Image Courtesy: Getty Images
സാനിയ മിര്‍സയുടെ കിരീട ജയത്തോടെയുള്ള മടങ്ങിവരവ് ഒളിംപിക് വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് ലോണ്‍ ടെന്നിസില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഒപ്പം ആശങ്കകളും ഉയരുന്നു.
2016-ലെ റിയോ ഒളിംപിക്‌സില്‍ സാനിയ - ബോപ്പണ്ണ സഖ്യത്തിന് വെങ്കല മെഡല്‍ നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ടു മാത്രമായിരുന്നില്ല. ലിയാന്‍ഡര്‍ പെയ്‌സുമൊത്ത് ഡബിള്‍സ് കളിക്കാന്‍ റോഹന്‍ ബോപ്പണ്ണ വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ സംഘത്തില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു. ഇത് മിക്‌സ്ഡ് ഡബിള്‍സിനെയും ബാധിച്ചു.
ജൂലൈയില്‍ ടോക്കിയോ ഒളിംപിക്‌സ് തുടങ്ങും. 2012-ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ തുടക്കമിട്ട സൗന്ദര്യപ്പിണക്കങ്ങള്‍ ഇന്ത്യന്‍ ടെന്നിസിനെ സാരമായി ബാധിച്ചു. ഇനി അത് ആവര്‍ത്തിക്കാന്‍ സമ്മതിക്കരുത്. ആറു മാസം അകലെ ഒളിംപിക്‌സ് എത്തി നില്‍ക്കുമ്പോള്‍ വ്യക്തമായ കാഴ്ചപ്പാട് കളിക്കാര്‍ക്കു മാത്രമല്ല സംഘടനാ ഭാരവാഹികള്‍ക്കും വേണം.
മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പെയ്‌സും തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദം ഉലഞ്ഞത് 2012-ലെ ലണ്ടന്‍ ഒളിംപിക്‌സോടെയാണ്. മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയയ്ക്കൊപ്പം മത്സരിക്കണമെന്ന് പെയ്‌സും ഭൂപതിയും ആഗ്രഹിച്ചു. രണ്ടു പേരും ആഗ്രഹം പരസ്യമാക്കിയതോടെ ചരടുവലികള്‍ തുടങ്ങി. സാനിയയാകട്ടെ രോഹന്‍ ബോപ്പണ്ണയുമൊത്ത് നല്ലൊരു കൂട്ടുകെട്ട് വളര്‍ത്തി വരികയായിരുന്നു. അത് കണ്ടില്ലെന്നു നടിച്ച് സംഘടനാ മേലാളന്മാര്‍ ലണ്ടനില്‍ സാനിയയുടെ മിക്‌സ്ഡ് ഡബിള്‍സ് ജോഡിയായി പെയ്‌സിനെ അടിച്ചേല്‍പ്പിച്ചു. ദയനീയ പരാജയം സംഭവിച്ചു എന്നു മാത്രമല്ല ഭൂപതി, പെയ്‌സിന്റെ പ്രഖ്യാപിത ശത്രുവുമായി. കളിക്കാരെ ഓരോരുത്തരെയായി പെയ്‌സിനെതിരെ തിരിക്കാന്‍ ഭൂപതിക്കു സാധിച്ചു.

കളി നിര്‍ത്തി ഡേവിസ് കപ്പില്‍ നോണ്‍ പ്ലെയിങ് ക്യാപ്റ്റനായപ്പോള്‍ ടീമില്‍ പെയ്‌സിനെ കളിപ്പിക്കാതിരിക്കാന്‍ ഭൂപതി ശ്രമിച്ചു. ഒടുവില്‍ 2019-ല്‍ ഭൂപതിക്ക് അതേ നാണയത്തില്‍ തിരിച്ചു കിട്ടി. ഡേവിസ് കപ്പില്‍ പാകിസ്താനെതിരേ അവരുടെ മണ്ണില്‍ കളിക്കാന്‍ വിസമ്മതിച്ചവര്‍ക്കൊപ്പം ഭൂപതി ചേര്‍ന്നപ്പോള്‍ പെയ്‌സ് മത്സരത്തിനു തയാറായി. മത്സര വേദി പാക്കിസ്ഥാനില്‍ നിന്നു മാറ്റിയെങ്കിലും ഭൂപതിയെ തഴഞ്ഞു. പെയ്‌സ് ഡബിള്‍സ് കളിക്കുകയും ജയിക്കുകയും ചെയ്തു. ഭൂപതിയോട് സൂചിപ്പിക്കുക പോലും ചെയ്യാതെയാണ് നായകസ്ഥാനം തട്ടിത്തെറിപ്പിച്ചത്.
പെയ്‌സും വിടവാങ്ങല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്തു വിരമിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുമോ? ഏറ്റവും അധികം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരം ലിയാന്‍ഡര്‍ പെയ്‌സാണ്. റിയോ പെയ്‌സിന്റെ ഏഴാം ഒളിംപിക്‌സായിരുന്നു. 1996-ല്‍ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ പെയ്‌സ് വെങ്കല മെഡല്‍ നേടിയതിന് ഈ ലേഖകനും സാക്ഷിയാണ്. ആ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തും ഡേവിസ് കപ്പില്‍ പെയ്‌സ് രാജ്യത്തിനു വേണ്ടി കാഴ്ചവച്ച അതുല്യ പോരാട്ടങ്ങള്‍ മറക്കാതെയും പറയട്ടെ, ടോക്കിയോയില്‍ സാനിയയുടെ താല്‍പ്പര്യത്തിന് വിലങ്ങുതടിയാകരുത്. കുത്തിത്തിരിപ്പിന് ഭൂപതിയും ഉണ്ടാവില്ല.

ലണ്ടന്‍ ഒളിംപിക്‌സിനെക്കുറിച്ച് സാനിയ എഴുതി, 'എന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഭാരവാഹികള്‍ ഒരു വിലയും കല്‍പ്പിച്ചില്ല. രാജ്യത്തിന്റെ മെഡല്‍ സാധ്യതയും കണക്കിലെടുത്തില്ല', ഇനി അതുണ്ടാകരുത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ ബോപ്പണ്ണയ്ക്കൊപ്പമാകും ഡബിള്‍സ് കളിക്കുക. അവര്‍ നല്ല ടീമായി മുന്നേറുന്നെങ്കില്‍ ടോക്കിയോ ഒളിംപിക്‌സില്‍ ഇതേ ജോഡിയെ പരീക്ഷിക്കണം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിന്റെ ഭാര്യയായതുകൊണ്ട് സാനിയ നേടുന്ന മെഡല്‍ പാകിസ്താനാണ് എന്ന് ആരും പറയരുത്. സാനിയ മിര്‍സ ഇന്ത്യയുടെ പുത്രിയാണ്. അവരുടെ ദേശ സ്‌നേഹം ചോദ്യം ചെയ്യുന്നവരാണ് രാജ്യദ്രോഹികള്‍. മുപ്പത്തിമൂന്നാം വയസില്‍, ഇസ്ഹാന്റെ അമ്മയായി, സാനിയ ഇന്ത്യക്കായി ഒരു ഒളിംപിക് മെഡല്‍ നേടട്ടെ. ടോക്കിയോ ഒളിംപിക് സ്റ്റേഡിയത്തില്‍ ത്രിവര്‍ണ പതാക ഉയരട്ടെ. ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ ദേശീയ ഗാനവും മുഴങ്ങട്ടെ.
Content Highlights: Don't destroy Sania's Olympic dreams
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..