാട് കായികനിമിഷങ്ങള്‍ക്ക് സാക്ഷിയാവാനുള്ള യോഗമുണ്ടായിട്ടുണ്ട് രാജ്ഞിക്ക്. അതില്‍ ഏറ്റവും പ്രധാനമായിരുന്നു 1957ലെ വിംബിള്‍ഡണ്‍ ഫൈനല്‍. അന്ന് വനിതാ സിംഗിള്‍സ് കിരീടം നേടിയ ആല്‍തിയ ഗിബ്‌സണ് സമ്മാനം കൈമാറിയത് രാജ്ഞിയായിരുന്നു. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യത്തെ ആഫ്രോ അമേരിക്കന്‍ താരമാണ് ഗിബ്‌സണ്‍. അന്താരാഷ്ട്ര ടെന്നിസിൽ വര്‍ണവിവേചനത്തിന്റെ അതിര്‍രേഖ മറികടന്ന ആദ്യ താരമെന്ന ബഹുമതിക്ക് കൂടി അര്‍ഹയാണ് അഞ്ച് സിംഗിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ചരിത്രമുള്ള ഗിബ്‌സണ്‍. ആദ്യ വിംബിള്‍ഡണ്‍ ജയം മാത്രമല്ല, രാജ്ഞിയുമൊത്തുളള നിമിഷങ്ങളും അവിസ്മരണീയമായിരുന്നുവെന്ന് തുറന്നെഴുതിയിട്ടുണ്ട് 'ഐ ഓള്‍വെയ്‌സ് വാണ്ടഡ് ടു ബി സംബഡി' എന്ന ആത്മകഥയില്‍ മുന്‍ ലോക ഒന്നാം നമ്പറായ ഗിബ്‌സണ്‍.

കപ്പ് സമ്മാനിച്ച് കൈ തന്ന് അഭിനന്ദിച്ചതിനോടൊപ്പം കോര്‍ട്ടിലെ ചൂടിനെപ്പറ്റിയാണ് രാജ്ഞി ആദ്യം ചോദിച്ചതെന്നും പറഞ്ഞു ഗിബ്‌സണ്‍. അവിടുത്തെ ബോക്‌സിന്റെയത്ര ചൂടില്ല, എനിക്ക് ഒന്നുമില്ലെങ്കിലും ചെറുകാറ്റെങ്കിലും കിട്ടുമല്ലോ എന്നായിരുന്നു തന്റെ മറുപടിയെന്നും ഗിബ്‌സണ്‍ പറഞ്ഞു. വിംബിള്‍ഡണിലേയ്ക്കുള്ള രാജ്ഞിയുടെ അടുത്ത സന്ദര്‍ശനം 1977ലായിരുന്നു. മറ്റൊരു ഫൈനലിന്. പട്ടാഭിഷേകത്തിന്റെ സില്‍വര്‍ ജൂബിലി അന്ന് രാജ്ഞി ആഘോഷിച്ചത് വനിതാ സിംഗിള്‍സ് കിരീടം വെര്‍ജീനിയ വേയ്ഡ് എന്ന ഇംഗ്ലീഷുകാരിക്ക് സമ്മാനിച്ചുകൊണ്ടാണ്.

രാജ്ഞി പിന്നീട് ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നിസ് ആന്‍ഡ് കോര്‍ക്വറ്റ് ക്ലബിന്റെ പടികയറുന്നത് നീണ്ട മുപ്പത്തിമൂന്ന് വര്‍ഷം കഴിഞ്ഞാണ്. ബ്രിട്ടീഷുകാരന്‍ ആന്‍ഡി മറെയും ഫിന്‍ലന്‍ഡിന്റെ ജാര്‍ക്കോ നിയേമിനെനും തമ്മിലുള്ള സെന്റര്‍ കോര്‍ട്ടിലെ രണ്ടാം റൗണ്ട് പോരാട്ടം കാണാന്‍. അന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് പ്രസിഡന്റ് കൂടിയായ കെന്റിലെ ഡ്യൂക്കുമുണ്ടായരുന്നു സ്‌റ്റേഡിയത്തില്‍. സ്‌റ്റേഡിയം ഒന്നാകെ ചുറ്റിനടന്നു കണ്ട രാജ്ഞിക്ക് വന്‍ വരവേല്‍പ്പാണ് അന്ന് ലഭിച്ചത്. മാര്‍ട്ടിന നവരത്തിലോവ, ബില്ലി ജീന്‍ കിങ്, സെറീന വില്ല്യംസ്, വീനസ്, കരോലിന്‍ വാസ്‌നിയാക്കി, യെലേന യാങ്കോവിച്ച്, നൊവാക് ദ്യോകോവിച്ച്, ആന്‍ഡി റോഡ്രിക്ക്, റോജര്‍ ഫെഡറര്‍, വെര്‍ജീനിയ വേയ്ഡ് എന്നിവരും അന്ന് റോയല്‍ ബോക്‌സിലെത്തി രാജ്ഞിയുമായി സൗഹൃദം പങ്കിട്ടിരുന്നു. ഇതില്‍ ചിലര്‍ക്ക് രാജ്ഞിക്കൊപ്പമിരുന്ന് വിംബിള്‍ഡണ്‍ സ്‌പെഷ്യലായ തേനില്‍ ചാലിച്ച ചിക്കണ്‍ കറിയും സ്‌ട്രോബറി ഐസ്‌ക്രീമും രുചിക്കാനുള്ള അവസരവും ലഭിച്ചു. ഏതായാലും തന്റെ പ്രജയായ മറെയുടെ വിജയത്തിന് സാക്ഷ്യംവഹിക്കാനും രാജ്ഞിക്കായി.

2003ല്‍ റഗ്ബി ലോകകപ്പ് നേടി മടങ്ങിയെത്തിയ ഇംഗ്ലീഷ് ടീമിന് ബക്കിങ്ങാം കൊട്ടാരത്തില്‍ വിരുന്ന് നല്‍കാനും മറന്നില്ല രാജ്ഞി. സിഡ്‌നി സ്‌റ്റേഡിയത്തില്‍ ഗോഡ് സേവ് അവര്‍ ക്യൂന്‍ എന്ന് പാടിക്കൊണ്ടാണ് ഇംഗ്ലീഷ് കളിക്കാര്‍ ആതിഥേയര്‍ക്കെതിരായ ഫൈലിന് ഒരുങ്ങിയത്. വികാരനിര്‍ഭരമായ ഈ ഗാനത്തിന്റെ വീഡിയോയ്ക്ക് രാജ്ഞിയുടെ വിയോഗശേഷം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ജീവന്‍വച്ചിരിക്കുകയാണ്. രാജ്ഞിയുടെ ഔദ്യോഗിക വേഷം ധരിച്ച മത്സരം കാണാനെത്തിയ ഒരു ആരാധകനും അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഫുട്‌ബോളും ടെന്നിസും റഗ്ബിയും ഒന്നുമായിരുന്നില്ല, രാജ്ഞിയുടെ യഥാര്‍ഥ ഭ്രമം കുതിരപ്പന്തയമായിരുന്നു. ആറാം വയസ് മുതല്‍ കുതിരസവാരി നടത്തിവരുന്നുണ്ട്. ചെറുപ്പകാലം തൊട്ട് എപ്‌സം ഡെര്‍ബിയിലെ നിത്യസാന്നിധ്യവുമായിരുന്നു. എസ്റ്റിമേറ്റ് ആയിരുന്നു രാജ്ഞിയുടെ പ്രിയപ്പെട്ട കുതിര. എസ്റ്റിമേറ്റ് റോയല്‍ അസ്‌ക്കട്ടില്‍ ഗോള്‍ഡ് കപ്പ് സ്വന്തമാക്കുന്നതിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം കൂടിയുണ്ടായി രാജ്ഞിക്ക്. ഇരുന്നൂറ് വര്‍ഷത്തെ രാജവംശത്തിന്റെ രചിത്രത്തില്‍ ഗോള്‍ഡ് കപ്പ് നേടിയ കുതിരയുടെ ഉടമയാവുന്ന ആദ്യ കിരീടാവകാശി കൂടിയായിരുന്നു എലിസബത്ത്. തന്റെ കുതിരപ്പന്തയ പ്രണയം അടുത്ത തലമുറയിലേയ്ക്ക് കൂടി കൈമാറാനും എലിസബത്തിനായി. കൊച്ചുമക്കളായ ആനും സാറ ടിന്‍ഡല്ലും മുന്‍നിര അശ്വാഭ്യാസികളാണ് ഇന്ന്.

പിന്നീട് 2012 ഒളിമ്പിക്‌സില്‍ ആമുഖ പ്രഭാഷണം നടത്തിയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍, ദീപശിഖാ പ്രയാണങ്ങള്‍ക്ക് തുടക്കം കുറിച്ചതുമെല്ലാം എലിസബത്ത് രാജ്ഞി തന്നെ. ബോണ്ട് നായകന്‍ ഡാനിയല്‍ ക്രെയ്ഗിനൊപ്പം ലോകത്തെ ആവേശത്തിലാറാടിച്ചാണ് രാജ്ഞി ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. ഗുഡ് ഈവ്‌നിങ് മിസ്റ്റര്‍ ബോണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അന്ന് രാജ്ഞി ഡാനിയല്‍ ക്രെയ്ഗിനെ വരവേറ്റത്. രാജഭരണത്തിന്റെ ഒരു വലിയ അധ്യായത്തിന് മാത്രമല്ല, കൊട്ടാരവും കളിമുറ്റവും കൈകോര്‍ത്ത അസുലഭ നാളുകള്‍ക്ക് കൂടിയാണ് കഴിഞ്ഞ ദിവസം ബാള്‍മോര്‍ കാസിലില്‍ തിരശ്ശീല വീണത്.

Content Highlights: Elizabeth II and sporting activities in England fifa world cup Wimbledon tennis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented