Photo: Getty Images
മെല്‍ബണ്‍: റാഫേല്‍ നഡാലിന്റെ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡിനൊപ്പം നൊവാക് ജോക്കോവിച്ച് എത്തിയതോടെ, എക്കാലത്തെയും മികച്ച ടെന്നീസ് താരം ആരെന്ന സംവാദത്തിനും പുനരാരംഭം. ഓസ്ട്രേലിയിന്‍ ഓപ്പണില്‍ 10-ാം കിരീടം നേടിയതോടെ ജോക്കോവിച്ച് തന്നെയാണ് കേമന്‍ എന്ന് ഒരുവിഭാഗം കരുതുന്നു. ഫൈനലില്‍ ജോക്കോയുടെ എതിരാളിയായിരുന്ന സ്റ്റെഫാനോസ് സിറ്റ്സിപാസ് ഈ അഭിപ്രായക്കാരനാണ്. 'ടെന്നീസ് റാക്കറ്റ് കൈയിലെടുത്തവരില്‍ മഹാനായ താരം അദ്ദേഹം തന്നെയാണ്' -ഫൈനലിലെ തോല്‍വിക്കുശേഷം സിറ്റ്സിപാസ് പറഞ്ഞു.
35-കാരനായ ജോക്കോവിച്ചിനേക്കാള്‍ ഒരു വയസ്സ് മൂപ്പുണ്ട് റാഫേല്‍ നഡാലിന്. തുടര്‍ച്ചയായ പരിക്കുകള്‍ വലയ്ക്കുന്ന നഡാലിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താനായില്ല. രണ്ടാം റൗണ്ട് പരാജയത്തിനുശേഷം മുടന്തിയാണ് താരം കോര്‍ട്ട് വിട്ടത്. 'ബിഗ് ത്രീ'യിലെ മൂന്നാമനായ റോജര്‍ ഫെഡറര്‍ 15 വര്‍ഷത്തോളം ടെന്നീസ് കോര്‍ട്ടുകളെ അടക്കിഭരിച്ചു.
20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായി വിരമിച്ചു. 'ജനകീയ ചാമ്പ്യന്‍' എന്ന വിശേഷണം ഫെഡറര്‍ക്കുണ്ട്. അദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദര്‍ഭം കായികലോകംകണ്ട ഏറ്റവും വികാരനിര്‍ഭര നിമിഷങ്ങളിലൊന്നായിരുന്നു. എല്ലാവര്‍ക്കും മുകളില്‍ ഫെഡററെ കാണാനാണ് വലിയൊരു വിഭാഗത്തിനിഷ്ടം.
വാക്സിന്‍ സ്വീകരിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ 23-24 കിരീടങ്ങളില്‍ ജോക്കോവിച്ച് ഇപ്പോള്‍ എത്തുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയതിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇത്തവണ പേശിവലിവുമായി കളിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. പരിക്കുമൂലം മത്സരങ്ങള്‍ക്കിടെയുള്ള പരിശീലനം അദ്ദേഹം ഒഴിവാക്കിയിരുന്നു. ചികിത്സയ്ക്കുശേഷം എന്ന് മടങ്ങിവരാനാകുമെന്ന് നിശ്ചയമില്ലെന്ന് സെര്‍ബിയന്‍ താരം പറഞ്ഞു.

മേയില്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനാകുമെന്നാണ് നഡാലിന്റെ പ്രതീക്ഷ. അവിടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്. 14 കിരീടങ്ങള്‍ നേടിയ ഫ്രഞ്ച് ഓപ്പണോട് സ്പാനിഷ് താരത്തിന് വൈകാരിക അടുപ്പമുണ്ട്. അടുത്തിടെയാണ് നഡാല്‍ ഒരു കുട്ടിയുടെ പിതാവായത്. കൂടുതല്‍ പരിക്കുകള്‍ പറ്റാനും ശരീരത്തെ ശിക്ഷിക്കാനും ഇനി അനുവദിക്കരുതെന്ന കുടുംബത്തിന്റെ അപേക്ഷയും താരത്തിനുമുന്നിലുണ്ട്.
പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ (24) റെക്കോഡിനൊപ്പമെത്താനോ മറികടക്കാനോ ജോക്കോവിച്ചിന് ഇനിയും കഴിഞ്ഞേക്കാം. രണ്ടോ മൂന്നോ വര്‍ഷംകൂടി താരം കളിക്കുമെന്നാണ് കോച്ച് ഗൊരാന്‍ ഇവാനിസേവിച്ച് പറയുന്നത്.
വിവാദ ജോക്കോ
വിവാദങ്ങളില്‍ പെടുന്നതാണ് വലിയ മഹത്ത്വത്തിലേക്കുള്ള ജോക്കോവിച്ചിന്റെ വഴിയിലെ തടസ്സം. വാക്സിന്‍ എടുക്കില്ലെന്ന വാശി ഭൂരിപക്ഷം ലോകത്തിനും സ്വീകാര്യമായിട്ടില്ല. വനിതാ ലൈന്‍ ജഡ്ജിനുനേരേ അപകടകരമായി പന്തടിച്ചതിന് 2020 യു.എസ്. ഓപ്പണില്‍നിന്ന് ജോക്കോയെ പുറത്താക്കിയിരുന്നു. പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ ചിത്രമുള്ള റഷ്യന്‍ പതാകയേന്തിയ ആരാധകനുമൊത്ത് മെല്‍ബണില്‍ ജോക്കോയുടെ പിതാവ് സ്രഡ്ജാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. ഇതേത്തുടര്‍ന്ന് മകന്റെ ഫൈനല്‍ കാണാനുള്ള ഭാഗ്യവും സ്രഡ്ജാന് ഇല്ലാതെപോയി.
Content Highlights: Djokovic Nadal Federer Who is the tennis GOAT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..