ഴമൂലം റോഡ് ലേവര്‍ അറീനയുടെ മേല്‍ക്കൂര അടച്ചിട്ടാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ വനിതാ ഫൈനല്‍ നടന്നത്. മഴയും വെയിലും കടന്നുവരാതെ അടച്ചിട്ട കോര്‍ട്ടില്‍ പക്ഷേ, സോഫിയ വിജയത്തിന്റെ ആകാശം തൊടാനാണാഗ്രഹിച്ചത്. 

അഞ്ചാം വയസ്സില്‍ കണ്ടുതുടങ്ങിയ സ്വപ്നം 21-ാം വയസ്സില്‍ യാഥാര്‍ഥ്യമായപ്പോള്‍ സോഫിയ ആഹ്ലാദക്കണ്ണീരോടെ പറഞ്ഞു: ''ഒടുവില്‍ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഈ നിമിഷത്തെ വരച്ചിടാന്‍ വാക്കുകളില്ല. നിങ്ങള്‍ സ്വപ്നം കാണുക. നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്യും...''

കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച് ഏറ്റവും വലിയ മോഹങ്ങളിലൊന്ന് സ്വന്തമാക്കിയ കഥയാണ് സോഫിയ കെനിന്റെ ജീവിതം.

അഞ്ചാം വയസ്സില്‍ ടെന്നീസ് കളിച്ചുതുടങ്ങിയപ്പോള്‍ അവള്‍ സ്വപ്നംകണ്ടത് ഗ്രാന്‍ഡ്സ്ലാമെന്ന ആകാശം. സെറീന വില്യംസിനെയും വീനസ് വില്യംസിനെയും മരിയ ഷറപ്പോവയെയും ആന്‍ഡി റോഡിക്കിനെയുമൊക്കെ പരിശീലിപ്പിച്ച റിക്ക് മാക്കിയുടെ കീഴില്‍ അഞ്ചാം വയസ്സില്‍ ടെന്നീസ് പഠിക്കാനെത്തുമ്പോള്‍തന്നെ സോഫിയ അവളുടെ നയം പ്രഖ്യാപിച്ചിരുന്നു.

പിതാവ് അലക്സാണ്ടറിന്റെ തീവ്രമായ പിന്തുണയും സോഫിയയുടെ വിജയത്തില്‍ നിര്‍ണായകമായി. അലക്സിന്റെ കീഴിലാണ് സോഫിയ ഇപ്പോള്‍ പരിശീലിക്കുന്നത്. റഷ്യക്കാരായ അലക്സാണ്ടറുടെയും ലെനയുടെയും മകളായി മോസ്‌കോയിലായിരുന്നു സോഫിയയുടെ ജനനം. അതിനുമുമ്പ് അമേരിക്കയിലേക്ക് കുടിയേറിയിരുന്ന അലക്സാണ്ടര്‍ മകളുടെ പിറവിക്കുവേണ്ടിയാണ് വീണ്ടും മോസ്‌കോയിലേക്ക് തിരിച്ചെത്തിയത്. സോഫിയ ജനിച്ച് ഏറെനാള്‍ കഴിയുംമുമ്പേ അലക്സാണ്ടറും കുടുംബവും തിരിച്ച് അമേരിക്കയിലേക്കുവന്നു. നഴ്സായിരുന്ന ലെനയും മകളെ ടെന്നീസ് താരമാക്കാന്‍ മോഹിച്ചു.

'സോണിക് ബൂം' എന്ന് റിക്ക് മാക്കി വിളിക്കുന്ന സോഫിയയ്ക്ക് ടെന്നീസില്‍ ഇനിയുമേറെ വിജയലോകങ്ങള്‍ വെട്ടിപ്പിടിക്കാനാകും. അഞ്ചടി ഏഴിഞ്ച് ഉയരവും 57 കിലോ ഭാരവും മാത്രമുള്ള സോഫിയ എതിരാളിക്കുമുന്നില്‍ പലപ്പോഴും ചെറുതായിരിക്കാം. എന്നാല്‍, റാക്കറ്റും പന്തുമായുള്ള കണ്‍-കൈ പൊരുത്തത്തില്‍ സോഫിയ കാണിക്കുന്ന മികവിനുമുന്നില്‍ എതിരാളി പലപ്പോഴും ചെറുതാകും.

Content Highlights: Dreamt about it as a 5-year old Sofia Kenin after Australian Open win